ഒറ്റക്കഥകൊണ്ട് നിർവ്വചിക്കാവുന്നതല്ല എൻ.എസ്.മാധവന്റെ കഥാലോകത്തെ. പല എഴുത്തുകാരും സ്വയം തങ്ങളുടെ കഥകളെ നിർവ്വചിക്കാനൊരുങ്ങിയപ്പോൾ തന്റെ സൃഷ്‌ടികളെകൊണ്ട് സ്വയം നിർവ്വചിയ്‌ക്കപ്പെട്ടതാണദ്ദേഹം. താൻ വ്യത്യസ്‌ത രീതിയിൽ കഥയെഴുതുന്നു എന്ന് വിമർശിച്ചവരോടൊരിക്കൽ സി.രാധാകൃഷ്‌ണൻ പ്രതികരിച്ചു. “ഒരാളുടെ എല്ലാ ശ്വാസങ്ങളും ഒരുപോലെയാകണമെന്നില്ല” എന്ന്. ശ്വാസങ്ങളെ ഒരേ താളത്തിലാക്കാനിഷ്‌ടപ്പെടാത്തവരിൽ തന്നെയാണ് മാധവനും ഉൾപ്പെടുന്നത്. എന്നാൽ എല്ലാ താളവൈരുദ്ധ്യങ്ങൾക്കുളളിലൂടെയും ശ്രദ്ധിച്ചാൽ ഇഴകോർത്തുവെച്ചൊരു സൂക്ഷ്‌മതാളം മാധവന്റെ കഥകൾക്കെല്ലാമുണ്ട്. അത് പ്രതിഭയുടെയും തിരിച്ചറിവിന്റെയും ജൈവതാളമാണ്.
കഥയുടെ ഈ നിഗൂഢവഴികൾ മാധവനെപോലെ ഇത്രയും നന്നായറിയുന്ന എഴുത്തുകാരധികമില്ല. വാചക കസറത്തുകളോ അവക്ഷിപ്‌തപ്പെടുന്നൊരു ആദർശം തന്നെയോ അദ്ദേഹത്തിന്റെ ഒരു കഥയും മുന്നോട്ടുവെയ്‌ക്കുന്നില്ല. എങ്കിലും അവ ചിലപ്പോൾ ചരിത്രത്തിന്റെ ഭാഗമായി മാറുന്നു. ചരിത്രത്തിന്റെ എല്ലാ ദശാസന്ധികളിലും പനിയ്‌ക്കുന്നൊരു കഥാപാത്രത്തെ സങ്കൽപ്പിക്കാൻ മാധവനേ കഴിയൂ. നീളമോ വീതിയോ തേടിയല്ല, ആഴങ്ങൾ തേടിയാണ് അദ്ദേഹത്തിന്റെ യാത്ര. അതിനിടയിൽ യുക്തിഭദ്രമായൊരു കഥതന്നെ ആവശ്യമുണ്ടെന്നില്ല അദ്ദേഹത്തിന്. എല്ലാവർക്കും സൃഷ്‌ടിക്കാവുന്നതല്ല മാധവന്റെ ഒരു കഥാപാത്രവും. അതുകൊണ്ടുതന്നെ (ഭാഗ്യം) ഒരു വഴിയാത്രയിലോ മറ്റോ നമ്മളവരെ ഒരിക്കലും കണ്ടെത്തുന്നില്ല! സ്വന്തം വ്യക്തിത്വങ്ങളുടെ അറിയാഭാരവുമായി അവർ വഴിയിൽ കലപില കൂട്ടുന്ന ലഘുവ്യക്തിത്വങ്ങൾക്കിടയിൽ ഒരടി മാറിനിൽക്കുന്നു. സാഹിത്യലോകമിപ്പോൾ മാറിനിൽക്കുന്നവരെയാണ് ശ്രദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ എൻ.എസ്.മാധവന് മലയാള സാഹിത്യലോകത്ത് സ്വല്‌പം വേറിട്ടൊരു ശബ്‌ദം തന്നെയുണ്ട്.
ഒരൊറ്റക്കഥയെ മുൻനിറുത്തി എൻ.എസ്.മാധവന്റെ കഥാലോകത്തെ അളക്കാനല്ല എന്റെ ശ്രമം. അതസാദ്ധ്യവുമാണ്. ഒരുപാട് കഥകളുളള മലയാള സാഹിത്യത്തിൽ ഒരൊറ്റക്കഥ എത്രമാത്രം വ്യത്യസ്‌തമാണ് എന്നു കാണിക്കുക മാത്രമാണെന്റെയുദ്ദേശം. ‘അനുഷ്‌ഠാനഹത്യകൾ’ എന്ന ഈ കഥയൊരുപക്ഷേ ശ്രീ മാധവന്റെ നല്ല കഥകളുടെ കൂട്ടത്തിലാരും എണ്ണുന്നില്ലായിരിക്കും. എന്നാൽ മനുഷ്യബന്ധങ്ങളിലെ സൂക്ഷ്‌മത ഈ കഥയിലെത്രമാത്രം കണിശമായിരിക്കുന്നുവെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.
ഉറക്കത്തിലും ജാഗരാവസ്ഥയിലും മാറിമാറി ജീവിക്കുന്ന ഒരു നായികയെ ചുറ്റിപ്പറ്റി മാധവൻ കഥയെഴുതാൻ തുടങ്ങുമ്പോൾ, അദ്ദേഹത്തിന്റെ കഥകൾ വായിച്ചുപരിചയമുളെളാരാൾക്ക് എളുപ്പം പ്രവചിക്കാം വായനക്കിടയിൽ ഇവയിൽ രണ്ടിനുമിടയ്‌ക്കെവിടെയെങ്കിലും വായനക്കാരന് സ്വയം നഷ്‌ടപ്പെടേണ്ടിവരുമെന്ന്. അത് വായനക്കാരന്റെ വിധിയാണ്. നനഞ്ഞ വിറകുപോലെ പുകയാനല്ല അവനെവിടെയുമിഷ്‌ടം. കൂടെ ഹുങ്കാരശബ്‌ദത്തോടെ നിന്നു കത്താനാണ്. മാധവന്റെ കഥകളുടേത് എന്നാൽ ഒരു പ്രത്യേകതരം ജ്വലനമാണ്. ആളിക്കത്തലിന്റെ നൈമിഷിക ദഹനമല്ല അതുണ്ടാക്കുന്നത്. ജ്വാലകളൊട്ടുമില്ലാതെ, ഒരു നേരിയ ചുവപ്പുനിറം മാത്രമവശേഷിപ്പിച്ചുളള നീറിക്കത്തൽ. അറിഞ്ഞവർക്കറിയാം അതുണ്ടാക്കുന്ന മാരകത! ഇവിടെ ‘അനുഷ്‌ഠാന ഹത്യക’ളിലുമുണ്ടത്.
അരവിന്ദന്റെ ഉറക്കത്തിലേക്ക് തിരിച്ചുപിടിക്കുന്ന എഴുത്തുകാരന്റെ കണ്ണാടി, വാചകങ്ങൾ എഴുതിത്തീരുമ്പോൾ ശാന്തമായ തീരത്തുനിന്ന് കൂടുതൽ വന്യമായ ഉൾഭാഗത്തേക്ക് സഞ്ചരിക്കുകയാണ്. അവിടെ രമണിയും അവളുടെ വിഭ്രാന്തിയും മാത്രമല്ല ഉളളത്. തോക്കുപയോഗിച്ച് അവൾ ചെയ്യാനാഗ്രഹിച്ച താരതമ്യേന ഗാഢത കുറഞ്ഞ കൊലപാതകശ്രമത്തിനു പകരമായി കത്രികയുപയോഗിച്ച് അവളുടെ ഭർത്താവ് ചെയ്യാനാഗ്രഹിക്കുന്ന കുറച്ചുകൂടി തീവ്രമായ കൊലപാതക ശ്രമമുണ്ട്. രണ്ടു കടലുകൾക്കിടയിൽ കരകൾ കണ്ടെത്താനാകാതെ ഏത് കൊലപാതകത്തിൽ ആർക്കൊപ്പം പങ്കെടുക്കണമെന്ന് നിശ്ചയിക്കാനാകാതെ പോകുന്ന മനീഷയുടെ കുഞ്ഞുമനസ്സും.
കണക്കുകൂട്ടലുകളിലൂടെയാണ് അരവിന്ദൻ തന്റെ പ്രവൃത്തികളും ലക്ഷ്യവും കണ്ടെത്തുന്നത്. രമണിയോട് തോന്നേണ്ട വികാരമെന്തെന്ന് പോലും കണ്ടുപിടിയ്‌ക്കുന്ന സ്ഥിരവികാരം. വെറുപ്പ് ഏറ്റവും അവസാനം വരേണ്ടതാണ്. അതിനുശേഷം വികാരങ്ങളല്ല, ക്രിയകളാണുളളത്. ഉദാഃ ഉന്മൂലനം, അതിന് പ്രാകൃതർ ആയുധമെടുക്കുമ്പോൾ കുറച്ചുകൂടി സൗകര്യമുളള മറ്റു ചില ഉപകരണങ്ങളാണ് അഭ്യസ്‌തവിദ്യരെടുക്കുന്നത്. (ഫോൺ, കത്രിക, ഭ്രഷ്‌ട്)
കൊലയിലൂടെ താൻ യഥാർത്ഥത്തിൽ ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചതെന്നാണ് രമണിയുടെ ഭാഷ്യം. എന്നാൽ രമണിയെ ‘ആത്മഹത്യ’ ചെയ്യാനനുവദിയ്‌ക്കാതെ കോടതി വെറും തടവിന് വിധിക്കുന്നു. വിധികേട്ട് വീട്ടിൽ തിരിച്ചെത്തുന്ന അരവിന്ദൻ അവളുടെ ഹത്യ സ്വയം ഏറ്റെടുക്കുന്നു. ഭൂതകാലത്തുനിന്നയാൾ തുടങ്ങുന്നത്. കണിശമായും കൃത്യമായും ഒരു ആരാച്ചാരെക്കാൾ സൂക്ഷ്‌മതയോടെ അയാളത് ചെയ്യാനാരംഭിക്കുന്നു. ഒരു ചെറിയ കത്രിക കൊടുത്ത് മകളെകൂടി അയാളതിൽ ഭാഗഭാഗാക്കുന്നു. മകളുടെയും കൂടി സഹായത്തോടെ മാത്രമേ ഉന്മൂലനം പൂർണ്ണമാകൂ എന്നയാൾക്കറിയാം. എന്നാൽ ചിത്രങ്ങളിൽ നിന്നും അമ്മയെ വെട്ടിമാറ്റാൻ നിർബന്ധിക്കുന്ന അച്ഛനെത്തന്നെ അവസാനം ഒരു ചിത്രത്തിൽനിന്നും വെട്ടിമാറ്റി മകൾ മാതൃഹത്യയ്‌ക്ക് പകരം വീട്ടുന്നു. ലോകത്തിലെ എല്ലാ സ്‌ത്രീമനസ്സുകളും പുരുഷനെതിരാണെന്ന സത്യസന്ധമായ കുഞ്ഞുമൊഴിയാണത്. താൻ കിടന്ന് സ്‌പന്ദിച്ച ഉദരമായിരുന്നു അവൾക്ക് പ്രിയങ്കരം, ആ സ്‌പന്ദനങ്ങൾ ബാഹ്യമായി മാത്രം ഏറ്റുവാങ്ങാൻ ആശിക്കുന്ന പിതൃകരങ്ങളെക്കാൾ. മാതൃ-പിതൃ-പുത്ര ബന്ധം ഇതിലും സൂക്ഷ്‌മമായി മറ്റെങ്ങിനെ വർണ്ണിയ്‌ക്കപ്പെടാനാണ്?
എൻ.എസ്.മാധവന് കഥ ഒരു മാനസികോല്ലാസവസ്‌തുവല്ല. സത്യത്തിന്റെ ഒട്ടും മനോഹരമല്ലാത്ത രൂപഭദ്രതയാണവയ്‌ക്കുളളത്. നേരിന്റെ ഏത് അഗാധഗർത്തത്തിലും തന്റെ കഥയുമായി വിട്ടുവീഴ്‌ചയില്ലാത്തവിധം സഞ്ചരിക്കാൻ തയ്യാറാണദ്ദേഹം. ഒരു കഥാകാരൻ അപ്രകാരം സഞ്ചരിക്കുന്നത് മലയാള സാഹിത്യത്തിൽ അത്ര സാധാരണമല്ല. അതുതന്നെയാണ് മാധവന്റെ കഥകളെ അസാധാരണമാക്കുന്നതും.
Generated from archived content: essay1_june.html Author: bindu_chazoor
Click this button or press Ctrl+G to toggle between Malayalam and English