കെ.എസ്‌.കെ. തളിക്കുളത്തെപ്പറ്റി മുണ്ടശ്ശേരി 1943-ൽ പറഞ്ഞത്‌

ഞാനിപ്പോഴും ഓർക്കുന്നു. മുണ്ടശ്ശേരി മാസ്‌റ്ററെ നേരിട്ടുപരിചയപ്പെടുന്നത്‌ 1943ലാണ്‌. അന്നാണ്‌ എന്റെ നാട്ടിൽ ശുകപുരം പരിസരത്തിൽ, കുറ്റിപ്പാലയിൽ യോഗക്ഷേമ സഭയുടെ 35-​‍ാം വാർഷിക സമ്മേളനം നടന്നത്‌. അവിടെ വെച്ചാണ്‌ നമ്പൂതിരി സാഹിത്യസമാജം എന്നൊരു സംഘടന യോഗക്ഷേമ സഭയുടെ തണലിൽ രൂപം കൊണ്ടത്‌. ഉദ്‌ഘാടകൻ ജോസഫ്‌ മുണ്ടശ്ശേരി, അധ്യക്ഷൻ വി.ടി.ഭട്ടതിരിപ്പാട്‌, പ്രാസംഗികന്മാർ കുട്ടികൃഷ്‌ണമാരാര്‌, എം.ആർ.ബി., പ്രേംജി, കെ.വി.ജി. നമ്പൂതിരി. അവിടെവെച്ചു രൂപീകരിക്കപ്പെട്ട സാഹിത്യസമാജത്തിന്റെ അധ്യക്ഷൻ എം.ആർ.ബിയും കാര്യദർശി അന്നു ‘ദേശാഭിമാനി’ സബ്‌ എഡിറ്ററായിരുന്ന പുറയന്നൂർ ചിത്രഭാനുവും. അംഗങ്ങൾ പ്രേംജി, കെ.പി.ജി., ഒളപ്പമണ്ണ, ഒ.എം.അനുജൻ, പിന്നെ ഞാനും. പക്ഷേ, ആ മാസം കഴിയുന്നതിനുമുമ്പ്‌ ചിത്രഭാനുവിനു കോഴിക്കോട്ടുനിന്ന്‌ സമിതി ആഫീസിൽ (തൃശൂരായിരുന്നു ആഫീസ്‌) എപ്പോഴും വരിക എന്നത്‌ ബുദ്ധിമുട്ടുളള കാര്യമായിത്തീർന്നതിനാൽ എന്നെ കാര്യദർശിസ്ഥാനത്ത്‌ പ്രതിഷ്‌ഠിച്ചു. പക്ഷേ, 1945 മാർച്ചിനുശേഷം ഞാനും തൃശൂരിൽ സ്ഥിരതാമസമായുളളു. സൗകര്യങ്ങളൊന്നുമല്ല പറയാൻ ഉദ്ദേശിച്ച കാര്യം.

മുണ്ടശ്ശേരി നമ്പൂതിരി സാഹിത്യസമാജം ഉദ്‌ഘാടനം ചെയ്‌തപ്പോൾ പറഞ്ഞ രണ്ടുകാര്യങ്ങളെയാണ്‌ ഇപ്പോൾ ഞാനോർക്കുന്നത്‌. “എന്റെ പ്രിയ സുഹൃത്ത്‌ കുട്ടികൃഷ്‌ണമാരാർക്ക്‌ ഒരുപക്ഷേ അഭിപ്രായമുണ്ടാവാം. സാഹിത്യത്തിൽ നമ്പൂതിരിസാഹിത്യം, നായർ സാഹിത്യം, ഈഴവ സാഹിത്യം, ക്രിസ്‌ത്യൻ സാഹിത്യം, മുസ്ലീം സാഹിത്യം എന്നിങ്ങനെയുളള വിഭജനങ്ങളെന്നും സാധ്യമല്ല എന്ന്‌. ഞാനും അതിനോട്‌ യോജിക്കുന്നു. അധ്യക്ഷനായ വി.ടി, എം.ആർ.ബി., എം.പി. ഭട്ടതിരിയോട്‌ മുതലായവരും എന്നോട്‌ യോജിക്കും എന്നാണ്‌ എന്റെ വിശ്വാസം. ‘എന്നിട്ടും ഞങ്ങളീ വേദിയിൽവെച്ച്‌ നമ്പൂതിരി സാഹിത്യസമാജം ഉദ്‌ഘാടനം ചെയ്യുന്നു. എന്തുകൊണ്ട്‌? അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്ക്‌, മറക്കുടങ്ങളിലെ മഹാനരകം, അഫന്റെ മകൾ, ഋതുമതി എന്നീ കൃതികളിലെ പ്രതിപാദ്യം നൂറുശതമാനം നമ്പൂതിരിമാരുടെയും അന്തർജനങ്ങളുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങളാണ്‌. എന്നിട്ടും അവ മലയാളത്തിലെ മികച്ച സാഹിത്യ മാതൃകകളായിത്തീർന്നത്‌ എന്തുകൊണ്ട്‌?

ജാതിമതാദി സങ്കുചിതത്വങ്ങളിൽ കുടുങ്ങി വിരൂപനായിത്തീർന്ന മനുഷ്യാത്മാവിനെയാണ്‌ ആ കൃതികൾ അനാവരണം ചെയ്‌തുകാണിച്ചത്‌. അതുകൊണ്ട്‌ ഉദാത്ത സാഹിത്യത്തിന്‌ സങ്കുചിതത്വങ്ങളെ എല്ലാം തകർത്ത്‌ അനശ്വരതയിലേക്ക്‌ വികസിക്കാതിരിക്കാൻ കഴിയില്ല. അതുകൊണ്ടാണ്‌ പുതുമയുടെ രചയിതാവായ പ്രേംജിയുടെ ശിരസ്സിൽ കാളിദാസന്റെ വിരൽ പതിഞ്ഞിട്ടുണ്ടെന്ന്‌ മാരാർ കണ്ടുപിടിച്ചത്‌. ഇതൊരു കാര്യം.

മറ്റൊരു കാര്യം-മുണ്ടശ്ശേരി തുടർന്നുഃ

”ജാതിമതാദി സങ്കുചിതത്വങ്ങളിൽപ്പെട്ട മനുഷ്യരെപ്പറ്റി പറയുന്ന സാഹിത്യം അനശ്വരമായുയരകാമെന്നാണല്ലോ ഞാനിപ്പോൾ പറഞ്ഞത്‌. ഇതുപോലെ സ്ഥലപരിമിതികളിൽപ്പെട്ട്‌ പിടയുന്ന മനുഷ്യരെപ്പറ്റി എഴുതിയ കൃതികളും അനശ്വരമായിത്തീരാം. ഒരു ഉദാഹരണംഃ എന്റെ നാടായ കണ്ടശ്ശാംകടവിന്നടുത്ത്‌ കവികളുണ്ട്‌ എന്ന്‌ തെളിയിച്ച കെ.എസ്‌.കെ. തളിക്കുളത്തിന്റെ ’അമ്മുവിന്റെ ആട്ടിൻകുട്ടി‘ എന്ന കവിത ഞാൻ നിങ്ങളുടെ ശ്രദ്ധയിലേക്ക്‌ കൊണ്ടുവരുന്നു. വളരെ ലളിതമായി മനുഷ്യമനസ്സിന്റെ മധുര സൗന്ദര്യത്തിന്റെ ഇരുണ്ട സൗന്ദര്യങ്ങളിലേക്ക്‌ നമ്മെ നയിക്കുന്ന ആകൃതിയുടെ ശുദ്ധി. അതാണ്‌ യഥാർത്ഥ കവിത. ആശ്രമമൃഗത്തെ കൊല്ലരുതേ എന്നുപറഞ്ഞ കാളിദാസനും അതറിയാമായിരുന്നു.“

Generated from archived content: essay1_sep1.html Author: akkitham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here