നടയടയ്‌ക്കാതെ പടിയിറങ്ങുന്നു
ഇടവപ്പാതിയിൽ നനഞ്ഞയാമിനി.
ഇടയ്‌ക്കിടെ നാട്ടിലിടിയെടുക്കുന്നു
കടലിടുക്കിലും മലമടക്കിലും
പൊടിപടലങ്ങളടിഞ്ഞമർന്നുപോയ്
നടപ്പാതകളിലടിമുടി ചളി.
ഇടവഴിതേടി മഴവെളളമെത്തി
ഇടനാടുകളിലിടവിളക്കാരും.
കുടപിടിച്ചെത്തി കുടമുല്ലപ്പൂക്കൾ
മടുമലർക്കാട്ടിൽ മയിലാട്ടം കാണാൻ
കടത്തനാട്ടിലെ കൃഷിയിടങ്ങളിൽ
വടക്കൻ പാട്ടുകളുറക്കെപ്പാടുന്നു.
മുടിയഴിച്ചിട്ടു മുഴുവൻ തോടുകൾ
ഇടവപ്പാതിയിലൊഴുകിനീരാടാൻ.
ഇടമുറിയാതെയുതിർക്കുന്നു മഴ
കുടിവെളളമാകാൻ വരും നാളുകളിൽ.
കുടുകുടെയോടിയൊഴുകുന്നു വെളളം
കൊടുക്കുവാൻ വറ്റിവരണ്ട മണ്ണിന്ന്.
Generated from archived content: poem2_sep1.html Author: a_gangadharan