പുതിയൊരു വിപ്ലവ സമരം തീർക്കാൻ
കാലം നമ്മെ വിളിക്കുന്നു.
സ്വാതന്ത്ര്യത്തിൻ പുതിയൊരു സമരം
രണഭേരികളായ് മുഴങ്ങുന്നു.
പൂർവ്വ പിതാക്കൾ ആട്ടിയകറ്റിയ
ദുർഭൂതങ്ങൾ പമ്മിപ്പമ്മി
പൂമുഖവാതിൽ തള്ളിത്തള്ളി
അടുക്കള കേറി നിരങ്ങുന്നു.
പട്ടിണി തിന്നു മടുത്ത കിടാങ്ങൾ
ഹൃദയം പൊട്ടി മരിക്കുന്നു.
ശ്വേതകണങ്ങളുരുക്കിയുണക്കിയ
അരിയുമെടുത്തു പറന്നു കളഞ്ഞു
മുതലാളിത്ത ചെകുത്താൻമാർ.
വണ്ടി വലിച്ചും വഞ്ചി തുഴഞ്ഞും
ജീവിത വൃത്തി നടത്തും പ്രജയുടെ
പിച്ചച്ചട്ടിയെടുത്ത് പറക്കും
കഴുകൻമാരുടെ കലപിലയും
നടുറോട്ടിൽ നട്ടുച്ചക്കും ജനമദ്ധ്യേ
മാനം ചീന്തിയെറിഞ്ഞൊരു സ്ത്രീത്വം
കാട്ടാളത്തം പല്ലു ഞെരിച്ചുരചെയ്യും
നീതി നടപ്പാക്കുമ്പോൾ
മനഷ്യത്വത്തിൽ ചുടലയിൽ നിന്നൊരു
കാറ്റ് വിളിച്ചുര ചെയ്യുന്നു.
നൈരാശ്യത്തിൽ കയറിൽ തൂങ്ങി
വിട കൊള്ളുന്ന ജനങ്ങളെ നോക്കി
വെളുക്കെചിരിച്ച് ചരിക്കും മന്നർ
അധികാരത്തിൻ ദണ്ഡു മെടുത്തൊരു
നാട് നയിക്കും പൊയ്ക്കാലത്തിൽ
പുതിയൊരു പുലരീ വെട്ടം തീർക്കാൻ
കാലം മാടി വിളിക്കുന്നു.