വിക്കറ്റിനു മുന്നിലെ കാലും ഒരു റണ്ണൗട്ടും

padamവണ്ടിക്കൂലിക്കു പോലും രണ്ടു രൂപ എടുക്കാനില്ലാതെ പൂമുഖത്തെ ചാരു കസേരയില്‍ പിഴുതിട്ട ചീരച്ചെടി കണക്കെ വാടിത്തളര്‍ന്നു കിടക്കുകയായിരുന്നു പണിക്കര്‍ മാഷ്. അപ്പോഴാണ് അവര്‍ പടി കടന്നു വന്നത്.
” ഞങ്ങള്‍ അല്പ്പം ദൂരേ നിന്നാണ്” ആഗതര്‍ ആദരവോടെ അറിയിച്ചു.
” എന്താ കാര്യം ” പണിക്കര്‍ മാഷ് ഒന്നു നിവര്‍ന്നിരുന്നു കൊണ്ട് ചോദിച്ചു.
” മകന്റെ ജാതകം ഒന്നു നോക്കണം”

വന്നവര്‍ക്ക് വീടു മാറിപ്പോയതാണെന്നു മാഷിനു മനസിലായി. അടുത്തുള്ള കുട്ടന്‍ പണിക്കരെ തേടിയെത്തിയവരായിരിക്കണം അയാളുടെ കാലം !

കുട്ടന്‍ പണിക്കരുടെ വീടിനു നേരെ മാഷ് വിരല്‍ ചൂണ്ടാന്‍ തുടങ്ങുമ്പോഴാണ് ആഗതര്‍ ജാതകം എടുത്തു നീട്ടിയത്. ജ്യോതിഷത്തിന്റെ ഹരിശ്രീ പോലും പിടികിട്ടിയിട്ടില്ലാത്ത പണിക്കര്‍ മാഷ് കൈയില്‍ വന്നു വിണ‍ ജാതകത്തില്‍ കണ്ണു നട്ട് അല്പ്പനേരം അന്ധാളിച്ചു നിന്നു പോയി. പിന്നെ വരുന്നതുവരട്ടെ എന്നുറപ്പിച്ച് ജാതകത്തിന്റെ കെട്ടഴിച്ച് മൂന്നാല് ഓലകള്‍ മറിച്ചു നോക്കിയശേഷം ധ്യാനത്തിലെന്നോണം കണ്ണടച്ചിരുന്നു.

”അച്ഛാ ഗാംഗുലി ഔട്ട് ! എല്‍ ബി ഡബ്ല്യു നയന്‍ റണ്‍സ് ഒണ്‍ലി”

അകത്ത് ക്രിക്കറ്റു കളി കണ്ടു കൊണ്ടിരുന്ന മകന്‍ പുറത്തെ വിശേഷങ്ങളൊന്നുമറിയാതെ വിളിച്ചു പറഞ്ഞു. മാഷിനു കണ്ണു തുറക്കാന്‍ ആ വിളി മതിയായിരുന്നു.

” മകന്റെ സമയം വളരെ മോശമാണല്ലോ, സ്പിന്‍ മാന്ത്രികന്‍ കണകന്റെ ബൗളില്‍ംഗില്‍ വിക്കറ്റിനു മുന്നില്‍ കാലുപെട്ട് രണ്ടക്കം തികയാതെ പുറത്താവാനാണ് വിധി”

മാഷ് പറഞ്ഞു നിര്‍ത്തിയതും ജാതകന്റെ പിതാവ് കാല്‍ക്കല്‍ കമഴ്ന്നടിച്ചു വീണതും ഒരുമിച്ച്.

” അവിടുന്ന് പറഞ്ഞതത്രയും പരമാര്‍ത്ഥം. എന്റെ മകന്‍ കണ്ടകശനിയുടെ മാരക ബൗളില്‍ംഗില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയിരിക്കുകയാണ്. കേവലം അമ്പതു രൂപയുടെ കൈകൂലി പ്രശ്നത്തിലാണല്ലോ അവന്‍ സസ്പന്‍ഷനിലായത്. രണ്ടക്കം എന്നു പറഞ്ഞതും വളരെ ശരിയാണ്. സര്‍വീസില്‍ പ്രവേശിച്ചിട്ട് പത്തു വര്‍ഷം പൂര്‍ത്തിയാകുന്നതേ ഉള്ളു. ഈ ഊരാക്കുടുക്കില്‍ നിന്നും തലയൂരാനുള്ള ഉപായം കൂടി അവിടുന്ന് ദയവായി ഉപദേശിക്കണം”

മാഷ് പിന്നേയും കണ്ണടച്ചു.

അകത്ത് ഉച്ചത്തിലുള്ള ‘ അയ്യോ” വിളി ഉയര്‍ന്നു.

” അച്ഛാ സേവാഗ് റണ്ണൗട്ട്”

മാഷ് പതുക്കെ കണ്ണു തുറന്നു.

” വ്യവസ്ഥകളെല്ലാം ശിഥിലം
പ്രധാനം കളിരീതി താന്‍ ”

മുന്നിലിരിക്കുന്നവരെ നോക്കി മാഷ് തട്ടി വിട്ടു.

” രണ്ടാം ഇന്നിംഗ്സില്‍ ആക്രമണ ബാറ്റിംഗ് തന്നെ പുറത്തെടുക്കുക. പ്രതിരോഓധം ഗുണം ചെയ്യില്ല. പിന്നെ രാഹുവിന്റെ ഓവറില്‍ റണ്ണൗട്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം ”

” അവിടുന്ന് ഞങ്ങളുടെ കണ്ണ് തുറപ്പിച്ചു. ഇനിയുള്ള ഇന്നിംഗ്സ് എങ്ങെനെ കളിക്കണമെന്ന് ഞങ്ങള്‍ക്കറിയാം ”

ആഗതര്‍ അഞ്ഞൂറ്റൊന്നു രൂപയെടുത്ത് മാഷുടെ പാദങ്ങളില്‍ വെച്ച് പടിയിറങ്ങി.

” അച്ഛാ ഇന്ത്യ അഞ്ചു വിക്കറ്റിനു ജയിച്ചു ” മകന്‍ അത്യുച്ചത്തില്‍ വിളിച്ചു പറഞ്ഞു.

പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണുകൊണ്ടിരുന്ന ഇന്ത്യ അവിചാരിതമായി അഞ്ചു വിക്കറ്റിനു വിജയിച്ചതിലുള്ള ആഹ്ലാദത്തിലാണ് മകന്‍. സംഭവിക്കുന്നതിനെല്ലാം നല്ലതിനാണെന്നുരുവിട്ടുകൊണ്ട് മാഷ് പതുക്കെ ടി വി യുടെ മുന്നിലേക്കു ചെന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here