കൊണ്ടു പോയി എന്നെ വിദ്യാലയത്തില്‍
ബാലകര്‍ നടുവിലായ് ഞാനിരുന്നു
അശ്രുവൊരു ധാരയായ് ഞാനൊഴുക്കി
അമ്മയെന്‍ കൂടെ ഇരിക്കായ്കയാല്‍
വിദ്യയെന്നുള്ളോരു വിത്തുമായി
വന്നു ചില സജ്ജനം എന്റെ മുന്നില്‍
അന്നവരാവിത്തു പാകീടുവാന്‍
നിര്‍ബന്ധമെന്നില്‍ ചെലുത്തിയേറെ
വേണ്ടെന്നു ചൊല്ലിക്കരഞ്ഞു നോക്കി
കൊഞ്ചിക്കുഴഞ്ഞന്നെതിര്‍ത്തു നോക്കി
അടവുകളെല്ലാം വിഫലമായി
വിത്തവര്‍ പാകിയെന്നുള്ളിലേക്കായ്
നാളുകള്‍ ചിലതു കഴിഞ്ഞ നേരം
വിത്തിലെ ജീവന്‍ പുറത്തു വന്നു
അമ്മയും അച്ഛനും ബന്ധുക്കളും
കൗതുകത്തോടതു നോക്കി നിന്നു
തണ്ടുകളും ദളശാഖയുമായ്
മെല്ലെമെല്ലയത് പൊങ്ങി വന്നു
അന്നേരമെന്നിലും കൗതുകമായ്
അറിയാതെ ഞാനുമായ് പ്രണയത്തിലായ്
ആണ്ടുകള്‍ ചിലതു കഴിഞ്ഞ നേരം
വൃക്ഷമായ് മാറിയാ കൊച്ചു വിത്ത്
സ്വാദുള്ള ഭോജ്യവും തണലുമായി
മാറി ഞാന്‍ ഈ ലോക മാനുഷര്‍ക്ക്
ലോകത്തെയാകയും മാറ്റിടുവാന്‍
ജ്ഞാനത്തിനിത്രമേല്‍ ശക്തിയുണ്ടോ?
നേടുന്ന സമ്പാദ്യമൊന്നു ചേര്‍ന്നാല്‍
ജ്ഞാനത്തിനോളവും വന്നിടുമോ?
എന്നുടെ ഹൃത്തിലാ വിത്തു പാകാന്‍
ക്ഷമയോടെ വര്‍ത്തിച്ച സജ്ജനത്തെ
നന്ദിയോടിന്നു ഞാന്‍ ഓര്‍ത്തിടുന്നു
കൈകൂപ്പി നില്പ്പു ഞാന്‍ ദാസനേപ്പോല്‍.