കല്ലിന്റെ വേദന മാറ്റുന്ന
ഉളിയുടെ വാക്കിന്
ഉച്ചക്ക് കാറ്റിലാടിവീണ
മാമ്പഴത്തിന്റെ മധുരം
വൈകിട്ട് പച്ചമാംസത്തില്‍
നനഞ്ഞുപൊട്ടുന്ന കണ്ണീരലയ്ക്ക്
പ്രതിമയോളമുയരം
വല്ലാത്തൊരാനന്ദമാണ്
കല്‍ഭരണിക്കുള്ളില്‍
തല തുരന്ന് തലയുയര്‍ത്തിയ
പുഴുവിന്റെ മോദം
കാഴ്ച നഷ്ടപെട്ട സൂര്യന്റെ സംതൃപ്തി
പാദസരത്തിനുമുകളില്‍
പാവാട മൂടിയ മഴരഹസ്യം
ഊര്‍ജ്ജമെല്ലാം വിഴുങ്ങി
ഒരു കവിത നഷ്ടപെട്ട ശാന്തി
മാതാവിന്റെ മാറ്
കൊത്തിയുടച്ചൊഴുക്കിയ
അവസാന പുത്രന്റെ കുശുമ്പോടെ
വിറച്ചുതണുത്ത രക്തംകുടിച്ച
കല്ലുപ്പുപല്ല് കുത്തിനുണഞ്ഞ്
വിദൂഷശില്പി
ഒരവസരം കൂടി ചോദിക്കുന്നു
ശിലായുഗങ്ങള്‍ക്കായി