ഇതും വിധിയുടെ ക്രൂരതയോ?

 

girl-in-shadows

അവൾ തന്നിലെ സ്ത്രീത്വത്തെ വെറുക്കുമോ? അതോ പുരുഷവർഗ്ഗത്തെ വെറുക്കുമോ?

പതതാം വയസ്സിൽ തന്റെ കയ്യിലെ കളിപ്പാട്ടത്തെ തട്ടിക്കളഞ്ഞു, സ്വന്തം ശാരീരിക സുഖത്തിനായി ദൗര്ബല്യ സാക്ഷാത്കാരത്തിനായി, പല തവണ ലൈംഗിക പീഡനത്തിനിരയായി നിയമത്തിന്റെ മുന്നിലും തോൽവി സമ്മതിച്ചുകൊണ്ടു പത്തുമാസം ചുമന്നു ഒരു കുഞ്ഞിന് ജന്മം നൽകാൻ ഇടവരുത്തിയ അമ്മാവനെന്ന പുരുഷവർഗ്ഗത്തിനോടവൾ എങ്ങിനെ പ്രതികരിയ്ക്കണം? അവളിലെ സ്ത്രീ ബോധവധിയാകുമ്പോൾ അവളിലെ സ്ത്രീത്വത്തെ എങ്ങിനെ അവൾ ഏറ്റെടുക്കും?
കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വായിയ്ക്കാനിടയായ ലൈംഗിക പീഡനത്തിന് ഇരയായ പത്തുവയസ്സുകാരി പെൺകുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അവളുടെ മാതാപിതാക്കൾ ആ പിഞ്ചു കുഞ്ഞിനെ ആർക്കെങ്കിലും ദത്തെടുക്കാനായി കൊടുക്കാൻ തീരുമാനിച്ചു എന്ന വാർത്ത എന്നിലെ സ്ത്രീയെ, മാതൃത്വത്തെ നൊമ്പരപ്പെടുത്താനും, ഒരുപാട് ചോദ്യങ്ങൾ എന്നോടുതന്നെ ചോദിയ്ക്കാനും ഇടവരുത്തി.
തന്റെ ഉദരത്തിൽ ഒരു ജീവൻ തുടിച്ചുവെന്ന യാഥാർഥ്യം പോലും തിരിച്ചറിയാൻ മാത്രം വളരാത്ത മനസ്സ്, മാതാപിതാക്കളുടെ സ്നേഹത്തിൽ വാത്സല്യത്തിൽ നീന്തി തുടിച്ച് ഒരു വർണ്ണശബളമായ ചത്രശലഭത്തെപ്പോലെ പറന്നുനടക്കേണ്ട പ്രായം. ഇണക്കവും, പിണക്കവും, വാശിയും കൊച്ചുവാർത്തമാനവുമായി ഒരു കിലുക്കാംപെട്ടിയായി സമൂഹത്തിൽ കാണപ്പെടേണ്ടവൾ. അവൾക്കു സംഭവിച്ചത് അവൾക്കു ഉൾക്കൊള്ളാനാകാവുന്ന നഷ്ടമാണോ? അവളിൽ അവളറിയാതെ ഉർന്നിറങ്ങിയ മാതൃത്വം വീണ്ടുമൊരു ബാല്യം അനുഭവിച്ചറിയാൻ അവളെ അനുവദിയ്ക്കുമോ? എന്നും ഒരു മയിൽ പീലിപോലെ എല്ലാവരും തന്റെ മനസ്സിന്റെ പുസ്തകത്തിൽ സൂക്ഷിയ്ക്കുന്ന ബാല്യം അവളെ സംബന്ധിച്ച് എന്താണ്? അവൾക്കു ചുറ്റുമുള്ള സമൂഹം അവളെ തിരിച്ചറിയുന്നത് ഏതു കണ്ണുകൊണ്ടായിരിയ്ക്കും? കാലത്തിനു അവളിലെ ഈ ദുരവസ്ഥയെ മാച്ചുകളഞ്ഞു അവൾക്കു നഷ്ടപ്പെട്ട ബാല്യം തിരിച്ചു നൽകാൻ കഴിയുമോ?
ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ അനവധി ബാല്യങ്ങൾ ഇവിടെ ജനിച്ചു മരിച്ചിട്ടുണ്ടാകാം. ഇന്ന് വിദ്യാഭ്യാസ നിരക്ക് വർദ്ദിച്ചു, ജീവിതനിലവാരം ഉയർന്നു, സാങ്കേതിക വിദ്യകൾ പുരോഗമിച്ചു, കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായി എന്നിട്ടും ഇത്തരത്തിലുള്ള സമൂഹത്തിലെ പൈശാചികതയ്ക്കെതിരെ ശബ്ദമുയർത്താതെ എല്ലാം മനസ്സിലൊതുക്കി സ്വയം വിതുമ്പി കാലം കഴിയ്ക്കാൻ ഈ ക്രൂരതയ്ക്ക് ബലിയാടായവരെ പ്രേരിപ്പിയ്ക്കുന്നത് ഒരുപക്ഷെ നമ്മുടെ സമൂഹത്തിന്റെ കണ്ണിലെ മുൾമുനകൾ തന്നെയാകാം.
സമൂഹത്തിൽ സംഭവിയ്ക്കുന്ന ഇത്തരം സാഹചര്യങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്ന് കുറ്റവാളികൾ അധികവും അടുത്തറിയാവുന്നതോ, അല്ലെങ്കിൽ അടുത്ത ബന്ധുവോ, ആ കുടുംബവുമായി ഏറ്റവും അടുപ്പമുള്ളവരോ തന്നെ ആണെന്നാണ്. അതിൽ നിന്നും മനസ്സിലാക്കേണ്ടത് സ്വന്തം മാതാപിതാക്കളല്ലാതെ ആർക്കും കുട്ടികളിൽ അമിതസ്വാതന്ത്രം എടുക്കുന്നത് തടഞ്ഞാൽ ഇത്തരം സംഭവങ്ങൾ ഒരു പരിധി വരെ തടുക്കാം എന്നല്ലേ! മനുഷ്യ മനസ്സിൽ ഒളിഞ്ഞിരിയ്ക്കുന്ന പിശാചിനെ തിരിച്ചറിയാൻ പെട്ടെന്ന് കഴിഞ്ഞെന്നിരിക്കില്ല. അത് മാത്രമല്ല സാഹചര്യങ്ങളും ഇത്തരം നീച പ്രവർത്തികളെ പ്രോത്സാഹിപ്പിയ്ക്കുന്നു. കുട്ടികൾ തന്റെ മാതാപിതാക്കളല്ലാതെ ഏതൊരുവനടുത്തും കൂടുതൽ ഇടപഴകുമ്പോൾ അവിടെ അച്ഛനമ്മമാരുടെ സൂക്ഷ്മ നിരീക്ഷണം അനിവാര്യമാണ്. മാതാപിതാക്കളുടെ തന്നോടുള്ള സാമീപ്യവും, മറ്റുള്ളവരുടെ സാമീപ്യവും എങ്ങിനെ വ്യത്യസ്തമാണെന്ന് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സാഹചര്യങ്ങൾ ബന്ധപ്പെടുത്തി മനസ്സിലാക്കിയ്ക്കണം. മാതാപിതാക്കൾക്കു കൂടെയല്ലാതെയോ, ഇനി ജോലിചെയ്യുന്ന മാതാപിതാക്കളാണെങ്കിൽ വിശ്വസിയ്ക്കാനുതകുന്ന, കുട്ടികളെ പരിചരിയ്ക്കുന്ന സ്ഥലത്തോ മാത്രമേ കുട്ടികളെ സംരക്ഷിയ്ക്കാവു. തങ്ങളുടെ അഭാവത്തിൽ അവരിൽ കൂടുതൽ സ്വാതന്ത്രം എടുക്കാൻ ആർക്കും അവസരം നൽകരുത്. സാധാരണവും അസാധാരണവുമായ പുരുഷന്റെ സ്പർശനത്തെക്കുറിച്ചും, പുരുഷന്റെ സാമീപ്യത്തെക്കുറിച്ചും അമ്മമാർ പെൺകുട്ടികളെ ആവുംവിധത്തിൽ ബോധവതികളാക്കണം. നിർബന്ധിതരായി ആരെങ്കിലും തന്നെ വശപ്പെടുത്തുവാൻ മുതിർന്നാൽ ഭയന്ന് അവർക്ക് വഴങ്ങാതെ ഉറക്കെ ശബ്ദമുണ്ടാക്കി മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കാൻ അവരെ പഠിപ്പിക്കാം . ഓരോ ദിവസവും തന്റെ കുട്ടികൾ ചെലവഴിയ്ക്കുന്ന നിമിഷങ്ങളെക്കുറിച്ചും, അവർ ഇടപെടുന്നവരെക്കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ കുട്ടികളെ അതിനായി കൂടുതൽ പ്രോത്സാഹിപ്പിയ്ക്കണം. കുട്ടികൾക്കെന്തും ഭയം കൂടാതെ തുറന്നു പറയാനുള്ള അവസരവും ആത്മവിശ്വാസവും മാതാപിതാക്കൾ നൽകണം.
ഇന്ന് പല സ്കൂളുകളും, സാമൂഹിക സംഘടനകളും ഇത്തരം ധാരാളം ബോധവൽക രണ പരിപാടികളുമായി മുന്നോട്ടുവരുന്നത്  അഭിനന്ദനീയം തന്നെ. എന്നിരുന്നാലും ഇത്തരം ബോധവൽകരണ പരിപാടികൾ നഗരരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ സംഘടിപ്പിയ്ക്കാൻ, പഠന വിഷയങ്ങളുടെ ഒരു ഭാഗമാക്കാൻ ശ്രദ്ധിച്ചാൽ ഇത്തരം ദുരവസ്ഥയ്ക്ക് അടിമപ്പെടേണ്ടി വരുന്ന പിഞ്ചോമനകളെയും, അവർക്കുവേണ്ടി കണ്ണീരൊഴുക്കുന്ന മാതാപിതാക്കളെയും കണ്മുന്നിൽ കാണാതെയും, ഇത്തരം കദന കഥകളെക്കുറിച്ച് കേൾക്കാതെയുമുള്ള  ശക്തമായ സമൂഹം നമുക്ക് പ്രതീക്ഷിയ്ക്കാം.
മാറിവരുന്ന വിദ്യാഭ്യാസ രീതികളും, രാഷ്ട്രീയ പശ്ചാത്തലങ്ങളും ഇത്തരം ക്രൂരതകൾക്കെതിരെ എങ്ങിനെ പോരാടാൻ കഴിയുമെന്നത് വൈകാതെതന്നെ ചിന്തിയ്ക്കേണ്ടിയിരിക്കുന്നു .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here