വിധി

psychedelic_by_alien_10

കാറിൽ വന്നിറങ്ങിയ അച്ഛനെ അവൾ കൊതിയോടെ നോക്കി.എത്ര നാളായി അച്ഛനെ ഒന്ന് കണ്ടിട്ട്.തന്നെ കാണുമ്പോൾ ഓടി വന്ന് മുഥം തന്ന് ചോക്കലേറ്റും തരുമെന്ന് പ്രതീക്ഷിച്ച് പണ്ട് വീട്ടിൽ വെച്ച് ചെയ്യാറുള്ളതു പോലെ അവൾ കണ്ണടച്ച് നിന്നു.അവളെ നിരാശയാക്കി അച്ഛൻ അങ്ങോട്ട് വന്നതുപോലുമില്ല.പതിവിൽ കവിഞ്ഞ ഗൗരവവുമായി അവളുടെയും അമ്മയുടെയും മുന്നിലൂടെ അച്ഛൻ കോടതിയുടെ അകത്തേക്ക് നടന്നു.അമ്മ കൂടെ നിന്നതു കൊണ്ടാവും അച്ഛൻ അങ്ങോട്ട് നോക്കുക പോലും ചെയ്യാതിരുന്നത്.ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ അച്ഛൻ..ഒരോന്നോർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
പുറമെ ഗൗരവക്കാരനെന്ന് തോന്നുമെങ്കിലും ഉള്ളിൽ സ്നേഹത്തോടെയേ തന്നോട് പെരുമാറിയിട്ടുള്ളു.ഓഫീസിൽ നിന്ന് ജോലിയും യത്രയുമൊക്കെ കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോഴായാലും ‘’മോളൂ’’എന്ന് വിളിച്ച് കൊണ്ടേ വരൂ.ചോക്കലേറ്റോ ഐസ്ക്രീമോ കയ്യിലില്ലതെ വരാറില്ല.പതിയെയാണ് അച്ഛന്റെ സ്വഭാവം മാറിത്തുടങ്ങിയത്.എന്താണ് കാരണമെന്ന് അവൾക്ക് അറിയില്ല.പതിവ് സമയത്തൊന്നും അച്ഛനെ വീട്ടിലേക്ക് കാണാതായി.അമ്മയും അച്ഛനും തമ്മിൽ എന്തൊക്കെയോ പറഞ്ഞ് എപ്പോഴും വഴക്കാണെന്ന് മനസ്സിലായി.അവരുടെ വഴക്ക് കേട്ടു കൊണ്ടാണ് ചോക്കലേറ്റിന് കാത്തിരുന്ന താൻ ഞെട്ടി എഴുന്നേൽക്കുന്നത്.എങ്കിലും..വീണ്ടും അവൾക്ക് സങ്കടം വന്നു.എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു തങ്ങളുടെത്.എത്ര പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്.
അമ്മ മറ്റൊന്നും ശ്രദ്ധിക്കാതെ വക്കീലിനോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്.എല്ലാ ഒത്തു തീർപ്പു ചർച്ചകളും കൗൺസിലിങുമൊക്കെ കഴിഞ്ഞു.രണ്ടു പേരും വാശിയിലാണ്.ഇനിയിപ്പോൾ തന്റെ അവകാശത്തിന് വേണ്ടിയുള്ള തർക്കമാണ് .ആരുടെ കൂടെ പോയാലും തനിക്ക് പ്രത്യേകിച്ച് സന്തോഷമൊന്നുമില്ല.എല്ലാവരും ഒന്നിച്ച് കഴിയുന്ന ഒരു ലോകം അവളുടെ കിനാവുകളിലേക്ക് വന്നു..
കോടതി തുടങ്ങാൻ സമയമായി.വക്കീലൻമാരും ഗുമസ്തൻമാരും കക്ഷികളും തിരക്കിട്ട് കോടതിയിലേക്ക് വന്നു തുടങ്ങി.നിശബ്ദമായ കോടതി മുറി..ജഡ്ജി വന്നപ്പോള് എല്ലാവരും എഴുന്നേറ്റ് നിന്നു.ഒരോ കേസുകളായി ബെഞ്ച് ക്ളാർക്ക് വിളിച്ചു കൊണ്ടിരുന്നു.തർക്കങ്ങളും വാഗ്വാദങ്ങളുമായി വക്കീലന്മാര് എറ്റുമുട്ടി.ഒന്നിച്ചു ജീവിക്കാന് പള്ളികളിലും അമ്പലങ്ങളിലും ചർച്ചുകളിലും വെച്ച് പ്രതിജ്ഞയെടുത്തവര് കോടതി മുറിയില് പരസ്പരം കൊത്തിക്കീറാന് തയ്യാറായി നിന്നു.താലിചാർത്താന് കുനിച്ചു കൊടുത്ത കഴുത്തുകള് ഇനിയൊരിക്കലും കുനിയില്ലെന്ന മട്ടില് ഉയർന്ന് നിന്നു.ഒന്നിച്ചു സ്വപ്നങ്ങള് പങ്കിട്ടവര് ജീവിതത്തിലെ സുഖങ്ങളും ദു;ഖങ്ങളും ഒന്നിച്ചു പങ്കിടാമെന്ന് സമ്മതിച്ചവര് തമ്മിലെ വാക്പോര് കേട്ട് കോടതി സ്തംഭിച്ചു നിന്നു.അവൾക്ക് അന്നവും വസ്ത്രവും നല്കാമെന്ന് സമ്മതിച്ചവര് അതിന്റെ കണക്കുകള് കോടതിയില് വക്കീലന്മാര് മുഖേന വിളംബരം ചെയ്തു.

ഒടുവിൽ അവരുടെ കേസും വിളിച്ചു. തർക്കങ്ങൾക്കൊടുവിൽ വിധി വന്നു.ഒരു മാസം അച്ഛന്റെ കൂടെ ഒരു മാസം   അമ്മയൂടെ കൂടെ.ആദ്യം അച്ഛന്റെ കൂടെയാണ് ഒരു മാസം..അമ്മയോട് യാത്ര പറഞ്ഞ് അച്ഛനൊപ്പം കാറില് കയറുമ്പോൾ അവളുടെ മുഖം തെളിഞ്ഞില്ല.ഒഴുകിയിറങിയ കന്നുനീർത്തുള്ളികൾക്കിടയില് അവൾ മറ്റൊന്നും കണ്ടില്ല..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകൃഷ്ണപ്രിയ സസ്യങ്ങള്‍
Next articleസമയപ്രഭു
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here