പെരുകുന്നങ്ങിങ്ങെങ്ങുമച്ചുപോൽ വിടമ്പുകൾ
നികത്താനൊരുങ്ങാത്ത ഗർത്തമാം പിളർപ്പുകൾ
മണ്ണകേ അലിഞ്ഞവർ, അഗ്നിയിൽ അടിഞ്ഞവർ,
വിണ്ടലം വാഴും സൂരി തീർത്തതാം വിടമ്പുകൾ.
വിറപൂണ്ടേതോ വക്കി, ലൊതുങ്ങിയ ദേശത്തെ-
കവിതാരോമത്തിന്റെ കഞ്ചുകം പുതച്ചവൾ!
ചിറകറ്റുവീണിട്ടും താളക്കേടൊന്നില്ലാതെ
ഭുവനം കേൾക്കെ പാടി “അരുതേ! മാനിഷാദ! “
മരണം വിളിപ്പോളം വനത്തിൻ കാവലായോൾ!
മലകൾക്കുയിർപ്പേകാൻ ഉണർത്തുപാട്ടായവൾ!
വിടരും വരിക്കുള്ളിൽ പെൺസ്വരം ഒളിപ്പിച്ചോൾ!
നിശബ്ദം തോർന്നൊഴിഞ്ഞു; ഉദിച്ചു വിടമ്പുകൾ!
“മോഹിക്ക! വെറും മോഹ, മെങ്കിലും മോഹിച്ചേക്ക”
മാരുതം പോലെ കാതിൽ ഈണത്തിൽ ചൊല്ലിയോനേ!
ഭവ്യമാം കാവ്യഭാവം അറിവിന്നേകിയോനേ!
നവ്യമാം ചാരുശീലം ഭജിപ്പോർക്കേകിയോനേ!
തന്മയാം മാതൃത്വത്തെ മൃത്യുജ്ഞയാക്കിയോനേ!
ഭൂമിയ്ക്കു മൃത്യുഗാനം മുൻകൂട്ടി പാടിയോനേ!
കാവ്യത്തിൽ നാരീഗന്ധം സാദരം നിറച്ചോനേ!
വേർപാടാൽ നീയും തീർത്തു പെരുതാം വിടമ്പുകൾ.
“അഭിജ്ഞ ദുഃഖമല്ലോ അജ്ഞാനം സുഖപ്രദം”
ഇരണ്ടാം സഹസ്രത്തിൽ വദിച്ച തത്ത്വജ്ഞാനി.
ചുമരിൽ തുടങ്ങിയ കാവ്യാർദ്ര തീർത്ഥാടനം
നിലയ്ക്കാതൂറുന്നോരോ സുസ്മേര മുഖാബ്ജത്തിൽ.
ചുവന്നവേദം നല്ല ശ്ലോകത്തിൽ കുറിച്ചോനേ!
സഹാനുഭൂതി ചേലിൽ എഴുത്തിൽ ചാലിച്ചോനേ!
പ്രണയം വരിക്കുള്ളിൽ കുറുക്കി കാച്ചിയോനേ!
വിയോഗാൽ തുറുത്തേഴു ലോകാഴും വിടമ്പുകൾ.
സൂരികൾ അവികൃതം നെയ്തൊരീ കേരനാട്
സൂർണ്ണസ്ത്രീ ദേഹം പോലെ പിച്ചിചീന്തീരിക്കുന്നു.
മതഭ്രാന്ത,രാഷ്ട്രീയം, ജാതി,വർണ്ണവർഗ്ഗങ്ങൾ
മതികെട്ടലറുന്നീ ദൈവത്തിൻ സ്വന്തനാട്ടിൽ.
പെരുകുന്നോരോ രാവും പകലും വിടമ്പുകൾ
തിരിച്ചറിയൂ ഭ്രംശം സതീർത്ഥ്യാ, സഹൃദയാ!
വിടവൊന്നുനികത്താൻ നീയല്ലാതാരുമില്ല
വിടരട്ടെ പ്രഭാതം മുൻപുപോൽ എന്നെന്നേയ്ക്കും!!!!