വിഡംബനങ്ങള്‍

ഇന്ന് കുട്ടിക്കാല സ്മരണയൊന്ന് അനുവാദം ചോദിക്കാതെ തന്നെ മനോമുറിക്കകത്ത് കടന്ന് വന്ന് അധികാര ഭാവത്തില്‍ കസേരവലിച്ചിട്ട് കാലിന്മേല്‍ കാലും കയറ്റി ഗമ വച്ചിരുന്നു.

” കണ്ണെഴുതി പൊട്ടും തൊട്ട് വീട്ടമ്മ ചമഞ്ഞിരിക്കേണ്ട സമയത്ത് താന്‍ ആയാസം ഏറെയുള്ള കെട്ടിട നിര്‍മ്മാണ പണികള്‍ ചെയ്യുന്നു ”

അമ്മ വ്യസനിച്ചു.

അച്ഛന്‍ ഒരു നിര്‍ഗുണ പരബ്രഹ്മമാണ്.

അമ്മ കടുപ്പിക്കുന്നു.

‘ താനും ഞാനും സുഖിച്ചതിന്റെ മൂന്ന് ഉല്പ്പന്നങ്ങള്‍ ഉണ്ടിവിടെ അവറ്റോള്‍ക്കൊക്കെ അല്ലലും അലട്ടലുമില്ലാതെ നോക്കണം ‘

അച്ഛനു യാതൊരു ഭാവഭേദവുമില്ല. തുറന്ന വാ തന്ന ദൈവം വയറ് നിറയ്ക്കാനും തരും എന്ന മട്ടച്ഛന്റെ നിര്‍വികാരത.

അമ്മ ഏറ്റവും ഭാരമുള്ള കരിങ്കല്ലുകള്‍ ചുമക്കുന്നു. അധികം എണ്ണം കട്ടകള്‍, സിമന്റിന്റെ ചാക്കുകള്‍.
‘ എന്തിനാ വാസന്ത്യേച്ചി ഇങ്ങനെ തല പൊളിക്കണേ?’-

കൂട്ടുപണിക്കാരികള്‍ മൂക്കത്ത് വിരലും വച്ച് സഹതാപം ചൊല്ലുന്നു.

‘ വല്യാള്‍ ചമയാണ്’

– ചിലര്‍ പോരു കുത്തുന്നു.

അമ്മ ചിരിച്ചു ഒന്നും കേള്‍ക്കാത്ത ഭാവത്തിലും അതിഭാരം ചുമക്കുന്നു. പട്ടാപ്പകലന്തിയോളം
കോളേജില്‍ പഠിക്കുന്ന കാലത്തൊരു ദിവസം ഞാനും കണ്ടു അന്നുടലിനോടു കാട്ടുന്ന ഈയൊരു സ്വാതിക്രമം.

പോരുകാര്‍ വരെ ഇപ്പോഴമ്മയോടു സമരസപ്പെട്ടിരിക്കുന്നു. അവര്‍ മുറുമുറുക്കുന്നു.

‘ പ്രാക്ക് , ഇതതിന്റെ ജന്മസ്വഭാവമാണ്.

രാത്രി വീട്ടില്‍ സ്വസ്ഥതപ്പെട്ട നേരം ഞാനമ്മയോടു ചോദിച്ചു.

‘ എന്തിനാമ്മേ , ഇത്രയും ഭാരം ചുമക്കണോ?’

അമ്മ മണ്ണണ്ണ വിളക്കിന്റെ വെട്ടത്തിലേക്ക് നോക്കി ആ വെട്ടത്തിന്റെയത്രയും വലിപ്പത്തില്‍ പുഞ്ചിരി തൂകുന്നത് ഞാനൊരാന്തലോടെ നോക്കിക്കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു.

ഇന്നു താങ്ങുവാനാകാത്ത സങ്കല്പ്പങ്ങളുടേ ഭാരം ചുമന്ന് നാള്‍ക്കുനാള്‍ അവശനായി വരുന്ന എന്നെ കാണുമ്പോള്‍ അമ്മ ചോദിക്കുന്നു.

‘ എന്തിനാ മോനേ ആവശ്യമില്ലാത്ത ചിന്തകളൊക്കെ നീ തലേല്‍ വച്ച് കേറ്റണെ?’

അമ്മയുടെ പഴയകാല പുഞ്ചിരി ചുണ്ടത്ത് വഹിച്ച് ഞാന്‍ മൗനമാളുന്നു. കിഴക്കാകാശചരുവില്‍ പുലര്‍കാല സന്ധ്യ പകല്‍ മണ്ണിലേക്കിതള്‍ കരിഞ്ഞു വീഴുന്നു. പഠിഞ്ഞാറാകാശത്ത് സായം സന്ധ്യയുടെ കുങ്കുമപ്പൂക്കള്‍ രാമുടിയില്‍ കിടന്ന് വാടിച്ചീയുന്നു.

ഞാനാലോചിച്ചു.

‘ കാല പര്‍വത നെറുകിലേക്ക് രാപകല്‍ക്കല്ലുകള്‍ എന്തിനു ഒരു മുടക്കുമില്ലാതെ നെഞ്ചെരിച്ചിലിന്റെ ഈ സൂര്യന്‍ സദാ ഉരുട്ടിക്കയറ്റി വിടുന്നു? എന്തിന്,ഈ ഭൂമി ഇങ്ങനെ തന്നില്‍ താനെ വട്ടം ചുറ്റി കളിക്കുന്നു?’

ഭൂത കാരുണ്യത്തിന്റെ ജിഹ്വകള്‍ക്ക് നേരെ ചെവി വാതിലുകള്‍ കൊട്ടിയടയ്ക്കുവാനാകുന്നതില്‍ ഞാന്‍ ഇപ്പോള്‍ മോദിക്കുന്നു.

ഇപ്പോഴും കണ്‍വെട്ടപ്പെടുമ്പോള്‍ അമ്മ ചോദിക്കുന്നു.

‘ എന്തിനാ മോനേ നീയാവശ്യമില്ലാതെ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടണെ?”

ഓരോ സാന്ധ്യദളത്തിലും ജീവിതഭംഗി അടര്‍ന്നടന്നു വീഴുന്ന ഈ ശപ്തകാലം ! എന്നെയും ചുമന്ന് ഞാനെന്നില്‍ വിശ്രാന്തിപ്പെടട്ടെ !!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here