‘അവർ കുട്ടികളാണ്…, അവർക്ക് പൂക്കളിൽ അവകാശമുണ്ട്. അത് നിഷേധിച്ചുകൂടാ.” -പാവങ്ങൾ’ (Les Misérables)
ഫെബ്രുവരി 26, ഫ്രഞ്ച് സാഹിത്യകാരനായ വിക്റ്റർ ഹ്യുഗോയുടെ ജന്മദിനം. കരുണയുടെ നൂലിഴകൾകൊണ്ട് മാനവികത വരച്ചുകാട്ടിയ ‘പാവങ്ങൾ’ (Les Miserables) എന്ന ലോകപ്രശസ്തമായ കൃതിയിലൂടെ രണ്ട് നൂറ്റാണ്ടിനിപ്പുറത്തും ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം. അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളിൽ മികച്ച കവിതകളും നാടകങ്ങളും പ്രധാനമാണെങ്കിലും ലോകമെങ്ങുമുള്ള വായനക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠനേടിയത് തന്റെ അറുപതാം വയസ്സിൽ അദ്ദേഹം രചിച്ച പാവങ്ങൾ എന്ന നോവലിലൂടെയാണ്.
രാജനീതികളുടെ പത്തൊൻപതാം നൂറ്റാണ്ടിലും ജനാധിപത്യ വീക്ഷണങ്ങളുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഒരുപോലെ പ്രസക്തമായ കൃതിയാണ് പാവങ്ങൾ. അസമത്വങ്ങളും അന്ധമായ സാമൂഹ്യനിയമങ്ങളും ആചാരങ്ങളും മനുഷ്യരെ നിത്യദുരിതങ്ങളിലേക്ക് വലിച്ചെറിയുയുന്നതെങ്ങനെയെന്ന് പാവങ്ങൾ എന്ന തന്റെ കൃതിയിൽ അദ്ദേഹം വരച്ചുകാണിക്കുന്നുണ്ട്. ദിവസങ്ങളോളം പട്ടിണിയനുഭവിച്ചുകൊണ്ടിരുന്ന തന്റെ സഹോദരിയുടെ കുഞ്ഞുങ്ങൾക്കായി റൊട്ടിക്കഷണം മോഷ്ടിച്ചതിനു തടവിലടയ്ക്കപ്പെടുകയും തണ്ടുവലിശിക്ഷയേറ്റുവാങ്ങുകയും ചെയ്ത ‘ഴാങ് വാൽഴാങ്’ (Jean Valjean), മകളെ പോറ്റാൻ വേശ്യാവൃത്തിയിലേർപ്പെടുന്ന ‘ഫൻതീൻ’, കഠിനമായ കൂലിവേലയിലും പീഡനത്തിലും കുട്ടിക്കാലം ദുരിതപൂർണ്ണമായ ‘കൊസെത്ത്’, പ്രണയവിവശനും വിപ്ലവകാരിയുമായ മരയുസ്, നിയമ ലംഘനത്തിൽ അശ്ശേഷം വിട്ടുവീഴ്ചയില്ലാത്ത രാജനീതിയുടെ അടിയുറച്ച വക്താവായ പോലീസ് ഓഫീസർ ഴാവേർ, ദുരയും അത്യാഗ്രഹവും കൈമുതലാക്കി സ്വജീവിതവും കുടുംബത്തെയും അനാഥമാക്കിയ പണക്കൊതിപൂണ്ട് ദുരന്താത്മാവായിതീർന്ന ‘തെനാർദിയർ’, കൗമാരത്തിൽ കൊഴിഞ്ഞുപോയ എപ്പാനെൻ, തെരുവുബാല്യമായി തെരുവിൽതന്നെ പിടിഞ്ഞുവീണ കുഞ്ഞുഗവ്റോഷ്, കൃഷിയൊരു പരീക്ഷണമായി പരാജയപ്പെട്ട് സാമ്പാദ്യമായ ഗ്രന്ഥങ്ങളോരോന്നും വിറ്റ്, ഉപജീവനം നടത്തേണ്ടിവന്ന മബെ, തീവ്രനിലപാടുകളിലൂടെ വിപ്ലവത്തിൽ രക്തസാക്ഷിത്വംവരിച്ച ആൻഷോൽരാ, കുർഫാരക്ക്, ബോസ്വെ…
കരുണയും ആത്മബലിയുംകൊണ്ട് സ്വയം പവിത്രീകരിക്കപ്പെടുന്ന കഥാപത്രങ്ങളാണ് ഏറെയും. നോവലിലെ ആദ്യഭാഗത്തെ കഥാപാത്രമായ ‘ഡി- നഗര’ത്തിലെ ബിഷപ്പിന്റെ സ്വാധീനം വായനക്കാരിൽ അവസാനംവരെ നിലനിൽക്കുന്നത്, ക്രിസ്തുവിന്റെ ജീവിതവും നീതിസങ്കല്പവുമായി നോവലിൽ പ്രതിഫലിക്കുന്നു.
സമൂഹത്തിൽ ചിതറിപ്പോയവരുടെ ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും കവർച്ചയും കുറ്റകൃത്യവും പ്രണയവും വഞ്ചനയും ആത്മസമർപ്പണവും അന്ധവിശ്വാസവും വിപ്ലവവുമെല്ലാം നോവലിൽ കടന്നുവരുന്നുണ്ട്. നോവലിന്റെ അവസാനഭാഗം വരെ വായനക്കാരെ പിടിച്ചെടുക്കുന്ന സസ്പെൻസ് നിലനിർത്തുന്ന മാസ്മരികത എഴുത്തുകാരന്റെ പ്രത്യേകതയാണ്. നെപ്പോളിയന്റെ പടയോട്ടവും ഫ്രാൻസിലെ തെരുവിൽ പൊട്ടിപ്പുറപ്പെട്ട വിപ്ലവവും ഉൾപ്പെടെ വ്യത്യസ്തമായ ഇതിവൃത്തങ്ങളുള്ള ഒരു ബ്രിഹദാഖ്യായികയാണ് ഈ കൃതി. എങ്കിലും ചരിത്രപരമായ ആഖ്യായിക എന്ന നിലയിലുള്ള ഒരു നോവലായി ‘ലെസ് മിബറബിൾസി’നെ നമുക്ക് പരിഗണിക്കാൻ സാധിക്കില്ല. കാരണം, ചരിത്ര സംഭവങ്ങളിൽനിന്നും ഉൾക്കൊണ്ടതൊക്കെ ചേർത്തുവെച്ചുകൊണ്ട്, വിക്ടർ ഹ്യൂഗോ ചില പ്രതീകങ്ങൾ മൂർച്ചയുള്ളതും തിളക്കമുള്ളതു മാക്കിത്തീർക്കുകയാണു ചെയ്തത്. അധീശത്വത്തിന്റെയും അത്യാർത്തിയുടെയും അനീതിയുടെയും മനുഷ്യചരിത്രത്തിൽനിന്നും പിറവികൊണ്ട കൃതി, ലോകമെമ്പാടുമുള്ള മനുഷ്യരാശിയോട് നിരന്തരം സംവദിക്കുന്നു.
ഫ്രഞ്ച് കാല്പനികതയുടെ മികച്ച മാതൃകകളിലൊന്നായ പാവങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തരമായ കൃതികളിലൊന്നായി വിലയിരുത്താം. ഇതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും നമുക്കുള്ളിൽ എന്നെന്നും ജ്വലിച്ചുനിൽക്കുന്നു.
അമിത അതിശയോക്തിപോലുള്ള വിമർശനങ്ങൾ ഉന്നയിക്കാമെങ്കിലും ഭൂപടത്തിന്റെ അതിര്‍ത്തിരേഖകള്‍ക്കപ്പുറം എല്ലാ ഭാഷകളിലും നിലവിളി മുഴങ്ങുന്ന, കഷ്ടപ്പെടുന്ന ലോകമാനവന്റെ, ദുരിതഗാഥയാണിതെന്ന് നിസ്സംശയം പറയാൻ സാധിക്കും. അജ്ഞനും നിരാശനുമായ മനുഷ്യനെവിടെയുണ്ടോ, ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി സ്ത്രീകള്‍ എവിടെയൊക്കെ വില്‍ക്കപ്പെടുന്നുണ്ടോ, അറിവുനേടാനുള്ള പുസ്തകങ്ങളും തണുപ്പു മാറ്റാനുള്ള ചൂളയും ലഭിക്കാത്ത കുട്ടികളെവിടെയൊക്കെയുണ്ടോ, നീതിയില്ലാത്ത നിയമമെവിടെയൊക്കെയുണ്ടോ.., അവിടെയെല്ലാം ഈ പുസ്തകം വായനക്കാരെ കണ്ടെത്തുകതന്നെചെയ്യും.
നോവലിന്റെ ആമുഖത്തിൽ വിക്ടർ ഹ്യൂഗോ പറഞ്ഞുവയ്ക്കുന്നപോലെ ‘ഭൂമിയിൽ ദുരിതങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ഇത്തരം കൃതികൾ വെറുതെയാകില്ല.’
Click this button or press Ctrl+G to toggle between Malayalam and English