പഴം, പപ്പടം, ഉപ്പേരി, ഉപ്പിലിട്ടത്, പുളിയിഞ്ചി, ഇഞ്ചിതൈര്, എലിശേരി, പുളിശ്ശേരി, ഓലൻ, കാളൻ, അവിയൽ, സാമ്പാർ, നല്ല വറ്റിച്ച് കൊഴുപ്പിച്ച പാൽപായസം, ഓണസദ്യ വിശേഷം തന്നെ അതും നീണ്ടു നിവർന്ന നാക്കിലയിൽ. എത്ര കാലങ്ങൾക്കു ശേഷമാണിങ്ങിനെയൊരു ഓണസദ്യ! ആര് ഒരുക്കിയതായാലും അവർക്ക് ശരിയ്ക്കും ഭഗവാന്റെ അനുഗ്രഹമുണ്ടാകും
“പണ്ടെല്ലാം അത്തം മുതൽ എന്നും പപ്പടം ഉപ്പേരി, പഴനുറുക്ക്, തിരുവോണമാകുമ്പോഴേയ്ക്കും കഴിച്ച് മടുക്കും. പൂരാടം തുടങ്ങി എന്നും പുറത്തുള്ളവർക്ക് ഓണ ഊട്ട് ആണ്, അതായത് അടിച്ചുതളിക്കാർക്കും പാട്ടത്തുപണിക്കാർക്കും, പിന്നെ മറ്റെല്ലാ അവകാശികൾക്കും . ചിങ്ങമാസം പിറന്നാൽ ഓണത്തിനെ എതിരേൽക്കാൻ മഴ വഴിമാറിക്കൊടുക്കുന്നപ്പോലെയുള്ള ഓണവെയിൽ എല്ലാവരുടെ മനസ്സിലും ആഘോഷത്തിന്റെ വെളിച്ചത്തെ പകരുന്നു. പൂ പറിയ്ക്കാൻ എഴുനേൽക്കാൻ പ്രചോദനം നൽകുന്ന ഓണനിലാവ് മനസ്സിനെ കുളിരുകോരി നിറയ്ക്കുന്ന ഇളം മഞ്ഞു. അതും പോരാത്തതിന് ഓണക്കാലത്ത് പള്ളികൂടം അവധി. ഞങ്ങൾ കുട്ടികൾക്ക് എന്തെങ്കിലും വേറെ പ്രയാസങ്ങളുണ്ടോ! പാടത്തും, പറമ്പിലും നടന്ന് വിവിധ പൂക്കൾ പറിച്ച് പൂക്കളമിടുക, വയറുനിറയെ ഭക്ഷണം കഴിച്ച് ദിവസംമുഴുവൻ കളിയ്ക്കുക. ഇന്നത്തെ കുട്ടികളെപ്പോലെ പഠനത്തിന്റെ വല്ല മന:ക്ലേശങ്ങളും അന്നുണ്ടോ! കാലങ്ങൾ മാറിയപ്പോൾ ഓണത്തിന്റെ രസമെല്ലാംപോയി ഇന്നെന്താ പാൽ-കുടി മാറിയാൽ കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങി. കുട്ടി എഞ്ചിനീയർ ആകണമോ, ഡോക്ടർ ആകണമോ എല്ലാം തീരുമാനിച്ച അച്ഛനമ്മമാർക്ക് പൂ പറിയ്ക്കലും, പൂക്കളം തീർക്കലുമൊക്കെ കുട്ടികൾചെയ്യുന്ന ‘ടൈഠപാസ്’ ആണ്” ഇങ്ങിനെ ഏതൊക്കെയോ ഓർത്തുപോയി നമ്മുടെ സച്ചു അന്തർജനം.
സരസ്വതി എന്നാണ് മുഴുവൻ പേര് എന്നാൽ ‘സച്ചു’ എന്നു വിളിച്ചെല്ലാരും ശീലിച്ചു. പ്രായാധിക്യത്താലും, മനോവിഷമങ്ങളാലും ഒരൽപ്പം നരബാധിച്ചിട്ടുണ്ടെന്നേയുള്ളൂ, നിതംബത്തിനു താഴെ ഇറങ്ങികിടക്കുന്ന കാർകൂന്തൽ. തുമ്പിലായി ഒരു മോതിരകെട്ട്. ഭക്ഷണം കഴിച്ചില്ലെങ്കിലും കൊള്ളാം നെറ്റിയിൽ ഒരു ചന്ദനക്കുറി വേണമെന്നവർക്ക് നിർബന്ധമാണ്. . തികച്ചും ഒരു കൃഷ്ണഭക്ത. കൈകൊട്ടിക്കളി എന്നുവെച്ചാൽ അന്തർജനത്തിന്റെ ജീവന്റെ ഒരു ഭാഗമാണ്. മുഖത്ത് ക്ഷീണമുണ്ടെങ്കിലും ആ ചൈതന്യത്തിനൊരു കുറവുമില്ല. മുണ്ടും നേരിയതും അവർക്കായിത്തന്നെ രൂപകൽപ്പന ചെയ്തതാണോ എന്നു തോന്നും, അത്രയ്ക്കും ചേരുന്നു ആ വസ്ത്രം അവർക്ക്. തികച്ചും കുലീനമായ ആ രുപം. ആരുകണ്ടാലും അവരൊരു വലിയ കുടുംബത്തിലെയാണെന്നു മനസ്സിലാകും.
എല്ലാ മാതാപിതാക്കളെയും പോലെ തന്നെ, തന്റെ ഒരേ ഒരു പുത്രനെ പഠിപ്പിച്ച് വലിയ ആളാക്കണമെന്ന വടക്കേടത്ത് സച്ചു അന്തർജ്ജനത്തിന്റെയും, നാരായണൻ നമ്പൂതിരിയുടെയും വലിയ ആഗ്രഹമായിരുന്നു. ഈശ്വരകടാക്ഷംകൊണ്ടു ‘ഹരി’ പഠിപ്പിൽ നിപുണനാകുകയും ചെയ്തു. പക്ഷെ അമേരിക്കയിൽ പോയി ജോലി നോക്കണമെന്നായിമാറി ഹരിയുടെ ആഗ്രഹം. തങ്ങളുടെ ഒരേ ഒരു ഉണ്ണിയെ കണ്ണെത്താദൂരത്ത് പറഞ്ഞയയ്ക്കാൻ അന്തർജ്ജനത്തിനും നമ്പൂതിരിയ്ക്കും ഒട്ടും താല്പര്യമില്ലായിരുന്നു. പക്ഷെ എന്തുചെയ്യാം കഷ്ടപ്പെട്ട് പഠിച്ച അവന്റെ ആഗ്രഹത്തിനുമുന്നിൽ സ്വാർത്ഥതാൽപര്യം ഒരു തടസ്സമാകരുതല്ലോ എന്നോർത്ത് മനസില്ലാമനസ്സാകെ അവർ പോകാൻ അനുവദിച്ചു.
അമേരിയ്ക്കയിലും ഹരി തന്റെ മികവ് കാണിച്ചു. വളരെ അഭിമാനത്തോടെയായിരുന്നു മകൻ അമേരിയ്ക്കയിലാണെന്നു അന്തർജ്ജനവും, നമ്പൂതിരിയും സംസാരിച്ചിരുന്നത്. രണ്ടുവര്ഷത്തിലൊരിയ്ക്കൽ മകൻ വരുമ്പോൾ ആ വീടൊരു സ്വർഗ്ഗമായിരുന്നു. തന്റെ മകനുവേണ്ടി എന്തൊരിയ്ക്കിയാലും ആ അച്ച്ഛനമ്മമാർക്ക് മതിവരില്ലായിരുന്നു.
“അങ്ങിനെ ഒരു തടിമാടനോ, ഒട്ടും മടിയാണോ ഒന്നും ആയിരുന്നില്ല അദ്ദേഹം. എന്തു പറ്റിയോ ആവോ! എത്ര നല്ല ഒരു മനുഷ്യനായിരുന്നു. ദൈവം എന്തിനിത്രപെട്ടെന്നു വിളിച്ചു!” ബാലനും, രാഘവനും കൂടെ പറഞ്ഞു.
ചായക്കടക്കാരൻ വേലുവിനൊന്നും മനസ്സിലായില്ല “
ആരെ കുറിച്ചാണ് ഈ കൊച്ചുവെളുപ്പാന്കാലത്ത് നിങ്ങൾ സംസാരിയ്ക്കുന്നത്” വേലു ചോദിച്ചു
“അപ്പൊ ഇത്ര അടുത്തതായിട്ടും ഇതൊന്നും അറിഞ്ഞില്ലേ! നമ്മുടെ നാരായണൻ തമ്പ്രാന്റെ കാര്യം തന്നെ.”
“എന്തു പറ്റി തമ്പ്രാന്.” വേലു ചോദിച്ചു
“ഇനി എന്തുപറ്റാനാ ഇന്നലെ രാത്രി ഊണുകഴിഞ്ഞു മകനോടൽപ്പം ഫോണിൽ സംസാരിച്ച് ഉറഞ്ഞാൻ കിടന്നതാ. പെട്ടെന്നെന്തോ അസ്വാസ്ഥ്യം തോന്നി എഴുന്നേറ്റ അദ്ദേഹം കിടക്കയിലേയ്ക്ക് കുഴഞ്ഞു വീണു. ഇങ്ങിനെയാണ് മരണം സംഭവിച്ചത്.”
“എന്റെ ഭഗവാനെ എന്താ ഈ കേൾക്കണേ! ആ നല്ല മനുഷ്യനെയും ഭഗവാൻ വിളിച്ചോ! ഇതെങ്ങിനെ ആ തമ്പ്രാട്ടി സഹിയ്ക്കും?. അതിനിനി ആരുണ്ട്? ആ ചെറുക്കൻ ഒരു ക്രിസ്ത്യാനി പെണ്ണിനെ കെട്ടിയതോടെ രണ്ടുപേരുടെയും പ്രസരിപ്പെല്ലാം പോയി”. ഒരു ദിർഘനിശ്വാസത്തോടെ വേലു അവസാനിപ്പിച്ചു.
അമേരിക്കയിൽ സ്ഥിരതാമസക്കാരനായ മകന് പെട്ടെന്ന് എത്തിച്ചേരാൻ കഴിയില്ലെന്നായപ്പോൾ അടുത്ത ബന്ധുക്കളും, നാട്ടുകാരും ചേർന്ന് അദ്ദേഹത്തിന്റെ സംസ്കാരച്ചടങ് നടത്തി. നാലഞ്ചു ദിവസങ്ങൾക്കുശേഷം ഹരി വന്നു. അത് അന്തർജ്ജനത്തിനു വല്ലാത്ത ആശ്വാസമായി തോന്നി. ഔദ്ദ്യോദിക ചടങ്ങുകൾക്കുശേഷം മകൻ തിരിച്ചുപോയി. അന്തർജ്ജനവും, നാരായണൻ തമ്പുരാന്റെ ഓർമകളുമായി ആ വീട്ടിൽ തനിച്ചായി. ഏക ആശ്വാസം കൈകൊട്ടിക്കളിയും, അതു പഠിയ്ക്കാൻ വരുന്ന കുട്ടികളുമാണ്.
തിരുമേനിയുടെ വേർപാടിനുശേഷം രണ്ടാമത്തെ ഓണമടുത്തു. ഈ ഓണം അന്തർജ്ജനത്തിനൊരു പ്രത്യേക ഓണമാണ്, കാരണം എത്രയോ വര്ഷങ്ങള്ക്കുശേഷം മകൻ ഓണത്തിന് വരുന്നു മാത്രമല്ല ഭാര്യ ബിനുവുമൊത്ത്. തമ്പുരാട്ടി എല്ലാം മറന്ന് ആഹ്ലാദിച്ചു. തന്നാലാവുന്ന ഒരുക്കങ്ങളെല്ലാം ചെയ്തുവച്ചു. ഓണത്തിന് രണ്ടുദിവസം മുൻപ് മകനും ഭാര്യയുമെത്തി. മകന്റെ ഭാര്യ ഒരു ക്രിസ്ത്യാനിക്കുട്ടിയാണെങ്കിലും, പെരുമാറിനോക്കിയിട്ട് നല്ല സ്വഭാവം, അവർക്കിഷ്ടപ്പെട്ടു.
അങ്ങിനെ ആ പൊന്നോണം ഓടിയെത്തി. തമ്പുരാന്റെ വിരഹത്തിനുശേഷ ഇങ്ങിനെ എല്ലാം ഒരുക്കിയ ഓണം ഇതാദ്യമാണ്. മകനും ഭാര്യയും സമ്മാനിച്ച ഓണക്കോടിയുടുത്ത് അന്തർജനം ഒരുങ്ങി. എല്ലാവരും കൂടിയിരുന്ന് ഓണസദ്യ കഴിച്ചു, ഇത് വെറും ഓണസദ്യയായിരുന്നില്ല അന്തർജ്ജനത്തിന് ഇതൊരു ആഹ്ലാദത്തിന്റെ സദ്യയായിരുന്നു. ഊണുകഴിഞ്ഞതിനുശേഷം അന്തർജ്ജനവും കുട്ടികളും ചേർന്ന് ഒരു തകർപ്പൻ കൈകൊട്ടിക്കളിയും. വിശേഷായി ഓണം. ഏകദേശം സമയം ഉച്ചയോടടുത്തപ്പോൾ ഹരി അമ്മയോട് പറഞ്ഞു
” അമ്മേ ഇന്ന് നമുക്കൊന്ന് ഗുരുവായൂരപ്പനെ തൊഴാൻ പോയാലോ?”
ഇതും കൂടി കേട്ടപ്പോൾ അന്തർജനം സ്വയം മറന്നു കൃഷ്‌ണൻ എന്നു കേട്ടപ്പോൾ പൂർണ്ണചന്ദ്രനുദിച്ചപോലുള്ള മുഖത്തോടെ അവർ പറഞ്ഞു “കൃഷ്ണനെ കാണാൻ ഞാൻ ഏതു സമയത്തും തയ്യാറാണ്.”
മകന്റെ ഇടതുവശത്ത് കാറിലിരുന്ന് യാത്രയായ അന്തർജനത്തിന്റെ മനസ്സൊരു രാഞ്ജിയായി മാറി. ഹരി കൈ പിടിച്ച് അമ്മയെ തൊഴിയിപ്പിച്ചു. തൊഴുതുപുറത്തുവന്നു ഹരി അമ്മയോട് പറഞ്ഞു
“അമ്മ കുറച്ച് നേരം ഇവിടെയിരിയ്ക്കൂ. ബിനുവിനെന്തോ വേണം ഞാൻ അത് വാങ്ങിയിട്ട് വരാം”
“ശരി ഞാൻ ഇവിടെ ഇരുന്നു നാമം ജപിച്ചുകൊള്ളാം. നീ പോയി വാങ്ങി വരൂ” അന്തർജനം പറഞ്ഞു
‘നാരായണാ’ ജപിച്ചുകൊണ്ടവർ ഇരുന്നു. മിനിറ്റുകൾ നാഴികകളായി മാറി. നേരം ഇരുട്ടാൻ തുടങ്ങി ഹരിയെ കണ്ടില്ലല്ലോ എന്തുപറ്റി അവന്?. ആ അമ്മ മനസ്സ് മകനുവേണ്ടി വെമ്പൽകൊള്ളാൻ തുടങ്ങി. എന്റെ മകനൊരാപത്തും വരുത്തരുതേ എന്നവർ മനസ്സുരുകി കൃഷ്ണനോട് പ്രാർത്ഥിച്ചു. അസ്തമയസൂര്യൻ പകലി-നോട് വിടപറഞ്ഞു. അർദ്ധരാത്രി എല്ലാവരിലും ഉറക്കമായെത്തി. എന്നിട്ടും തന്റെ മകനെ കാണാതെ സച്ചു അന്തർജനം വിതുമ്പി. തിരുമേനി ഒരു അകത്തമ്മയായി വച്ചതിന്റെ പോരായ്മയായിരിയ്ക്കാം ഫോൺ ചെയ്യാനോ, ഒരു സ്ഥലത്ത് തനിയെ യാത്രചെയ്യാനോ ഒന്നിനും അന്തർജനം ശീലിച്ചില്ല. ആ കാത്തിരിപ്പ് ദിവസങ്ങളോളം നീണ്ടുപോയി. ആ അമ്മ മനസ്സ് നെയ്യുരുകുംപോലെ കൃഷ്ണനുമുന്നിൽ ഉരുകി പ്രാർത്ഥിച്ചു ‘എന്റെ മകനൊരാപത്തും വരുത്താതെ നോക്കണേ കൃഷ്ണാ’. നിഷ്കളങ്കമായ അമ്മയുടെ സ്നേഹത്തിനു മുന്നിൽ, എല്ലാ സത്യത്തെയും കൃഷ്ണൻ ഒരു കള്ളചിരിയിലൊതുക്കി. ഭക്തജനങ്ങളിൽ ഓരോ നിമിഷവും അന്തർജനത്തിന്റെ കണ്ണുകൾ തന്റെ മകനെ പരതി. പെട്ടെന്ന് അന്തർജനത്തിന്റെ കണ്ണുകളെവിടെയോ കുരുങ്ങി. തന്റെ വീടിനു നാലഞ്ചുവീടപ്പുറത്ത് താമസിയ്ക്കുന്ന കുഞ്ചു നായരല്ലേ അത്! നിരന്തരമായ കാത്തിരിപ്പിൽ മനംനൊന്ത് ക്ഷീണിച്ച്പോയ അവർ വേച്ചുവേച്ച് കുഞ്ചുനായരുടെ അരികിലെത്തി. ആ പ്രാകൃത രൂപം കുഞ്ചുനായർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല, പിന്നീട്..
“എന്താ തമ്പുരാട്ടി ഇവിടെ? അമേരിയ്ക്കയിലേയ്ക്ക്, മകൻ കൊണ്ടുപോയി എന്നാണല്ലോ കേട്ടത്?”
“എന്നെയോ! മകനോ!” അന്തർജനം ചോദിച്ചു
“ആ അതുതന്നെ” കുഞ്ചുനായരുടെ കണ്ണുകളിലൊരു ചോദ്യചിഹ്നമുണ്ടായിരുന്നു.
“നായരെന്റെ മകനെ എപ്പോൾ കണ്ടു?” അന്തർജനം തെരുതെരെ ചോദ്യങ്ങൾ ചോദിച്ചു
“ഒരുമാസം മുമ്പ് ഞാൻ കണ്ടു. കണ്ടപ്പോൾ ഹരി പറഞ്ഞതാണ്. അതിനുശേഷം നിങ്ങളെ കണ്ടില്ല, അപ്പോൾ അമേരിയ്ക്കയ്ക്ക് പോയി എന്നാണ് കരുതിയത്.”
“ഇപ്പോൾ അവൻ വീട്ടിലുണ്ടോ?” മലവെള്ളംപോലെ ചോദ്യങ്ങൾ അന്തർജ്ജനത്തിൽ നിന്നും ഉയർന്നു.
ഒന്നും മനസ്സിലാകാതെ നായർ ചോദിച്ചു “ഏത് വീട്ടിൽ?”
“എന്റെ ഇല്ലത്ത്, അല്ലാതെ എവിടെയാ?” ആകാംഷ മൂത്തവർ ചോദിച്ചു
“നിങ്ങളുടെ വീടോ! അതാർക്കോ ഒരു മുസ്ലീമിന് വിറ്റില്ലെ? അവരവിടെ താമസവും തുടങ്ങിയിരിയ്ക്കുന്നു. നിങ്ങളെന്താ ഒന്നും അറിയാത്തതുപോലെ സംസാരിയ്ക്കുന്നത്?” കുഞ്ചു നായർ ചോദിച്ചു
ഇതു കേട്ടതും ബോധം നഷ്ടപ്പെട്ട അന്തർജനം താഴെവീണു. കുഞ്ചു നായരും, ഓട്ടികൂട്ടിയ ചിലരും വെള്ളമെല്ലാം തളിച്ച് എഴുനേൽപ്പിച്ചിരുത്തി. അന്തർജ്ജനത്തിനൊരല്പം ബോധം വന്നു. കാര്യം എന്തോ ഒരൽപ്പം കുഴപ്പമാണെന്നു മനസ്സിലാക്കിയത് കൊണ്ടാകാം, അല്ലാതെ തന്നെ താങ്ങാനാകാത്ത പ്രാരാബ്ധം ഉള്ള കുഞ്ചു നായർ അവിടെ നിന്നും സ്ഥലംവിട്ടു.
ഇന്ന് ആ ആതുരാശ്രമത്തിലെ മതില്കെട്ടിനുള്ളിലാണ് സച്ചു അന്തർജനത്തിന്റെ ലോകം. അവിടുത്തെ അന്തേവാസികളാണിന്നവർക്ക് ബന്ധുക്കൾ.
എന്തൊക്കെയോ കഴിഞ്ഞ സംഭവങ്ങൾ ഓർത്ത് കണ്ണുനിറഞ്ഞ അന്തർജനം ഇലയ്ക്കുമുന്നിൽ നിന്നും എഴുനേറ്റ് തന്റെ മുറിയിലേയ്ക്കു പോകാൻ തുടങ്ങി പെട്ടെന്നവരുടെ കണ്ണുകൾ ആ നോട്ടീസ് ബോർഡിൽ പതിഞ്ഞു
“ഓണാശംസകൾ”
നന്ദി
ഹരി നമ്പൂതിരി വാടയ്ക്കേടത്ത് (യു.എസ്.എ)
(ഓണദിനത്തിൽ ഭക്ഷണം പ്രദാനം ചെയ്തത്).
ഇന്ന് അന്തർജ്ജനത്തിന് തലകറക്കമൊന്നും വന്നില്ല സാഹചര്യത്തിനനുസരിച്ച് ജീവിയ്ക്കാൻ, അതിൽ സന്തോഷം കണ്ടെത്താൻ അവരുടെ ജീവിതം അവരെ പഠിപ്പിച്ചുകഴിഞ്ഞു. ഓരോ ദിവസവും തന്റെ മകനെ, മകളെ അല്ലെങ്കിൽ ബന്ധുക്കളെ പ്രതീക്ഷിച്ച് വേഴാമ്പലുകളെപ്പോലെ കഴിയുന്ന അവിടുത്തെ അന്തേവാസികൾക്കുമുന്നിൽ സച്ചു അന്തർജനം ഒരു മൂകസാക്ഷിയായി.
———————
പാവം സച്ചു അന്തർജനം. വയസായ മാതാപിതാക്കളെ ആതുര
ആതുരാലയങ്ങളിൽ ആക്കി കടന്നുകളയുന്നവരെക്കുറിച്ഛ് (ന്യൂജനറേഷൻ)
നന്നായി എഴുതിയിരിക്കുന്നു.
അഭിനന്ദനം ജ്യോതിലക്ഷ്മി – ഒപ്പം പുതുവത്സരആശംസകൽ.