വെയിൽ പെണ്ണാണെങ്കിൽ മഴ ആണാണ്
അപ്പോൾ മഴയത്തു വിരിയുന്ന കൂൺ കുടകൾ ആരായിരിക്കും?
പാടവരമ്പത്ത് ചാഞ്ഞു നിൽക്കുന്ന
ചെറു ചേമ്പിൻ ഇലകൾ… കുമ്പിളിൽ ശേഖരിക്കുന്ന
മഴത്തുള്ളികളുണ്ട്, അവ
ഈ ഭൂഗോളം അവരുടെ ഉള്ളിലാണ് എന്ന മട്ടിൽ
ഇലഞരമ്പിൽ ഒട്ടിപ്പിടിക്കാതെ
ഇങ്ങനെ തെന്നി തെന്നി ഒരു തോന്നിവാസിയെപ്പോലെ…
ഇലയ്ക്കുള്ളിൽ പലതായ് പിരിഞ്ഞു തൊട്ടു കളിക്കും
ഇടയ്ക് കൂടിച്ചേരും പിന്നെയും പലതായ് പിരിയും
പളുങ്കിൻ നിറമാണവർക്ക്
ചേമ്പിലകൾ അപ്പോൾ ഞെട്ടും
ഇടയ്ക്ക് തലോടുന്ന തെന്നലിൽ പതിയെ തലയാട്ടും
ചിലപ്പോൾ തെറ്റിപ്പിരിഞ്ഞു; പളുങ്കുമണികൾ;
പാടത്തിലെ വെള്ളത്തിലേയ്ക്ക് ചെറു പരിഭവത്തോടെ ഒന്നാകും.
പിന്നെ അവർക്ക് പളുങ്കിൻ നിറമില്ല, പകരം ചേറിൻ നിറം
മുഖമില്ലാതെ പാടമാകെ അവർ ഒഴുകിപ്പരക്കും
പരൽ മീനുകൾ തിരയിളക്കി ജലപ്പരപ്പിലേയ്ക്കെത്തി
ആകാശത്തേയ്ക്ക് നോക്കും; മഴക്കാറ് കാണാൻ
മേഘങ്ങൾ മഴത്തുള്ളി നെറുകയിൽ കുടയുന്നതറിയാൻ.
ചിലപ്പോൾ പള്ളിക്കൂടപ്പിള്ളേർ ചേമ്പിലയിലെ വെള്ളം
അവരുടെ കൈകളിലേയ്ക്ക് ഏറ്റുപിടിക്കും
ഇറുത്ത ചേമ്പിലക്കുട ചൂടി
പാട വരമ്പിലൂടെ തെന്നാതെയോടും
വരമ്പിൽ മഴ വരവേൽക്കാനിരിക്കുന്ന
മാക്കാച്ചി തവളകൾ കുട്ടികളെ കണ്ടു
പ്ലോക്കോം എന്ന് നിറഞ്ഞ പാടത്തിലേയ്ക്ക് മുങ്ങാൻകുഴിയിടും
ആ നിമിഷം മഴയുടെ ആരവം കേൾക്കാം
ദൂരെ ദൂരെയായ് മഴ വള കിലുങ്ങും ചിരി ചിരിച്ചു
നീളൻ പാവാട ഞൊറിയിളക്കി ഓടി വരുന്നത് കാണാം
അവൾക്കപ്പോൾ വന്യസൗന്ദര്യമായിരിക്കും
കുളത്തിൽ ഉലമ്പിയ തലമുടി
നിലത്ത് മുട്ടാതിരിക്കാൻ അവൾ തുമ്പ് കെട്ടിയിട്ടുണ്ടാവാം
അതിൽനിന്നിറ്റിറ്റു വീഴുന്ന ജാലകണങ്ങളല്ലേ മഴത്തുള്ളികൾ
എന്ന് കുട്ടികൾ ആലോചിക്കുന്നുണ്ടാവാം
അങ്ങനെ ആലോചിച്ചുള്ള ഓട്ടത്തിൽ
കാലുകൾ ചെളിയിൽ പുതഞ്ഞിട്ടുണ്ടാകും
അപ്പോൾ മുറ്റത്തെ ഇലഞ്ഞി പൂമഴ പെയ്യിയ്ക്കുന്നുണ്ടാവും
അവളുടെ പൂക്കളുടെ സൗരഭ്യം
നനഞ്ഞ മഴയിലൂടെ
തണുത്ത ജനലഴികളിലൂടെ മുറിയിൽ കയറി
പതുങ്ങിയിരിക്കുന്നുണ്ടാവാം
ആ മുറിയിലെ യുവാവിന്റെ യുവതിയുടെ
തലമുടിയ്ക്ക് വാസന നൽകാനായി വന്നതാണവൾ
അവളുടെ മയ്യെഴുതാ മിഴിക്കോണിൽ
രതിരഹസ്യവും എഴുതാൻ ഇലഞ്ഞിപ്പൂക്കൾ ആഗ്രഹിക്കുന്നുണ്ടാവാം
അങ്ങനെയെങ്കിൽ—-ഇലഞ്ഞിയും ഒരു പെണ്ണായിരിക്കാം
അവൾക്കും അയാളോട് പ്രണയമായിരിക്കാം….
എങ്കിൽ ആ വെയിൽ നനഞ്ഞു കുതിർന്നിരിക്കാം
ആ മഴ ഉഷ്‌ണിച്ചിരിക്കാം…….
Click this button or press Ctrl+G to toggle between Malayalam and English