വെറുതെ….

 

 

 

 

 

കാലടികള്‍‌ക്കിടയില്‍‌ കിടന്നു ചരലുകള്‍‌ വേദനയോടെ കിരു കിരാ കരഞ്ഞു. ലക്ഷ്യമില്ലാത്ത നടത്തം.വയല്‍‌ വരമ്പുകളും നാട്ടുപാതയും പിന്നിട് ടാറിട്ട റോഡിലൂടെ നടന്നു. വഴിയെ വന്ന ഓട്ടോറിക്ഷകള്‍‌ അടുത്തെത്തിയപ്പോള്‍‌ “കയറുന്നോ” എന്നു ചോദിക്കു മാറു പതുക്കെ കടന്നു പോയി. അതൊന്നും അറിയാതെ നടന്നു. മനസ്സ് ദൂരത്തെവിടെയോ ആയിരുന്നു.

ഓര്‍‌മ്മകളുടെ അസ്ഥിവാരങ്ങള്‍‌ക്കിടയില്‍‌ എവിടെ നിന്നോ ഒരു സന്ധ്യ.

മുത്തശ്ശിയോടു കവടി നിരത്തി പണിക്കരു പറഞ്ഞു.

” മഹാ മോശാ ജാതകം. പേരിനു എല്ലാരുണ്ടെങ്കിലും തനിച്ചാവും എപ്പോഴും. എങ്ങിനെയോ കാലം തെറ്റി ജനിച്ച ഒരു ജന്മം. അഞ്ചി‍ല്‍‍‌‍‌ ചന്ദ്രനാ… ഒരു ഉറുമ്പിനേപ്പോലും ദ്രോഹിക്കില്ല. പക്ഷെ ആരുണ്ടാവില്ലാ അവസാനം. ലഗ്നത്തില്‍‌ വ്യാഴം. ദീര്‍‌ഘായുസ്സുണ്ട്.. പക്ഷെ എന്താ കാര്യം എല്ലാം വെറുതെ”

മുത്തശ്ശി കണ്ണു തുടച്ചു എഴുന്നേറ്റു. കാലം പണിക്കരുടെ പ്രമാണം ശരി വച്ചു…..കാണാന്നും കേള്‍‌ക്കാനും മുത്തശ്ശി ഉണ്ടായില്ല.

ഉപദേശിച്ചിട്ടും എതിരു നിന്നിട്ടും അച്ഛനെ ധിക്കരിച്ച മകന്‍റെ പ്രേമ വിവാഹം…മകന്റെ സ്വാര്‍ത്ഥതക്കു കൂട്ടു നിന്ന സ്വന്തം ഭാര്യ..

ഉണ്ടായിരുന്നതെല്ലാം വിറ്റു പെറുക്കി അമേരിക്കയിലേക്കു കുടിയേറി അവരെല്ലം .മകന്‍റെ ഭാര്യക്ക് ഇവിടം നരകതുല്യം. ജീവിതത്തിന്റെ ബാലന്‍‌സ് ഷീറ്റ്…………….ആസ്തി——- പഴയ ഒരു നാലുകെട്ടും പത്തായപ്പുരയും അവിടെ കൂട്ടുകൂടിയിരിക്കുന്ന അമ്പലപ്രാവുകളും

ബാദ്ധ്യത—–കരിഞ്ഞ കുറേ സ്വപ്നങ്ങള്‍‌, താളം തെറ്റിയ മനസ്സ്, ഏകാന്തത, ഒരിറ്റു കണ്ണീര്‍‌……………………..

“എങ്ങടാ തമ്പുരാന്‍‌ കുട്ടി. ഒരു കത്തുണ്ടല്ലോ, വിദേശത്തുന്നാ” വഴിയെ വന്ന പോസ്റ്റ്മാന്‍‌ സൈക്കിളില്‍‌ നിന്നു ഇറങ്ങി പറഞ്ഞു.

ഒറ്റ വരിയില്‍‌ എഴുതിയ മകന്‍‌റെ കത്ത് ..

“ഹാപ്പി ഫാദേര്‍‌സ് ഡെ”…….ഒരിറ്റു കണ്ണീര്‍‌ തുള്ളിയില്‍‌ ഒരു സാഗരം അലയടിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here