തണലായിരുന്നു തണുപ്പായിരുന്നു,
തേൻ കിനിയുന്ന കനിമധുരമായിരുന്നു.
കനിവായിരുന്നു, നൽകനവായിരുന്നു,
എൻ കുസൃതിയ്ക്കു കളിമുറ്റമായിരുന്നു.
യന്ത്രമുനയേറ്റേറ്റു ഏറെ പിടഞ്ഞിന്നു,
പാദങ്ങളറ്റു നീ, പാതയില്‍ വീഴവെ,
ചേക്കേറുവാനിടമില്ലാത്ത പക്ഷിയും,
വേരറ്റു പോകുമെൻ ബാല്യത്തിനോർമ്മയും
നിൻ തലയ്ക്കൽ ഏതു മന്ത്രം ജപിക്കേണ്ടു?
കണ്ണുനീരില്ല, കരച്ചിലില്ല
കാട്ടുനീതിയെ,ന്നുരുവിട്ടു കവിതയില്ല.
“വഴിയരികിൽ വാഴ്വിലായ്
വന്നതിനു നന്ദി.
പാതയിൽ തണലേകി
നിന്നതിനു നന്ദി.
തന്നൊരാ കനവിനും,കനിവിനും നന്ദി
മധുരം നിറഞ്ഞൊരാ കനികൾക്കു നന്ദി. ”
ഇതുമാത്രമരുളുന്നു യാത്രയാക്കാൻ.
ഇനി തമ്മിലകലാം അടുക്കുവാനായ്
വീണ്ടുമൊരു ജൻമവേദിയിൽ കാണും വരെ.
അന്നു നാം ആരെന്നതാർക്കറിയാം?
കർമ്മബന്ധങ്ങൾ തിരിയുന്നതാർക്കു ഭൂവിൽ?