വെങ്കായം സ്പെഷ്യൽ

tamil-nadu-1

ഭാര്യയും കുട്ടികളും വളരെയേറെ നിർബന്ധിച്ചപ്പോഴാണ് കന്യാകുമാരിയിലേക്ക് തന്നെ ഈ വർഷത്തെ വിനോദയാത്ര പൊയ്ക്കളയാമെന്ന് തീരുമാനിച്ചത്. യാത്രയും അലച്ചിലും കറക്കവും എല്ലാം കൂടി വിനോദമൊന്നുമുണ്ടായില്ലെങ്കിൽ കൂടി അത്തരമൊരു യാത്ര എല്ലാ വർഷവും പതിവുള്ളതാണ്.നാഗർകോവിൽ വരെ ട്രെയിനിലും അതു കഴിഞ്ഞ് ബസ്സിനും പോകാനാണ് പ്ളാനിട്ടത്. നാഗർകോവിൽ എത്തിയപ്പോൾ കൃത്യം ഊണിന്റെ സമയം. റെയിൽവെ സ്റ്റേഷന്റെ അടുത്തുള്ള ഒരുഹോട്ടലിൽ കയറി ഊണ് കഴിച്ചു.നാട് മാറിയതിന്റെ വ്യത്യാസം അറിയാൻ തുടങ്ങി.പച്ചരിച്ചോറും അത്ര രുചികരമല്ലാത്ത കറികളും ഒരുവിധം കഴിച്ചെന്ന് വരുത്തി ഞങ്ങൾ ബസ് സ്റ്റോപ്പിലെത്തി.കന്യാകുമാരിയിലേക്കുള്ള ബസ്സും കാത്ത്  നിൽപ്പും തുടങ്ങി.ബസ്സുകൾ പലതും അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു പോയെങ്കിലും ദൈവം സഹായിച് എങ്ങോട്ടുള്ളതാണെന്ന് മാത്രം മനസ്സിലായില്ല.ബോർഡുകളെല്ലാം തമിഴിൽ മാത്രം.നമ്മുടെ ‘ക’ എന്ന അക്ഷരത്തോട് സാദൃശ്യമുള്ള ഒരക്ഷരം മാത്രമാണ് ആകെ മനസ്സിലായത്. പലരോടും ചോദിച്ചു,നോ രക്ഷ..ഞങ്ങളുടെ മലയാളം അവർക്കും അവരുടെ തമിഴ് ഞങ്ങൾക്കും മനസ്സിലായില്ല.ഒടുവിൽ ഭാഗ്യത്തിന് തമിഴും മലയാളവും അറിയാവുന്ന ഒരാൾ വന്നതു കൊണ്ട് മാത്രം തൽക്കാലം രക്ഷപെട്ടു.ഓരോ സ്ഥലത്തേക്കുള്ള സ്ഥലത്തിനും ഓരോ നമ്പർ ഉണ്ടെന്നും ആ നമ്പർ അനുസരിച്ച് ’’ 3 ‘‘ ആണ് കന്യാകുമാരി ബസ്സിന്റെ നമ്പരെന്നും അയാൾ പറഞ്ഞതു കൊണ്ടു മാത്രം ഞങ്ങൾക്ക് പോകാനുള്ള ബസ്സ് കണ്ടു പിടിച്ചു.അങ്ങനെയൊക്കെ ഒടുവിൽ ഞങ്ങളും കന്യകുമാരിയിലെത്തി. ഒരിക്കൽ നമ്മുടെ സ്വന്തമായിരുന സ്ഥലം കൺകുളിർക്കെ കാണാൻ കടലിനരികിൽ തന്നെയുള്ള  ലോഡ്ജിൽ മുറിയെടുത്തു.

വൈകുന്നേരം കറങ്ങാനിറങ്ങി.വിവേകാനന്ദപ്പാറയും സൂര്യാസ്തമയവും കണ്ടു..സൂര്യോദയം കാണണമെകിൽ രാവിലെ എഴുന്നേറ്റാലല്ലേ നടക്കൂ എന്ന ദു:ഖത്തോടെ ഭാര്യയും കുട്ടികളും റൂമിലേക്ക് നടന്നു.വെളുപ്പിനെയല്ലാതെ കുറച്ചു കൂടെ നേരം വെളുത്തിട്ട് സൂര്യോദയം കാണാൻ എന്തെങ്കിലും വഴിയുണ്ടോ എന്നായിരിക്കും പ്രിയതമ ആലോചിച്ചത്.
ഇത്രയും സമയമായില്ലേ ഇനി എന്തെങ്കിലും കഴിച്ചിട്ട് പോകാമെന്ന് വിചാരിച്ച് അടുത്തുള്ള ഒരു ഹോട്ടലിലേക്ക് നടന്നു.രാത്രി ഊണിന് പകരം പൊറോട്ടയോ ദോശയോ എന്ന് ഐക്യകണ്ഠേന തീരുമാനിച്ചു. ഇറച്ചിയും മീനുമല്ലാതെ കറി എന്താണുള്ളതെന്ന് തിരക്കിയപ്പോൾ ‘’വെങ്കായം സ്പെഷ്യൽ ഇരിക്ക്ത് സാർ’’ എന്ന് സപ്ലെയറുടെ വിനയപൂർവ്വമുള്ള മറുപടി. എങ്കിൽ അതു കഴിച്ചിട്ട് തന്നെ ബാക്കി കാര്യം എന്ന മട്ടിൽ ഓർഡർ ചെയ്ത് ഞങ്ങൾ കാത്തിരുന്നു.ആയിരം കണ്ണുമായുള്ള കാത്തിരിപ്പിന്റെ ഒടുവിൽ ആ സ്പെഷ്യൽ കറിയെത്തി.വ്യത്യസ്തമായ ആ കറിയിലേക്ക് വീണ്ടും വീണ്ടും ഞങ്ങൾ മാറി മാറി സൂക്ഷിച്ചു നോക്കി.ഒടുവിൽ വ്യത്യസ്തനായ  കറിയെ ഞങ്ങൾ തിരിച്ചറിയുക തന്നെ ചെയ്തു.നമ്മുടെ സ്വന്തം സവാള വലുതാക്കി അരിഞ്ഞിട്ട് മറ്റെന്തൊക്കെയോ കൂട്ട് ചേർത്ത ഒരു കറി.അതു തന്നെ നമ്മുടെ വെങ്കായം സ്പെഷ്യൽ കറി. ഒരുവിധത്തിൽ കഴിച്ചിട്ട് മുറിയിലേക്ക് പോകുമ്പോൾ ഒന്നുറപ്പിച്ചു,ഇനി എവിടേക്ക് ടൂർ പോകുന്നെങ്കിലും ആദ്യം അവിടുത്തെ ഭാഷ പഠിച്ചിട്ടേ പോകൂ. മൂന്ന് തരം!.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleജോണ്‍സണ്‍ ഓര്‍മകള്‍
Next articleതുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയ്ക്ക് പുരസ്‌കാരം
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here