“വേണം, മലയാള ഭാഷക്കും പിതൃമാറ്റം!”

malayalam-tags

സാമാന്യപൗരര്‍ക്ക് ആദരതുല്ല്യസ്ഥാനം നല്‍കുമ്പോഴാണ് ചെറുതോ, വലുതോ ആകട്ടെ; ഒരു ഭരണകൂടം മികവുറ്റതും നല്ലതുമാകുന്നത്. തദ്സമാനമായി ഏത് പ്രമാണികഭാഷയും വികസിതമാകുന്നത് അത് സാമാന്യപൗരഭാഷ സഭ്യമായ സാമാന്യഭാഷയിലേക്ക് വിനിമയീകരിക്കാനാകുമ്പോഴേ ഭാഷ സംസ്ക്കാര പൂര്‍ണ്ണവും, അസ്തിത്വബലവുമുറ്റതാകൂ! മറിച്ച് പറഞ്ഞാല്‍ നിലനില്‍ക്കാന്‍ യഥാര്‍ത്ഥത്തിലര്‍ഹതയുള്ളതും, ആയതിന് കെല്പ്പുറ്റതുമായ ഏതൊരു ഭാഷയും സാമാന്യസഭ്യജന ഭാഷയുടെ ലിഖിതരൂപി ആയിരിക്കുമെന്ന് സാരം. ഇങ്ങനെയുള്ളൊരു ഭാഷ സ്വയം പോഷിതവുമായിരിക്കും. (താദൃശഭാഷക്ക് അതിന്റെ നിലനില്പ്പിന് ഒരു ക്ലാസിക്കല്‍ പദവിയുടെയും ആവശ്യമില്ല.)

എല്ലാവിധ സങ്കീര്‍ണ്ണമായ ശാസ്ത്ര സാങ്കേതിക സംജ്ഞകള്‍ക്കും ഭാഷാഭാഷ്യശേഷി വാമൊഴിജന്യമായ ഭാഷക്കുണ്ടായിരിക്കുകയും ചെയ്യും. നമ്മുടെ തൊട്ടയല്‍പക്ക ഭാഷയായ തമിഴ് തന്നെ ഉദാഹരണം.

ഇതിന് ഇദംപ്രദമായി വേണ്ടത് ഭാഷാ പിതൃത്വം (മാതൃത്വമൊന്നൊന്നുണ്ടെങ്കില്‍ അതും.!) തട്ടുതടവില്ലാതെ ഭാഷാവിനിമയം നടത്തിയ സാഹിതീ സ്രഷ്ടാവിന് പതിച്ചു നല്‍കുകയെന്നത്. അങ്ങനെ നോക്കുമ്പോള്‍ പരമ്പരാഗത ലിഖിതഭാഷയിൽ കാവ്യ രചന നിര്‍ വഹിച്ച എഴുത്തച്ഛനേക്കാള്‍ ഭാഷാപിതൃത്വത്തിനർഹത വാമൊഴികളാല്‍ കാവ്യപരിപുഷ്ടി വരുത്തിയ കുഞ്ചൻ നമ്പ്യാര്‍ക്കാകുന്നു. (മലയാള ഭാഷയുടെ ഡി.എന്‍.എ. പരിശോധനാവിധേയമാക്കിയാല്‍ ഇതെളുപ്പം പിടികിട്ടാവുന്നയുള്ളു!).

‘മലയാളി’ ആയി വളരുന്ന, ജീവിക്കുന്ന ഏതൊരു കേരളീയനും അന്യമെന്ന് തോന്നാത്ത; അതേസമയം ഇന്നും  കാലാഹരണപ്പെടാത്ത എത്രയെത്ര കാവ്യ പ്രയോഗങ്ങളാണ് കടുത്ത വൃത്തനിഷ്ടയിലും, അലങ്കാരമേതുരദയിലും കുഞ്ചന്‍ നമ്പ്യാര്‍ നിര്‍വ്വഹിച്ചിട്ടുള്ളതെന്ന് നോക്കുക. യഥാസ്ഥിക ഹൈന്ദവഭക്തനു പോലും പുസ്തകം തുറന്നു നോക്കാതെ സ്വഭാവികോക്തിയില്‍ മനസ്സുരുവിടുന്ന സംസ്കൃത നിഷ്ഠമില്ലാത്ത ഒറ്റവരി പോലും എഴുത്തച്ഛന്‍ കൃതികളില്ലായെന്നുതും ശ്രദ്ധേയം. രസാധിക്യമെന്ന കാവ്യദോഷമുണ്ടെങ്കിലും സ്ഥലകാല ഭേദമന്യേ മലയാളിയുള്ളിടത്തെവിടെയും ഉപയുക്തമായ ചൊല്പ്രയോഗങ്ങള്‍ കുഞ്ചന്‍ നമ്പ്യാര്‍ കൃതികളിലെ ഉള്ളൂ എന്നതാണ് വാസ്തവം.

ഫാസിസം അതിന്റെ ഉന്മൂലന ത്വരയ്ക്ക് ഭാഷകൂടി ആയുധമാക്കുന്ന നവ്യകാല ഘട്ടത്തില്‍ വാത്മീകിയുടെ “മര്‍ത്യരാമനെ” ദൈവമാക്കി “വിവര്‍ത്തനം” ചെയ്ത എഴുത്തച്ഛന്‍ വര്‍ഗ്ഗീയധ്രുവീകരണത്തിനുള്ള സാധ്യത തന്റെ വിവര്‍ത്തനകാവ്യങ്ങള്‍ വഴി നിലനിര്‍ത്തുന്നൂ എന്നത് മാത്രമാണ് ഒരു പക്ഷേ വര്‍ത്തമാന ഇന്ത്യൻ പരിത സ്ഥിതിയില്‍ എഴുത്തച്ഛനെ പുതുമലയാളിക്ക് പ്രസക്തമാക്കി നിലനിര്‍ത്തുക. കര്‍ക്കിടകമാസത്തില്‍ ഭക്തിവിപണനാര്‍ത്ഥം സ്മരിക്കപ്പെടുന്നുവെന്നതാണ് എഴുത്തച്ഛനെ ഭാഷാപിതാവ് എന്ന നിലയ്ക്ക് മലാളിക്കോര്‍ക്കുവാന്‍ യോഗ്യമാക്കുന്ന അപരഘടകം.

എന്നാലേത് കുഞ്ചന്‍ നമ്പ്യാര്‍ കൃതി വിശകലന വിധേയമാക്കിയാലും ഇത്തരം ഫാസിസ ദുരര്‍ത്ഥോപയുക്തസാധ്യത കാണുക അസാധ്യം. ഈ വിധം ഭാഷാജനകത്വവും, തദനുസരം ആദരിക്കപ്പെടാന്‍ യോഗ്യമായ പ്രഥമജീതകാവ്യ കൃതികള്‍ കുഞ്ചന്‍ നമ്പ്യാരുടേതാകയാല്‍ മലയാളഭാഷാപിതാവായി കുഞ്ചന്‍ നമ്പ്യാരെ അവരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സാര്‍വ്വത്രികപ്രാതിനിധ്യസിദ്ധിയുറ്റ തനത് മലയാള കൃതികള്‍ കുഞ്ചന്‍ നമ്പ്യാരെ അവരോധിക്കേണ്ട കാലം അതിക്രച്ചിരിക്കുന്നു. സാര്‍വ്വത്രിക പ്രാതിനിധ്യ സിദ്ധിയുറ്റ തനത് മലയാള കൃതികള്‍ കുഞ്ചന്‍ നമ്പ്യാരെ ഭാഷാ പിതാവാക്കുവാന്‍ സര്‍വ്വഥായോഗ്യമെന്നിരിക്കെ സംസ്കൃതനിഷ്ഠ മലയാളം കാവ്യഭാഷ ആക്കിയ എഴുത്തച്ഛനെ മലയാള ഭാഷാ പിതാവായി ഇനിയും നിലനിര്‍ത്തുന്നതിലെ ഔചിത്യമെന്ത്?

ബ്രാഹ്മണ്യം കുത്തകാധികാരമാളുന്ന ക്ഷേത്രങ്ങളില്‍ പാരായണ വഴിപാട് കര്‍മ്മം വഴി ജ്ഞാനാന്ധതയുടെ വിളക്ക് കൊളുത്തുവാനുതകും എന്നതിനപ്പുറം മറ്റെന്ത് പ്രസക്തിയാണ് ഇന്ന് എഴുത്തച്ഛന്‍ കൃതികളിലുള്ളത്? ആകയാല്‍ എഴുത്തച്ഛനെ ഭാഷാ വിവര്‍ത്തകകാവ്യപ്രതിഭയുടെ തലത്തൊട്ടപ്പനായി നിലനിര്‍ത്തിക്കൊണ്ട് തന്നെ കുഞ്ചന്‍ നമ്പ്യാരെ ഭാഷാപിതാവായി അവരോധിക്കുന്നത് തമിഴ് ജനതയ്ക്ക് തമിഴ് ഭാഷാ എവ്വിധമോ തദ്സമാനമായ ഭാഷാവായ്പ് മലയാളിമധ്യേ മലയാളഭാഷയ്ക്കും സൃഷ്ടിക്കുവാനുതകും. എഴുത്തച്ഛനില്‍ നിന്ന് ഭാഷാപിതൃസ്ഥാനം തദ്പദവിയ്ക്ക് സര്‍വ്വഥാ യോഗ്യനായ കുഞ്ചന്‍ നമ്പ്യാര്‍ക്ക് നല്‍കേണ്ടതായ കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് സാരം.

വരട്ട് തത്വവാദികളായ മലയാളഭാഷാ പണ്ഡിതസമൂഹത്തിനും മാതൃഭാഷാ വിരോധജനസഞ്ചയത്തിന്റെ സാംസ്കാരികവകുപ്പിനും കുഞ്ചന്‍ നമ്പ്യാരെ ഭാഷാപിതാവാക്കാനുള്ള സംശുദ്ധ ബുദ്ധിയുദിച്ചാല്‍ ‘മലയാളം മരിച്ചു, മരിക്കുന്നു, മരിച്ചു കൊണ്ടിരിക്കുന്നു’ എന്നീ വണ്ണമുള്ള ജല്പ്പനങ്ങള്‍ ഒടുക്കുവാനും; പുതിയൊരു മാതൃ ഭാഷാവബോധം മലയാളിലങ്കുരിപ്പിക്കാനും നിശ്ചയമായും ഇടയാക്കും.

ഈ വിധം സംസ്കൃതമെന്ന മനുഷ്യത്വ ശൂന്യഭാഷയുടെ (ഇപ്പോഴതാരുടെ വിനിമയ ഭാഷ?!) സ്വാധീനമുഷ്ക് കൈയൊഴിച്ചാല്‍ ഒരു ക്ലാസിക്കല്‍ പദവിയുടെയും ആനുകൂല്യമോ, രാജകീയപ്രൗഡിയോ കൂടാതെ തന്നെ മലയാള ഭാഷാ അതിന്റെ തനത് വികാസമാര്‍ജ്ജിക്ക തന്നെ ചെയ്യും. അതിലേയ്ക്കുള്ള പ്രാഥമിക കര്‍മ്മം ആകട്ടെ; കുഞ്ചന്‍ നമ്പ്യാരുടെ ഭാഷാപിതാവായുള്ള അവരോധനം. അല്ലെങ്കില്‍ മലയാള ഭാഷയ്ക്കും അനതിവിദൂരഭാവിയില്‍ അകാലമരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഭാരതപ്പുഴയുടെ അവസ്ഥദുരന്തം തന്നെയായിരിക്കും സംഭവ്യമാകുക!!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here