അവളെത്തി നിനച്ചിരിക്കാതെ
ഈ ഉത്തരാഹ്നത്തില്‍
ഞാനല്‍പം മയങ്ങിയപ്പോള്‍
പുഴുങ്ങും വേനല്‍ ചൂടില്‍
ഒരിടിവെട്ടലിലവള്‍ കൈകൊട്ടിയാടി
ഞെട്ടി ഞാനുണര്‍ന്നുപോയ്
കഴുത്തും നെഞ്ചും പൊരിഞ്ഞുതളരും
വിയര്‍പ്പിന്‍ പാരവശ്യത്തില്‍
അവളെത്തി പുരകള്‍ക്കുമുകളില്‍
ഏതോ വങ്കന്‍ ദൈവങ്ങള്‍ വിരചിച്ച
സംഗീതത്തിന് ചുവടുവെച്ചാടിത്തിമര്‍ത്തു
ആദ്യവേനല്‍ മഴപ്പെണ്‍കൊടി
ഇളകാനാകാതെ കിടന്നു ഞാനവിടെ
ഒരു ഗാത്രസ്തംഭനത്തില്‍
അവളുടെ നൃത്തമെത്ര മോഹനം
അവളാടീടട്ടെ
ഓടിയെത്തും ശീതവാതത്തില്‍
ദൂരമാമലകളുടെ
ഈറന്‍ മണ്ണുമൗഷധികളും
പിന്നെയേതോ പരിത്യക്തരാഗവും തിങ്ങും ഗന്ധം
ഈ രാത്രിയില്‍ ഞാനുറങ്ങും
അവളുടെ ആദിമഭൂതം മണക്കും
കാര്‍കൂന്തല്‍കെട്ടാം തലയിണയില്‍ മുഖമമര്‍ത്തി
നന്ദി! വേനല്‍ മഴപ്പെണ്ണേ!
നീ മറന്ന വിത്തുകള്‍ വിമ്മിപ്പൊട്ടിച്ചിരിച്ചാര്‍ക്കും
പച്ചപ്പും ഹരിതങ്ങളും സൃഷ്ടിച്ചുയര്‍ത്തും
മാനവനര്‍ഹിക്കാത്തൊരു മഹാസ്വപ്നം
ഇതിന്റെ ആംഗലപ്പതിപ്പ് ഇവിടെ വായിക്കാം: https://www.poemhunter.com/poem/first-summer-shower/