വേനല്ക്കുടീരം

venalkiree

 

അമ്മയുടെ മെല്ലിച്ച കൈത്തണ്ടകള്‍ തന്നില്‍ നിന്നും അടര്‍ത്തി മാറ്റുന്നതറിഞ്ഞ അയാള്‍ തികഞ്ഞ നിര്‍വികാരത പോലെ എന്തോ ഒന്നിനെ ചേര്‍ത്തു പിടിച്ചും കൊണ്ട് കോസടിയുടെ വശത്തു നിന്നും എഴുന്നേറ്റു നിന്നു. അയല്‍ക്കാരന്‍ കൂടിയായ ഡോക്ടര്‍ കണ്ണുകള്‍ ചേര്‍ത്തടക്കുന്നത് ഒരു നിഴല്‍പോലെ കണ്ടുംകൊണ്ട് അല്പ സമയം കൂടി അവിടെ അങ്ങിനെ തന്നെ നിന്നു. പിന്നീട് സാവധാനം മുറിയില്‍ നിന്നും പുറത്തേക്ക് കടന്നു. ആ നിമിഷത്തില്‍ അതല്ലാതെ എന്താണ് ചെയ്യേണ്ടത് എന്നയാള്‍ക്ക് തീരെ തീര്‍ച്ചയില്ലായിരുന്നു. ഭാര്യയുടെയും മകളുടെയും നേര്‍ക്ക്‌ നോക്കാനോ സമാധാനിപ്പിക്കാനോ അയാള്‍ക്ക് കഴിഞ്ഞില്ല. അയാളുടെ ലോകത്തുനിന്നും മറ്റുള്ളവരൊക്കെ മാഞ്ഞുപോയത് പോലെ തോന്നി. അയാളും അമ്മയും മാത്രം.
മുറിക്ക് പുറത്തേക്കിറങ്ങിയ അയാള്‍ ഏതോ ആലോചനയില്‍ നിറഞ്ഞ് വീടിനു മുന്നിലെ തുറന്ന വരാന്തയിലേക്ക് കടന്നു. പ്രകാശം തീരെ കുറഞ്ഞ പകലായിരുന്നു. അര മതിലില്‍ ഇരിക്കാന്‍ മുതിര്‍ന്ന നിമിഷത്തില്‍ തന്നെ പെട്ടന്ന് ആരോ വിളിച്ചിട്ടെന്നപോലെ അകത്തേക്കു തിരിഞ്ഞ്, കിടപ്പുമുറിയിലേക്ക് നടന്നു. പത്തടി തികച്ചും നടക്കാനുള്ള ത്രാണി ഇല്ലാത്തവനെ പോലെ കാല്‍ വലിച്ചുവച്ച അയാള്‍ തളത്തില്‍ ഒരു നിമിഷം നിന്നു. അടുക്കളവാതിലില്‍ നിന്നും കൊണ്ട് അയലത്ത് നിന്നും വന്ന സ്ത്രീക്ക് എന്തോ നിര്‍ദ്ദേശം കൊടുത്തിരുന്ന ഭാര്യയുടെ ചേച്ചി തല ഉയര്‍ത്തി ഒന്നു നോക്കി. സാവകാശം അയാളുടെ അടുത്തേക്ക്‌ വന്ന് ചോദിച്ചു,

“എന്തെങ്കിലും കുടിക്കാന്‍ വേണോ. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ലല്ലോ. അറിഞ്ഞും കേട്ടും ഇനി ഓരോരുത്തരായി വരും മുന്‍പ് ഇത്തിരി വെള്ളം എന്തെങ്കിലും കുടിച്ചോളൂ. തെക്കേതില്‍ നിന്നും ചായ കൊണ്ടുവന്നിട്ടുണ്ട്.”

മനസ്സിലാകാത്ത ഭാവത്തില്‍ നോക്കിനിന്ന അയാള്‍ ഒന്നും കേള്‍ക്കു ന്നുണ്ടായിരുന്നില്ല. മറുപടി പറയാതെ നേരേ മുന്നോട്ടു നടന്ന് കിടപ്പുമുറിയിലെത്തി. ചുവരിലും ജനലഴിയിലും കൂടി ശരീരം താങ്ങി നിന്നപ്പോള്‍ കാലുകളില്‍ ഭാരമില്ലായ്മ അനുഭവപ്പെട്ടു. താഴെ വീണു പോകുമോയെന്ന ഭയത്തില്‍ നിന്നും ജനാല അഴികളില്‍ മുറുകെപ്പിടിക്കുന്ന വിരലുകളുടെ ചലനങ്ങള്‍ തികച്ചും തന്റെ നിയന്ത്രണത്തില്‍ അല്ലെന്ന് അയാള്‍ അറിഞ്ഞു. പ്രായമേറിയ ജനാലയുടെ മരയഴികള്‍ ഇളകുന്നതാണോ അതോ തന്റെ കൈവിരലുകള്‍ വിറയ്ക്കുന്നതാണോ എന്നയാള്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. പിടി അയച്ചാല്‍ വീണു പോയാലോ എന്നു പേടിച്ചിട്ടെന്നവണ്ണം മുറുക്കിയ കൈകളിലേക്കു മുഖം ചേര്‍ത്ത് നിശ്ചലനായി അയാള്‍ നിന്നു.

ചേര്‍ത്തടയ്ക്കാത്ത കതകിന്റെ വിടവിലൂടെ തളത്തിലെ ശബ്ദശകലങ്ങള്‍ ചെവിയില്‍ വന്നുവീണിരുന്നുവെങ്കിലും അവയൊന്നും തന്നെ മനസ്സില്‍ പതിഞ്ഞിരുന്നില്ല. കേള്‍ക്കുന്ന ശബ്ദവീചികളെ അര്‍ത്ഥദപൂര്‍ണ്ണമായ പദങ്ങളാക്കി മാറ്റുന്ന അത്യാവശ്യഘടകം ആ നേരത്ത് അയാളില്‍ പ്രവവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ചുറ്റും നടക്കുന്നതൊന്നും തന്നെ അയാള്‍ അറിയുന്നും ഉണ്ടായിരുന്നില്ല. അല്പ്പം മുന്‍പ് തന്റെ കയ്യില്‍ അമ്മ മുറുക്കിപിടിച്ചതാണ് ഓര്‍മയില്‍ രേഖപ്പെടുത്തിയിരിക്കുന്ന അവസാനത്തെ സ്പര്‍ശം. ആരോ ബലമായി അയാളുടെ കൈ വിടര്‍ത്തിമാറ്റിയപ്പോള്‍ ആ മുറിയില്‍ നിന്നും അമ്മയുടെ അടുത്തുനിന്നും എണീറ്റ്‌ പോന്നതാണ്. അതിനുശേഷം അവിടെ ആരൊക്കെ വന്നു എന്നയാള്‍ക്കും അറിയില്ല. അയാളെ ആരൊക്കെ അന്വേഷിക്കുന്നു എന്നുമറിയില്ല.

ഒന്നുമാത്രം ഉറപ്പുണ്ട്. എന്തു കാര്യത്തിലും ഏതു തീരുമാനത്തിലും അയാളുടെ ഒപ്പം ഉണ്ടായിരുന്ന അമ്മ ഇത്തവണ അയാള്‍ക്ക് വേണ്ടി എല്ലാവരുടെയും മുന്നില്‍ വാദിച്ചു നില്ക്കാന്‍ ഉണ്ടാവില്ല. ഇനി മുതല്‍ എന്തും തനിയെ നേരിട്ടേ പറ്റൂ എന്ന മനസ്സിലാക്കല്‍ മാത്രം തെളിഞ്ഞു നിന്നു.

കഴിഞ്ഞുപോയ കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ നടന്നതൊക്കെ ഓര്‍ത്തെടുത്തപ്പോള്‍ മനംമറിയുന്നത് പോലെ തോന്നി. വിഷമമോ സംഘര്‍ഷമോ ഉണ്ടായാല്‍ ഇങ്ങിനെയൊരു തോന്നല്‍ അയാള്‍ക്ക് ചെറുപ്പം മുതല്ക്കേ ഉള്ള ശീലമാണ്. ഇന്നലെ രാത്രിക്കുശേഷം ഒന്നും കഴിച്ചിട്ടില്ലെങ്കിലും ഉള്ളതിനെ ഒക്കെ കടപുഴക്കി പുറത്തേക്കു കൊണ്ടുവരാന്‍ ശക്തിയുള്ള ഒരു കൊടുങ്കാറ്റ് ഉള്ളില്‍ ആഞ്ഞടിക്കുന്നതുപോലെ. ഒരു കാരണവുമില്ലാതെ ഇന്നലെ രാവിലെ മുതല്‍ മനസ്സില്‍ തോന്നിയ അസ്വസ്ഥതയും ആകുലതയും ഇങ്ങിനെ ഒന്നിലാവും അവസാനിക്കുകയെന്ന്‍ തീരെ കരുതിയതല്ല. ഇന്നലെ രാത്രിയില്‍ ഭാര്യയോട്‌ അതേക്കുറിച്ച് പറയുമ്പോള്‍ അമ്മ ഉണ്ടായിരുന്നു തനിക്ക്..

മുകളില്‍ കേട്ട ഇരമ്പലില്‍ ഒരു നിമിഷം ചെവി അടയുന്നത് പോലെ അനുഭവപ്പെട്ടു. പതിവ്‌ പോലെ അമ്മയുടെ കണ്ണുകള്‍ വിടരുന്നോ എന്ന് പോയി നോക്കണമെന്നു തോന്നി. ആ തോന്നലില്‍ നിമിഷനേരത്തേക്ക് ഒരു ചെറുചിരി വന്നു മായുകയും ചെയ്തു. വിമാനത്തിന്റെ് ശബ്ദം എപ്പോള്‍ കേട്ടാലും ചെറിയകുട്ടികളെ പോലെ ആയിരുന്നു അമ്മ. മുറ്റത്തേക്ക് ഇറങ്ങി ചെല്ലാവുന്ന സ്ഥലത്താണെങ്കില്‍ ചെന്നിരിക്കും. കാഴ്ചയില്‍ നിന്നും മറയുന്ന നേരം വരെ മുകളിലേക്ക് നോക്കി ഒറ്റ നില്പ്പാണ്. കാഴ്ച വല്ലാതെ കുറഞ്ഞിട്ടും ശബ്ദംകേട്ടാല്‍ പുറത്തേക്കുള്ള യാത്ര നിര്‍ത്തിയിരുന്നില്ല. എളിക്കു കൈകൊടുത്ത് മുകളിലേക്കുള്ള നോട്ടവും നില്പ്പും ഒക്കെ കാണുമ്പോള്‍ പണ്ടൊക്കെ പലപ്പോഴും മനസ്സില്‍ കരുതിയിട്ടുണ്ട് ഒരിക്കല്‍ അമ്മയെ വിമാനത്താവളത്തില്‍ കൊണ്ടുപോകണമെന്ന്. വിമാനം അടുത്തു കാണിക്കണം. താഴുന്നതും പൊങ്ങുന്നതും ഒക്കെ ആ മുഖത്ത് വരുത്തുന്ന ചിരിയും അത്ഭുതവും കാണണം.

“അച്ഛാ എന്റെ അലോട്ടേഷന്‍ തിരുവനന്തപുരത്ത് തന്നെ ആവുമെന്നാണ് തോന്നുന്നത്.”

അത്താഴമേശയില്‍ മകള്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും തന്നെ അമ്മയുടെ മുഖം വിടര്‍ന്നിരുന്നു. അവള്‍ക്ക് മെഡിക്കല്കോളേജില്‍ പ്രവേശനം കിട്ടിയതില്‍ ഏറ്റവുമധികം സന്തോഷം അമ്മയ്ക്കായിരുന്നു.
അന്നു രാത്രി പതിവുപോലെ ഉറക്കത്തിനു മുന്പുള്ള സംസാരത്തില്‍ വളരെ സാധാരണ രീതിയിലാണ് ഭാര്യ പറഞ്ഞത്.

“ഏതായാലും എല്ലാവരും കൂടിയേ പോവുകയുള്ളൂ. അമ്മ യാത്രചെയ്യാന്‍ തയാറായിരിക്കയാണ്. എങ്കില്‍ പിന്നെ നിങ്ങള്‍ അമ്മയേയുംകൊണ്ട് പ്ലെയിനില്‍ വരൂ. ഞങ്ങള്‍ ട്രെയിനില്‍ വന്നോളാം. വിമാനയാത്ര അമ്മക്ക് വലിയ ആഗ്രഹമല്ലേ, നമ്മളെ ബുദ്ധിമുട്ടിക്കേണ്ട എന്നോര്‍ത്ത് ഒന്നും പറയാത്തതല്ലേ? പൈസ ഉണ്ടായിട്ട് ഇതൊക്കെ ചെയ്യാനിരുന്നാല്‍ നടക്കുമോ. കുറച്ചൊക്കെ എന്റെ കയ്യിലും ഉണ്ട്..”
തന്റെു മനസ്സില്‍ തെളിയാഞ്ഞത് അവള്‍ പറയുന്നത് കേട്ടപ്പോള്‍ സ്ത്രീകളുടെ മനസ്സും ചിന്തകളും സഞ്ചരിക്കുന്ന വഴികളെക്കുറിച്ച് ബഹുമാനമാണ് തോന്നിയത്. ഒരുപക്ഷെ ഭാര്യയോട്‌ ഏറ്റവും കൂടുതല്‍ സ്നേഹം തോന്നിയത് അന്നാണോ എന്നും സംശയമുണ്ട്.
പറഞ്ഞതില്‍ കാര്യമുണ്ടല്ലോ എന്ന ചിന്തയിലാണ് അതങ്ങിനെതന്നെ നടക്കട്ടെ എന്നു തീരുമാനിച്ചത്. വിവരമറിഞ്ഞപ്പോള്‍ അമ്മയുടെ മുഖത്തു തെളിഞ്ഞ പ്രകാശം രണ്ടു മൂന്നു മാസത്തേക്ക് താറുമാറാകാന്‍ പോകുന്ന കുടുംബബഡ്ജറ്റൊന്നും വലിയ വിഷയമായി തോന്നിപ്പിച്ചില്ല. വിമാനയാത്രയും തിരുവനന്തപുരം താമസവും ഒക്കെ അമ്മ നന്നായി ആസ്വദിച്ചിരുന്നു. യന്ത്രപക്ഷി പറന്നുയര്‍ന്നപ്പോള്‍ നേരിയതായി ഒന്ന് പേടിച്ചോ എന്ന തന്റെന സംശയത്തെ തരംകിട്ടിയപ്പോഴൊക്കെ അമ്മ എതിര്‍ത്തിരുന്നത് ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ചിരി വന്നു.

തെളിഞ്ഞു വന്ന ചിരി തൂത്തു കളയാന്‍ എന്നവണ്ണം കൈപ്പടമുയര്‍ത്തി അയാള്‍ മുഖം തുടച്ചു. നെറ്റിയില്‍ നിന്നും താഴേക്കൊഴുകുന്ന വിയര്‍പ്പിന്റെ നനവറിഞ്ഞതപ്പോഴാണ്. എന്തൊരു പുഴുക്കം. പെട്ടന്നാണ് അമ്മ കിടക്കുന്ന മുറിയിലെ ഫാനിന്റെന റഗുലേറ്റെര്‍ നേരെ പ്രവര്‍ത്തിരക്കുന്നില്ല എന്നോര്‍മ്മ വന്നത്. ഒന്ന് എന്ന സ്പീഡ്‌ കഴിഞ്ഞാല്‍ പിന്നെ അഞ്ചില്‍ മാത്രമേ ഓടുകയുള്ളൂ. അതാണെങ്കില്‍ അമ്മക്ക് പേടിയുമാണ്.

“എല്ലാം കൂടി താഴേക്കു വരുന്ന പോലെ തോന്നും മക്കളെ. കാറ്റല്ല, ആ ഒച്ചയാണ് പേടിപ്പിക്കുന്നത്.” മകളോട് പറയുന്നത് കേട്ടിരുന്നു .
ഒരു തവണ നേരെ ആക്കിയതാണ്. ഇന്നലെ നോക്കിയപ്പോള്‍ പിന്നെയും പോയി. ഇപ്പോള്‍ ഒന്നിലാവും കിടക്കുന്നത്, ഈ ചൂടത്ത് അത് ബുദ്ധിമുട്ടിക്കും.

ആ ജോസിനെ ഒന്ന് വിളിച്ചു നോക്കാം. പണി കേറുമ്പോള്‍ ഇതുവഴി വരാന്‍ പറയാം. നല്ല നേരം നോക്കിയേ അവനെ കിട്ടുകയുള്ളൂ.

“എന്റെ മൊബൈല്‍ എവിടെ?”

ചോദ്യവുമായി ഇടനാഴിയിലേക്കിറങ്ങിയ അയാള്‍ ഊണുമുറിയിലും തളത്തിലും കൂടിയിരിക്കുന്ന ബന്ധുക്കളെയും പരിചയക്കാരെയും കണ്ടപ്പോഴാണ് അത്ഭുതപ്പെട്ടു പോയത്. ഒരു നിമിഷാര്ദ്ധംഅ കൊണ്ടുതന്നെ പരിസരബോധം ഉണ്ടായി. ഇവരൊക്കെ ഇതെപ്പോ എത്തിചേര്ന്നു ! അത്രയൊക്കെ സമയം ആയോ. കൂടി നില്ക്കു ന്നവരെ ഒക്കെ മിക്കവരെയും അറിയാമെങ്കിലും പെട്ടന്ന് മനസ്സിലാകാത്ത മുഖങ്ങളും കണ്ടു. അമ്മ ബന്ധങ്ങള്‍ പറയുന്നതു കേട്ട് പലപ്പോഴും അതിശയിച്ചിട്ടുണ്ട്.

“നിനക്കോര്‍മ്മറയില്ലേ അത് നമ്മുടെ കുന്നത്തെ വല്യച്ഛന്റെ ഭാര്യേടെ കുഞ്ഞമ്മയുടെ മകളാണ്. അവരെ കല്യാണം കഴിച്ചിരിക്കുന്നത് നമ്മുടെ തെക്കേലെ രാഘവനെന്ന അനിയനും .” അമ്മ നിമിഷങ്ങള്‍ കൊണ്ട് എത്ര വളഞ്ഞുതിരിഞ്ഞ ബന്ധവും നേര്രേനഖയിലാക്കും..
അമ്മ പറഞ്ഞുതരാനില്ലാതെ വരുമ്പോള്‍ മാഞ്ഞുപോകുന്നതെന്തൊക്കെ ബന്ധങ്ങളാവും എന്നോര്ത്ത യാള്ക്ക്ക പരിഭ്രമം തോന്നി .
“ നിനക്ക് അറിയാത്തവരുണ്ടെങ്കിലും മുഖത്ത് പരിചയക്കേട്‌ കാണിക്കാതെ നില്ക്കനണം. ആരെണെന്നും എന്താണെന്നും ഒക്കെ പിന്നെ പറഞ്ഞു മനസ്സിലാക്കാം.” തന്റെു പരിഭ്രമം മനസ്സിലായിട്ടെന്ന പോലെ അമ്മയുടെ ശബ്ദം മന്ത്രണംപോലെ കേള്‍ക്കുന്നതായി തോന്നി. മനസ്സിന്റെ തോന്നലാണെന്ന തിരിച്ചറിവില്‍ തല ഒന്ന് കുടഞ്ഞു .

തന്നെ നോക്കി നില്ക്കുന്ന പല ജോഡി കണ്ണുകളിലും മുഖങ്ങളിലും ഒക്കെ വിവിധ വികാരങ്ങളും ഭാവങ്ങളും അയാള്‍ കണ്ടു. മനുഷ്യന്റെ മനസ്സിനുള്ളില്‍ ഉള്ളത് അതേ പോലെ കാണാന്‍ പറ്റുന്ന ഒരു ജോഡി കണ്ണട ഉണ്ടാവണം. യഥാര്‍ത്ഥത്തില്‍ എന്താണ് മനസ്സില്‍ തോന്നുന്നത് എന്ന് മനസ്സിലാക്കാന്‍ പറ്റുന്ന കണ്ണട. ചിരിച്ചു കൊണ്ട് വഞ്ചിക്കാതെ, കാപട്യം കാണിക്കാതെ പെരുമാറാന്‍ അപ്പോഴേ മനുഷ്യര്‍ക്ക് ‌ കഴിയൂ. അങ്ങിനെയൊക്കെ ആവണമെങ്കില്‍ അസാധാരണമായ നന്മ മനസ്സില്‍ ഉണ്ടാവണം.

ആലോചനകള്‍ അവിടെ എത്തിയപ്പോള്‍ അമ്മയുടെ മണം നിറയുന്നത് പോലെ തോന്നി. ചിതറി പോകുന്ന ചിന്തകള്‍ക്കും പിന്നാലെ മനസ്സിനെ അലയാന്‍ വിട്ട് ചുറ്റും കൂടി നില്ക്കുന്നവരുടെ ഒപ്പം നിര്‍മ്മമതയോടെ അയാള്‍ നിന്നു.

തിരുവനന്തപുരത്തു നിന്നുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ അമ്മ വല്ലാതെ സന്തോഷത്തിലായിരുന്നു. ഇടക്കെപ്പോഴോ സീറ്റില്‍ ഇരുന്ന തന്റെ കൈ എടുത്തു പതുക്കെ തലോടി.

“എന്താ അമ്മെ?” എന്ന ചോദ്യ ഭാവത്തില്‍ നോക്കിയപ്പോള്‍
“ഒന്നുമില്ല” എന്നു കണ്ണടച്ചു കാണിച്ചു. എങ്കിലും അമ്മക്ക് എന്തോ പറയാനുണ്ട് എന്നു മനസ്സിലായിരുന്നു. വായിച്ചിരുന്ന പത്രം മടക്കിവെച്ചുകൊണ്ട് ഇടതുവശത്തിരിക്കുന്ന അമ്മയെ നോക്കി. തിരിയാനുള്ള സൗകര്യത്തിന് സീറ്റ്‌ബെല്റ്റ് ‌ അഴിക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മ തടഞ്ഞു.

“വേണ്ട വേണ്ട. അവര്‍ പറയാതെ അത് ഊരാന്‍ പാടില്ല.”

“ ഇത് എപ്പോഴും ഇടണമെന്നില്ല അമ്മേ, ഫ്ലൈറ്റ് പൊങ്ങുമ്പോഴും താഴുമ്പോഴും പിന്നെ എന്തെങ്കിലും കുലുക്കം ഉണ്ടായി അവര്‍ പറയുമ്പോഴും ഒക്കെ മതി.”

“വേണ്ട വേണ്ട , നീ അതിട്ട് ഇരുന്നാല്‍ മതി. ഞാന്‍ പറയുന്നത് കേള്‍ക്കുന്നതിനിപ്പോ അത് ഊരണം എന്നൊന്നും ഇല്ലല്ലോ.”

മൂന്നുവര്‍ഷം മുന്‍പ് നടന്നതാണെങ്കിലും ഇടക്കൊക്കെ യാത്രയുടെ ഫോട്ടോ കണ്ട് എല്ലാം ഒന്നാവര്‍ത്തിക്കല്‍ അമ്മയുടെ പതിവാണ്. ഈ കഴിഞ്ഞ രാത്രിയിലും. അത്താഴം കഴിഞ്ഞ് പതിവുള്ള വര്‍ത്തലമാനത്തിനാണ് അമ്മയുടെ മുറിയില്‍ ചെന്നത്. കണ്ടതും കൈ പിടിച്ച് ആദ്യമേ ചോദിച്ചത്, “നിനക്കോര്‍മ്മയുണ്ടോ അന്ന് വിമാനത്തില്‍ വെച്ച് ഞാന്‍ നിന്നോട് ഒരു കാര്യം പറഞ്ഞത്.”?.

“എന്താമ്മേ, കപ്പലണ്ടി മിട്ടായി വേണമെന്നല്ലേ, ഞാന്‍ വാങ്ങി തന്നില്ലേ പിറ്റേ ദിവസം തന്നെ.”

ഓര്‍മയുണ്ടായിരുന്നിട്ടും താന്‍ ഇത്തിരി പൊട്ടന്‍കളിക്കാന്‍ നോക്കി.

“അതല്ലെടാ. അന്നേ ഞാന്‍ പറഞ്ഞത് നന്നായി ആലോചിച്ചിട്ടു തന്നെയാണ്. അതാണ്‌ അമ്മയുടെ ആഗ്രഹവും തീരുമാനവും. നിനക്കോര്‍മ്മയുണ്ടോ എന്നറിയാനാണ് ഇപ്പോള്‍ ചോദിച്ചത്.”
“ശരി ശരി. അതാണോ? അക്കാര്യം എനിക്കോര്‍മയുണ്ട്. ഇന്നെന്താ ഇപ്പൊ ഇങ്ങിനെ ഒരു വര്‍ത്തമാനം.”

“എന്റെ മക്കളെ അമ്മ ചിരഞ്ജീവി ഒന്നുമല്ലല്ലോ. നമ്മുടെ കുട്ടി പഠിക്കുന്ന കോളേജിലോ മറ്റെവിടെ എങ്കിലുമോ കൊടുക്കണം. നമ്മുടെ ആവശ്യം കഴിഞ്ഞാല്‍ ഈ ശരീരം കൊണ്ട് കുട്ടികള്‍ പഠിക്കട്ടെ. അങ്ങിനെയൊരു സാദ്ധ്യത ഉള്ളത് നമ്മള്‍ കാണാതിരിക്കരുത്. കേള്‍ക്കു മ്പോള്‍ പലരും പലതും പറഞ്ഞെന്നിരിക്കും. അതിനിനി ആരൊക്കെ എതിര്‍ത്താലും നീ കൂട്ട് നില്ക്കരുത്. കേട്ടോ..”

“എന്റമ്മെ, അതിനൊക്കെ സമയം ആവട്ടെ, നമ്മള്‍ തുടങ്ങിയിട്ടല്ലേ ഉള്ളൂ. എഴുപത്തഞ്ച് ഒക്കെ ഒരു വയസ്സാണോ.” ചിരിച്ചുകൊണ്ടാണ് താന്‍ പറഞ്ഞതെങ്കിലും അമ്മ വളരെ ഗൗരവമായി തന്നെയാണ് സംസാരിക്കുന്നതെന്നു മനസ്സിലായിരുന്നു. വളരെ നാളുകള്‍ക്കുശേഷം പഴയ സ്കൂള്‍ ടീച്ചറുടെ ആ ഭാവം തെളിഞ്ഞുനിന്നിരുന്നു. കോസടിയുടെ വശത്തിരുന്ന മാസിക കണ്ടപ്പോഴാണ് കാര്യം പിടി കിട്ടിയത്. അവയവദാനത്തെ കുറിച്ചും മറ്റുമുള്ള എന്തോ ഒന്നായിരുന്നു ഇന്നത്തെ വായന.. ഇനി ഇപ്പൊ സംസാരിക്കാന്‍ ഇരുന്നാല്‍ ഇത് തന്നെയാവും മനസ്സില്‍ എന്നറിയാവുന്നതുകൊണ്ടാണ് തലയിണ ഒക്കെ താഴ്ത്തി വെച്ച് പുതപ്പും നേരെയിട്ടത്.

“ഒക്കെ ഞാന്‍ സമ്മതിച്ചു. അമ്മ സുഖമായി ഉറങ്ങൂ. അമ്മക്കിപ്പോ പോകാനുള്ള പ്രായമൊന്നും ആയിട്ടില്ല.” കൂടുതല്‍ വിശദീകരണത്തിനു നില്ക്കാതെ വിഷയം മാറ്റി മുറി വിട്ടു പോന്നതാണ്. തലേന്ന് രാത്രി കുറച്ചു സമയം കൂടി സംസാരിച്ചിട്ട് പോന്നാല്‍ മതിയായിരുന്നു എന്നും ഇനിയും എന്തൊക്കെയോ കൂടി അമ്മക്ക് പറയാന്‍ ഉണ്ടായിരുന്നുവെന്നുമൊക്കെ അയാള്‍ക്ക് തോന്നി. താന്‍ വിളക്കണച്ചതുകൊണ്ടുമാത്രം അമ്മ ഉറങ്ങിയതാവാം. തിരക്കൊഴിഞ്ഞിട്ട്‌ സൗകര്യമായി ഇരുന്ന് അമ്മയോട് സംസാരിക്കണം എന്നു കരുതി മാറ്റിവച്ചിരുന്ന എത്രയോ കാര്യങ്ങള്‍ ലക്ഷ്യമില്ലാതായതു പോലെ ചിന്തകളില്‍ അലയുന്നു.

ഈ പ്രായത്തില്‍ പോലും എവിടെങ്കിലും പോയിവരുമ്പോള്‍ വീട്ടില്‍ അമ്മയെ കണ്ടില്ലെങ്കില്‍ തോന്നിയിരുന്ന പ്രകാശമില്ലായ്മ, അത് മനസ്സില്‍ ഉണ്ടാക്കിയിരുന്ന ശൂന്യതയും അസ്വസ്ഥതയും, ചെന്നിക്കുത്തിന്റെ തീഷ്ണതയില്‍ അമ്മയുടെ വിരലുകള്‍ നെറ്റിയില്‍ തൊടുമ്പോള്‍ അനുഭവിച്ചിരുന്ന കുളിര്‍മഴ…അങ്ങിനെ അമ്മയോട് പറയണമെന്ന് പലപ്പോഴും കരുതിയിട്ട് പിന്നത്തേക്കു മാറ്റിവെച്ച പലതും പലതും.

കൂട്ടംതെറ്റി നടുവഴിയില്‍ തനിച്ചായി പോയതുപോലെ അയാള്‍ പകച്ചു നിന്നു. എന്തു വേണമെന്ന തീര്‍ച്ചയില്ലാതെ. രാത്രിയും പകലും പോലെയാണ് മനുഷ്യജീവിതവുമെന്ന് അയാള്‍ക്ക് തോന്നി. ഒന്നിനെ പിന്തുടരുന്ന മറ്റൊന്ന് അനിവാര്യമാണ്. എങ്കിലും ഇന്നലത്തെ പകല്‍ നീണ്ടുനിന്നിരുന്നുവെങ്കില്‍, അമ്മയുടെ വെളുത്തനേര്യതില്‍ മുഖം ഒളിപ്പിച്ചിരുന്ന കുട്ടി വളര്‍ന്നു വലുതാകാതെ ഇപ്പോഴും ഉള്ളില്‍ നില്ക്കുമായിരുന്നു എന്നയാള്‍ തിരിച്ചറിഞ്ഞു.

“ജയദേവാ, ഒക്കെ ഒന്ന് തീരുമാനിക്കേണ്ടേ? എപ്പോഴത്തേക്കാണ് എടുക്കേണ്ടത്? ഉച്ചപൂജ കഴിഞ്ഞാണോ? ഇനിയിപ്പോള്‍ ആരെയും കാക്കാനൊന്നും ഇല്ലല്ലോ?”

“ഇവിടെങ്ങിനാ കരയോഗം ആണോ അതോ ഇളയതിനെ വിളിക്കണോ?”

“അതൊക്കെ ഇടപാട് ചെയ്തു ഗോപാലേട്ടാ. ഞാന്‍ വിളിച്ചു പറഞ്ഞു. നമ്മുടെ പതിവ് ആള്‍ക്കാരുണ്ട്”.

തീരെ പ്രതീക്ഷിക്കാതെ ഉയര്‍ന്ന ശബ്ദങ്ങളില്‍ ആദ്യം ഒന്ന് പകച്ചു പോയി. പിന്നെയാണ് അമ്മയും വിമാനയാത്രയും ഒക്കെ കഴിഞ്ഞ കാലത്തില്‍ ആയിരുന്നു എന്ന ബോധത്തിലേക്ക് വന്നത്.
നാമജപത്തിന്റെി ഇടവേളയിലെ നിശബ്ദത്തില്‍ തെറിച്ചുവീണ ശബ്ദങ്ങള്‍ ആരുടെയൊക്കെ എന്നാദ്യം മനസ്സിലായില്ല. പുറത്തു കൂടിയിരിക്കുന്നത് ആരൊക്കെയാണെന്നത് വ്യക്തമായി മനസ്സിലാക്കാനും കഴിഞ്ഞില്ല. കാണുന്നതൊന്നും കണ്ണില്‍ പതിയുന്നില്ല എന്നതുപോലെ തോന്നി. തല പൊക്കി നോക്കുന്നത് കണ്ടിട്ടാവും, വരാന്തയില്‍ നിന്നും അകത്തേക്ക് ചലനങ്ങള്‍ കണ്ടു. നിഴലുകള്‍ പോലെ രൂപങ്ങള്‍. അകത്തെ മുറികളില്‍ ഒന്നില്‍ നിന്നും ഭാര്യയും പുറത്തേക്കു വരുന്നത് കണ്ടു. ഒപ്പം വന്നുനിന്ന മകള്‍ ചെവിയില്‍ പറഞ്ഞു.

“അവര്‍ എത്താറായി അച്ഛാ. ഞാന്‍ ഇത്തിരി മുന്പേ വിളിച്ചിരുന്നു. ഇവരോടൊക്കെ വിവരം പറഞ്ഞിട്ട് അച്ഛന്‍ മുറിയിലേക്ക് വരില്ലേ. ഞാന്‍ അച്ഛമ്മയുടെ മുറിയിലുണ്ട്, ഈ ഗുളികയും കഴിച്ചോളു. തല വേദനിക്കുന്നുണ്ടാവുമല്ലോ..”

അകത്തേക്ക് പോവാന്‍ തിരിഞ്ഞ അവളെ ചേര്‍ത്തു പിടിച്ച് മുന്‍ വശത്തേക്കു നടക്കുമ്പോള്‍ കാലുകള്‍ക്ക് ഒരു ബലം കൈ വന്നതായി തോന്നി. താന്‍ അവളെ ചേര്‍ത്തു പിടിക്കയാണോ അവള്‍ തന്നെ ചേര്‍ത്തു പിടിക്കയാണോ എന്ന സംശയം ബാക്കി നില്ക്കുന്നു. അമ്മയുടെ മുറിയും പിന്നിട്ട് മുന്‍വശത്തേക്കു നടക്കുമ്പോള്‍ ബലാഗുളിച്യാദി എണ്ണയുടെ മണം ഞങ്ങളെ തൊട്ടുരുമ്മി കൂടെ വന്നു….

*******************************

• വേനല്‍ക്കുടീരം – വേനല്‍ക്കാലങ്ങളില്‍ പകല്‍ ദൈര്‍ഘ്യം കൂടുതല്‍ അനുഭവപ്പെടുന്ന പ്രതിഭാസം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here