പൊട്ടിച്ചിരിക്കുന്ന
സൂര്യനെ നോക്കി
എങ്ങനെ ദു:ഖത്തിന്റെ
കവിതയെഴുതും?
കണ്ണീർ തുള്ളികൾ
ആദ്യമേ വറ്റിയിരുന്നു.
പിന്നെ വിയർപ്പുതുള്ളികളും.
ചുക്കിച്ചുളിഞ്ഞ തൊലിക്കുള്ളിൽ
ചോരപ്പാടുകൾ തേടുന്ന
വെയിൽ നാക്കുകൾ.
ചോര വറ്റിയ ശരീരങ്ങൾ
ചുടുനിശ്വാസങ്ങൾതട്ടി
പറന്നു പോകുന്നതും കാത്തിരിക്കുന്നു.
മാനത്തിന്റെ
ചെറു ചുംബനം കാത്ത്
വിടരാൻ കാത്തിരിക്കുന്ന
വിത്തുകൾ
നിശ്ശബ്ദതയുടെ
താരാട്ടു കേട്ടുറങ്ങുന്നു.
ഇനിയെങ്കിലും
ഈ ചിരി നിർത്തുക.
തമാശകൾ
ഇപ്പോൾ കാണികളെ
ചിരിപ്പിക്കാതായിരിക്കുന്നു.
കട്ടെടുത്ത കണ്ണീർ തുള്ളികളും
ഉപ്പു രുചിയുള്ള വിയർപ്പുതുള്ളികളും
വറ്റിച്ചെടുത്ത ചോരത്തുള്ളികളും
പലിശ സഹിതം
മഴയായി തിരിച്ചു തരിക.