വേനൽ തീ

 

 

 

 

 

 

 

 

 

ഒരു പാട് പഠിക്കണമെന്ന ആഗ്രഹം ശ്യാമക്കുണ്ടായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു താനും. പക്ഷേ, ഉദ്ദേശിച്ച ഉയരങ്ങളിലെത്താൻ അവൾക്കായില്ല. എന്തുകൊണ്ടാണെന്ന് പറയുന്നതിനു മുൻപ് ഒരു കാര്യം പറയേണ്ടതുണ്ടെന്ന് തോന്നുന്നു. കാരണം, ഇന്ന് പെൺകുട്ടികൾ അവരുടെ വഴി മുടക്കാൻ ആരെയും അനുവദിക്കുന്നില്ല. അവർക്ക് അവരുടേതായ കാഴ്ചപ്പാടുകളും ജീവിത വീക്ഷണവും ഉണ്ട്.അതുകൊണ്ടാണല്ലോ, ഒരു ജസീന്ത ആർഡനും കമലാഹാരീസും വനിതാ മുത്തയ്യയും ഒക്കെ നമുക്കിടയിലുണ്ടായത്! അത്രയെങ്കിലും ലോകം വളർന്നത് ആശ്വാസകരമാണ്.

‘ അതുകൊണ്ടരൽപം പിന്നോട്ട് , അതാണ് നമ്മുടെ കഥയുടെ പശ്ചാത്തലം. അതായത് ശ്യാമക്ക് ഇപ്പോൾ 45 വയസ്സ് കഴിഞ്ഞിരിക്കുന്നു . ഇനി പഠനം മുടങ്ങാനെന്തേ, എന്നുകൂടി പറഞ്ഞാലേ ശ്യാമയുടെ ചിത്രം പൂർണമാകൂ.

സുന്ദരിയാണ് ശ്യാമ. വിടർന്ന കണ്ണുകളും മഴവില്ലാ കൃതിയിലുള്ള പുരികക്കൊടികളും . വിശാലമായ നെറ്റിത്തടം, സായംസന്ധ്യയുടെ വർണങ്ങൾ വാരി വിതറിയ കവിൾത്തടങ്ങൾ , മുട്ടറ്റം വരെയുള്ള കേശഭാരവും’. വിളഞ്ഞ ഗോതമ്പിൻ്റെ നിറം. ഒത്തുയരവും അതിനൊത്ത വണ്ണവും. ആരും കാണാൻ കൊതിക്കുന്ന രൂപം . ഇതൊക്കെ തന്നെയാണ് അവളുടെ ഉന്നത പഠനത്തിന് ഒരു പരിധി വരെ വിഘ്നം വരുത്തിയത്.

പ്രീഡിഗ്രിക്കാലം തൊട്ടേ കല്യാണാലോചനകളുടെ ബഹളമായി. അവളുടെ മാതാപിതാക്കൾക്ക് പ്രശ്നമൊന്നു തോന്നുന്നില്ലെങ്കിലും നാട്ടുകാർ വെറുതെയിരിക്കില്ലല്ലോ.

” സുശീലേച്ചി, നല്ല ആലോചനകൾ തള്ളിക്കളഞ്ഞാൽ പിന്നെ ബുദ്ധിമുട്ടാവുമേ, പെണ്ണ് അതുമിതുമൊക്കെ പറയും. അതിനനുസരിച്ച് തുള്ളാൻ നിന്നാൽ, പിന്നീട് പ്രയാസമാകും. ” ഇത് ധാരാളം മതിയാകും സാധരണക്കാരായ മാതാപിതാക്കളുടെ ഉറക്കം നഷ്ടപ്പെടാൻ .

അതിനിടയിൽ അംഗൻവാടി ടീച്ചറുടെ പരിശീലനം നേടാൻ ശ്യാമക്ക് കഴിഞ്ഞത് ഭാഗ്യം. സ്വന്തമായി ഒരു വരുമാനം ഉണ്ടാകണമെന്നത് അവളുടെ മനസ്സിൻ്റെ വലിയ ആഗ്രഹമായിരുന്നു.
അച്ഛനമ്മമാരുടെ ചർച്ചകളിൽ നിന്നും ശ്യാമ കാര്യങ്ങളെല്ലാം ഊഹിച്ചു. അടുത്തു തന്നെ ഞാൻ വിവാഹിതയാകും. പ്രീഡിഗ്രി പരീക്ഷ, ഫസ്റ്റ് ക്ലാസിൽ പാസായെങ്കിലും അവൾക്കതിൽ വലിയ സന്തോഷമൊന്നും തോന്നിയില്ല.

ആയിടയ്ക്കാണ് ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെ ആലോചന വന്നത്. നല്ല കുടുംബം. കാണാനും കൊള്ളാം. ഒരു ബുധനാഴ്ചയായിരുന്നു പെണ്ണുകാണൽ ചടങ്ങ് . വിവാഹം, പ്രണയം തുടങ്ങിയ കാര്യങ്ങളൊന്നും ശ്യാമയുടെ ചിന്തയിൽ കടന്നു വന്നിട്ടേയില്ലായിരുന്നു. കൂടെ പഠിച്ചവരുടെ പ്രണയങ്ങളും പ്രണയ ലേഖനങ്ങളും കൂട്ടുകാരികളൊക്കെ ആവേശത്തോടെ ചർച്ച ചെയ്യുമ്പോൾ അവൾ നിർവികാരയായി കേട്ടിരിക്കാറാണ് പതിവ്. ഒരു പാട് പ്രേമാഭ്യർത്ഥന നിരസിക്കുകയും ചെയ്തിട്ടുണ്ട്.

പെണ്ണുകാണൽ ചടങ്ങോടെ, അവളുടെ ചിന്തകളിലും പ്രണയവും ഭാവി ജീവിതവുമൊക്കെ എത്തി നോക്കിത്തുടങ്ങി. മഹേഷ്, അവൾക്ക് ഇഷ്ടക്കേടൊന്നും തോന്നിയില്ല. അല്ലെങ്കിലും അതൊന്നും ചോദിക്കുന്ന പതിവും ഇല്ല.രണ്ടു പേരും അൽപനേരം സംസാരിച്ചു. ആളൊരൽപം കഷ്ടപ്പെട്ടായിരുന്നു ശ്യാമയോട് സംസാരിച്ചത്. ഒരു വെപ്രാളോം പരവേശോം, അതു കൊണ്ടു തന്നെ അറിയാവുന്ന കാര്യങ്ങൾ തന്നെ വീണ്ടും ചോദിച്ച പോലെ തോന്നി ശ്യാമയ്ക്ക്. പേരും വിദ്യാഭ്യാസവുമൊക്കെ ആലോചനാ സമയത്തേ പറഞ്ഞതാണല്ലോ. ശ്യാമ ഉള്ളാലെ ചിരിച്ചു. ‘ പാവം’ എന്ന് മനസ്സിൽ പറയുകയും ചെയതു.

നാലു മക്കളിൽ മൂന്നാമനാണ് മഹേഷ്. രണ്ടു സഹോദരിമാർ, ഒരനുജൻ. സഹോദരിമാരിരുവരും വിവാഹിതർ. അനുജൻ പഠിക്കുന്നു. നാട്ടുകാരുടെയും വീട്ടുകാരുടെയും നോട്ടത്തിൽ എന്തുകൊണ്ടും സുഖകരമായ ബന്ധം. മൊബൈൽ ഫോണൊന്നും അത്രകണ്ട് പ്രചാരത്തിലില്ലാതിരുന്ന ആ കാലത്ത് പിന്നീട് മഹേഷുമായി സംസാരിക്കാനോ കാണാനോ ഒന്നും തന്നെ ശ്യാമയ്ക്ക് സാഹചര്യമുണ്ടായില്ല . എന്തുകൊണ്ടോ , അവളുടെ മനസിൽ പോലും അങ്ങനെയൊരു തോന്നലോ ആഗ്രഹങ്ങളോ കടന്നു വന്നതുമില്ല. എന്തായാലും കല്യാണ ഒരുക്കങ്ങൾ തകൃതിയായി. ഒരേയൊരു പെൺതരിയായ ശ്യാമയക്ക് നല്ലൊരു ബന്ധം തന്നെ കിട്ടിയതിൽ വീട്ടിലും ആഹ്ലാദമലയടിച്ചു. അനുജൻ ശരത് മാത്രം ചേച്ചി പോകുന്നതിൽ വലിയ പ്രയാസത്തിലായിരുന്നു.

കേവലം അഞ്ചു മിനിട്ട് പരിചയമുള്ള ഒരാളോടൊപ്പം ജീവിതകാലം മുഴുവനായും കഴിയാനുള്ള തീരുമാനം. കാലത്തിൻ്റെ കൽപനയോ.. അന്നത്തെ പെൺകുട്ടികളുടെ ഗതികേടോ….. അതോ മാതാപിതാക്കളുടെ വിവരക്കേടോ….. എന്തായാലും ശ്യാമ മഹേഷിൻ്റെ ഭാര്യയായി.
ജീവിതത്തിൻ്റെ വേനൽ അതിൻ്റെ തീവിരൽ കൊണ്ട് ആ പെൺകൊടിയെ തൊടുകയായിരുന്നു.

വലതുകാൽ വച്ച്‌ മഹേഷിൻ്റെ വീട്ടിലെത്തിയ ദിവസം, അയാളുടെ അമ്മയും സഹോദരിമാരും നിറഞ്ഞ മനസോടെ തന്നെ അവളെ സ്വീകരിച്ചു.

എങ്കിലും ശ്യാമ വല്ലാതെ കൊതിച്ചു, മഹേഷിനെ ഒന്ന് അടുത്ത് കിട്ടിയിരുന്നെങ്കിൽ, ഒരു വാക്ക് സംസാരിച്ചിരുന്നെങ്കിൽ ,ഏഴാം ക്ലാസിലെ അനു, തൻ്റെ മുടിയെ പറ്റി പറഞ്ഞ പോലെ, അല്ലെങ്കിൽ എസ്.എസ്.എൽ.സി ബാച്ചിലെ അജയൻ, തൻ്റെ ശംഖു കടഞ്ഞ കഴുത്തിനെ പറ്റി പറഞ്ഞ പോലെ, അതുമല്ലെങ്കിൽ പ്രീഡിഗ്രിയിലെ ജോസ്, കവിളിലൊന്ന് തൊട്ടോട്ടെ എന്ന് ചോദിച്ച പോലെ …..മഹേഷ്, പറഞ്ഞിരുന്നുവെങ്കിൽ ……… ഓർത്തപ്പോൾ തന്നെ ശ്യാമക്ക് എന്തൊക്കെയോ തോന്നി.

പക്ഷേ, അങ്ങനെയൊരു ചിന്തയേ അയാളിലുണ്ടായിരുന്നില്ല. രാത്രിയാവട്ടെ, സംസാരിക്കാലോ, ശ്യാമ മനസിൽ ആശ്വസിച്ചു.

കണ്ട ചലച്ചിത്രങ്ങളിലേയും വായിച്ച നോവലുകളിലേയും ആദ്യരാത്രികൾ അവളുടെ മനോമുകുരത്തിൽ പ്രതിഫലിച്ചപ്പോൾ , എന്തോ, എവിടെയും ഒരു സുഖം ശ്യാമ അനുഭവിച്ചു.

” മോള് കിടന്നോ, അവന്റെ ശീലങ്ങളൊക്കെ ഇങ്ങനെയൊക്കെയാ, പന്ത്രണ്ട് മണിയാവുമ്പം ഉറക്കം, രാവിലെ എട്ടര വരെ ഉറക്കം, ഇനിയെല്ലാം മോള് കണ്ട് തന്നെ അറിയുമല്ലോ, അതു കൊണ്ട് ഞാനായിട്ട് പറയുന്നില്ല, പത്തരമണിയായില്ലേ, ഉറക്കമിളക്കണ്ട. മോള് ചെല്ല്.” അമ്മയുടെ ശബ്ദം ശ്യാമയെ ചിന്തയിൽ നിന്നുണർത്തി.

” അതെ, ശ്യാമേ …. ആരോഗ്യ പ്രവർത്തകനാണെന്നത് ജോലിയിൽ മാത്രമാ അവന് പിന്നെ ബാക്കിയുള്ളവരെ ഉപദേശിക്കാനും . നീ അതൊന്നും നോക്കണ്ടാ. പോയി കിടന്നോ ” ചേച്ചിയും പറഞ്ഞു.

ഇരുട്ടിൽ എന്തോ ഒന്ന് വരിഞ്ഞുമുറുക്കുന്നതു പോലെ തോന്നിയപ്പോൾ ശ്യാമ ഞെട്ടി കൺ തുറന്നു.

ആ കറുത്ത ഇരുട്ടിൽ അവൾക്കൊന്നും കാണാനായില്ല. വേനൽ തീ പോലെ, ആ പത്തു വിരലുകളും പല്ലുകളും നഖങ്ങളും അവളെ വിഴുങ്ങി. ദേഹമാകെ ചുട്ടുപൊള്ളുന്നതു പോലെ, വേനലിൽ വെന്തുരുകുന്നതു പോലെ . രണ്ടു കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങിയ ആ കണ്ണുനീരിന് അലറിക്കുതിച്ചെത്തിയ ആ വേനൽ തീയെ ഒന്നു നനക്കാൻ പോലും കെൽപ്പില്ലായിരുന്നു.

ഏകദേശം മുക്കാൽ മണിക്കൂറായപ്പോഴേക്കും ആ വേനൽ തീയുടെ താണ്ഡവം ശമിച്ചു. ദേഹമാകെ നീറുന്ന നോവിനിടയിലും , ആ കൂർക്കം വലി അവളുടെ മനസിൽ വെറുപ്പിന്റെ അഗ്നിപർവ്വതമായി പുകയാനാരംഭിച്ചിരുന്നു.

‘ ഇതാണോ കവികളും സാഹിത്യകാരൻമാരും പറഞ്ഞ, പവിത്രമായ ആദ്യരാത്രി! ഇഷ്ടങ്ങളും അനിഷ്ടങ്ങളും പങ്കുവച്ച്, രാവേറുവോളം സംസാരിച്ച്, കുസൃതി കാട്ടുന്ന ആ കൈവിരലുകളെ നാണത്തോടെ പറിച്ചെറിഞ്ഞ്, ദമ്പതികൾ പരസ്പരം അറിയുന്ന, മനസിലാക്കുന്ന ആ വിവാഹ രാത്രി! ‘

മുഖം പോലും കാട്ടാതെ, ഒരക്ഷരം ഉരിയാടാതെ, ഒരു വന്യമൃഗം ഇരയുടെ മേൽ ചാടി വീഴുന്നതു പോലെ ഇയാളുടെ ഒപ്പം ഇനി ജീവിതകാലം മുഴുവൻ ……. ഞാൻ.

പകൽ കണ്ട ,ശാന്തനും സൗമ്യനുമായ ആ മനുഷ്യൻ തന്നെയല്ലേ ഇത്? കൊടും വേനലിൽ ഒരിറ്റു ദാഹജലത്തിനായി കേഴുന്ന പക്ഷിയെ പോലെ ശ്യാമയുടെ മനസ് ഒരു സാന്ത്വന സ്പർശത്തിനായി നിശ്ശബ്ദം തേങ്ങി.

അകലെ ഇരുട്ടിലെവിടെയോ ഒരു കാലൻകോഴിയുടെ കൂവൽ, അതിന്റെ ഇണയുടെ മറുമൊഴിയും … കരഞ്ഞു തളർന്ന് അവളെപ്പോഴോ ഒന്നുറങ്ങിപ്പോയി.

വാതിലിൽ മുട്ടുകേട്ട് കണ്ണ് തുറന്നപ്പോഴേക്കും ശ്യാമക്ക് വല്ലാതെ ജാള്യത തോന്നി. നേരം നന്നേ വെളുത്തിരിക്കുന്നു. കിടക്കയിൽ നിന്ന് എഴുന്നേൽക്കവേ, ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ദേഹമാകെ ഇടിച്ചു പിഴിയുന്ന വേദന. അതിലുപരിയായി അംഗരാജ്യത്തിന്റെ വറുതി പോലും തോൽക്കുന്ന തീ വിരൽസ്പർശത്തിൽ, വെന്തുപോയ, ആ പെൺമനസിന്റെ തീഷ്ണമായ ചാരഗന്ധവും!

പിന്നീടുള്ള ദിവസങ്ങൾ, തനിയാവർത്തനങ്ങളായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ, ശ്യാമ തൊട്ടടുത്ത അംഗനവാടിയിൽ ടീച്ചറായി.

അവിടെയുള്ള കുരുന്നു മുഖങ്ങൾ , ശ്യാമയുടെ ജീവിതത്തിൽ വേനൽമഴയായി. അവിടെ നിന്നും കിട്ടുന്ന വരുമാനം പോലും മഹേഷിൻ്റെ നിയന്ത്രണത്തിലായിരുന്നു. എല്ലാം അയാൾ തീരുമാനിക്കുന്നതു പോലെയായിരിക്കണം.

ഇടക്ക് ശ്യാമ അവളുടെ അമ്മയെ കാര്യങ്ങൾ ധരിപ്പിക്കാൻ ശ്രമിക്കാതിരുന്നില്ല. പക്ഷേ, എന്തു പ്രയോജനം.

” ജീവിതം അങ്ങനെയൊക്കെയാ. എന്തായാലെന്താ, യാതൊരു ദുശ്ശീലവും അവനില്ലല്ലോ, ഇങ്ങനെയുള്ള ചെറുപ്പക്കാരുണ്ടോ, നമ്മുടെ നാട്ടിൽ. നീ ഒന്നു പോ പെണ്ണേ.. നിന്റെ അച്ഛൻ കേൾക്കണ്ട ”

പകൽനേരങ്ങളിൽ വല്ലപ്പോഴും സംസാരിച്ചാൽ തന്നെ അത് ശ്യാമയെ കുറ്റപ്പെടുത്താനായിരിക്കും. ഷർട്ടിൻ്റെ ഇസ്തിരി ചുളിഞ്ഞു പോയി, ബെഡ്ഷീറ്റ് മാറ്റിയില്ല, തുവർത്ത് പുഴുങ്ങി നനച്ചില്ല…. ഇങ്ങനെ നീളുന്നു പട്ടിക. ചിലപ്പോൾ ശ്യാമയുടെ വീട്ടുകാരെ കുറ്റപ്പെടുത്തുന്നതും മഹേഷിനൊരു വിനോദമാണ്. ആദ്യമൊക്കെ ഓരോ സംസാരത്തിനു ശേഷവും ഒരു കരച്ചിൽ പതിവായിരുന്നു. പിന്നീട് അത്, ഒരു തരം നിർവികാരതയിലേക്ക് വഴി മാറി. മക്കൾ ജനിച്ച ശേഷവും ഒരു മാറ്റവുമില്ലാതെ മഹേഷ്.

ഇപ്പോൾ ശ്യാമക്ക് , മഹേഷിന്റെ മനസിനെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. സ്നേഹിക്കാൻ അറിയാത്ത മനസ്. അയാൾ ആ വാക്കിന്റെ അർഥം പഠിക്കേണ്ടിയിരിക്കുന്നു. പക്ഷേ , ഒരാൾ ഒരു കാര്യം പഠിക്കണമെങ്കിൽ അതയാൾക്കുകൂടി തോന്നണം അയാളതിനു തയ്യാറാവണം. ഈ ജന്മത്തിൽ അതിനുള്ള സാധ്യത ഇല്ലെന്ന് ശ്യാമക്ക് ഉറപ്പുണ്ട്. അതു കൊണ്ടു തന്നെ, ഒരു മഹാമാരിക്കും, ഏതു കൊടും മഞ്ഞിനും , തന്റെ ജീവിതത്തിന്റെ വേനൽ തീയെ, കെടുത്തുവാനോ, തന്നെ പൊതിഞ്ഞിരിക്കുന്ന ആ തീ വിരലുകളെ അറുത്തുമാറ്റാനോ കഴിയില്ലെന്ന് അവൾക്ക് നന്നായറിയാം.

സ്വയം കത്തിയെരിഞ്ഞ് അവളിന്നും ജീവിക്കുന്നു. അടുത്ത ജന്മം , അങ്ങനെയൊന്നുണ്ടോയെന്ന് അറിയില്ലെങ്കിലും, വേനലിന്റെ തീവിരൽ തൊടാതെ, മഴയും മഞ്ഞും വേനലും മാറി മാറിയെത്തുന്ന സനേഹപ്പൂക്കൾ പുഷ്പിക്കുന്ന, തേൻ തുമ്പികൾ പാറിക്കളിക്കുന്ന, ഒരു കുഞ്ഞു വീട് സ്വപനം കണ്ട്, ശ്യാമ ജീവിക്കുകയാണ് പ്രതീക്ഷയോടെ….

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English