വേലുത്തമ്പിദളവ

കഴിഞ്ഞ ആഴ്ച ഒരു ദിവസം കോട്ടയത്തെ ഓഫീസില്‍ നിന്നും ജോലി കഴിഞ്ഞു ഇറങ്ങിയപ്പോള്‍ രാത്രി എട്ടു മണി കഴിഞ്ഞിരുന്നു. ട്രെയിന്‍ എല്ലാം പോയി കഴിഞ്ഞിരിക്കുന്നു. ഇനി എട്ടരയുടെ പാലക്കാട് പുനലൂര്‍ പാലരുവി തന്നെ ശരണം. പാലരുവി വന്നപ്പോള്‍ ഒന്‍പതു മണി ആയി. ബോഗികള്‍ മിക്കവാറും കാലി ആയിരുന്നു. ആളൊഴിഞ്ഞ ഒരു ബോഗിയില്‍ കയറി ബാഗ് തലയിണ ആക്കി ഉറക്കം തുടങ്ങി. തിരുവല്ല ആയപ്പോള്‍ പഞ്ഞിക്കെട്ടു പോലെ നരച്ച തലമുടിയുള്ള , ഫ്രഞ്ച് താടി വച്ച ഒരു മനുഷ്യന്‍ ഒരു പട്ടിയെയും കൊണ്ട് എനിക്ക് എതിരെ ഉള്ള സീറ്റില്‍ വന്നിരിപ്പായി. രണ്ടു പേരെയും ഒന്ന് നോക്കിയ ശേഷം ഞാന്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങി. പക്ഷേ ട്രെയിന്‍ പെട്ടെന്ന് നീങ്ങി തുടങ്ങിയപ്പോള്‍ ഉള്ള പട്ടിയുടെ ഭീകരമായ കുരയും, അതിന്റെ തീക്ഷ്ണമായ കണ്ണുകളും പിന്നീട് ഉറങ്ങുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു. ഞാന്‍ സീറ്റില്‍ എണീറ്റിരുന്നു. ഫ്രഞ്ച് താടി എന്നെ അടിമുടി ഒന്ന് നോക്കി. വളരെ മുഴക്കമുള്ള ശബ്ദത്തോടെ എവിടെയാണ് പോകുന്നതെന്ന് ചോദിച്ചു.(തുടര്‍ന്ന് നടന്ന സംഭാഷണങ്ങള്‍ ഞാന്‍ അതെ പോലെ കുറിക്കാം)

” അനിയന്‍ എങ്ങോട്ടാ?”

“കൊല്ലം”

“കൊല്ലത്തു എവിടാ?”

“കുണ്ടറ”

“കുണ്ടറക്കു എവിടെ ആയിട്ട് വരും?”

“ഞാന്‍ വാട്ടര്‍ അതോറിറ്റിയില്‍ ആയിരുന്നപ്പോ അവിടെ ഒക്കെ വന്നിട്ടുണ്ട്. അവിടെ മിക്കവാറും സ്ഥലങ്ങള്‍ ഒക്കെ എനിക്കറിയാം”

“കുഴുമതിക്കാട് ”

“സ്കൂളിന്റെ അടുത്താണോ?”

“അതെ അതിനു താഴെ ആണ്. കനാലിന്റെ ഒക്കെ അടുത്തായിട്ടു വരും”

“അവിടെ ഒരു കുട്ടന്‍ പിള്ളയുടെ ചായക്കട ഒക്കെ ഇപ്പോഴും ഉണ്ടോ?”

ചെറിയ സ്ഥാനമാറ്റം സംഭവിച്ചെങ്കിലും കട ഇപ്പോഴും അവിടെ ഉണ്ടെന്നും, കുട്ടന്‍ പിള്ള കൊച്ചാട്ടന്‍ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നും ഞാന്‍ പറഞ്ഞു.

“രാവിലെ ഒക്കെ അത് വഴി വരുമ്പോള്‍ അവിടുന്നാരുന്നു രാവിലത്തെ ചായ കുടി ഒക്കെ.” അയാള്‍ പറഞ്ഞു നിര്‍ത്തി.

വണ്ടി കായംകുളം സ്റ്റേഷനില്‍‍ എത്തിച്ചേര്‍ന്നു. നല്ലില ജേ ബി സിനിമസില്‍ കായംകുളം കൊച്ചുണ്ണി വന്നിട്ട് രണ്ടു ആഴ്ച ആയി. ഇത് വരെയും കാണാന്‍ പറ്റിയില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. പറ്റുമെങ്കില്‍ നാളെ ഉച്ചയുടെ ഷോയ്ക്കു പോകണം എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

“അനിയന്‍ കുണ്ടറ ദളവ സ്മാരകത്തില്‍ പോയിട്ടുണ്ടോ.?”

“അങ്ങനെ കാണാന്‍ വേണ്ടി മാത്രം അവിടെ പോയിട്ടില്ല വല്ല ആവശ്യതിനും അത് വഴി പോകേണ്ടി വരുമ്പോള്‍ ഒന്ന് നോക്കും. പിന്നെ ഇളമ്പല്ലൂര്‍ അമ്പലത്തിലെ ഒന്‍പതാം ഉത്സവത്തിന് കെട്ടു കാഴ്ച കാണാന്‍ വേണ്ടി മിക്കവാറും ആ സ്മരകത്തിന്റ മുന്നിലാണ് നില്‍ക്കാറുള്ളത്. അങ്ങനെ ഒക്കെയുള്ള ബന്ധമേ എനിക്ക് ആ ചരിത്ര സ്മരകവുമായി ഉള്ളൂ.”

“വേലുത്തമ്പിയെ പറ്റി എന്താ അറിയാവുന്നത്.?”

ഇംഗ്ളീഷുകാര്‍ക്കെതിരെ പോരാടിയ ഒരു ദേശാഭിമാനി എന്നറിയാം. പിന്നെ കുണ്ടറയില്‍ അന്നത്തെ ജനങ്ങളെ വിളിച്ചു ചേര്‍ക്കുകയും രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. അത് കുണ്ടറ വിളംബരം എന്ന പേരില്‍ അറിയപ്പെട്ടു. പണ്ടെങ്ങോ കാണാതെ പഠിച്ചതിന്റെ ഓര്‍മ്മ. ആ സമയത്തു ഏറ്റവും താല്പര്യം ഇല്ലാത്ത വിഷയം ചരിത്രം ആയതു കൊണ്ട് അന്ന് പഠിച്ച കാര്യങ്ങളെ പറ്റി പിന്നീട്‌ കൂടുതല്‍ ഓര്‍ക്കാനൊന്നും മേനക്കെട്ടിട്ടില്ല. പരീക്ഷ കഴിഞ്ഞതോടെ അതുമായുള്ള ബന്ധം കഴിയും.”
എന്റെ മറുപടി കേട്ട് ആ മനുഷ്യന്‍ കുറച്ചു നേരം പുറത്തേക്കു നോക്കി നിശബ്ദനായി നോക്കി നിന്നതിനു ശേഷം ബാഗില്‍ നിന്നും ഒരു ബുക്കെടുത്തു. “ശ്രീധരമേനോന്റെ കേരള ചരിത്രം” അനിയന്‍ പറ്റുമെങ്കില്‍ ഈ ബുക്കൊന്നു വേടിച്ചു വായിക്കണം. നമ്മുടെ ഈ കൊല്ലം ജില്ലയെ പറ്റിയും കൊല്ലം തുറമുഖത്തു പണ്ട് നടന്നിരുന്ന വാണിജ്യങ്ങളെ പറ്റിയും എത്ര എത്ര പേജുകളില്‍ ആണാവോ ഇതില്‍ വിവരിക്കുന്നത്. കോഴിക്കോടിനും,കൊച്ചിക്കും ഒക്കെ മുന്‍പ് ചൈനീസുകാരും, ഇംഗ്ളീഷുകാരും, അറബികളും, പോര്‍ച്ചുഗീസുകാരും ഒക്കെ ഇവിടെ വന്നു കച്ചവടം നടത്തിയിരുന്നു. ഇപ്പൊ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ എത്ര പേര്ര്ക്ക് അതൊക്കെ അറിയാം.

“വേലുത്തമ്പി ദളവയെ പറ്റി അതില്‍ പറയുന്നുണ്ടോ?”

എന്റെ ചോദ്യത്തിന് മറുപടി ആയി അയാള്‍ ഒരു പേജ് തുറന്നു വായിക്കാന്‍ തുടങ്ങി.”വേലുത്തമ്പി തന്റെ ഉത്തര കേരളത്തിലെ സമകളികല്‍ ആയ പഴശ്ശി രാജാവിനെ പോലെ ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവാര്‍പ്പണം ചെയ്തു. അദ്ദേഹത്തിന്റെ മഹത്തായ ആത്മബലി രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും ഭരണത്തിനും വേണ്ടിയുള്ള സമരങ്ങളില്‍ തന്റെ നാട്ടുകാര്‍ക്ക് എന്നെന്നും പ്രചോദനത്തിന്റെ ദീപ ശിഖ ആയിട്ടുണ്ട്. തിരുവനന്തപുരത്തു കേരളം സെക്രട്ടറിയേറ്റിനു മുന്നില്‍ പൊതു ജനങ്ങള്‍ സ്ഥാപിച്ച വേലുത്തമ്പിയുടെ ലോഹ പ്രതിമ സ്വാതന്ത്ര്യ സമരത്തിന്റെ സ്മാരകമായി പ്രശോഭിക്കുന്നു.

“കുണ്ടറ വിളംബരത്തെ പറ്റി ഇതില്‍ എന്താ പറയുന്നത്?”ഞാന്‍ ചോദിച്ചു.

“കുണ്ടറ വിളംബരത്തെ പറ്റി ഇങ്ങനെ പറയുന്നു. ആലപ്പുഴ നിന്നും പോന്നതിനു ശേഷം ദളവ തന്റെ ആസ്ഥാനം കുണ്ടറ ആക്കി. അവിടെ വച്ച് അദ്ദേഹം ബ്രട്ടീഷ് ഭരണത്തെ കഠിനമായി എതിര്‍ത്ത് കൊണ്ടും വിദേശികള്‍ക്ക് എതിരായ സമരത്തില്‍ തന്റെ കൊടിക്കീഴില്‍ അണിചേരാന്‍ നാട്ടുകാരെ ആഹ്വാനം ചെയ്ത് കൊണ്ടും 1809 ജനുവരി 11 (984 മകരം 1) ചരിത്ര പ്രസിദ്ധമായ തന്റെ വിളംബരം നടത്തി. ദളവയുടെ ആഹ്വാനം വളരെ ആവേശത്തോടെ ആണ് അവിടെയുള്ള ജനങ്ങള്‍ സ്വീകരിച്ചത്.

പിന്നെ അദ്ദേഹം ദളവയുടെ വീര മരണത്തിന്റെ ഭാഗം വരുന്ന പേജെടുത്തു വായിക്കാന്‍ തുടങ്ങി…നേരത്തെ കുറച്ചു പഠിച്ചിരുന്നു എങ്കിലും ശരിക്കുമുള്ള വികാരം ഉള്‍ക്കൊള്ളാതെയുള്ള പഠനം ആയിരുന്നു അന്നത്തേത്. സ്വന്തം ആളുകളാല്‍ ചതിക്കപ്പെട്ടു മണ്ണടി ക്ഷേത്രത്തിലെ പോറ്റിയുടെ വസതിയില്‍ അഭയം തേടിയ ആ വീരപുത്രനെ ശത്രുക്കള്‍ വളയുന്നതും അവര്‍ക്കു മുന്നില്‍ ഏകനായി തീര്‍ന്ന ആ ധീരന്‍ ഉടവളെടുത്തു നെഞ്ചില്‍ കുത്തിയിറക്കി മരണം വരിക്കുന്നതും എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. ഹോ എന്തൊരു ഭീകരമായ ദൃശ്യം. യാഥാര്‍ഥ്യത്തിലേക്കു തിരിച്ചു വരാന്‍ കുറച്ചു സമയം എടുത്തു.

ട്രെയിന്‍ കൊല്ലം കഴിഞ്ഞിരുന്നു. ഇനി കിളികൊല്ലുര്‍ കൂടി കഴിഞ്ഞാല്‍ കുണ്ടറ ആയി.
കുറച്ചു നേരം ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. ട്രെയിന്റെ ചൂളം വിളിയും,വീലുകള്‍ പാലത്തില്‍ ഉരയുന്ന ശബ്ദവും മാത്രം………കുറച്ചു സമയം അങ്ങനെ കടന്നു പോയി.

ട്രെയിന്‍ നിന്നു. കുണ്ടറ ആയിരിക്കുന്നു. ഞാന്‍ യാത്ര പറഞ്ഞു ഇറങ്ങി. സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. സ്റ്റേഷനില്‍ വച്ചിരുന്ന ബൈക്കെടുത്തു റോഡിലേക്ക് ഇറങ്ങിയപ്പോള്‍ എന്റെ കാല്‍ ഞാന്‍ അറിയാതെ ബ്രെക്കില്‍ അമര്‍ന്നു. എനിക്ക് പോകേണ്ടത് ഇടത്തേക്ക്. പക്ഷെ വണ്ടി നീങ്ങിയത് വലത്തേക്ക് . ഇളമ്പല്ലൂര്‍ ഭാഗത്തേക്ക്. അമ്പലം എത്തുന്നതിനു മുന്‍പ് ഇടത്തേക്ക് തിരിഞ്ഞ വണ്ടി വേലുത്തമ്പി ദളവയുടെ സ്മരകത്തിനു മുന്നില്‍ ചെന്ന് നിന്നു. അത് വരെയും വലിയ ശ്രദ്ധ കൊടുക്കാതിരുന്ന ആ കെട്ടിടത്തിനും അതിന്റെ മുന്നിലെ കരിങ്കല്‍ സ്മാരകത്തിനു പുതിയ എന്തൊക്കെയോ അര്‍ത്ഥ മാനങ്ങള്‍ കൈ വരുന്നത് പോലെ തോന്നി. വേലുത്തമ്പിയെ ചതിയില്‍ കുടുക്കിയതിനു പിന്നില്‍ ദീര്‍ഘ നാളത്തെ ആസൂത്രണം ഉണ്ടായിരുന്നു എന്ന് സ്മരകത്തിന്റ മുന്നിലെ ശിലാഫലകത്തിലേ വാക്കുകള്‍ തെളിയിക്കുന്നു.

സാധാരണ രാത്രി ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ശരീരം വളരെ ക്ഷീണിതമായിരിക്കും. എന്നാല്‍ അന്ന് രാത്രി ഒരു മണി ആവാറായിട്ടും എന്റെ ശരീരത്തിനും മനസ്സിനും ഒരു നവോന്മേഷം അനുഭവപ്പെട്ടു. എന്താകാം കാരണം. ട്രെയിന്‍ യാത്രയില്‍ പരിചയപ്പെട്ട ആ മനുഷ്യന്‍ ഉള്ളിലേക്ക് പകര്‍ന്നു തന്ന ഒരു വെളിച്ചം ആയിരിക്കും. ഐതിഹാസികമായ ജീവിതം ജീവിച്ച ചില അസാധാരണ ജന്മങ്ങളെ പറ്റിയുള്ള തിരിച്ചറിവിന്റെ വെളിച്ചം…..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here