വെളുത്ത ചെമ്പകം പൊഴിക്കുന്നതെന്ത്

 

 

 

 

“അമ്മെ എന്റെ ചോറ്റുപാത്രത്തിൽ  ചോറാക്കിത്തായോ.”

“പ്ലീസ്”,

“പുന്നാര അമ്മയല്ലേ.”

“പോടീ അപ്രത്ത്. പോത്ത് പോലെ വളർന്നു, ഇന്നോ നാളെയോ കെട്ടിപ്പോകേണ്ടതാ,ഒരു ജോലിക്കാരി ചമഞ്ഞു വന്നിരിക്കുന്നു.”

“വേണെങ്കിൽ ചോറ്റുപാത്രം കഴുകി ചോറാക്കിക്കൊണ്ടു പൊയ്‌ക്കോ, സൂര്യൻ ഉച്ചിയിലെത്തും വരെ കിടന്നുറങ്ങിയിട്ടല്ലേ!. അല്ലാതെ ഭാരിച്ച വീട്ടുജോലി ചെയ്തിട്ടൊന്നുമല്ലല്ലോ…..രാവിലെ തന്നെ.”

“അമ്മയ്ക്ക് ഒരു മനസ്സലിവുമില്ല.”

“ആ, അമ്മയ്ക്ക് ഇത്ര മനസ്സലിവൊക്കെയുള്ളൂ…. മടിച്ചിക്കോത.”

ഹോ പൂർത്തിയായി…

ഇതിനെയാണ് രാവിലെ തന്നെ വടി കൊടുത്തു അടി വാങ്ങിക്കുക എന്നൊക്കെ പറയുന്നത്. ചഞ്ചൽ വിരല് കടിച്ചു കുടഞ്ഞു…മിണ്ടാതിരുന്നാൽ മതിയായിരുന്നു.

“അതെ, മനുഷ്യ…. ഈ പെണ്ണിനെ കെട്ടിച്ചു വിടുന്ന കാര്യം ഓർത്തിട്ട് എനിക്കാധികയറുന്നു.”

“എന്താ! എനിക്കില്ലാത്ത ആധി നിനക്ക്.”

കൈക്കോട്ട് മണ്ണ് തട്ടിക്കളഞ്ഞു തോർത്ത് കൊണ്ട് മുഖം തുടച്ച് അയാൾ ഉമ്മറത്തേക്ക് കയറി.

“വാഴയുടെ തടം കീറിയിട്ടുണ്ട്, ഇന്നത്തെ അടുക്കളമാലിന്യങ്ങളും മുറ്റമടിച്ചതും ആ കുഴീലിട്ടോണം. വെറുതെ അവിടേം ഇവിടേം കൂട്ടിയിട്ടാൽ കോഴി ചെനക്കി ആകെ നാശമാക്കും പിന്നെയും.”

“ഓ ശെരി…. ഞാൻ പറഞ്ഞത് നിങ്ങൾ കേട്ടോ”

“ശെരിയാവുമെടീ; ഒരു വീട്ടിൽ ചെന്നു കയറുമ്പോൾ ഒക്കെ ശെരിയാകും. നീ ഇങ്ങനെ ചെറിയ കാര്യങ്ങൾക്ക് വിഷമിച്ചാലോ.”

അവളതൊന്നും ശ്രദ്ധിക്കാൻ പോയില്ല. ഉടുക്കാൻ വച്ച കോട്ടൺ സാരി ഇന്നെന്തായാലും ഉടുക്കാൻ കഴിയില്ല. ഇസ്തിരിപ്പെട്ടി ചൂടാക്കി തേക്കാൻ ഉള്ള സമയമില്ല ഇന്ന്. ഇനീപ്പോ ആ ഷിഫോൺ ചുരിദാർ ഇടാം. അതാവുമ്പോൾ ഇസ്തിരിയിടേണ്ട. ചുരിദാർ ഇട്ട് പാന്റുമിട്ട് വള്ളി കെട്ടാൻ നോക്കുമ്പോൾ പാന്റിന് വള്ളിയില്ല. അപ്പോഴാണ് തലേ ദിവസം ഈ പാന്റിന്റെ വള്ളി ഊരിയെടുത്താണ് ചുരിദാറിന്റെ പാന്റ് കെട്ടിയത് എന്ന് ഓർത്തത്.

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എന്നൊക്കെ പറയുന്നത് ഇതാണ്….നാശം പിടിക്കാൻ….ഇന്നാരെയാണാവോ കണി കണ്ടത് ? ഒന്ന് പ്രാകാൻ എന്നാലോചിച്ചപ്പോളാണ് ഓർമ്മ വന്നത് – എണീറ്റ ഉടനെത്തന്നെ കണ്ണാടിയിൽ പോയി നോക്കിയത്. ഓ പിന്നേം സ്വയം കുഴിച്ച കുഴി. ഇനി ഇന്ന് വാ തുറക്കുന്നില്ല.

ഇനിയും വല്ല അബദ്ധവും എഴുന്നെള്ളത്തുണ്ടെങ്കിലോ….മിണ്ടാതെ ഇരുന്ന് അമ്മ ഉണ്ടാക്കിയ പുട്ടും കടലക്കറീം മട മടാന്ന് വിഴുങ്ങി തൊണ്ടയിൽ കുരുങ്ങിയ പുട്ടിനെ കുറച്ച് ചായ കുടിച്ച് നനച്ച്, എണീറ്റ് കൈ കഴുകിയപ്പോളേക്കും അമ്മ ചോറുംപാത്രം കൊണ്ട് വന്നു തന്നു.

“നല്ല അമ്മ.”

“പോയിട്ട് വരാം അമ്മെ, അത് വരെ എന്റെ അമ്മ നല്ല പുന്നാര മുത്തായി അടങ്ങി ഒതുങ്ങി തങ്കപ്പൻ കർഷകന്റെ ഭാര്യയായി കുറുമ്പ് കാട്ടാതെ ഇരിക്കണം കേട്ടോ”, എന്ന് പറഞ്ഞു അമ്മേടെ കവിളത്ത് ഒരുമ്മ കൊടുത്തപ്പോൾ അമ്മയുടെ മനസ്സ് നിറയുന്നതവളറിഞ്ഞു.

ഇത്രയേ ഉള്ളൂ അമ്മേടെ മനസ്സ്. ബസ്സിൽ കയറി കിളിയുടെ കൈയിൽ അറിയാതെയെന്നവണ്ണം കുരുങ്ങിക്കിടക്കുന്ന ഷാളും പിടിച്ചു വലിച്ച് തോളത്ത് ഇട്ട് തിരക്കിനിടയിലും സ്ത്രീകളുടെ ഇടയിൽ തന്നെ നിന്നപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ആശ്വാസം. ഓഫീസിൽ സമയത്തെത്തും ഉറപ്പ്, ഇല്ലെങ്കിൽ ആ മൊശകോടന്റെ ദുർമുഖവും, വഷളൻ വർത്തമാനവും കേൾക്കേണ്ടി വന്നേനെ. കമ്പിയിൽ പിടിച്ചു തൂങ്ങി നിൽക്കുമ്പോളാണ് സ്പ്രേ അടിച്ചില്ല എന്ന് ഓർമ്മ വന്നത്. അടുത്ത് നിൽക്കുന്നവളുമാര് ഇപ്പൊ തന്നെ പ്രാകുന്നുണ്ടാവുമോ കുത്തി നിറച്ച ബസ്സിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങി ബാഗിലെ സൈഡ് പോക്കറ്റിൽ നിന്നും സ്റ്റോക്ക് വച്ചിരുന്ന ഒരു തൂവാല എടുക്കുമ്പോൾ, എന്തോ താഴെ വീണു.

എന്താണത്?.

ഒരു വെള്ളചെമ്പകമൊട്ട്.

ഇതെങ്ങിനെ തന്റെ ബാഗിൽ?,അവൾ അന്തംവിട്ടു.

ഓ ചിലപ്പോൾ താൻ “ഡാകിനിയമ്മൂമ്മ” എന്ന് ഓമനപ്പേരിട്ട് വളരെ സ്നേഹത്തോടെ വിളിക്കുന്ന  പ്രിയപ്പെട്ട അനിയത്തി വച്ചതായിരിക്കും. അവൾക്കെന്താണ് ഇപ്പോൾ തന്നോട് വലിയ സ്നേഹം!.

ആ എന്തെങ്കിലും സാധിച്ചു കിട്ടാനുണ്ടാവും. നേരിട്ട് ചോദിക്കണ്ട കാര്യം എന്താണെന്ന് വല്ല കാശു ചെലവുള്ള കാര്യമാണെങ്കിലോ? എന്തായാലും നല്ല മണം.

ഇവൾക്കിതെവിടുന്നു കിട്ടി എന്തായാലും, അടുത്തുള്ള ഒരു വീട്ടിലും ചെമ്പകമില്ല. ഒരു മൂളിപ്പാട്ടും പാടി അവൾ ആപ്പീസിലേക്ക് കയറി. വൈകുന്നേരം വീട്ടിൽ പോയി ബാഗ് തുറന്നപ്പോഴും നല്ല വാസന. അവൾ അത് ഒരു ഗ്ലാസിൽ വെള്ളം നിറച്ച് അതിലിട്ടു. മുറിയിൽ ആകെ ചെമ്പകത്തിന്റെ വാസന.

“എടീ ഗുണ്ടൂ, നിനക്കെവിടുന്നാ കിട്ടിയെ വെള്ളചെമ്പകമൊട്ട്?” അനിയത്തീടെ അടുത്തുപോയി ചോദിച്ചു.

“ചെമ്പകമൊ?”

“എന്ത് ചെമ്പകം?”

“ഏത് ചെമ്പകം?”

“വായിക്കുന്നതിനിടയിൽ സംശയവുമായി വന്നിരിക്കുന്നു”, വായിക്കുന്ന അമർചിത്രകഥയിൽ നിന്നും കണ്ണെടുക്കാതെ ഗുണ്ട് ചോദിച്ചു.

“അപ്പോൾ നീയല്ലേ എന്റെ ബാഗിൽ വെള്ളച്ചെമ്പകം വച്ചത്?.”

“എന്റെ പൊന്നുചേച്ചി; എനിക്ക് വേറെ ഒരു ജോലിയുമില്ലാതിരിക്കാണല്ലോ ചേച്ചിടെ ബാഗിൽ ചെമ്പകപ്പൂവ് വയ്ക്കാൻ.”

“ഓരോന്നും എഴുന്നള്ളിച്ച് എൻ്റെ സമയം കളയല്ലേട്ടാ.”

പിന്നെ ആരായിരിക്കും ഇത്. കള്ളന്മാർ!!!….

“പോക്കറ്റടിക്കാർ!!!”

അപായമാണിയടിച്ചു, മനസ്സിൽ. വേഗം പോയി ബാഗ് തുറന്ന് നോക്കി. ഇല്ല വേറൊന്നും നഷ്ടമായിട്ടില്ല. ചെമ്പകപ്പൂവ് ഒരു പെണ്ണിന്റെ ബാഗിൽ വയ്ക്കാൻ മാത്രം ഒരു പോക്കറ്റടിക്കാരനും ബാഗ് തുറക്കില്ല. കുറച്ച് സമയം കഴിഞ്ഞു ചഞ്ചൽ അത് മറന്നു. എന്നാൽ പിറ്റേദിവസവും കിട്ടി അവൾക്ക് വെള്ളച്ചെമ്പകം. ആകെ അങ്കലാപ്പ്. ആരാണ് താൻ അറിയാതെ തൻ്റെ തോളിൽ കിടക്കുന്ന ബാഗിൽ കൈയിടുന്നത്. കള്ളനെ കയ്യോടെ പിടിക്കാതെ ശെരിയാവില്ല.

പിറ്റേദിവസം അവൾ തികച്ചും ജാഗരൂകയായി. ബസ്സിൽ കയറുന്ന എല്ലാവരെയും വീക്ഷണം നടത്തിക്കൊണ്ടിരുന്നു. സംശയത്തക്കവണ്ണം ആരും അടുത്ത് വന്നു നിൽക്കുകയോ മുട്ടിയുരുമ്മുകയോ ഒന്നുമുണ്ടായില്ല. ഇത് പതിവായി…എന്നും കിട്ടുന്ന വെള്ളച്ചെമ്പകം അവൾ വൈകുന്നേരം വീട്ടിൽ എത്തിയതിന് ശേഷം ഗ്ലാസിൽ ഇട്ടുവച്ചു. രാത്രിയിൽ അവൾ വെള്ളച്ചെമ്പകം പരത്തുന്ന മണം നുകർന്നുകൊണ്ട് സ്വപ്‌നങ്ങൾ കണ്ടു ഉറങ്ങി.

ആ ദിവസം കുളി കഴിഞ്ഞു മുറിയിലേക്ക് കടക്കുമ്പോളാണ് തന്റെ മുറിയിൽ മറ്റാരോ, അയ്യോ കള്ളൻ എന്ന് ഉറക്കെ വിളിച്ചു കൂവാൻ പോയപ്പോളേക്കും കള്ളൻ അവളുടെ വായ പൊത്തിപ്പിടിച്ചു. അപ്പുറത്തെ വീട്ടിലെ സോജൻ. കൈ ബലമായി മുഖത്ത് നിന്ന് മാറ്റിയപ്പോൾ അവൻ പറഞ്ഞു…നാണം കെടുത്തരുത്. ഇഷ്ടമാണ്. അത് പറഞ്ഞ് അവൻ മുറിക്ക് പുറത്ത് കടന്നു അടുക്കളഭാഗം നോക്കി വിളിച്ചു പറഞ്ഞു.

”ചഞ്ചലിന്റമ്മേ ചേമ്പും, താളും അരപ്ലേസിൽ വച്ചിട്ടുണ്ട്. ഞാൻ പോട്ടെ..”

”ആ ശെരി മോനെ, നാളെ അമ്മ കൂർക്ക കൊടുത്തയാക്കാന്ന് പറഞ്ഞിട്ടുണ്ട്”

”ആ ചഞ്ചലിന്റമ്മേ, ഇന്ന് കൂർക്ക കിളക്കുന്നുണ്ട് നാളെ ഞാൻ കൊണ്ടെത്തരാം”

അവൻ പോകുന്നത് നോക്കി അവൾ നിന്നു. എന്ത് പറയണം, എന്ത് ചെയ്യണം എന്നറിയാതെ.

അപ്പോഴേക്കും  മുഖം പൊത്തിപ്പിടിച്ച് അവൻ മുടിയിൽ തിരുകിക്കൊടുത്ത വെള്ളചെമ്പകപ്പൂവ് മുറിയിൽ    സുഗന്ധം പരത്തിത്തുടങ്ങിയിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപല്ലവി
Next articleകെട്ടുറപ്പില്ലാത്ത കെട്ടുകൾ
യു ഏ യിൽ താമസമാക്കിയ ഒരു ഇരിങ്ങാലക്കുടക്കാരി....കുഞ്ഞിലിക്കാട്ടിൽ ഉണ്ണിച്ചെക്കൻറെയും പദ്മിനിയുടേയും മകൾ, അശ്വനിയുടെ വാമഭാഗം. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയിൽനിന്നും ഹിന്ദി പ്രവീൺ, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ പ്രൊഫഷണൽ ബിരുദം,പ്രകൃതി സ്‌നേഹി.... ഓർമകളും,നൊമ്പരങ്ങളും, മറവിയിൽനിന്നു കണ്ണുപൊത്തിക്കളിക്കുമ്പോൾ....... സംവേദനം നേരിട്ടാകാൻ കഴിയാത്ത സന്ദർഭങ്ങളിൽ..... അപ്പോഴൊക്കെ വിരിയുന്നവയാണ് ഈ ചെറിയ ശീലുകൾ,വാക്കുകൾ,വാക്യങ്ങൾ.... അവ കാതോർക്കുന്നവർ, കണ്ണോടിക്കുന്നവർ നിങ്ങളാണ്. നിങ്ങളോട് ഞാൻ എന്നെക്കുറിച്ചു മറ്റെന്തു പറയാൻ..... എഴുത്ത് ഇതുവരെ:- "അച്ഛൻ ഓർമ്മകൾ " എന്ന പുസ്തകത്തിൽ ഒരു ചെറു ഓർമ്മക്കുറിപ്പ്. "56 പെൺകവിതകൾ" എന്ന കവിതാസമാഹാരത്തിൽ ഒരു കവിത, "Loneliness Love Musings and Me എന്ന ഇംഗ്ലീഷ് കവിതാസമാഹാരം. ഇദം പ്രഥമം ദ്വയം എന്ന കഥാസമാഹാരം, അമേയം എന്ന കവിതാസമാഹാരം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here