രാത്രിയിലുള്ള സിനിമാ ചിത്രീകരണങ്ങള്‍ എന്നും സിനിമാക്കാര്‍ക്ക് വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് ഔട്ട് ഡോര്‍ ലൊക്കേഷന്‍ ആകുമ്പോള്‍ .
ആ വെല്ലുവിളിയെ വെല്ലുവിളിക്കുന്ന സ്വഭാവ സവിശേഷത തന്നെയാണ് ടിനു പാപ്പച്ചന്‍ എന്ന സംവിധായകന്റെ മികവ് . അതദ്ദേഹം അജഗജാന്തരത്തിലൂടെ തെളിയിച്ചിരിക്കുന്നു . ഏറെ പേരും പെരുമയും ചാര്‍ത്തിക്കിട്ടാത്ത , പോക്കറ്റിലെ കാശിലൊതുങ്ങുന്ന അഭിനേതാക്കളെ കണ്ടെടുത്ത് അവരറിയാതെ അവരില്‍ ഉറങ്ങിക്കിടന്നിരുന്ന അഭിനയപാടവം , പ്രതിഭ, ഊതിക്കാച്ചിയെടുത്ത് അഭ്രപാളികളില്‍ എത്തിച്ചിരിക്കുന്നു. അവര്‍ പോലും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാക്കി മാറ്റി.
കിച്ചുവും വിനോദും കൂടിയാണു തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനയെ ഫ്രൈമില്‍ നിര്‍ത്തി അതിന്റെ തൊട്ടുമുന്നില്‍ കിടന്ന് ആള്‍ക്കൂട്ടം അടിയും ഇടിയും ഒക്കെ നടത്തുന്നത് വളരെ ഏറെ റിസ്ക്ക് തന്നെയാണ് എന്നത് ആര്‍ക്കാണ് അറിയാത്തത്?
ഒരു ഗ്രാമത്തില്‍ നടക്കുന്ന ഉത്സവത്തിന്റെ ഒരു ദിവസം മാത്രം ഉണ്ടാകുന്ന സംഭവങ്ങളുടെ പെടുന്നനെയുള്ള വളര്‍ച്ചയാണു പ്രമേയം.
ഉത്സവാഘോഷങ്ങള്‍ എപ്പോഴും ചടുല താളമാണ് സൃഷ്ടിക്കപ്പെടുന്നത് . ആ താളത്തിന്റെ തീവ്രത അതേ അളവില്‍ തിരശീലയില്‍ എത്തിക്കുന്ന കാര്യത്തില്‍ ടിനു പാപ്പച്ചനും കൂട്ടാളികളും വിജയിച്ചു .
ഓരോ അഭിനേതാക്കളുടെയും കായികക്ഷമത ആവോളം വസൂലാക്കി മിക്കവാറും ഓരോ ഷോട്ട് കഴിയുമ്പോഴും അഭിനേതാക്കള്‍ ജിമ്മില്‍ പോയി വന്നപോലെ വിയര്‍ത്തു.
മലയാളികളുടെ പ്രത്യേകിച്ച്, യുവതലമുറയുടെ ആസ്വാദനാഭിരുചിയും മാറിക്കഴിഞ്ഞു എന്നത് അങ്കമാലി ഡയറിയുടേയും ജെല്ലിക്കെട്ടിന്റെയും അത്ഭുതവിജയം വിളിച്ചു പറയുന്നുണ്ട്. ഇവിടെ ഇപ്പോള്‍ അജഗജാന്തരത്തിന്റെ തീയറ്റര്‍ ആരവം അടിവരയിട്ടു പറയുന്നു
ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈനും പുതുമ തരുന്നുണ്ട്. മദിച്ചു നില്‍ക്കുന്ന ആനയുടെ ശരീരഭാഗത്തിലൊക്കെ മൃഗീയ മനസുള്ള മനുഷ്യരൊക്കെ കയറിക്കൂടുയിരിക്കുന്നു.
മനുഷ്യന്റെ ഉള്ളിലെ വന്യത , മൃഗതൃഷ്ണ ഒത്ത ഒരു സമയം കിട്ടുമ്പോള്‍ ഉണരും. അതാണ് ആനയിലൂടെ ഇവിടെ സമര്‍ത്ഥിക്കുന്നത്.
പ്രശസ്ത നാടന്‍പാട്ട് ഗവേഷക പ്രസീദ ചാലക്കുടി ശബ്ദം പകര്‍ന്ന ഓളുള്ളേരെ….. എന്നഗാനം ഒരു വട്ടമെങ്കിലും കേള്‍ക്കാത്ത മലയാളി ഉണ്ടാകില്ല. ആ ഗാനത്തിന്റെ തീയറ്റര്‍ അനുഭവം ആസ്വദിക്കാനും നാടന്‍ പാട്ട് പ്രേമികള്‍ തീയറ്ററില്‍ എത്താതെ തരമില്ല . ഈ ഗാനം യുവതലമുറക്കിടയില്‍ ഇതിനകം ഒരു ഓളം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു .
മലയാളി പൂരപ്പറമ്പിന്റെ തനിമ ആസ്വദിച്ചിട്ട് നാളേറെയായി അതൊക്കെ ഓര്‍ക്കാനും അയവിറക്കാനും ഈ ചിത്രം ഉപയുക്തമാകുന്നുണ്ട് . മനുഷ്യന്‍ മനസിനെ കടിഞ്ഞാണിട്ടു പിടിക്കുമ്പോള്‍ ആടിന്റെ തനത് ശാന്ത സ്വഭാവം കൈവരുന്നു ചെറിയൊരു പ്രകോപനത്തിലൂടെ ആ കടിഞ്ഞാണ്‍ പൊട്ടിപോകുമ്പോള്‍ ആട് മദിച്ച ആനയുടെ നിലയിലേക്കെത്തുന്നു.
അടി ഇരന്നു വാങ്ങി തിരിച്ചു കൊടുക്കുന്ന സംഭവപരമ്പരകള്‍.
നെയ്ശേരി പാര്‍ത്ഥന്‍ എന്ന ആനക്ക് മനുഷ്യ ഭാഷ അറിയാമായിരുന്നെന്നെങ്കില്‍ ആടിന്റെ ശാന്തതയോടെ നില്‍ക്കുന്ന ചില പൂര പ്രേമികളോട് ഇങ്ങനെയൊക്കെ പറയാമായിരുന്നു.
‘എവിടെയൊക്കെ പൂരത്തിനു ചെന്നാലും ഇതു തന്നെ അവസ്ഥ’
‘പാപ്പാന്മാരായി പോയില്ലേ കളഞ്ഞിട്ടു പോകാന്‍ പറ്റുമോ’
ക്യാമറ പോലും ഇടക്കു ജിന്റോ ജോര്‍ജ്ജിനോടു പറയുന്നുണ്ടാകും.
‘എനിക്കിത്തിരി റെസ്റ്റ് തായോ’
സംവിധായകനിലേക്ക് കണ്ണയച്ച് ഛായാഗ്രാഹകന്‍ പറഞ്ഞു കാണും.
‘ദേ അവിടെ പറ’
സംവിധായകന്റെ കണ്ണു വെട്ടിച്ചാകാം ഇടക്ക് ക്യാമറ ഒരു കല്യാണ പന്തലിലേക്ക് പോയി വന്നത്.
ആനക്കു കൊടുക്കാനായി ഒരു ചെക്കന്‍ കൊണ്ടു വന്ന ഒരു പടല ചെറുപഴമാണ സകലപ്രശ്നങ്ങള്‍ക്കു കാരണം. എന്തിനും ഏതിനും ഒരു കാരണം വേണമല്ലോ.
ജസ്റ്റിന്‍ വര്‍ഗിസ് സംഗീത്തിന്റെ മായാജാലമം തന്നെ തീര്‍ത്തിരിക്കുന്നു.
ആനയുടെ ഓരോ ശബ്ദവും എത്ര സൂക്ഷമതയോടെയാണ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ആ അനുഭവം ലഭിക്കണമെങ്കില്‍ നല്ല സൗണ്ട് എഫക്ട് തരുന്ന തിയേറ്ററില്‍ തന്നെ കാണണം ഈ സിനിമ.
അര്‍ജ്ജുന്‍ അശോകന്‍ , ചെമ്പന്‍ വിനോദ് , ജോസ് സാബുമോന്‍ , ജാഫര്‍ ഇടുക്കി , അജേഷ് ശര്‍മ്മ , സുധി കോപ്പ , വിനീത് വിശ്വം, ലുക്മാന്‍, ശ്രീരജ്ജിനി തുടങ്ങി ഓരോരുത്തരും തങ്ങള്‍ക്കു കിട്ടിയ റോളുകള്‍ ഗംഭീരമാക്കി . ആന്റണി വര്‍ഗ്ഗീസ് പെപ്പെ മലയാള സിനിമക്ക് അഭിഭാജ്യഘടകമായിക്കഴിഞ്ഞു. സിനിമാപ്രേമികളുടെ മനസില്‍ ഇടം നേടിക്കഴിഞ്ഞു. അമാനുഷീക കഥാപാത്രങ്ങളുടെ മാനറിസങ്ങള്‍ കണ്ടു ശീലിച്ച നമുക്കിനി പെപ്പെക്കു വേണ്ടിയും കൈയടിക്കാം.
അജഗജാന്തരം കണ്ടിറങ്ങുന്നവര്‍ സിനിമയുടെ മെയ്ക്കിംഗ് വീഡിയോ മൊബയിലില്‍ തിരയുന്നു. ആ ഇനത്തിലും ചിത്രത്തിനു പബ്ലിസിറ്റി കിട്ടുന്നുണ്ട് മൗത്ത് പബ്ലിസിറ്റി കൂടാതെ.
ഷൂട്ടിംഗ് കഴിഞ്ഞ് യൂണിറ്റ് പാക്കപ്പ് കഴിഞ്ഞ ഉടനെ സം വിധായകനും തിരക്കഥാകാരും പെപ്പെയുടെ കൈപ്പാടില്‍ നിന്നും ഇത്തിരി മാറി നിന്നു കാണും.
ആദ്യാവസാനം മുഷിഞ്ഞു നാറിയ ഒരൊറ്റ ഡ്രസ് ധരിച്ചു അഭിനയിപ്പിച്ചതില്‍, ഒരു സ്വപ്ന സീനെങ്കിലും എഴുതി ചേര്‍ത്തിരുന്നെങ്കില്‍ ….
ആനയുടെ ഉള്ളീല്‍ ഉറങ്ങിക്കിടക്കുന്ന വന്യത അപ്രതീക്ഷിതമായി പുറത്തു വരുമ്പോഴാണല്ലോ ആന ഏറെ ഇഷ്ടപ്പെടുന്നവരെ തന്നെ വകവരുത്തുന്നത് . ചില മനുഷ്യരിലും അതൊക്കെ ഉണ്ടാകാം എന്ന് ചിത്രം സാക്ഷ്യപ്പെടുത്തുന്നു
ഈ ചിത്രം റീമേക്കായോ ഡബ്ബിംഗ് ആയോ അന്യ ഭാഷകളില്‍ എത്താനിടയുണ്ട്. പക്ഷെ ഇതേ പോലെ കഷ്ടപ്പെട്ട് അഭിനയിക്കാന്‍ മറ്റു ഭാഷകളില്‍ അഭിനേതാക്കള്‍ തയാറാകുമോ? സംശയമാണ്.