ഒരു മാസത്തോളമായി ഇരു തള്ളവിരലുകള്‍ മാത്രമായി തരിക്കാന്‍ തുടങ്ങിയിട്ട് . തട്ടകത്തെ മേല്‍ശാന്തിയാണ് പറഞ്ഞത് നഗരത്തില്‍ ഒരു നല്ല ന്യൂറോളജിസ്റ്റ് വന്നിരിക്കുന്നുവെന്ന്.
‘ എന്താ പോയി കണ്ടു കൂടെ?” എന്ന് ശാന്തി . അങ്ങനെ നഗരത്തിലെ പ്രശസ്തമായ ആശുപത്രിയിലെത്തി ടോക്കണെടുത്ത് ഊഴവും കാത്തിരിക്കുമ്പോഴാണ് ചുറ്റുമുള്ളവരെ ശ്രദ്ധിച്ചത്. ഭൂരിഭാഗവും കുട്ടികളാണ്. ചോദിച്ചറിഞ്ഞപ്പോള്‍ കുട്ടികളിലെ അപസ്മാര ചികിത്സക്കു കൂടി മിടുക്കനാണത്രെ അദ്ദേഹം .
എതിരെയിരിക്കുന്ന കുടുംബത്തിലേക്ക് അറിയാതെ ശ്രദ്ധ ചെന്നു. ഒരു അഞ്ചു വയസുകാരിയേയും കൊണ്ടെത്തിയവരാണ് അവര്‍ . മിടുക്കിക്കുട്ടി. ചുവന്ന പാവാടയും മഞ്ഞ ബ്ലുസും ധരിച്ചിരിക്കുന്നു. കലപിലയായി എല്ലാവരോടും വര്‍ത്തമാനം പറയുന്നുണ്ട് അവള്‍. ഇടക്ക് കുട്ടിയുടെ അച്ഛന്‍ അറിയിച്ചു.
” കാലത്തെ ഭക്ഷണം കഴിച്ചിട്ടില്ല ഞങ്ങള്‍ കഴിച്ചിട്ടു വരാം അതിനിടയില്‍ ഡോക്ടര്‍ വിളീച്ചാല്‍ അറിയിക്കണം ”
ഏതായാലും തനിക്കു ശേഷമേ അവളെ വിളിക്കു എന്നുറപ്പുണ്ടായതിനാല്‍ ധൈര്യമായി പോയി വരാന്‍ ഉറപ്പു നല്‍കി. അവര്‍ പോയതും മയക്കം കണ്ണുകളെ തഴുകി.
തട്ടകത്തിലെ ബാലഭദ്രയുടെ കൊട്ടില്‍ സ്വപ്നത്തില്‍ തെളിഞ്ഞു വന്നു. അതിനു സമീപം പൂത്തുലഞ്ഞു നില്‍ക്കുന്ന ചെമ്പരത്തിച്ചെടിയില്‍ നിന്നും ഒരു പൂവ് എത്തിച്ചു പറിക്കാന്‍ ശ്രമിക്കുകയാണ് എതിരെയിരുന്ന പാവാടക്കാരി.
” വെളിച്ചപ്പാടമ്മാവാ എനിക്ക് എത്തുന്നില്ല ഒരെണ്ണം പറിച്ചു താ” എത്തിച്ച് ഒരു പൂ പറിച്ചെടുത്ത് നല്‍കാന്‍ നീട്ടിയപ്പോള്‍ അവളവിടെയില്ല. കൊട്ടിലിനകത്തെ ബാലഭദ്രയുടെ വിഗ്രഹം പതിവില്ലാതെ പ്രശോഭ ചൊരിയുന്നു.
വെളിപാടിനു മുന്നോടിയെന്നവണ്ണം കാല്‍ തള്ളവിരലുകളുടെ തുമ്പത്തു നിന്നും കുളിരും വിറയലും മേല്പ്പോട്ട് ഉടലാസകലം പടര്‍ന്നു കയറി. വീണ്ടും വീണ്ടും ആര്‍ത്തു വിളീച്ചു.
” ദേവ്യേ…. ദേവ്യേ….ദേവ്യേ..”
സ്വപ്നത്തില്‍ നിന്നും കണ്ണൂ തുറന്നപ്പോഴും കുളീരും വിറയലും വിട്ടുമാറിയിരുന്നില്ല. എതിരെ അവളിരുന്ന കസാരയിലേക്ക് നോക്കിയപ്പോള്‍ ഹൃദയം ആര്‍ദ്രമായി ഉരുകിയലിഞ്ഞു . കണ്ണുകള്‍ നിറഞ്ഞൊഴുകി . ആരും കേള്‍ക്കാതെ മന്ത്രിച്ചു.
” ദേവ്യേ…. ദേവ്യേ….ദേവ്യേ..”
പിന്നെ ആരും കാണാതെ കണ്ണുകള്‍ മുണ്ടിന്റെ കോന്തലകൊണ്ട് തുടച്ചു.
ഭക്ഷണം കഴിഞ്ഞ് അവര്‍ തിരിച്ചെത്തിയിരുന്നു.
കുസൃതിക്കാരി ചോദിച്ചു.
” എന്നെ വിളീച്ചോ?”
” ഇല്ലെന്ന് ” ഞാന്‍ തലയാട്ടി.