തൊടിയിൽ മൂന്നാലു പ്ലാവുണ്ട്.
എല്ലാ വർഷവും വേലായുധനാണ് ചുറ്റുവട്ടത്തെ ചക്കയും മാങ്ങയുമൊക്കെ മൊത്തമായി വാങ്ങാറുള്ളത്.( ചക്ക വേലായുധൻ എന്നാണ് അയാൾ നാട്ടിൽ അറിയപ്പെടുന്നത് )
ഇത്തവണ ചക്ക പൊടിയും മുമ്പേ വേലായുധൻ വന്ന് വിലയുറപ്പിച്ചു. പ്ലാവൊന്നിന്ന് ആയിരം രൂപ.
വീട്ടാവശ്യത്തിന് രണ്ടു ചക്കയും ….
അച്ഛൻ മറിച്ചൊന്നും പറഞ്ഞില്ല. മുൻകൂറായി അഞ്ഞൂറ് രൂപ കൈപ്പറ്റുകയും ചെയ്തു.
വേലായുധൻ്റെ കാലക്കേടാണോ എന്നറിയില്ല, പ്ലാവ് പതിവില്ലാത്ത വിധം പിശുക്കു കാണിച്ചു. നാലു പ്ലാവിലും കൂടി പത്തോ പന്ത്രണ്ടോ ചക്കയുണ്ട്.
നിരാശയോടെ പ്ലാവിലേയ്ക്കു
നോക്കി നിൽക്കുന്ന വേലായുധനെ
അച്ഛൻ ആശ്വസിപ്പിച്ചു.
“വേലായുധൻ
എന്താവച്ചാ തന്നാ മതി.”
” അതു ശരിയല്ല. കച്ചവടത്തിൽ ലാഭവും നഷ്ടവുമൊക്കെ പതിവാണ്. പറഞ്ഞുറപ്പിച്ച പണം ഞാൻ തരും. വിഷുവിന് ഒരാഴ്ച മുമ്പ് ചക്കയിടാൻ വരാം.”
വേലായുധൻ മാന്യനാണെന്ന് തെളിയിച്ചു. എന്നാൽ, അയാൾ അതിലും വലിയവനാണെന്ന് ഞങ്ങൾ അറിയാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു.
പറഞ്ഞപ്രകാരം, വിഷുവിന് ഒരാഴ്ച മുമ്പ് പണിക്കാരുമായി വേലായുധൻ എത്തി.
“മുഴുവൻ ചക്കയും ഇടണ്ട. ഒരോ പ്ലാവിലും ഒന്നോ രണ്ടെണ്ണം നിർത്തണം.”
അയാൾ പണിക്കാർക്ക് നിർദ്ദേശം നൽകി.
” അല്ലെങ്കിലേ ചക്ക കുറവാണ്.
എല്ലാം ഇട്ടോളൂ.”
അച്ഛൻ ഇടപെട്ടു.
“അതു ശരിയല്ല. കണ്ടില്ലേ അണ്ണാനും മറ്റും കരയുന്നത്. ഇതെല്ലാം അവർക്കുകൂടി അവകാശപ്പെട്ടതാണ്.
അതു കൊണ്ട് ഒരെണ്ണമെങ്കിലും പ്ലാവിൽ നിർത്തണം.”
പ്ലാവിൻ ചില്ലയിയിരുന്ന് നിർത്താതെ ചിലയ്ക്കുന്ന അണ്ണാർക്കണ്ണനെ നോക്കി വേലായുധൻ പറഞ്ഞു.
അച്ഛൻ, വേലായുധനെ അടിമുടി ഒന്നു നോക്കി. ഇക്കാലത്ത് ഇങ്ങനെയുള്ള മനുഷ്യരും ഉണ്ടോ !
അച്ഛൻ, മുഴുവൻ തുകയും തിരിച്ചു നൽകാൻ തയാറായെങ്കിലും അയാൾ വാങ്ങാൻ കൂട്ടാക്കിയില്ല.
അയാൾ പ്ലാവിൽ ബാക്കി വച്ച
ചക്ക പഴുത്തപ്പോൾ അണ്ണാനും തത്തയും മറ്റും മതിയാവോളം തിന്നു. ആ കാഴ്ച കാണാൻ അച്ഛൻ തൊടിയിൽ ചെന്നു നിൽക്കുമായിരുന്നു. അച്ഛൻ ഒന്നുകൂടി ചെയ്തു. വേലയുധൻ നൽകിയ പണം മുഴുവനും അടുത്തുള്ള വൃദ്ധസദനത്തിനു നൽകി.
“ഇനി ഇതൊന്നും ആർക്കും വിൽക്കുന്നില്ല. അതിനുള്ള അവകാശം നമുക്കില്ല. അതു ബോധ്യപ്പെടാൻ ഒരു വേലായുധൻ വേണ്ടി വന്നു. “
അച്ഛൻ, എല്ലാവരോടുമായി പറഞ്ഞു.
Click this button or press Ctrl+G to toggle between Malayalam and English