ചോപ്പന്റെ കഴുത ചത്തിട്ട് ഇന്നേക്ക് ആറാണ്ട് തികയുകയാണ്. ചോപ്പന്‍ അലക്കു നിറുത്തിയിട്ടും അത്ര തന്നെ ആയിരിക്കുന്നു. ഗ്രാമത്തിലെ ചോപ്പന്‍ കുളത്തിന് ഇപ്പോള്‍ ആ പേരു മാത്രം മിച്ചം.
ഒരു വ്യാഴവട്ടക്കാലം ചോപ്പനോടൊപ്പം വിഴുപ്പു ചുമക്കുകയും വിശ്രമവേളകളില്‍ പാതയിലെ കല്ലത്താണിക്കു കീഴെ ഒരു സമര്‍പ്പണം പോലെ വന്നു നില്‍ക്കുകയും ചെയ്യാറുള്ള ചോപ്പന്റെ കഴുത ഗ്രാമത്തിന്റെ കൗതുകങ്ങളില്‍ ഒന്നായിരുന്നു . അതിലുപരി ഉത്തമശകുനങ്ങളുടെ പട്ടികയില്‍ ചോപ്പന്റെ കഴുതയും ഇടം പിടിച്ചിരുന്നു . ചോപ്പന്റെ കഴുതയെ കണികണ്ടാലും ശകുനം കണ്ടാലും അന്നത്തെ ദിവസം മോശമാവില്ലെന്ന വിശ്വാസത്തിന് ഗ്രാമത്തില്‍ പരക്കെ വേരോട്ടമുണ്ടായിരുന്നു. കാര്യം നേടി വരുന്നവരോട് ചോപ്പന്റെ കഴുതയായിരുന്നോ കണി എന്ന ചോദ്യം പതിവായി തീര്‍ന്നു. ഗ്രാമത്തിലെ പാമ്പാട്ടി മുതല്‍ പ്രമാണിയായ പരമശിവന്‍ ചെട്ടിയാര്‍ വരെയുള്ളവര്‍ ചോപ്പന്റെ കഴുതയെ ഒരു തരം ആരാധനയോടെയാണു കണ്ടിരുന്നത്.
പാമ്പാട്ടിക്ക് ഇപ്പോഴത്തെ മൂര്‍ഖന്‍ പാമ്പിനെ കിട്ടിയതും പരമശിവന്‍ ചെട്ടിയാര്‍ക്ക് പൊന്നില്‍ പൊതിഞ്ഞ് പെണ്ണിനെ കിട്ടിയതും ചോപ്പന്റെ കഴുതയുടെ മഹത്വം കൊണ്ടു മാത്രമാണെന്നു ഇരുവരും പകല്‍ പോലെ കരുതുന്നു. തോട്ടു വക്കത്തെ കൈതപൊന്തയില്‍ നിന്ന് ഉലക്കപോലത്തെ കരിമൂര്‍ഖനെ പൂ പറിച്ചിടുന്നതുപോലെ കൂടയിലാക്കാന്‍ കഴിഞ്ഞത് ചോപ്പന്റെ കഴുതയുടെ മുഖത്ത് കണ്ണുമിഴിച്ചതുകൊണ്ടു മാത്രമാണെന്ന് പാമ്പാട്ടി നമ്പുന്നു. പാമ്പാട്ടിക്കു പാമ്പിനെ കിട്ടിയതു പോലെയാണ് പരമശിവന്‍ ചെട്ടിയാര്‍ക്ക് പെണ്ണിനെ കിട്ടിയതും. ഇരുപതാമത്തെ വയസില്‍ തുടങ്ങിയ പെണ്ണു നോട്ടത്തിനു മുപ്പത്തി രണ്ടാമത്തെ വയസിലും ഫലമില്ല എന്നു വന്നപ്പോള്‍ പൊണ്ടാട്ടി വിധിച്ചിട്ടില്ലെന്നു സമാധാനിക്കാന്‍ തുടങ്ങിയ ചെട്ടിയാരുടെ അവസാനത്തെ ശ്രമമായിരുന്നു ആറുമുഖന്‍ ചെട്ടിയാരുടെ മകള്‍ പൂങ്കാവനം. സകലദൈവങ്ങള്‍ക്കും വഴിപാടു നേര്‍ന്ന് പരിവാരങ്ങളുമായി പടിയിറങ്ങുമ്പോള്‍ കണ്ടത് പാതി വിഴുങ്ങിയ പഴത്തൊലിയുമായി തലകുമ്പിട്ടു വിലങ്ങനെ നില്‍ക്കുന്ന മുതുക്കന്‍ കഴുതയെയാണ്. മനസു തളര്‍ന്നു പോയ ചെട്ടിയാര്‍ യാത്ര ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായിരുന്നു. കൂടെയുള്ളവര്‍ ഏറെ നിര്‍ബന്ധിച്ചിട്ടാണ് ചെട്ടിയാര്‍ യാത്ര തുടര്‍ന്നത്. കഷണ്ടിയും കുടവയറും പൊക്കക്കുറവുമുള്ള പരമശിവന്‍ ചെട്ടിയാരെ കണി വെള്ളരി പോലുള്ള പെണ്ണിനു ബോധിച്ചതും പൊന്നില്‍ പൊതിഞ്ഞ് പെണ്ണിനെ നല്‍കിയതും ഇന്നും ചെട്ടിയാര്‍ക്കുതന്നെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ്. അതിനു ശേഷമാണ് ചെട്ടിയാര്‍ വേലന്‍ ചോപ്പനെ അലക്കേല്പ്പിക്കാന്‍ തുടങ്ങിയതും പ്രധാനയാത്രകളിലെല്ലാം ചോപ്പന്റെ കഴുതയെ ശകുനത്തിനേര്‍പ്പാടാക്കിയതും . ചെട്ടിയാരുടെ ഉടമസ്ഥതയിലുള്ള ഏതു പലചരക്കു കടയുടെ മുന്നില്‍ചെന്നാലും ചോപ്പന്റെ കഴുതക്കു മധുരം നല്‍കണമെന്ന് വ്യവസ്ഥ വച്ചതും അന്നു മുതല്‍ക്കാണ്. വിഴുപ്പുകെട്ടും പേറിയുള്ള പതിവു പ്രയാണത്തിനിടെ കാലിടറി വീണ് ചോപ്പന്റെ കഴുത കാലഗതി പ്രാപിച്ചത് ഗ്രാമത്തിലെ ശകുന വിശ്വാസികളെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. നാലു പതിറ്റാണ്ടു കാലം പഞ്ചായത്തു പ്രസിഡന്റായിരുന്ന മുത്തു വേലു ചെട്ടിയാര്‍ മരിച്ചപ്പോള്‍ പോലും കാണാത്ത ആള്‍ക്കൂട്ടമാണ് ചൊപ്പന്റെ കഴുതയെ അടക്കം ചെയ്യുന്നിടത്ത് തടിച്ചു കൂടിയത്. അടക്കം ചെയ്യാനുള്ള സ്ഥലവും സകല ചിലവുകളും വഹിച്ചത് പരമശിവന്‍ ചെട്ടിയാരാണ്. ആരുടെ പ്രേരണകൊണ്ടെന്നറിയില്ല ആണ്ടോടാണ്ടു തികയുന്ന നാള്‍ കഴുതയെ അടക്കം ചെയ്തിടത്ത് പരമശിവന്‍ ചെട്ടിയാര്‍ ഒരു സ്മാരകം നിര്‍മ്മിക്കുകയും കരിങ്കല്ലില്‍ തീര്‍ത്ത കഴുതയുടെ ശില്പ്പം പ്രതിഷ്ഠിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പാമ്പാട്ടിയും കുടുംബവും കല്‍വിളക്കു നാട്ടി തിരി തെളിയിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. പാമ്പാട്ടിക്കു പിന്നാലെ പലരും വന്ന് വിളക്കു തെളിക്കാനും മാല ചാര്‍ത്താനും പാടും പ്രാരാബ്ധങ്ങളും ഏറ്റു പറഞ്ഞ് പനഞ്ചക്കരയും മറ്റും സമര്‍പ്പിക്കാന്‍ തുടങ്ങിയതോടെയാണ് ചെട്ടിയാര്‍ തന്റെ കാര്യസ്ഥനെ ” കഴുതക്കാവിന്റെ’ പൂജാരിയാക്കിയത്. കാര്യസ്ഥന്‍ പൂജാരി ആഴ്ചയിലൊരിക്കല്‍ അന്നദാനം കൂടി ആരംഭിച്ചതോടെ കഴുതക്കാവിന്റെ വൃത്താന്തം പുഴകടന്ന് അയല്‍ഗ്രാമങ്ങളിലേക്കു പരന്നൊഴുകി.
ബുദ്ധി മാന്ദ്യമുള്ള കുട്ടികളെ വിഴുപ്പ് തുണികൊണ്ട് തുലാഭാരം തൂക്കുന്ന ഏര്‍പ്പാട് കഴുതക്കാവിലെ പ്രധാന വഴിപാടായി തീര്‍ന്നു. പൊള്ളാച്ചിയില്‍ നിന്നെത്തിയ ഒരു തമിഴന്‍ ഒരു കഴുതക്കുട്ടിയെ നട തള്ളി വിട്ടതോടെ അതും ഒരാചാരമായി. ഇതിനിടയില്‍ ചൊപ്പന്‍ തളര്‍വാതം വന്നു കിടപ്പിലായതും ആറേഴു മാസങ്ങള്‍ക്കു ശേഷം അസ്ഥിപന്‍ജരം മാത്രമായി മണ്ണിലേക്കു മടങ്ങിയതും അധികമാരും അറിഞ്ഞില്ല.
വഴിപാടായി വന്നു ചേരുന്ന വിഴുപ്പുതുണികള്‍ അലക്കി വെളുപ്പിച്ച് ലേലം ചെയ്തും നടതള്ളി വിടുന്ന കഴുതകളെ ചാപ്പകുത്തി പുഴമണല്‍ കടത്താന്‍ വാടകക്കു വിട്ടും പരമശിവന്‍ ചെട്ടിയാര്‍ കളമറിഞ്ഞു കളിക്കാന്‍ തുടങ്ങിയതോടെയാണ് കഴുതക്കാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യമുയര്‍ന്നത്.
അതെന്തായാലും അലക്കൊഴിഞ്ഞിട്ട്ഒന്നിനും നേരമില്ലെന്നു വിലപിക്കുന്നവര്‍ക്കും അലക്കൊഴിഞ്ഞ ജീവിതത്തിന് അര്‍ത്ഥമില്ലെന്നു വിചാരിക്കുന്നവര്‍ക്കും ഒരു പോലെ ആശ്വാസമേകുന്ന ഒരത്താണിയാണ് ഇന്ന് കഴുതക്കാവ്. പാടും പ്രാരാബ്ധവും വിഴുപ്പും ബുദ്ധിമാന്ദ്യവും ഉള്ളയിടത്തോളം കാലം കഴുതക്കാവും ഉണ്ടാകും തീര്‍ച്ച !