വെയിൽ തിന്ന ഇലകൾ
തുള്ളികളായി അയച്ചുകൊടുത്ത
ജീവ ജലത്തിന്റെ കണികകൾ
ആവിയായി മാറിയപ്പോഴും
ആരൊക്കെയോ
നിശ്ശബ്ദമായി ചോദിക്കുന്നുണ്ടായിരുന്നു
“ഈ നിണത്തുള്ളികളെല്ലാം
എവിടെ പോകുന്നു?
മണ്ണിൽ ഓടിത്തളർന്ന
അസംഘടിതരായ
അസംഖ്യം വേരുകളും
പിറുപിറുക്കുന്നു
നമ്മുടെ ഈ അദ്ധ്വാനമെല്ലാം
എവിടെ പോകുന്നു?
സ്വപ്നം കണ്ടിരുന്ന രാത്രികളും
പൊട്ടിച്ചിരിച്ച പകലുകളും
ഓർമ്മയുടെ ഏടുകളിൽ
വിശ്രമിക്കുന്നു.
വെളുത്ത ചെറുപുഷ്പങ്ങളിൽ
കറുത്ത വണ്ടുകൾ
ഉമ്മ വെച്ചു തിരിച്ചു പറന്നു പോകുന്നു.
പടർന്നു പിടിക്കാൻ വേണ്ടി
താങ്ങി നിർത്തിയ
പന്തലുകൾ
ഇനിയും താങ്ങാൻ കഴിയില്ലെന്ന്
പറയാതെ പറയുന്നു.
പടവലങ്ങ വളരുകയായിരുന്നു
മുകളിൽ നിന്ന് താഴേക്ക്.
മണ്ണിലേക്ക്..
പാതാളത്തിലേക്ക്..