ചൂടില്‍ വെയിലില്‍ പേപ്പൊടിക്കാറ്റില്‍
അവള്‍ നടന്നു
ഒരു തമിഴ്നാട്ടു വേലക്കാരി
വിയര്‍ക്കും പുരികം സാരിത്തുമ്പാല്‍ തുടച്ചും
സുര്യതാപത്തെയുള്ളില്‍ പഴിച്ചും
നാഴിക നിരവധി നടന്നു തളര്‍ന്നാലെ
ആവതുള്ളു പണിവീടുകളെത്തിപ്പറ്റാന്‍
പാവം അവളൊരു ദിവസക്കൂലിക്കാരി
നാലഞ്ച് വീടുകള്‍ ദിനം തോറും
കയറിയിറങ്ങും തുച്ഛയാം വേലക്കാരി
മുഴുക്കുടിയനാം ഒരു വികടൻ
ചവച്ചരച്ചു തുപ്പിയ നിസ്സാരനീലക്കണ്ണി
എച്ചില്‍ പാത്രമലകള്‍ കഴുകി
വൃത്തിയായ് തുടച്ചടുക്കണം
അകമുറികള്‍ തൂത്തുവാരണം
പിന്നെക്കഴുകി നിലങ്ങള്‍ മിന്നിക്കണം
തുണിക്കൂമ്പാരം വെളുക്കണം
പക്ഷെ, വിയര്‍പ്പില്‍ കുളിച്ചും
ഈര്‍പ്പമരിക്കും അരയില്‍
പാവാടക്കെട്ടില്‍ സ്ഫുരിക്കും
പൂപ്പല്‍ ചൊറികളെ അനിശം ചൊറിഞ്ഞും
ഉഴയ്ക്കുമാപ്പാണ്ടിപ്പെണ്ണിന്‍
വരളും ചുണ്ടിലെന്തേ കാണ്മു
അനവരതം പൂക്കും ഒരു മായാപ്പൂപുഞ്ചിരി?
ഉരുകിപ്പൊളിയുമൊരുവരിവീട്ടിലെ
ചുടുമുറിയിലൊരു തൊട്ടിലില്‍
കിടപ്പുണ്ടൊരു ചിരിക്കും കണ്ണന്‍
അവളുടെ മകന്‍
കാര്‍മുകില്‍ വര്‍ണ്ണന്‍
അവനൊരുനാളീ മഹാരാജ്യത്തിന്‍
ചുക്കാന്‍ പിടിച്ചീടാം
ആര്‍ക്കറിയാം അറിയാത്തത് മാത്രമെന്നും
പൂവിടും ഭാരതമഹാഭൂവില്‍
ചൂലുമേന്തിക്കൊണ്ടാടി
ഭാരതി മഹാഭ്രാന്തി
നിലങ്ങള്‍ അടുക്കള തീരാത്തെച്ചില്‍
പാത്രങ്ങള്‍ കഴുകിയും
വിയര്‍പ്പുതുടച്ചും അരയില്‍ പൂവിടും
പൂക്കളെയല്‍പം ചൊറിഞ്ഞും
ഒരു മാസ്മര മഹാസ്വപ്നത്തിന്‍ ലഹരിയില്‍
ഉണരൂ വേഗം കണ്ണാ
ഭാരതം ഗര്‍ജ്ജിക്കട്ടെ
പാവമവളൊന്നുറങ്ങട്ടെ
അമ്മമാരിനിയിവിടെ ഉഴയ്ക്കാതിരിക്കട്ടെ
കരയാതിരിക്കട്ടെ
ഒരുകോടിയുണ്ണികളിറങ്ങട്ടെ.