കൺതടം നിറയെ കുമിഞ്ഞുനിൽക്കുന്ന
കൂട്ടക്കൊലകളും ആത്മഹത്യകളും
അപകട മരണങ്ങളും കണ്ട്
എനിക്ക് വേദനയിലേക്കൊന്ന്
എത്തിനോക്കാൻ കഴിയുന്നില്ല.
എനിക്ക് വിശപ്പ് കൂടിവരുന്നതുകൊണ്ട്
രുചി അനുഭവപ്പെടുന്നില്ല.
ആവശ്യങ്ങൾ കൂടിവരുന്നതുകൊണ്ട്
അവൾക്ക് ശർദ്ധിക്കാനുമാകുന്നില്ല.
അയലത്തെ കുഞ്ഞിക്കണ്ണിൽ തറച്ച
ഷെല്ലിന്റെ ചീള് എടുക്കാനാകുന്നില്ല.
പെരുമഴക്കാലത്ത് പൊയ്കയിൽ പൊരുതുന്ന
പെരുമാൻ കണ്ണും കാണാൻ കഴിയുന്നില്ല.
പുഷ്പകാലത്ത് തീർത്ഥകുളത്തിൽ വിരിയുന്ന
താമരക്കിളിയുടെ കിലുക്കമാണെങ്ങും.
എനിക്കൊന്ന് ശബ്‌ദിക്കാനും
എഴുതാനും കഴിയുന്നില്ല
ഞാൻ വേദനിക്കാൻ മറന്നു പോയിരിക്കുന്നു.
ഞാനിപ്പോൾ തികഞ്ഞ ഭക്തിയിലാണ്.
എന്റെ ജീവന്റെ വില നഷ്ട്ടപ്പെട്ട
ആനന്ദത്തിലാണ്.
ഈ കത്ത് ഒരു നല്ല ഡോക്ടറെ കാണിക്കണം
എന്റെ രോഗം എന്തെന്നറിയണം
എന്നിട്ടേ, ദേശാഭിമാനിയായ അച്ഛനെ കുഴിച്ചിടാവൂ.
‘അമ്മ എന്നോട് ക്ഷമിക്കണം.
ഞാനൊരു തീവ്രവാദിയല്ല.
ഒരു രാജ്യസ്നേഹിയാണ് !
എന്ന് സ്വന്തം മകൻ.