കേരള സാഹിത്യ അക്കാദമി അവാർഡ് : കവിത വിഭാഗത്തിൽ ശ്രീ.എം.വീരാൻകുട്ടി (മടപ്പള്ളി ഗവ. കോളേജ്) യുടെ ‘മിണ്ടാപ്രാണി’ കവിത സമാഹാരത്തിന് പുരസ്കാരം.സമാഹാരത്തിലെ അതേ പേരിലെ കവിത വായിക്കാം
മിണ്ടാപ്രാണി
ചത്തവർ എഴുന്നേറ്റുവരില്ലെന്ന ഉറപ്പ്
വലിയ സൗകര്യംതന്നെ
അവരോട് എന്ത് ഉപേക്ഷയും കാട്ടാം
കമാന്നൊരക്ഷരം ചോദിക്കില്ല.
മോർച്ചറിയിൽ ചുറ്റികവച്ച് തലയോട്ടി തകർക്കുന്നയാൾക്ക്
അതൊരു മനുഷ്യന്റേതാണെന്ന വിചാരമുണ്ടോ?
ക്വാറിയിൽ മെറ്റലടിക്കുന്ന പയ്യനു കാണും
അതിനേക്കാൾ ശ്രദ്ധ,അലിവ്.
തലച്ചോറും കരളുമെല്ലാം വാരി വയറ്റിലിട്ടു
തുന്നിക്കെട്ടുന്നതു കാണണം
സ്കൂൾകുട്ടികൾ അതിലും നന്നായി
കീറിയപന്തു തുന്നും.
നിരാലംബരെ ആർക്ക് എന്താണു ചെയ്തുകൂടാത്തത്?
മുറ്റത്തെ പന്തൽ കണ്ടാലറിയാം മരിച്ച വീടിനെ
പഴകി നരച്ച,ചെറിയ ഒരു താർപ്പായ
ആരെങ്കിലും കൊണ്ടുവരും
ഏണുംകോണുമൊക്കാതെ
വലിച്ചുകെട്ടിപ്പോകും മറ്റൊരാൾ.
ചോദിക്കേണ്ടയാൾ ഇല്ലല്ലോ എന്ന ധൈര്യത്തിലാണ്.
കുട്ടികളുടെ കളിപ്പന്തൽ ഇതിനെക്കാൾ എത്ര ഭേദം!
ചമഞ്ഞുകിടക്കാനുള്ള അവസാന അവസരമായിരുന്നില്ലേ?
രണ്ടുകഷ്ണം വെള്ളയിൽ അതു തീർത്തു കളഞ്ഞു
കല്യാണത്തിന് എന്തുമാത്രം ചമയങ്ങളായിരുന്നു!
വീട്ടിൽ വരുന്നവരെ സൽക്കരിച്ചല്ലാതെ വിടുമായിരുന്നില്ല
എന്നിട്ടെന്ത്?
അവസാനമായി ഒന്ന് കാണാൻ വന്നവർക്കു
തുള്ളിവെള്ളം കൊടുത്തില്ല
ഒന്നിരിക്കാൻ പറഞ്ഞില്ല.
കുഴിവെട്ടുമ്പോൾ
ഒന്നു തിരിഞ്ഞുകിടക്കാനുള്ള തുറസെസങ്കിലും വച്ചാലെന്ത്?
എത്രകാലത്തേക്കുള്ള കിടപ്പാണെന്നാർക്കറിയാം?
എന്നാൽ
പൊയ്ക്കിട്ടിയല്ലോ എന്ന ആശ്വാസം
പായസം വിളമ്പിത്തന്നെ ആഘോഷിക്കും
അടിയന്തിരത്തിന്റെ അന്ന്.
അരുതെന്ന് അയാൾ വാശിവെച്ചതൊക്കെയും
അയാളുടെ പേരിൽ ചെയ്യുന്നതിന്റെ
മത്സരത്തിലാണേവരും.
വെറുതെയല്ല മരിച്ചവർ തിരിച്ചുവരാത്തത്.