ജോലിയിൽ നിന്നും വിരമിച്ചതിൻ്റെ പിറ്റേന്നു തന്നെ വാട്സാപ്പിൽ മുടങ്ങാതെ വന്നുകൊണ്ടിരുന്ന ‘സുപ്രഭാത’ങ്ങൾ നിലച്ചു. അങ്ങോട്ടു വിളിച്ചാൽ പോലും പലരും ഫോണെടുക്കാതെയായി. ഇന്നലെ മൂന്നാലു തവണ വിളിച്ചതിനു ശേഷമാണ് ഓഫീസിലെ ശിപായി ഫോൺ എടുത്തത്. എന്തെങ്കിലും പറയാൻ തുടങ്ങും മുമ്പേ അയാൾ ‘തിരക്കാണ്, പിന്നെ വിളിക്കൂ’ എന്നു പറഞ്ഞു കൊണ്ട് ഫോൺ ഓഫാക്കുകയായിരുന്നു.
അയാൾ പതുക്കെ മുറ്റത്തേക്കിറങ്ങി. അനിത നട്ടുവളർത്തിയ ചെടികൾ പലതും പുഷ്പിച്ചിരിക്കുന്നു. വിടർന്നു നിൽക്കുന്ന പൂക്കൾക്കു ചുറ്റും ചിത്രശലഭങ്ങളും വണ്ടുകളും വട്ടമിട്ടു പറക്കുന്നു. ഇളം തെന്നൽ തലോടുന്നു…..
അയാളുടെ കണ്ണുകൾ അറിയാതെ നിലത്തേയ്ക്കു ചെന്നു. ചെടികൾക്കു ചുവട്ടിൽ ഏതാനും പൂവുകൾ കൊഴിഞ്ഞു കിടന്നിരുന്നു. ചിത്രശലഭങ്ങളോ വണ്ടുകളോ അതിനെ ശ്രദ്ധിക്കുന്നില്ല.
” ഇവിടെ നിൽക്കുകയാണോ?”
ചായയുമായി വന്ന അനിത ആശ്ചര്യത്തോടെ അയാളെ നോക്കി.
“ഞാൻ വീണ പൂവുകളെ നോക്കി നിൽക്കുകയായിരുന്നു.”
അയാൾ വിളറിയ ചിരിയോടെ പറഞ്ഞു.
“പാറുക്കുട്ടിക്ക് ഇപ്പോൾ ഒരു ശ്രദ്ധയുമില്ല. മുറ്റമടിക്കുമ്പോൾ ഈ വേസ്റ്റെല്ലാം വാരിക്കളയേണ്ടേ.”
അനിത പിറുപിറുത്തു.
അയാൾ പിന്നെ ഒന്നും പറഞ്ഞില്ല.