നമ്മിലര്‍പ്പിത വേഷങ്ങളോരോന്നും
ജീവിതാരങ്ങില്‍ ആടി തിമിര്‍ക്കുന്നു നാം
അമ്മയായ്, ഭാര്യയായി, മകളായി, കൂടപിറപ്പായി…..
ഏതിനും മീതെയൊരു സമൂഹജീവിയായ്
മനസ്സിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ
ക്ഷീണമശേഷം പ്രകടമാക്കാതെ
വേഷങ്ങള്‍ പലതും ആടിതിമിര്‍ക്കുന്നു
ദിനചര്യയെന്നപോല്‍ യാന്ത്രികമായി
ഒടുവില്‍ തളര്‍ന്നവശയായി
ജീവിതത്തിന്‍ ഹരിതവര്‍ണ്ണവും മാറി
ചുമക്കാനാളില്ലാത്തയാര്‍ക്കും വേണ്ടാത്ത
ഒരു പാഴ്ച്ചുമടായി തീരുന്നു നാം
രാവിന്‍റെ മൂകാന്ധകാരത്തില്‍
തനിച്ചിരുന്നന്നേരം വരെയമര്‍ത്തിവെച്ച
വ്യഥകളോരോന്നായി
കണ്ണീരായിയൊഴുക്കി കളയുന്നു
നേരം പുലരുമ്പോള്‍ പതിവുപോലെ
നെഞ്ചിന്‍ ഭാണ്ഡത്തില്‍ സങ്കടങ്ങളെയൊളിപ്പിച്ചു
ഇല്ലാത്തമോദമെങ്ങുനിന്നോ ക്ഷണിച്ചുവരുത്തി
വദനത്തില്‍ച്ചാര്‍ത്തി പണിപ്പെട്ടു പുഞ്ചിരിക്കുന്നു
കാണാനാശയില്ലാത്തതൊക്കെയും കണ്ടു
കേള്‍ക്കുവാനാഗ്രഹമില്ലാത്തതൊക്കെയും കേട്ടു
ഇല്ലാത്ത തിടുക്കം വെറുതെ നടിച്ച്
പ്രായോഗികതയിലേക്കു നടന്നു നീങ്ങുന്നു
സ്വന്തമിഷ്ടങ്ങളും സ്വപ്നങ്ങളും
പ്രായോഗികതയ്ക്ക് വഴിമാറികൊടുക്കുന്നുവോ
അതില്‍ ജീവിതം ബലിയര്‍പ്പിക്കപ്പെടുന്നു
എന്നറിയാമെങ്കിലുമതിലൂന്നി
ജീവിക്കുന്നു ഞാന്‍ ഇപ്പോഴും
പല പല വേഷങ്ങള്‍ ദിനചര്യയായി
ആടിതിമിര്‍ക്കുന്നു ഇപ്പോഴും…