ഞാൻ സ്കൂളിൽ പോയിത്തുടങ്ങുന്നതിനു മുമ്പാണ്.
മഴ മാറി നിന്ന ഒരോണക്കാലം. ഞങ്ങൾ പ്രഭാതത്തിൽ തന്നെ മുറ്റത്ത് പൂക്കളമിട്ടു. ചിങ്ങമാസത്തിലെ തിരുവോണ നാളിൽ പാതാളത്തിൽ നിന്നും പ്രജകളെ കാണാൻ മഹാബലി എത്തുമെന്ന വിശ്വാസത്തിൽ ഞാൻ ഉമ്മറത്തു തന്നെ ഇരുന്നു.
മുത്തശ്ശി പറഞ്ഞതു പ്രകാരമാണെങ്കിൽ നല്ല മനസ്സുള്ളവർക്കും പിന്നെ, സ്കൂളിൽ പോയിത്തുടങ്ങാത്ത കുട്ടികൾക്കും മാത്രമെ മഹാബലിയെ കാണാൻ കഴിയൂ. അടുത്ത വർഷം മുതൽ സ്കൂളിൽ ചേർക്കും. അതു കൊണ്ടു തന്നെ ഇക്കൊല്ലം കാണാൻ പറ്റിയില്ലെങ്കിൽ പിന്നെ, കാണലുണ്ടാവില്ല.
ഞാൻ പടിക്കലേയ്ക്കു നോക്കി ഉമ്മറത്തു തന്നെ ഇരുന്നു. മഹാബലിയെക്കുറിച്ച് മുത്തശ്ശിയും അച്ഛനും മറ്റും പറഞ്ഞിട്ടുള്ള കഥകൾ അയവിറക്കി.മഹാബലി നാടുഭരിച്ചിരുന്ന കാലത്ത് ആളുകൾ എല്ലാവരും വളരെ നല്ലവരായിരുന്നു.കളവും ചതിയുമില്ല. അച്ഛനമ്മമാരും അധ്യാപകരും കുട്ടികളെ തല്ലാറില്ല.(ഇപ്പറഞ്ഞത് പാട്ടിലില്ല. ആ വരികൾ പിന്നീടാരോ വെട്ടിമാറ്റി യതാവാം.) ആർക്കും അസുഖങ്ങളില്ല
പിന്നെന്തിനാണ് മഹാബലിയെ പാതാളത്തിലേയ്ക്കു ചവിട്ടിത്താഴ്ത്തിയത്? കഥ പറഞ്ഞു തന്നവർക്കാർക്കും അതിനുത്തരമില്ല.
ഉച്ചയായി. അച്ഛൻ തൊടിയിൽ ചെന്ന് ഇല മുറിച്ചു കൊണ്ടുവന്നു. അടുക്കളയിൽ നിന്നും പപ്പടം കാച്ചുന്നതിൻ്റെ മണം പരന്നു.
മുറ്റത്ത് നിലവിളക്കു തെളിയിച്ച് , നാക്കിലയിട്ട് മാവേലിക്കു സദ്യവിളമ്പി.
” മഹാബലി വന്നില്ലല്ലോ….. ”
ഞാൻ നിരാശയോടെ എല്ലാവരേയും നോക്കി.
അതിനുത്തരമായി എല്ലാവരും ഒന്നു ചിരിച്ചു.
അപ്പോഴതാ പടിക്കൽ ഒരാൾ വന്നു നിൽക്കുന്നു. നീണ്ടു മെലിഞ്ഞ ശരീരം. കുഴിഞ്ഞ കണ്ണുകൾ. ഒട്ടിയ വയറ്. നീണ്ട താടി. ജടപിടിച്ച മുടി. മുഷിഞ്ഞതും കീറിയതുമായ ഒരു ഒറ്റമുണ്ടാണ് വേഷം….
അയാൾ മുറ്റത്തേയ്ക്ക് ഓടി വന്നു. പൂക്കളത്തിനു ചുറ്റും നടന്ന് പാട്ടു പാടി നൃത്തം വച്ചു. പിന്നെ, ഇലയ്ക്കു മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് ചോറുണ്ണാൻ തുടങ്ങി.
‘ വയറേ പാതാളം… വായേ ശരണം…..’
അയാൾ ഉണ്ണുന്നതിനിടയിൽ ഒരു മന്ത്രം പോലെ പറയുന്നുണ്ടായിരുന്നു.
ആരും അയാളെ തടഞ്ഞില്ല.
അമ്മ രണ്ടാമതും അയാൾക്കു ചോറും കറികളും വിളമ്പിക്കൊടുത്തു.
‘വയറേ പാതാളം…. വായേ ശരണം…. ‘
ഓരോ തവണ വിളമ്പുമ്പോഴും അയാൾ പറഞ്ഞു കൊണ്ടിരുന്നു.
ഊണു കഴിഞ്ഞപ്പോൾ അയാൾ എല്ലാവരേയും നോക്കി ഒന്നു ചിരിച്ചു.
” ഉണ്ണാൻ തന്നവരേ, ഉടുക്കാനും തരില്ലേ.”
അയാൾ അമ്മയുടെ മുന്നിൽ ചെന്ന് രണ്ടുകൈയും നീട്ടി നിന്നു.
അമ്മ അകത്തുചെന്ന് അലക്കി വച്ച ഒരു മുണ്ടും ഈരിഴ തോർത്തും എടുത്തു കൊണ്ടുവന്ന് അയാൾക്കു നൽകി.
അയാൾ വസ്ത്രങ്ങളുമായി പൂക്കളത്തിനു ചുറ്റും നടന്ന് ‘വയറേ പാതാളം… വായേ ശരണം’ എന്ന പാട്ടുപാടി നൃത്തം വച്ചു.
പിന്നെ, എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് അയാൾ അമ്മയുടെ കാൽക്കൽ സാഷ്ടാംഗം വീണു.
ഈ നേരമത്രയും ഞാൻ അച്ഛൻ്റെ പിന്നിൽ പരിഭ്രമിച്ച് നിൽക്കുകയായിരുന്നു.
മാവേലിക്കു വിളമ്പിയ സദ്യ ഭ്രാന്തൻ വന്ന് ഉണ്ടിരിക്കുന്നു!
അയാൾ പോകാൻ നേരം എന്നെ നോക്കി ഒന്നു ചിരിച്ചു.
“വയറേ പാതാളം. വായേ ശരണം.”
പോകുന്നതിനു മുമ്പ് അയാൾ എന്നെ നോക്കിയും പറഞ്ഞു.
ഭ്രാന്തൻ പോയ ശേഷം ഞങ്ങൾ ഊണുകഴിക്കാൻ ചെന്നു.
” മഹാബലി വന്നില്ലല്ലോ?”
ഞാൻ സങ്കടത്തോടെ അമ്മയെ നോക്കി.
” ഇപ്പോൾ വന്നു പോയതാണ് മഹാബലി. ”
സദ്യ വിളമ്പുന്നതിനിടയിൽ അമ്മ പറഞ്ഞു.
ഞാൻ അച്ഛനെ നോക്കി .അച്ഛൻ ഒന്നു മൂളുക മാത്രം ചെയ്തു.
” ആർക്കറിയാം അയാൾ മഹാബലിയല്ലെന്ന്?”
അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
” ആയിരിക്കാം അല്ലായിരിക്കാം. നല്ലൊരു ദിവസമായിട്ട് ഒരാളുടെ വിശപ്പു മാറ്റാൻ പറ്റിയല്ലോ.”
അച്ഛൻ അഭിപ്രായപ്പെട്ടു.
പിന്നീട് എത്രയോ ഓണക്കാലം വന്നു പോയി. അന്നത്തെ ആ ഓണം ഇന്നും ഓർമകളിൽ ഒളിമങ്ങാതെ നിൽക്കുന്നു.
പ്രത്യേകിച്ച് അയാളുടെ ആ പാട്ട് :
‘ വയറേ പാതാളം … വായേ ശരണം….’
Super 👌🏻