വായനാവേഗത

 

photo-1-205x300

ലൈബ്രറിയിൽ നിന്ന് രണ്ടുപുസ്തകം എടുക്കാം. 14 ദിവസത്തിനുള്ളിൽ മടക്കണം. അല്ലെങ്കിൽ ഫൈൻ ഉണ്ട്. 2 പുസ്തകം , 14 ദിവസം, ഫൈൻ എന്നൊക്കെ തീരുമാനമെടുക്കാനുള്ള അടിസ്ഥനമെന്താവും? സാധാരണനിലക്ക് എടുക്കുന്ന പുസ്തകം ശരാശരി 300 പേജ് – 2 പുസ്തകം 600 പേജ് . 600 പേജ് വായിക്കാൻ എത്ര സമയം വേണം? 14 ദിവസം വരെ ലൈബ്രറി നൽകുന്നു. ഇത് വായനയെ പ്രോത്സാഹിപ്പിക്കുന്ന / ശാസ്ത്രീയമായ തീരുമാനമാണെന്നാണോ? ഒരു പുസ്തകം വായിക്കാൻ എത്ര സമയം വേണം? വായന ഏറ്റവും കൂടുതൽ നടക്കുന്ന / ക്കേണ്ട സ്കൂളുകളിൽ , ലൈബ്രറികളിൽ ഈയൊരാലോചന ഉണ്ടായിട്ടേ ഉണ്ടാവില്ല ! പൊതുവെ നമ്മുടെ വായനാപരമായ കണക്കുകൾ അത്രയധികം ആലോചിക്കപ്പെട്ടിട്ടില്ല. നല്ല വായനക്കാർ ഒരു പുസ്തകം വായിക്കാൻ എത്ര സമയം എടുക്കുന്നുണ്ട്? അത് അ – ബുക്കായാലും [ പ്രിന്റ് ] ഇ- ബുക്കായാലും [ ഇലക്ട്രോണിക്ക്] . വായനക്കാരുടെ ധാരണയിൽ ഇക്കണക്ക് ഉണ്ടായാൽ നന്നാവും.

വായന നമുക്ക് ഒരു മുഴുദിവസ പ്രവർത്തനമല്ല. വായിക്കാനുള്ള സമയം മാറ്റിവെക്കുകയാണ്. അല്ലെങ്കിൽ ഉണ്ടാക്കിയെടുക്കുകയാണ്. ആവശ്യം, പ്രായം, ആരോഗ്യം എന്നിങ്ങനെ പലഘടകങ്ങൾ ഇതിന്നുണ്ട്. നമ്മുടെയിടയിൽ , നാട്ടിലും – സ്കൂളിലും കുറച്ചെങ്കിലും നല്ല വായനക്കാർ ഉണ്ട്. എന്തു തിരക്കാണെങ്കിലും കുറച്ചെങ്കിലും വായിക്കാതെ ഉറങ്ങാത്തയാളുകൾ. ഉറക്കം വരാൻവേണ്ടി വായിക്കുന്നവരെ അത്ര കണക്കാക്കുന്നില്ല.

സ്കൂളുകളിൽ വായന പഠനവുമായി ബന്ധപ്പെട്ടാണ്. വായിക്കാതെ കുട്ടിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അവിടെ 300 പേജിന്റെ കാര്യമൊന്നും സാധാരണ ഇല്ല. 100 താഴെ പേജുകളെയുള്ളുവെങ്കിലും കുട്ടിയുടെ വായന ഒരു ദിവസം 20-25 പേജാണ്. അതും ഒരു മണിക്കൂർ പരമാവധി. പിന്നെ കുട്ടിക്ക് ക്ഷമയില്ല. വായന നിർത്തി എണീറ്റാൽ തിരിച്ച് വായനയിലേക്ക് മടങ്ങാൻ പിറ്റേന്നാളേ നോക്കേണ്ടൂ. കുട്ടിയുടെ പ്രകൃതത്തിന്റെ ഭാഗമായി കണ്ടാൽ മതി. മാത്രമല്ല നിർബന്ധവായനയുമാണല്ലോ !

അതിവേഗവായന മാസികകളിലെ തുടരനുകളാണ് പൊതുവെ. കുട്ടികളും മുതിർന്നവരും മാസികയിൽ 4-5 പേജുകൾ [ പുസ്തകമാവുമ്പോൾ 10-15 പേജുകൾ വരും ] ഒറ്റയിരിപ്പിൽ വായിച്ചു തീർക്കും. തുടരനിലെ ആകാംഷയും താൽപ്പര്യവുമാണിതിനു ഹേതു. എന്നാൽ ഈ വേഗത സാധാരണവായനക്കില്ല. വളരെ ചെറിയൊരു ശതമാനം കുട്ടികളും മുതിർന്നവരും തുടർച്ചയുള്ളതും സാമാന്യവേഗതയിലും വായിക്കുന്നവരുണ്ട്. വായന ഒരു സാധനയാക്കിയവർ എന്നൊക്കെ നാം പറയുന്നത് ഇവരെയാണ്. മുതിർന്നയൊരാൾക്ക് അവരവരുടെ ഭാഷ ഒരു മണിക്കൂറിൽ 70 – 80 പേജ് വായിക്കാൻ കഴിയും എന്നാണ് പൊതുവെ കണ്ടുവരുന്നത്. മറ്റൊരുഭാഷയാണെങ്കിൽ – ഇംഗ്ലീഷ് – മണിക്കൂറിൽ 50 പേജ് വായിക്കാം. കുട്ടികൾക്ക് ഇത് പകുതിയിലും താഴെയേ കാണൂ. വായനാശീലം , താൽപ്പര്യം എന്നിവയുടെ അടിസ്ഥാനം ഇതിലുണ്ട്. വായന പരിശീലിപ്പിക്കുന്ന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ വളരെ കുറവാണ്. അത്യാവശ്യവായനയേ അവിടെയുള്ളൂ. വായനാവാരം മുതലായവ വായനയിലല്ല പ്രസംഗത്തിലാണ് ഊന്നുന്നത്. അതിൽ കുട്ടികളുടെ ഇടപെടൽ വളരെ കുറവ്. ഗ്രന്ഥശാലാസംഘം, ദേശാഭിമാനി തുടങ്ങിയവയുടെ വായനാമത്സരങ്ങൾ മാത്രമാണ് അൽപ്പമെങ്കിലും വായന പ്രോത്സാഹിപ്പിക്കുന്ന സ്കൂൾ തല പരിപാടികൾ. അതുതന്നെ തെരഞ്ഞെടുക്കപ്പെട്ട ചില പുസ്തകങ്ങൾ. കുട്ടികളുടെ ആഗ്രഹാഭിലാഷങ്ങൾക്ക് അത്ര പരിഗണന ഈ തെരഞ്ഞെടുപ്പിൽ കാണാറില്ല.

കിന്റിൽ പോലുള്ള എലക്റ്റ്രോണിക്ക് വായനാസാമഗ്രികൾ ആദ്യമായി ഇ-ബുക്ക് തുറക്കുമ്പോൾത്തന്നെ എത്രപേജ് എത്രസമയം [ typical time to read ] എന്നു കാണിക്കും. ഒർഹാൻ പാമുക്കിന്റെ ‘ ദി ബ്ലാക്ക് ബുക്ക് ‘ 475 പേജ് 9 മണിക്കൂർ 30 മിനുട്ട് വായിക്കാനുണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കും.All The Light We Cannot See 545 പേജ് 10 മണിക്കൂർ 54 മിനുട്ട് / Half of a Yellow Sun 562 പേജ് 11 മണിക്കൂർ 14 മിനുട്ട് – വായനതുടരുമ്പോൾ എത്ര % വായനയെത്തി, നമ്മുടെ വായനാസ്പീഡ് അനുസരിച്ച് ഇനി എത്ര മണിക്കൂർ വായിക്കാനുണ്ട്എന്നൊക്കെ റീഡറിൽ താഴെ എഴുതിക്കാണിക്കും. ഒരു ദിവസം 2 മണിക്കൂർ വായിക്കാൻ തീരുമാനിച്ചാൽ പരമാവധി 5 ദിവസം. ഇലക്റ്റ്രോണിക്ക് വായനയിൽ വെളിച്ചം , അക്ഷരവലിപ്പം ഇവയൊന്നും വായനയെ തടസ്സപ്പെടുത്തില്ല. പ്രിന്ററ്റ്ഡ് ബുക്കുകളിൽ പലപ്പോഴും അക്ഷരവലിപ്പം ചെറിയ തടസ്സങ്ങൾ ഉണ്ടാക്കും. എന്നാലും നമ്മുടെ വായനശാലയിൽനിന്നെടുക്കുന്ന പുസ്തകങ്ങൾ ശരാശരി 300 പേജിന്ന് 3 ദിവസം ധാരാളം. 2 പുസ്തകത്തിന്ന് 6 ദിവസം. എന്നാലും 14 ദിവസം അശാസ്ത്രീയമാകുന്നത് 2 തരത്തിലാണ്. ഒന്ന്, ഒരു ബുക്ക് വായിക്കാൻ എത്ര സമയം എന്ന് പൊതുവെ കണക്കാക്കുന്നില്ല. രണ്ട്, അധികസമയം കൊടുക്കുന്നത് – അത്രസമയം വേണം എന്ന തെറ്റായ ധാരണഉണ്ടാക്കുകയും വായനാവേഗം വർദ്ധിക്കാനുള്ള ശ്രമം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഒന്നും മന:പ്പൂർവമാണെന്നല്ല. അത് ശ്രദ്ധയിൽപ്പെടുത്തുകയാണ് ഈ കുറിപ്പ്.
നമുക്ക് വായിക്കാൻ പറ്റും നമ്മുടെ വേഗതയിൽ. ലോകനിലവാരമാണ് 1 മണിക്കൂറിൽ 50-60 പേജ്. മലയാളം [ മാതൃഭാഷ] 100 പേജും ഇംഗ്ഗ്ലീഷ് 50-60 പേജും വായിക്കുന്നവർ ഉണ്ട്. വായനയെ ഗൗരവമായെടുത്തവർ വായിക്കാൻ എവിടെയും എപ്പോഴും സമയം കണ്ടെത്തുന്നു. തീവണ്ടിയാത്ര വലിയൊരു വായനാഇടമാണ് ഇവരിൽ പലർക്കും. വീട്ടുവായന ധാരാളം. ഡോ. ബി. ഇക്‌ബാലിനെപ്പോലുള്ളവർ ഫേസ്ബുക്കിൽ sunday reading എന്നൊരു പോസ്റ്റിൽ പുതിയ പുസ്തകങ്ങൾ കാണിച്ചുതരുന്നു. നിരവധി പേരുണ്ട് ഇങ്ങനെ ചെയ്യുന്നവർ. കിൻഡിൽ പോലുള്ള ഇലക്റ്റ്രോണിക്ക് ഉപകരണങ്ങൾ വായന അനായാസമാക്കുന്നു. വായനയുടെ രീതിതന്നെ മാറ്റിമറിക്കുന്നു ഇവ. കയ്യിൽ രണ്ടും മൂന്നും പുസ്തകമായി നടന്നിരുന്നവർ ഇന്ന് 500-600 പുസ്തകങ്ങളുമായി റീഡറുകളുമായി നടക്കുന്നു. ഒരു വർഷം 50 തിനും 100 നും ഇടക്ക് പുസ്തകങ്ങളാണിവർ വായിക്കുന്നത്.

വായനയുടെ തുടർച്ചയായ എഴുത്തും പ്രഭാഷണവും സാമൂഹ്യ – രാഷ്ട്രീയ പ്രവർത്തനങ്ങളും നടക്കും. നടക്കണം. വായന ഒരു പാക്കേജ് ആണ്. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരികപ്രവർത്തനങ്ങളടങ്ങിയ വലിയൊരു പാക്കേജ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here