എന്റെ കൂടെ ഡോ. രാജീവനുമുണ്ടായിരുന്നു. മാഷെ നീണ്ട മുപ്പതില്പരം വര്ഷം മുമ്പ് കണ്ടതാണ്. മാഷ് ഞങ്ങളെ തിരിച്ചറിയുമോ എന്ന കാര്യത്തില്‍ ആശങ്ക ഒട്ടും അലട്ടിയുമിരുന്നില്ല.
ഞാന്‍ ആഗ്രഹം പ്രകടിച്ചപ്പോള്‍ ഒരു ഓട്ടോ പിടിച്ച് ഹൗസിംഗ് കോളനിയിലേക്ക് പുറപ്പെട്ടു. മാഷ്ക്ക് വേണ്ടി കരുതിയ സമ്മാനപ്പൊതി രാജീവന്റെ കയ്യിലായിരുന്നു.
‘എന്താ ഇതില്..നല്ല ഭാരം.. ‘
‘അത് പറയില്ല..എന്തായാലും പ്രൈസല്ല..സര്പ്രൈസാ..’
വാതില്‍ മണിയില്‍ വിരലമര്‍ത്തിയപ്പോള്‍ അകത്ത് നിന്നും ‘ആരാ’ എന്ന ഉറച്ച സ്വരം കേട്ടു.
വാതില്‍ തുറന്നപ്പോള്‍ കറുത്ത കണ്ണടയ്ക്ക് പിന്നില്‍ തൂവെള്ളത്താടിയില്‍ മാഷ്. ഞാന്‍ കാലില്‍ തൊട്ടു.
‘ആരാ മനസ്സിലായില്ലാ..രണ്ടു മൂന്നു ദിവസമായി ഒരു കണ്ണു ദീനം.. അതാ ഈ കറുത്ത കണ്ണട.. മനസ്സിലായില്ലല്ലോ..കയറിയിരിക്ക്.. ‘
മാഷ് സ്വാഗതം ചെയ്ത് ചിരിച്ചു.
‘മാഷുടെ പഴയ സതീര്ഥ്യരാ.. ഒന്നു കാണാനുള്ള പൂതി കൊണ്ട് ഓടി വന്നതാ.. ‘
രാജീവനാണ് പ്രതിവചിച്ചത്.
‘ഒറ്റയ്ക്കാ.. കുട്ടികളൊക്കെ സ്റ്റേറ്റ്സില്‍…. എത്സി ഞങ്ങളെ വിട്ടു പോയിട്ട് വര്ഷം ഏഴു കഴിഞ്ഞു… സഹായിക്കാന്‍ ഒരു കുട്ടിയുണ്ട്.. ഇന്നവളുടെ അനിയത്തിയുടെ പ്രവേശനോത്സവം..ഇപ്പം വരും..നിങ്ങളൊന്നും കഴിച്ചു കാണില്ലല്ലോ..ഞാന്‍ കാപ്പിയെടുക്കാം..’
‘മാഷ് അതിഥി സല്ക്കാരത്തിലേക്ക് കടന്നു.
‘ഒന്നും വേണ്ടാ..’ സ്നേഹപൂര്വ്വം വിലക്കി.
‘മാഷ് മലയാളം ഉപേക്ഷിച്ച് ഇംഗ്ലീഷില്‍ ക്ലാസെടുക്കുന്നു എന്ന് കേട്ടു.. നമുടെ മധുരം മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയൊക്കെ ലഭിച്ച സ്ഥിതിക്ക് മാഷും മലയാളം വിട്ട്.. ‘
‘സംഗതി അതെല്ലടോ. ഇന്നത്തെ നമ്മുടെ കുട്ടികള്‍ ബഹു മിടുക്കരാ.. പക്ഷെ, അന്യസംസ്ഥാന കുട്ടികളുമായി തട്ടിച്ച് നോക്കുമ്പോള്‍ ആംഗലേത്തിന്റെ കാര്യത്തില്‍ വളരെ പൂവറാ..പിന്നിലും..ഒരുതരം മംഗ്ലീഷ് സംസ്കാരം.. നമ്മുടെ പഴയ കുറെ സതീര്ഥ്യര്‍ ചേര്‍ന്ന് ടൗണില്‍ ഒരു സ്ഥാപനം തുടങ്ങിയപ്പോള്‍ മലയാള ഭാഷ പോലെ ഇംഗ്ലീഷും നന്നായി എനിക്ക് വഴങ്ങുമെന്നവര്‍ എങ്ങനെയോ കണ്ടു പിടിച്ചു. ഞാന്‍ വഴങ്ങി. വിസമ്മതിക്കാന്‍ തോന്നിയില്ല. ടു ഇന്‍ വണ്‍.. വിദ്യാധനമല്ലേ….അതാ കാര്യം.. ‘
ഞങ്ങളുടെ വിശേഷങ്ങളുടെ നടുവിലേക്ക് പെണ്‍കുട്ടി കാപ്പിയും പലഹാരവുമായി വന്നു.
‘മേരി.. ബീഹാരിയാ..ഞാനവളെ നന്നായി നമ്മുടെ ഭാഷ കൈകാര്യം ചെയ്യാന്‍ പഠിപ്പിച്ചു.’
അവള്‍ ഞങ്ങള്ക്ക്യ നേരെ ഭവ്യതയോടെ കൈ കൂപ്പി.
ടീപ്പോയില്‍ മോഡിയുടെ മുഖചിത്രമുള്ള ഒരു ടൈം മാഗസീന്‍ കണ്ടു.
‘വേറെന്തെങ്കിലും പ്രത്യേകിച്ച്..അവരിപ്പം വണ്ടി അയയ്ക്കും.. ഇന്ന്‍ രണ്ടു ക്ളാസ്സുണ്ട്..ലേശം ധൃതിയുണ്ട്’ സപ്തതിയുടെ നിറവിലും മാഷ് തികച്ചും ഊര്ജ്ജിസ്വലന്‍.
‘വീണ്ടും ഒരു വായനാവാരം വന്നപ്പം ഞങ്ങള്‍ പ്രിയപ്പെട്ട മലയാളം മാഷെ ഓര്‍ത്തു ..നമ്മുടെ ഭാഷയ്ക്ക് ഇരട്ടി മധുരം മാതിരി കിട്ടിയ പദവി കൂടിയായപ്പം ഒന്ന്‍ വന്നു കാണുകയെന്നത് നിയോഗമായി..മനം നിറഞ്ഞു..’
”വളരെ സന്തോഷം..ഇങ്ങനെ പഴയ സതീര്ഥ്യരെ കാണുമ്പം മനസ്സ് പിടയ്ക്കും..ആദ്യമായി മലയാളം ക്ലാസ്സില്‍ ചെന്ന് നിന്നത് സ്മരിക്കും..’
നിമിഷങ്ങളോളം മാഷ് ഏതോ വിചാരങ്ങളിലേക്ക് കൂലം കുത്തി.
‘മാഷെക്കൊണ്ട് ഒരു ചെറിയ ആവശ്യം കൂടിയുണ്ട്..ഞാനെഴുതിയ കന്നിപ്പുസ്തകത്തിന് ഒരവതാരിക..നാമകരണം..മാഷ് ദയവായി നിരസിക്കരുത്..’
‘സന്തോഷമേയുള്ളൂ തന്നോളൂ..ഒരു ദിവസത്തിനകം സാധനം ഇ-മെയിലോ വാട്സാപ്പിലോ അറിയിച്ചാല്‍ പോരെ.’
‘വളരെ ഉപകാരം..’
‘ഇതൊരു ചെറിയ ഉപഹാരം..മാഷ്ക്ക് പ്രിയപ്പെട്ട സതീര്ഥ്യരെ എന്നെന്നും ഓര്‍ക്കാന്‍..’
‘ഞാന്‍ വീണ്ടും കാലില്‍ തൊട്ടപ്പോള്‍ മാഷ് വികാരനിര്‍ഭരനായി.
ടൗണിലേക്കുള്ള ബസ് കാത്ത് നില്ക്കുമ്പോള്‍ ഞാന്‍ രാജീവനോട് പറഞ്ഞു:
‘പാരിതോഷികമായി ഞാന്‍ മാഷ്ക്ക് നല്കിയത് മഹാഗ്രന്ഥങ്ങളുടെ ഒരു കിറ്റാ..ഖുറാന്‍, ബൈബിള്‍, രാമായണം.. നമ്മളോ വായിക്കുന്നില്ല..പ്രധാന കലഹങ്ങള്‍ക്കാ കാരണം മതപരമായ തമ്മിലടിയല്ലേ… നമ്മുടെ മാഷെങ്കിലും വായിച്ച് വളരെട്ടടോ..’
ഞങ്ങള്‍ ടൗണിലെത്തും മുമ്പ് മൊബൈലില്‍ മാഷുടെ സന്ദേശം കിട്ടി:
‘മുയ്യം, നമ്മുടെ നാടുമിപ്പം കടുത്ത മംഗ്ലീഷിന്റെ കെണിയിലും ഭീഷണിയിലുമാ..അതിനാല്‍ തന്റെ രചനയ്ക്ക് ഞാന്‍ ‘വായനാവീക്ക്’ എന്ന്‍ പേരിടുന്നു…വീക്കെന്നാല്‍ വാരമെന്നും, അടിയെന്നും, ക്ഷീണമെന്നുമൊക്കെ അര്‍ത്ഥമുണ്ടല്ലോ..നല്ലവരായ വായനക്കാര്‍ അവരുടെ സൗകര്യാര്ഥം പേരിന്റെ പൊരുള്‍ കണ്ടു പിടിച്ചോട്ടെ..നന്മകള്‍ നേരുന്നു.’
സ്തുതി പറയുന്നതിന് പകരം മാഷ് നിര്‍ദ്ദേശിച്ച ആ പേര് കേട്ട് എന്റെ കണ്ണുകള്‍ കരകവിഞ്ഞു.