വായനക്കാരിലേക്ക് ഊളിയിട്ടെത്തുന്ന നീലപ്പൊന്മാൻ

ഒരു പുസ്തകം കൈയിൽകിട്ടിയാൽ ഒന്ന് വാസനിച്ച്‌ നോക്കുന്ന പതിവ് പണ്ടേയുണ്ട്.

അങ്ങിനെ ” നീലപ്പൊന്മാ’ന്റെ ഏതോ ഒരു പേജ് പകുത്തെടുത്തൊന്നു വാസനിച്ച്‌ നോക്കി, അതേ… വായനയിലേക്ക് ആകർഷിക്കുന്ന ‘ പുസ്തകമണം ‘ കൊതിപ്പിക്കുന്ന ഗന്ധം…

സാധാരണ ഒരു പുസ്‌തനകം വായനക്കാരിലേക്ക് സമർപ്പിക്കപ്പെടുന്നത് ‘ അവതാരികയിലൂടെയാണല്ലോ. പുസ്തകമെന്ന ‘ നിലവറ’ യുടെ വാതിലായ അവതാരിക.

അതുകൊണ്ട് തന്നെ അവതാരിക കുറിക്കാനുള്ള നിയോഗം ആർക്കായിരുന്നു എന്നൊന്ന് മറിച്ചു നോക്കി ; ‘ആർ. രാജശ്രീ’ , ശരി നല്ലത് , മനസ്സു പറഞ്ഞു.

രാജശ്രീ മാഡം മോശമായ ഒരു പുസ്തകത്തിനു അവതാരിക എഴുതാൻ തയ്യാറാകില്ല!

ഒരു ചിത്രം അതൊരു കാർട്ടൂൺ ആയാൽപോലും ഒന്ന് കണ്ണിൽ തടഞ്ഞാൽ അതൊന്നു നോക്കി വായിച്ചിട്ടുതന്നെ കാര്യം എന്നതന്നെന്റെ രീതി. ഗ്രാന്മബുക്സ് ഇറക്കിയ പുസ്തകത്തിനു മാറ്റേകാൻ ചിത്രങ്ങൾ വരച്ചിരിക്കുന്നത് ‘സലിൽ റഹ്‌മാൻ ‘ ഇതൾ നദി’ ‘ കരുണാകരൻ പേരാമ്പ്ര’ എന്നിവർ. എല്ലാം തന്നെ കമനീയമായ കഥകളോട് ഒട്ടിചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ തന്നെ.

ചിലപ്പോഴൊക്കെ നാം സംശയിച്ച് പോകും കഥ ചിത്രത്തെ ആവാഹിച്ചോ അതോ ചിത്രം കഥയെ ആവാഹിച്ചോ എന്നൊക്കെ . ഇത്രയൊക്കെ വായിച്ച് കഴിഞ്ഞ വായനക്കാരൻ സംശയിച്ചേക്കാം ഒക്കെ പറഞ്ഞിട്ടും ‘സുനിൽ കോടതി ഫൈസലിന്റെ ‘ പേര് പറയാത്തത് എന്തുകൊണ്ടാണെന്ന്.

മറന്നതല്ല, അത്ര പുതിയ എഴുത്തുകാരനൊന്നുമല്ല. സാഹിത്യ വാരഫലത്തിലൂടെ എം. കൃഷ്ണനെ നായർ 2003-ൽ എക്സ്റ്റാബ്ലിഷ്‌ ചെയ്തു കഴിഞ്ഞ എഴുത്തുകാരനാണ് ആൾ.

പുസ്തകത്തിന്റെ ആദ്യ പേജിൽ തന്നെ ആ സാഹിത്യവാരഫല പേജിന്റെ പകർപ്പ് പുസ്തകത്തിന് അലങ്കാരമായി, തിലകക്കുറിയായിതന്നെ കൊടുത്തിട്ടുണ്ട് . 112 മിനിക്കഥകളിലാക്കി കാക്കത്തൊള്ളായിരം സമകാലിക വിഷയങ്ങൾ ഗോപ്യമാക്കി വച്ച് വായനക്കാർക്ക് നൽകാൻ സുനിലിലെ കഥാകാരൻ ശ്രമിച്ചിട്ടുണ്ട്.

‘സിന്ദൂരത്തിലൂടെ കടന്ന്’, ‘നീലപൊന്മാനേ കണ്ണാടി കാണിച്ച്’ കോവിഡ് കാലത്തിലൂടെ കടന്ന് ‘കരുതൽ നഷ്ടപ്പെട്ടോ’ എന്നൊക്കെയുള്ള ആശങ്ക കണ്ടില്ലെന്നു നടിച്ച് ‘പ്രതീക്ഷയുടെ പുതുപ്പിറവിയിലെത്തുമ്പോൾ’ ഈ എഴുത്തുകാരൻ അത്ര നിസ്സാരക്കാരനല്ല എന്ന് ബോധ്യമാകുന്നു.

ഈ പുസ്തകം നാല് ഖണ്ഡങ്ങളായാണ് വിന്യസിച്ചിരിക്കുന്നത്. കാലം തെറ്റിയ ചില രചനകളും പുസ്തകത്തിൽ എത്തിപ്പെട്ടിട്ടുണ്ട് എന്ന് കഥാകാരൻ ആദ്യം തന്നെ ക്ഷമാപണം നടത്തുന്നു.

വീട്ടിൽ ഓമനിച്ച് വളർത്തുന്ന ‘പപ്പി പൂച്ച’ വന്നു കാലിൽ മുട്ടിയുരുമിയപ്പോൾ ഞാൻ പുസ്തകത്തിലെ ‘മ്യാവു, മ്യാവു എന്ന കഥ വായിക്കുകയാണെന്ന് ഇവളെങ്ങിനെ അറിഞ്ഞു എന്നാലോചിച്ചു ?

കാമനയുടെ വിശപ്പാർത്തി ശമിക്കുമ്പോൾ ചൂടോ, തണുപ്പോ ഇഷ്ടമെന്ന് പരസ്പരം തിരയുന്ന വിവസ്ത്രധാരികളെ നമുക്ക് 105-)0 പേജിൽ കാണാം.

‘നീലപ്പൊൻമാൻ’ എന്ന കഥ വായിച്ചുകൊണ്ടിരുന്നപ്പോൾ വണ്ടിവിളിച്ച് പഴയ കാലത്തേക്ക് പോയി ഒന്നു കറങ്ങിവന്നു.

‘ഹണിമൂൺ കോട്ടേജ്’ എന്ന കഥയിലൂടെ എഴുത്തുകാരൻ കെട്ട കാലം വസന്തകാലത്തിനു വഴിമാറികൊടുക്കുമ്പോൾ പ്രകൃതിയും തന്നാലാകും വിധം മനോഹരമാക്കാൻ ശ്രമിക്കുന്ന കാഴ്ച വർണ്ണന.

‘വിശ്വാസം അന്ധവിശ്വാസം’ എന്ന കഥയിലൂടെ പതിമൂന്ന് ചീത്ത നമ്പറാണെന്നു വിശ്വസിച്ച് ആറേഴു കഷ്ണമാക്കി ആ ചീത്തപ്പേര് മാറ്റാൻ ശ്രമിക്കുന്നു.

‘മഹാമുനികൾ’ എന്ന കഥ ഇന്നത്തെ സമൂഹത്തിന്റെ പ്രതികരണ ശേഷിയുടെ അപചയത്തെ ചൂണ്ടിക്കാണിക്കുന്നു.

നീലപ്പൊൻമാൻ എടുത്തു ഷെൽഫിൽ വയ്ക്കുമ്പോൾ ഇരുനൂറു പേജിൽ എവിടെ നിന്നോ ഒരു ചോദ്യം

”എഴുത്തു മതിയാക്കിയോ? അപ്പോൾ എന്നെ പറ്റി ആരെഴുതും ? ”

ഇതാരപ്പാ എന്ന് നോക്കിയപ്പോൾ 153-)0 പേജിൽ നിന്നാണ് ചോദ്യം. ‘തീ ‘എന്ന കഥ.

ശരിയാണ് പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചെടുക്കാൻ പറ്റില്ല, എന്തും എഴുതുന്നതിനു മുൻപ് മനസിന്റെ മൂശയിലിട്ടൊന്നു പാകപ്പെടുത്തിയെടുക്കണം.

പുതുകാലത്തെ എഴുത്തുകാർക്ക് രചനാസമൂഹത്തിനു കൊടുക്കുന്നതിനു പ്രൂഫ് റീഡർ, സബ് എഡിറ്റർ, എഡിറ്റർ എന്നൊക്കെയുള്ള അരിപ്പകൾ വേണ്ട. അപ്പോൾ ദത്തശ്രദ്ധ വളരെ വലുതാണ്. പരസ്പരം പിണങ്ങി നിൽക്കുന്ന വാക്കുകകളെ അടുപ്പിച്ച് നിർത്തണം, കുത്ത്, കോമ, ചിഹ്നങ്ങൾ തുടങ്ങിയവ എല്ലാം കഴിഞ്ഞ് പലവട്ടം മാറ്റിയെഴുതി, ഫ്രൂഫ് റീഡറുടെയും , എഡിറ്ററുടെയും കർമങ്ങൾ നിർവഹിച്ചേ പോസ്റ്റ് ബട്ടന്റെ കവിളിൽ വിരൽ തൊടാവൂ.

കഥ തന്റെ 123-മത്തെ പേജിലേക്ക് കയറിപ്പോയത് സംതൃപ്തിയോടെയായിരുന്നു…

 

 

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English