‘വയലാർ സമരം’: ചരിത്രത്തിന്റെ വഴിയിലൂടെ അറിയപ്പെടാത്ത ഏടുകൾ തേടി

വയലാർ സമരത്തിന്റെ കാണാത്ത ഏടുകളിലൂടെ ഒരു യാത്രയാണ് എം.ഇ.അർതർ എഴുതിയ ‘വയലാർ സമരം’. വ്യക്തമായ ബോധ്യത്തോടെ അന്ന് നടന്ന ചരിത്ര സംഭവങ്ങളെ എഴുത്തുകാരൻ അവതരിപ്പിച്ചിരിക്കുന്നത് തികഞ്ഞ രാഷ്ട്രീയ ബോധ്യത്തോടെയാണ്.   പുസ്തകത്തിന് കമലൻ കുമാരൻ എഴുതിയ കുറിപ്പ് വായിക്കാം

 

1943 മെയ് 23 മുതൽ ജൂൺ 1വരെ ബോംബയിൽ വെച്ച് നടന്ന കമ്മ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ഒന്നാം കോഗ്രസ്സിൽ എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു വയലാർ -പുന്നപ്ര സമരം .
“ആർ .ഐ .എൻ കലാപം ,പുന്നപ്ര -വയലാർ സമരം ,തെലുങ്കാനയിലെ സായുധസമരം തുടങ്ങിയ എണ്ണമറ്റ ഫ്യൂഡൽ വിരുദ്ധ –സാമ്രാജ്യത്വവിരുദ്ധ സമരങ്ങളിൽ കമ്മ്യൂണിസ്റ് പാർട്ടി നേതൃത്വം നൽകിയത് ,പ്രഥമ കോൺഗ്രസ്സിന്റെ മാർഗദർശനമനുസരിച്ചാണ്.”(പാർട്ടി കോൺഗ്രസ്സുകളുടെ ചരിത്രം എന്ന ഗ്രന്ഥത്തിൽ പാർട്ടി കോൺഗ്രസ്സിന്റെ പ്രാധാന്യത്തെ കുറിച്ചു പ്രകാശ് കാരാട്ടിന്റെ കുറിപ്പിൽ നിന്നു)
1942 ആഗസ്റ്റിലെ ക്വിറ്റ് ഇന്ത്യാ സമരവും അതിനെ തുടർന്നു രാജ്യമൊട്ടാകെ അലയടിച്ച ബ്രിട്ടീഷ്സർക്കാർ സൃഷ്ടിച്ച കൃതൃമ ഭക്ഷ്യക്ഷാമം കേരളത്തേയും ബാധിച്ചു. ചേർത്തല താലൂക്കിൽ മാത്രം ഇരുപതിനായിരത്തൽ പരം പട്ടിണി മരണങ്ങളുണ്ടായി. താറാവിന് തീറ്റയായി നൽകാറുള്ള പനനൊങ്കു( പന -തടിയുടെ വിളയാത്ത ഭാഗം) കഴിച്ച് വിശപ്പടക്കേണ്ടി വന്ന സാധു മനുഷ്യരുടെ കഥയും നമുക്കറിയാം.അതിനുമുമ്പുള്ള വയലാറിന്റെ ഒരു സാമൂഹ്യ സ്ഥിതി സുപ്രസിദ്ധ ചരിത്രകാരനായ ശ്രീധരമേനോൻ നൽകുന്നുണ്ട് .:–
*ജന്മി –തൊഴിലാളി സംഘട്ടനങ്ങൾ*
—————————————————-
‘ശക്തരായ ജന്മി –മുതലാളി വർഗം ഒരു ഭാഗത്തും ചൂഷണത്തിന് വിധേയരായ തൊഴിലാളിവർഗം മറുഭാഗത്തും നിലയുറപ്പിച്ചതോടെ ആലപ്പുഴ -ചേർത്തല പ്രദേശത്തു രൂക്ഷമായ സംഘട്ടനങ്ങൾ നിത്യ സംഭവങ്ങളായി .ക്രമസമാധാനനില വഷളായതിനെത്തുടർന്ന് പോലീസും പട്ടാളവും ആലപ്പുഴ -ചേർത്തല ഭാഗത്ത്‌ വ്യന്യസിക്കപ്പെട്ടു .ക്രമാസമാധാനപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അവർക്ക് വിപുലമായ അധികാരങ്ങൾ നൽകിയിരുന്നു .പക്ഷെ ,ജന്മി –മുതലാളി വർഗത്തിനാണ് അവർ യഥാർത്ഥത്തിൽ സംരക്ഷണം നൽകിയത് .കർഷകർക്കും തൊഴിലാളികൾക്കും സർക്കാരിന്റെ ശക്തമായ മർദ്ദനനടപടികൾ നേരിടേണ്ടിവന്നു .നേരത്തെതന്നെ ദിവാൻ ഭരണത്തിനെതിരെ ശബ്ദമുയർത്തിയിരുന്ന തൊഴിലാളി വർഗം ഇപ്പോൾ കൂടുതൽ നിശ്ചയദാർഢ്യത്തോടെ തന്നെ സർക്കാരിന്റെ മർദ്ദന നടപടികളെ നേരിടാൻ തയ്യാറായി .'(പുന്നപ്ര വയലാറും കേരളചരിത്രവും ,പ്രൊഫസർ .എ .ശ്രീധരമേനോൻ –പുറം 19)
(തുടരും)

(ഭാഗം 2)
വയലാർ –പുന്നപ്ര സമരദുരന്തത്തെ ആസ്പദമാക്കി ധാരാളം ചരിത്ര ഗ്രന്ഥങ്ങൾ നിലവിലുണ്ട് .രചയിതാക്കളിൽ ചിലർ അനുഭവസ്ഥരാണ്.ചിലരാകട്ടെ സാക്ഷിമൊഴികളെ ആസ്പദമാക്കിയാണ് ഗ്രന്ഥം ചമച്ചിട്ടുള്ളത് .ഇനിയൊരു കൂട്ടരുണ്ട് .അവർ കേട്ടുകേഴ്‌വിയെ അടിസ്ഥാനമാക്കി ഗ്രന്ഥരൂപം നൽകിയവരാണ് . വയലാർ -പുന്നപ്ര സമരം ഒരു ഇടനാടൻ വീരഗാഥ പോലെ വായിച്ചു രസിക്കാൻ പറ്റുന്ന ഗ്രന്ഥങ്ങളും ഇന്നു വിപണിയിൽ സുലഭമാണ് .
പുന്നപ്രവയലാർ സമരം കഴിഞ്ഞു കാൽ നൂറ്റാണ്ടിനു ശേഷം മാത്രമാണല്ലോ ഇതുസംബന്ധിച്ചുള്ള വിവരണങ്ങൾ പുസ്തകരൂപത്തിൽ വെളിച്ചം കണ്ടുതുടങ്ങിയത് .1972 ൽ കെ .സി .ജോർജ് എഴുതിയ പുന്നപ്രവയലാർ തുടങ്ങി പുന്നപ്ര -വയലാർ സമരത്തിന്റെ കാണാപ്പുറങ്ങൾ എന്ന അഡ്വക്കേറ്റ് .പി .എസ് .ശ്രീധരപിള്ള 1997ൽ പുറത്തിറക്കിയ ഗ്രന്ഥത്തിന്റെ 2016ലെ പുതിയപതിപ്പു ഉൾപ്പടെ അനേകം രചനകൾ എന്റെ വായനാ മുറിയിൽ ഇടം നേടിയിട്ടുണ്ട് .ഇവയിൽ പി .കെ .വി .കൈമളുടെ ഒരു പ്രബന്ധരചനയുംപെടും .
പുന്നപ്ര വയലാറിനെ കുറിച്ചു പറയുമ്പോൾ കമ്മ്യൂണിസ്റ്റുകാർക്ക് ഒരിക്കലും വിസ്മരിക്കാൻപറ്റാത്ത ഒരു വക്കീലാണല്ലോ കളത്തിൽ വേലായുധൻ നായർ .തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ഒരു സജീവ പ്രവത്തകനും ശ്രീ .പട്ടം താണുപിള്ളയുടെ വിശ്വസ്ത സേവകനുംകൂടിയായിരുന്നു വേലായുധൻ നായർ ..കമ്മ്യൂണിസ്റ് പ്രതികളുടെ വക്കാലത്തു ഏറ്റെടുത്തതിനോട് പട്ടത്തിനു യാതൊരു എതിർപ്പും അന്നുണ്ടായിരുന്നില്ലെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .ജന്മിയായ കുട്ടിയാട്ടു ശിവരാമപ്പണിക്കരുടെ കാര്യസ്ഥനായ നാലുകെട്ടിൽ രാമനെ വധിച്ച സമരസേനാനികൾക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് അദ്ദേഹമാണ് .പ്രതികളായ ഇരുപതുപേർക്കു സെഷൻസ് കോടതി നൽകിയ ജീവപര്യന്ത ശിക്ഷ ഇളവ് ചെയ്യിപ്പിക്കാൻ അദ്ദേഹത്തിന്റെ വാദമുഖങ്ങൾക്ക് കഴിഞ്ഞു .അങ്ങനെ കളത്തിൽ വേലായുധൻ നായർ കമ്മ്യൂണിസ്റ്റുകാരുടെ ഇഷ്ടതോഴനായി .മറ്റു ചരിത്രകാരന്മാരെ അപേക്ഷിച്ച് താൻ പറയുന്നതാണ് കുറച്ചുകൂടി വസ്തുനിഷ്ഠമെന്നു കളത്തിൽ വേലായുധൻ നായർ പറയുന്നുണ്ട് .:—-” വർഷംതോറും തുലാമാസത്തിൽ ചേർത്തല താലൂക്കിലെ വയലാർ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ രക്ഷസാക്ഷി ദിനവും കമ്മ്യൂണിസ്റ്റിതരർ വഞ്ചനാദിനവും ആചരിച്ച് വരുന്നുണ്ടല്ലോ.രക്തസാക്ഷി ദിനാചരണത്തിനും വഞ്ചനാദിനാചരണത്തിനും കാരണമായിട്ടുള്ളത് ഒരേ സംഭവമാണ്. ആ സംഭവത്തിന് ഇരുകൂട്ടരും നൽകുന്ന വ്യാഖ്യാനമനുസരിച്ചാണ് ആചരണം നടക്കുന്നതെന്നു മാത്രം. ഈ സംഭവം തിരുവിതാംകുറിലെ രാഷ്ട്രീയ മണ്ഡലത്തിൽ സുപ്രധാനവും ദൂരവ്യാപകവുമായ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ സംഭവത്തിനു ശേഷം അനവധി കമ്മ്യൂണിസ്റ്റ്കാരുടെ മേൽ രാജ്യദ്രോഹം ചുമത്തി. സർക്കാർ എടുത്തിരുന്ന മിക്കവാറും എല്ലാ കേസുകളിലും പ്രതിഭാഗം വക്കീലായി ഞാൻ ഹാജരായിരുന്നു.അതു കൊണ്ടു ഈ സംഭവത്തെ സംബന്ധിച്ചുള്ള ഈ പുസ്തകത്തിലെ സമീപനം മുമ്പു ഇതിനെപ്പറ്റി പുറത്തുവന്നിട്ടുള്ള മറ്റു പ്രതിപാദനങ്ങളെയപേക്ഷിച്ച് വ്യത്യസ്തമാണെങ്കിലും കുറേക്കൂടി വസ്തു നിഷ്ടമാണ്.”(എന്റെ സഞ്ചാരപഥങ്ങൾ –കളത്തിൽ വേലായുധൻ നായർ -പുറം 102.—1978 ലെ ആദ്യപതിപ്പു )
ഇപ്പോൾ എന്റെ മുന്നിൽ ഇരിക്കുന്ന ‘വയലാർ സമരം അറിയപ്പെടാത്ത ഏടുകൾ ‘എന്ന എം .ഇ .ആർതർ എഴുതിയ പുസ്തകം മറ്റുള്ള പുസ്തകങ്ങളെ അപേക്ഷിച്ച് വേറിട്ടു നിൽക്കുന്നു .ഇതുവരെ നമ്മളുടെ ശ്രദ്ധയിൽപെടാത്ത ദുരൂഹമായിക്കിടന്ന പല സുപ്രധാന സംഭവങ്ങളും ഈ ഗ്രന്ഥത്തിലൂടെ വെളിച്ചപ്പെടുന്നുണ്ട് .എം .ഇ .ആർതർ എഴുതിയ ശ്രദ്ധേയമായ മറ്റൊരു കൃതിയാണ് ‘ലാലാ ലജ്പത്‌റായ് ‘എന്ന ജീവ ചരിത്ര ഗ്രന്ഥം

നമ്മുടെ സഞ്ചിത വിശ്വാസം തകിടം മറിക്കുന്ന കൃതിയാണ് എം.ഇ.ആർതർ എഴുതിയ *’വയലാർ സമരം അറിയപ്പെടാത്ത ഏടുകൾ*
അര നൂറ്റാണ്ടിനു മുൻപ് അദ്ദേഹം എഴുതിയ ‘വയലാർ സമരം നീറുന്ന ഓർമ്മകൾ ‘എന്ന ഗ്രന്ഥത്തിന്റെ പുനരാവിഷ്ക്കാരമാണ് നൂറ്റിമുപ്പത്തിരണ്ടു പുറങ്ങളോളം വരുന്ന ഈ ലഘു ചരിത്ര ഗ്രന്ഥം.
1946ൽ അമ്പലപ്പുഴ ചേർത്തലഭാഗം കലാപകലുഷിതമായപ്പോൾ സർക്കാർ ഈ രണ്ടു താലൂക്കുകളിലും പട്ടാള നിയമം പ്രഖ്യാപിച്ചു .കമ്മ്യൂണിസ്റ്റുകാർ ഭരണകൂടത്തിനെതിരെ സായുധകലാപത്തിനൊരുങ്ങുന്നു എന്നതാണതിന് കാരണം .നാട്ടിൽ സമാധാനം പരിപാലിക്കാൻ തിരുവിതാംകൂർ മഹാരാജാവ് നിയോഗിച്ചത് അന്നത്തെ തുരുവിതാംകൂർ പട്ടാള മേധാവിയായിരുന്ന വി .എൻ .പരമേശ്വരൻ പിള്ളയെ ആയിരുന്നു .മാർഷൽ ലോ അഡ്മിനിസ്ട്രേറ്റർ ആയിട്ടാണ് രാജാവ് അദ്ദേഹത്തെ നിയോഗിച്ചത് .
രണ്ടാം ലോകമഹായുദ്ധത്തിൽ പ്രശസ്ത സേവനത്തിനു ബ്രിട്ടീഷ് ചക്രവർത്തിയിൽനിന്നും ഓർഡർ ഓഫ് ബ്രിട്ടീഷ് എംപറർ എന്ന ബഹുമതി നേടിയ ആദ്യത്തെ ഭാരതീയനായ മലയാളിയായിരുന്നു വി.എൻ.പരമേശ്വരൻ പിള്ള. ഭാരത വൈസ്രോയി വേവൽ പ്രഭുവിന്റെയും (20.10.1943)മൗണ്ട് ബാറ്റൻ പ്രഭുവിന്റെയും എ.ഡി.സി. ആയി ഈ മലയാളി ജോലിയിൽ ഇരുന്നിട്ടുണ്ട് . അതുപോല തന്നെ ചിത്തിരതിരുനാളിന്റെ എ.ഡി.സി.യായും പരമേശ്വരൻ പിള്ള സേവനം ചെയ്തിരുന്നതായി ഈ പുസ്തകത്തിൽ നിന്നറിയാം .
പട്ടാളം നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞാൽ പിന്നെ പൊലീസിന് ഒരു ജോലിയും അവിടില്ല .കാരണം അവർ സിവിൽ ഭരണാധികളാണല്ലോ .പക്ഷെ നേരെവപരീതമാണ് ഇവിടെ സംഭവിച്ചതു .അന്നത്തെ പോലീസ് മേധാവിയായിരുന്ന ഐ .ജി .പാർത്ഥസാരഥി അയ്യങ്കാരോടു ഡ്യൂട്ടിയിൽ നിന്നു പിന്മാറണമെന്ന് പരമേശ്വരൻപിള്ള ആവശ്യപ്പെട്ടുവെങ്കിലും അയ്യങ്കാർ കേട്ടഭാവംപോലും നടിച്ചില്ല .പട്ടാളമേധാവിയോട് ധിക്കാരമായ്‌ ചാടിക്കയറുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത് .തന്നെ നിയമിച്ചത് വൈസ് കേണൽ ഇൻ ചീഫ് ആണെന്ന് അയ്യങ്കാർ മറുപടി പറഞ്ഞു .പാരമേശ്വരൻപിള്ള അറിയാതെ തന്റെ മേലധികാരിയായി സർ സി .പി .യെ രാജാവ് തിരുകി കയറ്റുകയായിരുന്നുവെന്നു പറയപ്പെടുന്നു .രാജാവാണോ മറ്റാരെങ്കിലുമാണോ അതോ സർ .സി .പി .സ്വമേധയാ ആ പദവി ഏറ്റെടുത്തതാണോയെന്നൊന്നും ഇപ്പോൾ പറയാൻ കഴിയില്ല .
ഒരു ഭാഗത്തു ആയുധധാരികളായ വൻ കാലാൾപ്പട .മറുഭാഗത്തു ശിലായുധങ്ങളുമായി തെഴിലാളി സംഘങ്ങൾ .പട്ടാളത്തിന് ആഞ്ജനൽകുന്നത് പോലീസ് മേധാവിയായ വൈദ്യനാഥ അയ്യർ .ഈ മൂന്നു അയ്യരുമാരുംകൂടി ചേർന്നാണ് വയലാറിലെ കൂട്ടക്കൊല നടത്തിയത് .ഈ നരഹത്യ കണ്ടു നിസ്സംഗനായി നിൽക്കാൻമാത്രമേ പരമേശ്വരൻപിള്ളക്കായുള്ളു .പിള്ളയുടെ മനസ്സ് ആകെ തകർന്നു .രണ്ടു വർഷത്തെ സർവീസ് ബാക്കി നിൽക്കെ അദ്ദേഹം രാജാവിന് രാജി നൽകി സന്യാസ ജീവിതം നയിച്ചു സ്വാമിപരേശാനന്ദയായി .തിരുവനന്തപുരത്തു കവടിയാർ ഗോൾഫ് ലിങ്ക് റോഡിൽ ഹരി ഓം എന്ന ആശ്രമം അദ്ദേഹത്തിന്റേതാണ് .ഇക്കാലത്തു അദ്ദേഹം വലിയപടത്തലവൻ, കൈലാസതീർത്ഥാടനം എന്ന പേരിൽ രണ്ടു പുസ്തകങ്ങളും എഴുതി.വലിയ പടത്തലവൻ എന്ന പുസ്തകം ആർതർ സാറിന്റെ പക്കലുണ്ടായിരുന്നെങ്കിലും അത് നഷ്ടപ്പെട്ടു.ആർക്കോ വായിക്കാൻ കൊടുത്തത് തിരിച്ചേല്പിച്ചില്ലത്രെ (ക്രോസ്സ് ബെൽറ്റും ധരിച്ചു നിക്കുന്ന ഫോട്ടോ പരമേശ്വരൻ പിള്ളയുടേതാണ് )
തന്റെ പ്രജകളുടെ ദാരുണാന്ത്യം അറിഞ്ഞു മഹാരാജാവ് ഏറെ ദുഃഖിതനായി എന്ന്‌ ഗ്രന്ഥകാരൻ പറയുന്നുണ്ടെങ്കിലും അത് ശെരിയായിരുന്നോയെന്നു സംശയമുണ്ട് .
സുപ്രസിദ്ധ യുവ ചരിത്രകാരനായ മനു എസ്സ് .പിള്ള എഴുതിയ ഐവറി ത്രോൺ എന്ന ഗ്രന്ഥത്തിന്റെ പതിനെട്ടാം അധ്യായമായ റിവേഴ്‌സ് ഓഫ് ബ്ളഡിൽ കുറിച്ചിരിക്കുന്നതു് വായിക്കുക.:—-“The distance of the regime ,in an ivory tower of its own ,sheilded loyally by Sir.CP,was perhaps most evident in that while the streets flowed with the blood of his subjects in Punnapra-Vayalar ,the Maharajah was busy in the capital making merry with the Governor of Madras and other distinguished guests at a grand banquet “.,ലൂയി യുവേക്കർക്കും ഡിക് കൂയ് മനും ചേർന്നെഴുതിയ ‘നോ എലിഫന്റ്സ ഫോർ മഹാരാജാ’എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് മനു എസ്സ് പിള്ളയുടെ പരാമർശം -പുറം 466). വി .എൻ .പരമേശ്വരൻ പിള്ളയെ കുറിച്ചു ഐവറി ത്രോണിൽ പരാമർശമില്ല .

*ഇങ്ങനെയും ഒരു മുതലാളിയോ ?*
————————————————–
‘അവനിവനെന്നറിയുന്നതൊക്കെ യോർത്താൽ,
അവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കുന്നവ-
യപരന്നു സുഖത്തിനായ് വരേണം’
എന്ന ഈ ഗുരുദേവ സൂക്തം ജീവിത വ്രതമായി സ്വീകരിച്ച ഒരു കയർ മുതലാളി വയലാർ സമരകാലത്തു ചേർത്തലയിൽ വസിച്ചിരുന്നു. ദേവസ്വം ചിറ കൊച്ചയ്യപ്പന്റെ മകൻ ദേവസ്വംചിറ രാമൻ.സവർണ്ണ ജൻമി മാർക്കു സമാന്തരമായി വളർന്നു വന്ന ഒരു അധഃകൃത കയർ മുതലാളി.കയർതടുക്കു വിപണിയിലൂടെയാണദ്ദേഹം പ്രശസ്തനായത്.രാമൻ മുതലാളിയുടെ വ്യാപാര വളർച്ചയിൽ ആലപ്പുഴ പട്ടണവാസിയായ പാപ്പാ സ്വാമിക്കും ഒരു നിർണ്ണായക പങ്കുണ്ട്.(തമിഴ് നാടക സംഘമായ രാജമാണിക്യം കമ്പനി തമ്പടിച്ചിരുന്നത് പാപ്പാസ്വാമിയുടെ ഭവന സങ്കേതത്തിലായിരുന്നുവെന്നോർക്കുക)
അഗതികളെയും അശരണരെയും രാമൻ മുതലാളി കൈഅയച്ചു സഹായിച്ചിരുന്നു .വീടില്ലാത്തവർക്ക് വീടും രോഗികളായ തൊഴിലാളികൾക്കു ചികിത്സക്കുള്ള പണവും അദ്ദേഹം നൽകിവന്നു .മറ്റു കമ്പനികൾ നൽകുന്നതിനേക്കാൾ കൂടുതൽ കൂലി രാമൻ മുതലാളി തൊഴിലാളികൾക്കു നൽകിക്കൊണ്ടിരുന്നു .അങ്ങനെ ദേവസ്വം ചിറ രാമൻ മുതലാളി തൊഴിലാളികളുടെ ആരാധനാപാത്രമായി എന്ന്‌ മാത്രമല്ല സർക്കാരിന്റെ മിത്രവും കൂടിയായിരുന്നു അദ്ദേഹം .
എസ്സ് .എൻ .ഡി .പി .കാരനായ രാമൻ മുതലാളി ഒരു ഉറച്ച കോൺഗ്രസ്സ് അനുഭാവിയുമായിരുന്നു .
നാലുകെട്ടുങ്കൽ രാമൻ വധത്തെത്തുടർന്നു നാട്ടിൽ സ്വൈരജീവിതം അസാധ്യമായി. തൊഴിലാളികളെ അവരുടെ വീടുകളിൽ നിന്നു പിടിച്ചിറക്കി കൊണ്ടുപോയി മർദ്ദിച്ചവശരാക്കാൻ തുടങ്ങി.പോലീസിന്റെ യും റൗഡികളുടെയും ക്രൂര മർദ്ദനങ്ങളെ നേരിടാൻ തൊഴിലാളികൾ ക്യാമ്പ് ജീവിതം ആരംഭിക്കാൻ തുടങ്ങി . അഞ്ചു ക്യാമ്പുകളിലായി രണ്ടായിരത്തിലധികം തൊഴിലാളികൾ ചേർത്തല താലൂക്കിൽ മാത്രം കേന്ദ്രീകരിച്ചിരുന്നതായി ദി ഐവറി ത്രോൺ എന്ന വിഖ്യാത ഗ്രന്ഥത്തിൽ ഗ്രന്ഥകർത്താവായ മനു.എസ്.പിള്ള രേഖപ്പെടുത്തിയിട്ടുണ്ട് :—“In response to the Dewan’s intimidation ,the unions set up ‘people’s camps of their own ,with vounteers armed with spears and country weapons ;the camps in shertallai alone had 2,378 wokers ,ready for a confrontation with the government “(The Ivory Throne –Manu.S.Pillai –465-66)
തൊഴിലാളികളുടെ കൂട്ടം കൂട്ടമായുള്ള ഈ വരവ് ചേർത്തല താലൂക്കിൽനിന്നു മാത്രമായി ഒതുങ്ങുന്നില്ല .ബ്രിട്ടീഷ് മലബാറിൽനിന്നുള്ളവരും പെടുമെന്നാണറിവ് .ആർതർ സാറിന്റെ പുസ്തകത്തിൽ ഇതേക്കുറിച്ചു സൂചനയില്ല. ക്യാമ്പുകളിൽ എത്തിയവർ മഹാഭൂരിപക്ഷം പേരും പട്ടിണിയകറ്റാൻ എത്തിയവരാണെന്നൊരു നിരീക്ഷണമുണ്ട്. ഭക്ഷണം മുടങ്ങാതെ ലഭിക്കുമല്ലൊ.
ക്യാമ്പുകളിൽ ആയിരക്കണക്കിനു വരുന്ന തൊഴിലാളികൾക്ക് ഭക്ഷണം പാചകം ചെയ്യാൻ അനിവാര്യമായ ചെമ്പും ഓട്ടു പാത്രങ്ങളും മറ്റും നൽകിയത് രാമൻ മുതലാളിയാണ് . ഈ പാത്രങ്ങളിലൊക്കെ രാമൻ മുതലാളിയുടെ പേരു അടയാളപ്പെട്ടു കിടപ്പുണ്ട്.
സർക്കാരുമായി ഒരു സായുധ സമരമാണ് തൊഴിലാളികൾ ലക്ഷ്യമിടുന്നതെന്ന് രാമൻ മുതലാളിക്കു ബോധ്യമായി തൂടങ്ങി.അങ്ങനെ സംഭവിച്ചാൽ ഏറ്റവും കൂടുതൽ ജീവനാശം സംഭവിക്കാൻ പോകുന്നത് താൻ കൂടി ഉൾപ്പെട്ട ഈഴവ സമുദായത്തിനാണ്. തൊഴിലാളികളെ ഈ സാഹസത്തിൽ നിന്നു പിന്തിരിപ്പിക്കാൻ അദ്ദേഹം എസ്.എൻ.ഡി.പി.ജനറൽ സെക്രട്ടറി ശ്രീ .ആർ.ശങ്കറിനെ കൊല്ലത്തുേപായി കണ്ടു .ഇതേതുടർന്ന് ആർ.ശങ്കർ .സർ. സി .പി.യെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ ചെന്നു കാണുന്നു. ഏറ്റുമുട്ടൽ ഒഴിവാക്കാൻ സർ.സി.പി.ആർ.ശങ്കറിനെ ദൂതനായി ചുമതലപ്പെടുത്തുന്നു. ശങ്കർ ചേർത്തലയിലെത്തി സമര നേതാവായ സി.കെ.കുമാര പണിക്കരെ (വയലാർ സ്റ്റാലിൻ)കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നു. ക്യാമ്പുകൾ പിരിച്ചു വിടുന്നതിന് പണിക്കർക്ക് എതിർപ്പില്ലായിരുന്നു. എന്നാൽ രണ്ടു നേതാക്കൾക്ക് ശങ്കറിന്റെ ഉപദേശം അസ്വീകാര്യമായിരുന്നു. അങ്ങനെ ഏറ്റുമുട്ടാൻതന്നെ തൊഴിലാളി സംഘടന തീരുമാനിച്ചു.
പുന്നപ്ര വയലാർ സമരം സാമുദായികവും രാഷ്ട്രീയവും കൂടിക്കലർന്ന ഒരു വിപ്ലവമായിരുന്നു എന്ന്‌ അരശർ കടവിൽ .എ .എം .ജോസി എഴുതിയ .പുന്നപ്ര സമരം എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട് .തകഴിയുടെ ഒരു ലേഖനം ആസ്പദിച്ചുള്ള പരാമർശമാണിത് ;—“പുന്നപ്രയിലേയും വയലാറിലെയും സമരങ്ങൾ തമ്മിൽ വ്യത്യാസമുണ്ട് .ജന്മിത്വത്തിനു എതിരായ സമരമായിരുന്നു വയലാറിൽ .ജന്മിത്വം കൊടികുത്തിവാണിരുന്ന സ്ഥലമായിരുന്നു ചേർത്തല താലൂക്ക് .അതിനെതിരെയുള്ള സമരത്തിന്റെ ഛായ വയലാർ സമരത്തിനുണ്ട് .പുന്നപ്രയെപ്പറ്റി അത് പറയാനാവില്ല .ജന്മികളില്ലാത്ത സ്ഥലമായിരുന്നു പുന്നപ്ര .നാട് മുഴുവൻ ജന്മിത്വമുള്ള കാലമായതിനാൽ ആ നിലക്ക് പുന്നപ്രയിലും ജന്മിത്വമുണ്ടായിരുന്നു .പക്ഷെ ,ശക്തമല്ല ,ചേർത്തലയിൽ അതല്ലാതാനും .വയലാറിലെ സമരത്തിന്റെ ചരിത്രം നോക്കിയാൽ കുറച്ചു ജാതികൂടെ കാണാൻ കഴിയും .പുന്നപ്രയിൽ അത് തീരെയില്ല .രണ്ടും രണ്ടു സമരമാണ് .ഒരേ കാലഘട്ടത്തിൽ നടന്നുവെന്ന് മാത്രം “(പുന്നപ്ര -വയലാർ രണ്ടുതരം സമരം :തകഴി ശിവശങ്കര പിള്ള ,മനോരമ 1996,ഒക്ടോബർ 20)—
(പുന്നപ്ര സമരം -എ .എം .ജോസി ,അരശർ കടവിൽ —-പുറം 17)
‘വയലാർ സമരം അറിയപ്പെടാത്ത ഏടുകൾ’ എന്ന ഈ ഗ്രന്ഥത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത് ചേർത്തലയിലെ കണ്ണിമിറ്റം സ്വദേശിയായ എം .ആർതർ എന്ന അധ്യാപകനാണ് .വയലാർ സമരം നടക്കുമ്പോൾ അദ്ദേഹത്തിന് അന്ന് ഇരുപത്തിയൊന്ന് വയസ്സുണ്ട് .

*ചേർത്തല താലൂക്കിലെ വിവിധ ക്യാമ്പുകളിലെ അന്തേവാസികളായ തൊഴിലാളികളുടെ എണ്ണം പരസഹസ്രം !.
വധിക്കപ്പെട്ടവരും പരസഹസ്രം ?ഒരന്വേഷണം*
പുന്നപ്ര -വയലാർ -പി .എച്ച് .ഡി .ഗവേഷക പ്രബന്ധകാരനായ ശ്രീ .പി .കെ .വി .കൈമൾ തന്റെ റിവോൾട് ഓഫ് ഒപ്രസ്ഡ് എന്ന പ്രബന്ധത്തിൽ പറയുന്നത് ഇവിടെ പകർത്താം :— “In the meanwhile preparations were going on in full swing for a large scale confrontation with the Government forces in the taluqs of Cherthala and Ambalapuzha which form the present day Alleppey district of Kerala State .A number of labour camps were established in these two taluqs .The more important of the camps in Cherthala taluq were organized at places such as Vayalar ,north Vayalar ,Olathala ,Menassery,Vettukad ,
kalavamkodam ,Puthanangadi ,Muhamma and Mararikulam.The number of labourers in the camps was swelling day by day .The four camps at Vayalar ,Olathala ,Varekad,and Menassery had a strength of 1,641in the beginning that is by the middle of the October 1946.On a head count taken in these camps on 20 October ,it was found that the number had increased to 2,456.As the number had already become unmanageable,the local action committee decided not to recruit any more persons.But the labourers were still pouring in to the camps and the local action committee was unable to check the flow of labourers in to the camps at the time of military firing is unknown .”(Chapter VII-The Revolt–169)
വയലാർ സ്റ്റാലിൻ എന്ന പതിതോദ്ധാരകൻ അഥവാ ചേർത്തലയിലെ ആറാട്ടുപുഴ വേലായുധ പണിക്കരായ സി .കെ .കുമാരപാണിക്കെരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന എടത്തിശ്ശേരി ക്യാമ്പ് എന്ന കളവോടം ക്യാമ്പിൽ മാത്രം രണ്ടായിരത്തിനടുത്തു തൊഴിലാളികൾ അന്തേവാസികളായുണ്ടായിരുന്നു വെന്നാണ് ആ ക്യാമ്പിലെ ഒരു അന്തേവാസിയായി പ്രവർത്തിച്ചിരുന്ന കെ.ആർ.തങ്കപ്പൻ ആർതർ സാറിനോട് പറഞ്ഞത്
അതിപ്രകാരമാണ് :——‘ക്യാമ്പിലെ അന്തേവാസികൾക്കുവേണ്ടി കപ്പ ,അരി മുതലായവ കൊണ്ടുവന്നിരുന്നത് കുത്തിയതോട് ,അരൂക്കുറ്റി ,പൂച്ചാക്കൽ മുതലായ സ്ഥലങ്ങളിൽ നിന്നാണ് .സാധനങ്ങൾ കൊണ്ടുവരാൻ കേട്ടുവള്ളങ്ങളാണ് അയച്ചിരുന്നത് .രാവിലെ പുല്ലൻചിറ തോട്ടിൽനിന്നു അയക്കുന്ന കെട്ടുവള്ളങ്ങൾ രാത്രിയാകുമ്പോഴാണ് വിഭവങ്ങളുമായി തിരിച്ചെത്തുന്നത് .രണ്ടായിരത്തോളം അന്തേവാസികൾക്ക് കഞ്ഞിയും ഊണും കൊടുക്കണം .'(വയലാർ സമരം അറിയപ്പെടാത്ത ഏടുകൾ ,എം .ഇ .ആർതർ -പുറം 119)
1946ഒക്ടോബറിലെ വെടിവെപ്പ് കാലത്ത് മൽസ്യത്തൊഴിലാളിയായ ബെഞ്ചമിന് വയസ്സു ഇരുപത്തഞ്ചു. ഹെലികോപ്റ്ററിൽ നിന്നു താഴേക്കിട്ട മുന്നറിയിപ്പ് നോട്ടീസ് വളരെക്കാലം അദ്ദേഹം സൂക്ഷിച്ചുവെച്ചി രുന്നു . വെടിവെപ്പിനെ തുടർന്നുണ്ടായ മരണത്തെ കുറിച്ചുആർതർ സാറിനോട് ബെഞ്ചമിൻ പറഞ്ഞത് ആയിരത്തിനടുത്തു ആളുകൾ വധിക്കപ്പെട്ടിട്ടുണ്ടാകാ മെന്നാണ് .ദിവാൻ സർ .സി .പി .യുടെ കണക്കിൽ മരിച്ചവർ 92 മാത്രം .ഇത് കള്ളക്കണക്കാണെന്നു ധൃക്‌സാക്ഷികൾ .മരിച്ചവർ ഏറെയും അന്യനാട്ടുകാർ .ചിലർ മലബാറിൽനിന്നെത്തിയവരാകാം (കഴിഞ്ഞ എന്റെ കുറിപ്പിൽ മലബാറിൽ നിന്നുള്ളവരെ കുറിച്ചു ആർതർ സാർ സൂചിപ്പിച്ചിരുന്നില്ല എന്ന്‌ ഞാൻ പിശകായി രേഖപ്പെടുത്തിയതിൽ ഖേദിക്കുന്നു )എന്നും ബെഞ്ചമിൻ പറയുന്നു ഇത്ര വലിയ നരഹത്യ നടന്നിട്ടും കാര്യമായ അന്വേഷണങ്ങളൊന്നും പിന്നീട് ഉണ്ടായതായി ആരും ഓർക്കുന്നില്ല .
ദേശീയ സ്വാതന്ത്ര്യ സമരവും പുന്നപ്ര വയലാർ സമരവും എന്ന ഗ്രന്ഥത്തിൽ അഡ്വക്കേറ്റ് .ശ്രീ .മോഹൻദാസ് പറയുന്നത് വായിക്കുക :–“പട്ടാളത്തിന്റെ കണക്കു പട്ടാളമേധാവിയായിരുന്ന സർ .സി .പി യുടെ പക്കൽ എത്തിയിട്ടുണ്ടാവും .പിന്നെന്തേ ?കണക്കില്ലാതായി?എത്രപേർ മരിച്ചെന്നറിയില്ലാതായി ?.കാരണം മറ്റൊന്നല്ല .കണക്കു പുറത്തുവരാൻ പാടില്ലെന്ന നിർബന്ധം !മരണസംഖ്യ പുറത്തുവന്നാലുണ്ടാകാവുന്ന പ്രത്യാഘാതം !ഒരുപക്ഷെ സമരത്തിന് നേതൃത്വം നല്കിയവർക്കും അത്തരമൊരാശങ്ക യുണ്ടായിരുന്നിരിക്കണം (പുറം 18 .—-എന്നാൽ ഈ പുസ്തകത്തിന്റെ അന്പൊത്തൊൻപതാം വശത്തു വയലാർ സമര ഭൂമിയിലെ ക്യാമ്പുകളിൽ ജന്മികളുടെ കൊടിയമർദ്ദനം ഭയന്ന് അഭയംപ്രാപിച്ച ആയിരങ്ങളെ വെടിവെച്ചു വീഴ്ത്തിയതും ജീവനോടെ കത്തിച്ചതും 1946 ഒക്ടോബർ 27നായിരുന്നു വെന്നും അദ്ദേഹം പറയുന്നുണ്ട്)

*മരണം ഒരിക്കലേ ഉള്ളു .വെടിപൊട്ടിച്ചാലും ചാകും സന്നിപാതിജ്വരം പിടിപെട്ടാലും ചാകും* കുട്ടപ്പനക്കൽ കുഞ്ഞച്ചൻ അഥവാ
പനക്കി കുഞ്ഞച്ചൻ എന്ന ഒരു വയലാർ സമരഭടന്റെ സിംഹഗർജ്ജനമാണിത് .പട്ടാളവുമായി ഏറ്റുമുട്ടാൻ തയ്യാറായി നിൽക്കുന്ന ഓരോ സമരഭടന്റെയും മാനസിക നിലപാടിതായിരുന്നുവെന്നോർക്കുക.
അതായത് എന്ത് സാഹസിക പ്രവർത്തിക്കും തയ്യാറായി ക്യാമ്പുകളിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിന്ന പട്ടിണിക്കോലങ്ങളായ ചാവേറുകൾ .ഇവിടെ സ്വാഭാവികമായ ഒരു ചോദ്യം ഉയരുന്നില്ലെ !പട്ടാളത്തെ ഭയന്ന് ഓടിപ്പോയവരാണോ കൂടുതൽ അതോ വെടിയേറ്റ് നിലംപതിച്ചവരോ ?
ചേർത്തല താലൂക്കിൽ പട്ടണക്കാട് പഞ്ചായത്തിലെ ‘പൊന്നാംവെളി’ കയർ ഫാക്ടറികളുടെ ഒരു കേന്ദ്രമായിരുന്നു .അവിടെയാണ് പതിനായിരത്തോളം അംഗബലമുള്ള ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്.ഈ ഓഫീസിന്റെ മുൻവശം ഉയർത്തിയിരിക്കുന്ന ചെങ്കൊടി താഴെയിറക്കാൻ ആവശ്യപ്പെട്ടു കൊണ്ട് പോലീസിന്റെയും പട്ടാളത്തിന്റെ യും ഒരു വൻ സന്നാഹംതന്നെ അവിടെ എത്തിയിരിക്കുകയാണ്. കൊടി താഴെയിറക്കാൻ തൊഴിലാളികൾ സമ്മതിച്ചില്ല.ഇതിനിടെ ചേർത്തല താലൂക്കിൽ പെട്ട മറ്റു തൊഴിലാളികളും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിക്കൊണ്ടിരുന്നു. ഈ സന്ദർഭത്തിലാണ് ഒരു പട്ടാളക്കാരന്റെ കയ്യിൽ നിന്ന് കുഞ്ഞച്ചൻ തോക്കു പിടിച്ചെടുക്കുന്നത്. പിന്നീട് കുമാരപ്പണിക്കർ ഇടപെട്ടതോടെ പട്ടാളക്കാരനു് തോക്ക് തിരികെ ലഭിച്ചു.
1122 കന്നി 16 ന് നടന്ന സംഭവമാണിത് .അതായത് വയലാർ വെടിവെപ്പിന് ഇരുപതുനാൾക്കുമുന്പ് .(എം .ഈ ആർതർ സാർ എഴുതിയ വയലാർ സമരം അറിയപ്പെടാത്ത ഏടുകൾ എന്ന ഗ്രന്ഥത്തിന്റെ കൊടിയിറക്കിന്റെ കഥ വിവരിക്കുന്ന ഒൻപതാം അധ്യായത്തിൽ നിന്നു —,78 —-81)
കോളനിവാഴ്ചയും നാട്ടുരാജ്യങ്ങളും എന്ന ഗ്രന്ഥത്തിൽ വയലാർ വെടിവെപ്പിനെ കുറിച്ചു ഡോക്ടർ .എസ് .തുളസീധരൻ ആശാരി കുറിച്ചിരിക്കുന്നത് ഇവിടെ പകർത്താം :—“1946 ഒക്ടോബർ 26 മുതൽ സൈനിക നടപടി തുടങ്ങി. ചെറിയ ക്യാമ്പുകളിലെ വെടിവെപ്പാണ് ആദ്യം നടത്തിയത്. രക്ഷപെടാനുള്ള പഴുതുകളെല്ലാം അടച്ച തിന് ശേഷമാണ് പട്ടാളം വയലാർ ക്യാമ്പ് ആക്രമിച്ചത്.
സർക്കാരിന്റെ ഔദ്യോഗിക വിവരമനുസരിച്ച് കൊല്ലപ്പെട്ടവർ ഉദ്ദേശം 190 ആയിരുന്നു. കമ്മ്യൂണിസ്റ്റ് പിൻബലമുള്ള ട്രാവൻകൂർ പീപ്പിൾസ് അസോസ്സിയേഷൻ അവകാശപ്പെട്ടത് 520 എന്നാണ്. മിസ് ആനി മസ്ക്രീൻ ജീവനാശത്തെക്കുറിച്ച് പറഞ്ഞത് 7000 എന്നായിരുന്നു.എന്നാൽ മദ്രാസിലെ സെൻട്രൽ ഇന്റലിജൻസ് ഓഫീസ് കണക്കുകൂട്ടിയത് 2000 എന്നാണ്. കൊല്ലപ്പെട്ടവരിൽ ഏറെ പേരെയും പെട്രോൾ ഒഴിച്ചു കത്തിച്ചതായും അറിയാൻ കഴിഞ്ഞു എന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു .
അങ്ങനെ ഒക്ടോബർ 29-ന് സൈനിക നടപടി കഴിഞ്ഞു.തൊഴിലാളി വർഗ്ഗത്തിന്റെ ധീരോദാത്തമായ സമരം വിജയകരമായി അടിച്ചമർത്തി……………………………1946നവംബർ പത്തിന് സൈനികനിയമം പിൻവലിച്ചു. മരണം സംബന്ധിച്ച തെറ്റിദ്ധരിപ്പിക്കുന്നതും ആശയകുഴപ്പമുണ്ടാക്കുന്നതുമായ കണക്കുകൾ നൽകപ്പെട്ടു(ഒക്ടോബർ 26,27എന്നീ തീയതികളിലെ സൈനിക റിപ്പോർട്ട്,സ്റ്റേറ്റ് ആർക്കൈവ്സിലെ ഫയലിൽ നിന്നും കാണാനില്ലെന്നത് ശ്രദ്ധേയമാണ്).എന്നാൽ നാഷണൽ ആർക്കൈവ്സിൽ റസിഡന്റ് അയച്ചറിപ്പോർട്ട് ലഭ്യമായിരുന്നു. ഈ റിപ്പോർട്ടുകൾ അനുസരിച്ച്‌ മരണ സംഖ്യ 24 ഒക്ടോബർ മുതൽ 27 വരെ 121 ആയിരുന്നു. ഇതാകട്ടെ ഔദ്യോഗിക കണക്കിൽ നിന്നും വളരെ കുറവായിരുന്നു.
എൻ.എസ്.എസ് നേതാവ് മന്നത്തു പത്മനാഭപിള്ള ലഹള അടിച്ചമർത്തിയതിനെ പ്രശംസിച്ചു .അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ സൈനിക ഭരണം നിലവിലുള്ള സിവിൽ ഭരണത്തെക്കാൾ കൂടുതൽ കാര്യക്ഷമമായിരുന്നുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.ഇക്കാര്യത്തിൽ സർ.സി.പി.മന്നത്തിനെ താക്കീത് ചെയ്തു.മന്നം തന്റെ പ്രസ്താവനക്ക് വിശദീകരണം അയച്ചുകൊടുക്കേണ്ടി വന്നു.”(കോളനി വാഴ്ചയും നാട്ടു രാജ്യങ്ങളും ,ഡോക്ടർ .എസ് .തുളസീധരൻ ആശാരി —പുറം 268—69)

 

കടപ്പാട്: കമലൻ കുമാരൻ, കെ.ഇ. മനോഹരൻ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English