വരുവിൻ,വായിക്കുവിൻ,ദു:ഖം മാറ്റുവിൻ.

 

 

 

 

 

 

പരസ്യങ്ങളുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. ടെലിവിഷനിലും പത്രങ്ങളിലുമൊക്കെ പരസ്യമേത്, വാർത്തയേത്, പരിപാടിയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം പത്രം നിവർത്തി പരസ്യങ്ങൾക്കിടയിൽ നിന്നും വാർത്ത കണ്ടു പിടിക്കുന്നതിനിടയിൽ ആകർഷകമായ ഒരു പരസ്യം ശ്രദ്ധിക്കാതിരിക്കാനായില്ല.

’’ദു:ഖങ്ങളൊക്കെയും പങ്കു വെക്കാം’’ എന്ന പേരിൽ ഒരു പരസ്യം കണ്ടാൽ ആരാണ് ശ്രദ്ധിച്ചു പോകാത്തത്.

’’നിങ്ങളുടെ ദു:ഖം എത്ര ചെറുതാകട്ടെ, വലുതാകട്ടെ, ഞങ്ങൾ മാറ്റിത്തരുന്നു..ദു:ഖം മാറ്റാൻ ഒരെളുപ്പ വഴി.. ദു;ഖ പരിഹാരത്തിന് ഒരു തപാൽ ഫോർമുല.. ഉടൻ വിളിക്കൂ.., അല്ലെങ്കിൽ എഴുതൂ.’’ വല്ല തട്ടിപ്പാണോയെന്ന് ഞാൻ ആലോചിക്കാതിരുന്നില്ല. നീന്തലും ഡ്രൈവിംഗും വരെ പോസ്റ്റലായി പഠിപ്പിച്ചു കളയുന്ന കാലമാണിത്. ദു:ഖവും പോസ്റ്റലായി മാറ്റാൻ വല്ല ഫോർമുലയും ആരെങ്കിലും കണ്ടു പിടിച്ചു കാണും. ആരറിയുന്നു കണ്ടു പിടുത്തത്തിന്റെ വഴികൾ? വുഹാനിലെ ലാബിൽ കണ്ടു പിടിച്ച കൊറോണ വൈറസ് ലോകം തന്നെ നിശ്ചലമാക്കി കളഞ്ഞു.

എതായാലും തപാൽ വഴി ദു:ഖം മാറ്റാൻ കഴിയുമോയെന്ന് ഒന്ന് ശ്രമിച്ചു കളയാം. ഭാര്യയോട് പോലും വിവരം പറഞ്ഞില്ല. അതു കേട്ട് അവൾ വല്ലതും പറഞ്ഞാൽ പിന്നെ അതിന്റെ പേരിലും ഒരു ദു:ഖമാകണ്ട എന്നു കരുതി.. ദു;ഖ നിവാരണ കേന്ദ്രത്തിലേക്കുള്ള കത്ത് പോസ്റ്റ് ചെയ്യാൻ പോസ്റ്റോഫീസിൽ ചെന്നപ്പോൾ പോസ്റ്റ് ഓഫീസ് അടഞ്ഞു കിടക്കുന്നു. അന്വേഷിച്ചപ്പോഴാണറിയുന്നത്, അന്നേതോ കേന്ദ്ര ഗവർമെന്റ് അവധി ആണെന്ന്. പിറ്റേന്നേ കത്തയക്കാൻ പറ്റൂ എന്നോർത്ത് ഒരു ദു:ഖം കൂടിയായി.

ഏതായാലും പിറ്റേന്ന് രാവിലെ തന്നെ കത്ത് പോസ്റ്റ് ചെയ്തു, അധികം താമസിയാതെ മറുപടിയും വന്നു. മാന്യരേ, ദു:ഖപരിഹാര തപാൽ കോഴ്സിനെപ്പറ്റി അറിയാൻ ആഗ്രഹം പ്രകടിപ്പിച്ചതിന് നന്ദി, ദു;ഖങ്ങൾ ചെറിയ അളവിലെങ്കിലും പരിഹരിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വിശദ വിവരങ്ങളടങ്ങിയ ലഘുലേഖ ഇതോടൊപ്പം. രജിസ്റ്റർ ചെയ്യുന്നതിനായി നൂറു രൂപ അയച്ചു തരിക. മാനേജർ,ദു:ഖ നിവാരണ കേന്ദ്രം’’

നൂറു രൂ[പ അയക്കണോയെന്ന് നൂറു വട്ടം ആലോചിച്ചു. ഏതായാലും പോകുന്നെങ്കിൽ പോകട്ടെ എന്നു കരുതി അയച്ചു. അധികം താമസിയാതെ അതാ വരുന്നു ഒരു വി.പി.പി.പോസ്റ്റ്. കാശു കൊടുത്ത് അതു കൈപ്പറ്റി. ആകാംക്ഷയോടെ കവർ പോട്ടിച്ചു. ഒരു പുസ്തമാണുള്ളിൽ.. ’’ദു”ഖ നിവാരണം,,’’ കൂടെ ഒരു കുറിപ്പും, ഈ പുസ്തകം മൂന്നു തവണ മനസ്സിരുത്തി വായിക്കുക,നിങ്ങളുടെ ഏത് ദു’ഖവും പരിഹരിക്കപ്പെടും..’’

വില കുറഞ്ഞ പേപ്പറിൽ കുനുകുനെ നിറയെ അക്ഷരത്തെറ്റുകളോടെ അച്ചടിച്ചിരിക്കുന്ന ആ പുസ്തകം കണ്ടപ്പോൾ ദു:ഖം തോന്നാതിരുന്നില്ല. ഇതു വായിക്കേണ്ടി വന്നല്ലോ എന്നോർത്തും കാശു പോയല്ലോ എന്നോർത്തും എന്റെ ദു:ഖം കൂടി. കാശു പോയതു കൊണ്ട് ഒന്ന് ഞാൻ തിരുമാനിച്ചു. ഇനി കാശു കൊടുത്തുള്ള ഒരു ദു:ഖം മാറ്റലിനുമില്ല. അങ്ങനെയിരിക്കെ അടുത്ത ദിവസം പത്രത്തിൽ അതാ ഒരു പരസ്യം ‘’ഉടൻ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിലേക്ക് അഭിനയിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക..’’ ഏതായാലും ഒരപേക്ഷ ഞാനും അയച്ചു. അധികം താമസിയാതെ മറുപടി വന്നു. ഞങ്ങളുടെ പുതിയ ചിത്രത്തിലേക്ക് താങ്കളെ സെലക്റ്റു ചെയ്ത വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു, മടക്ക തപാലിൽ അഞ്ഞൂറു രൂപ അയച്ചുതരിക. തിരക്കഥയുടെ ചുരുക്കം അയച്ചു തരാം, അതു വായിച്ച് അനുയോജ്യമായി തോന്നുന്ന വേഷം നിങ്ങൾക്ക് തിരഞ്ഞെടുക്കാം..

എന്തൊരു ഔദാര്യവാൻമാർ, തിരക്കഥ നേരത്തെ വായിച്ചേ പ്രമുഖ താരങ്ങൾ അഭിനയിക്കൂ എന്നു കേട്ടിട്ടുണ്ട്. ആദ്യമായി അഭിനയിക്കാൻ പോകുന്ന എനിക്കും അങ്ങനെയൊരവസരം. ഏതായാലും അങ്ങനെ കാശു മുടക്കി സിനിമയിൽ മിന്നിത്തിളങ്ങണ്ട എന്നു തന്നെ ഞാൻ തീരുമാനിച്ചു. വേറെ ജോലിയൊന്നുമില്ലാത്തതു കൊണ്ടാണല്ലോ ഇങ്ങനെയും കലാപരമായ തട്ടിപ്പുകാർ ഇറങ്ങിയിരിക്കുന്നതെന്നോർത്തപ്പോൾ ദു:ഖത്തിന് ചെറിയൊരാശ്വാസം തോന്നാതിരുന്നില്ല. ഇനി ഏതു പരസ്യം കണ്ടാലും ഒൻപതു വട്ടം ആലോചിച്ചേ മറുപടി അയക്കൂ എന്ന് തീരുമാനിച്ച് അകത്തേക്ക് നടക്കുമ്പോൾ ദു:ഖത്തിന് വല്ലാത്തൊരാശ്വാസം….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി രണ്ട്
Next article“ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് – 21
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here