പരശുരാമൻ പണ്ടെങ്ങൊരിക്കലോ
ആഞ്ഞെറിഞ്ഞൊരു മഴുതീർത്തൊരു കര
ആഴിയിൽ നിന്നുയിർവന്നൊരു കര
ആ കരയ്‌ക്കൊരു പേരുണ്ട് സുന്ദരം
“കേരളമോ കേരത്തിൻ നാടെന്നും”
“കേരമെന്നാലോ മുക്കണ്ണനതെന്നുമേ”
പല പല ചൊല്ലുമോ സുലഭമായ്
ചൊല്ലിവന്നൊരു നാടൊരു കേരളം
കേരവൃക്ഷമോ സുലഭമാം നാടെന്നാൽ
കേരളമിതല്ലാതെ വേറൊന്നൊ
എന്ന സത്യമോ കാലത്തിൽ കഥയായി
കാലംചെല്ലവേ കെട്ടുകഥയെന്നു-
മാക്ഷേപവും പലരും പറഞ്ഞൊരു
കഥയിലെ നായകനോ മഴുവുമായ്
കാലങ്ങൾ അനവധിയായല്ലോ
കഥയതോ പാഠപുസ്തകത്തിലുമായീ
കുഞ്ഞുങ്ങൾ രാവിപ്പഠിക്കയായ്
കേരളത്തിൻ കഥയതു പാഠമായ്
ഇവ്വിധം നൂറ്റാണ്ടുകളായപ്പോൾ
കഥയിലെ കാര്യം മറന്നു പോയ്
“മഴു”വതു ഇന്നാർക്കുമറിയില്ല
മ്യൂസിയത്തിലെ കോണിലിരുപ്പായി
ഉപയോഗമോ കേരളമുണ്ടാക്കാനെന്നു
കണക്കറ്റു കളിയാക്കും ജനങ്ങൾക്കും
“മഴു”വിൻ കഴു പോലുമറിയില്ല
മഴുപിടിക്കാനാർക്കുമറിയില്ല
മഴുവെറിയുവാൻ രാമാനുമില്ലാത്ത
നാട്ടിലോ മഴയുമോ പേമാരിയായല്ലോ
നിറ നിറയായതു ചോലകൾ
നിറ നിറയായതു പുഴയുമേ
കരകവിഞ്ഞൊരു പുഴയുടെ തീരവും
നിറ നിറയായി തൊടികളും
മതിലുകൾ കെട്ടിത്തിരിച്ചൊരു
ഗൃഹമതിൻ ചുറ്റും പുഴയായി
പുഴ പുഴയായതു പാതയും
നിറ നിറ വീടിന്നകവുമെ
വലയിടാൻ തോടതു തേടേണ്ട
ഉമ്മറപ്പടിയിലോ ചാകര
കർക്കിടകപ്പെയ്ത്തിലും ആ കൊയ്ത്തിൽ
നിര നിര ചാക്കുനിറയവെ
ആരുമേ ഓർക്കാതെപോയൊരു സത്യവും
ഈ കര കടലമ്മതൻ ദാനവും
“കടലെടുത്താലോ തിരികെതന്നീടുമേ ”
“കടലു വച്ചാൽ തിരികെയെടുക്കുമേ”
എന്ന പഴംചോല്ലും, എല്ലാതുമേ
മറവിതൻ മായയിൽ മാഞ്ഞുപോയ്
റോഡിരുന്നിടം തോടായി മാറിയ
നാടായതു വർഷവും കേരളം
കാലാവർഷക്കെടുതിയെന്നെഴുതി
തള്ളിയല്ലോ സർക്കാരും ജനങ്ങളും
കിറ്റുകൾ വിതരണവുമായല്ലോ
പിരിവുകൾ ഉത്സാഹവുമായല്ലോ
ആഘോഷമായ കാലവർഷക്കെടുതിയും
ജനങ്ങളോ ശീലവുമായല്ലോ
കടലിതാ പതിയെയെടുക്കുന്നൂ
വച്ചകരയെല്ലാം വർഷത്തിലൂടെയും
“ന്യൂനമർദ്ദ”മെന്നതു പേരിലായ്
പേരിന്നർത്ഥമോ ജനങ്ങളറിയാതെയായ്
വർഷവും വരുന്നോരു വെള്ളമോ
ശീലമാക്കിയ കേരളക്കരയതാ
വർഷത്തിലോ വള്ളം തുഴയുന്നൂ
വേനലിലോ വാഹനമോട്ടുന്നൂ
റോഡതോ ഒന്നു താൻ രണ്ടിനും
എന്ന സൗകര്യം ഓർത്തു സന്തോഷിപ്പോർ
അറിയാതെപോയ് കാണാസത്യമൊന്നുപോൽ
കടൽ വച്ചതു പതിയെതിരിച്ചെടുക്കു-
മൊരു സത്യത്തിൻ ചുവയതുമെപ്പോഴും