വർണ്ണങ്ങൾ

colour

ഒന്നിച്ച് നിൽക്കുന്ന നേരത്ത് നമ്മൾ
ധാവള്യമെന്നൊരു വർണ്ണം മാത്രം
ഭിന്നിച്ച് പോകവേ കാണാം നമുക്കാ
മാരിവില്ലിൻ സപ്തവർണ്ണങ്ങളും.

ഇലകൾക്ക് പച്ചയും പൂവിന്ന് മഞ്ഞയും
വണ്ടിന്ന്കരിയും തണ്ടിന്ന് ചാരവും
മണ്ണിൻ ചുവപ്പും വിണ്ണിന്ന് നീലയും
ചായം കൊടുത്തു മഹാ കലാകാരൻ.

സിരകളിലോടും നിണത്തിലും – പുഞ്ചിരി
തൂകുന്ന ചുണ്ടിനും ചെഞ്ചായമിട്ടവൻ
ചിന്തകളോടും ശിരസ്സിനെ മൂടുവാൻ
മുടികൾക്ക് കരിനിറം വാരിയിട്ടു.

അന്ധകാരത്തിനിടയിൽ പ്രതീക്ഷ തൻ
നാമ്പുകൾ തളിരിടും രാത്രിയാമങ്ങളിൽ
പൂക്കുന്ന താരകത്തിങ്കളിൻ നിറമായി
മഞ്ഞയാം വർണ്ണം കനിഞ്ഞു നൽകി.

കാത്തിരിപ്പിന്റെ കറുത്ത യാമങ്ങളെ
യാത്രയാക്കി കടന്നു വരുന്നൊരു
പുലരിയിലെത്തും തുഷാര ബിന്ദുക്കൾക്ക്
വെള്ളി തൻ പാദസരങ്ങളേകി.

ഭിന്ന വർണ്ണങ്ങളാൽ ലോകം വരച്ചവൻ
ഒന്നിച്ചു നിൽക്കുവാൻ നമ്മോടോതി
വർണ്ണങ്ങളൊന്നിച്ച ശ്വേതമനസ്സുമായ്
പാരിന്ന് ചാരുതയായി മാറാം..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here