ഒരു കാലം വരാനിരിപ്പുണ്ട്
ഒരു വിളിപ്പാടകലെ നമ്മെയും കാത്ത്
വെളിച്ചം ഇരുളിനും
സ്മൃതി വിസ്മൃതിക്കും
ആരോഗ്യമനാരോഗ്യത്തിനും
സുരക്ഷയരക്ഷിതാവസ്ഥക്കും
വഴിമാറീടുന്ന കാലം.
അതാണ് നമ്മുടെ വാര്‍ദ്ധക്യം
കണ്ണീരിന് പെരുമഴക്കാലം
നെടുവീര്പ്പിന് കൊടുങ്കാറ്റില്‍
ജീവിതനൗക ആടിയുലയും കാലം
രോഗങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുമ്പോള്‍
മറവിതന്‍ മൂടുപടത്തിലകപ്പെട്ട്
മുന്നിലെ ശൂന്യതയിലേക്ക് കണ്ണും നട്ട്
മിഴിച്ചിരിക്കുന്ന കാലം വിദൂരമല്ല
ആരിലും സഹതാപമുണര്ത്തിടും
വാര്‍ദ്ധക്യകാലത്ത് പോലും
പഴുത്തിലകള്‍ പച്ചിലച്ചെടികള്‍ക്ക്
വളമാക്കിടുന്നത് പോലെ
വൃദ്ധമാതാപിതാക്കളെ
അവരിലെ അവസാന കണിക
ഊര്‍ജ്ജവും ഊറ്റിയെടുത്ത്
വൃദ്ധ സദനങ്ങളിലോ പെരുവഴിയിലോ
മരണത്തിന് കാണാക്കയങ്ങളിലോ
നിര്‍ദ്ദയം വലിച്ചെറിയുന്ന
പൊന്നു പുത്ര കളത്രാദികളുണ്ടെത്രെ !
സമസൃഷ്ടികളോട് കരുണ കാട്ടാത്തോര്ക്ക്
ദൈവത്തിന് കാരുണ്യമെങ്ങിനെ കിട്ടിടും?