വരയുടെ കുലപതി

 

 

 

 

മലയാളത്തിൽ പ്രശസ്തരായ രണ്ട് യേശുദാസൻമാരാണ് ഉള്ളത് ഒന്ന് പാടുന്ന യേശുദാസൻ. മറ്റൊന്ന് ഇന്നു നമ്മോട് വിട പറഞ്ഞ പാടാത്ത യേശുദാസൻ. അത് അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ വിശേഷണമായി കൊടുത്തിരുന്നതാണ്.

മലയാളത്തിലെ പ്രശസ്ത ഹാസ്യ മാസികളായിരുന്ന കട്ട്.കട്ട്, ടക്-ടക്. അസാധു എന്നീ മാസികകളുടെ പത്രാധിപരായിരുന്നു അദ്ദേഹം. അവയുടെ മുൻപേജിൽ പത്രാധിപർ ‘’പാടാത്ത യേശുദാസൻ’’ എന്നാണ് കൊടുത്തിരുന്നത് . പാടിയില്ലെങ്കിലും വരയിലൂടെ അദ്ദേഹം മലയാള മനസ്സ് കീഴടക്കി.

വ്യത്യസ്തവും ശ്രദ്ധേയവുമായ പ്രസിദ്ധീകരണങ്ങളായിരുന്നു കട്ട് കട്ടും ടക് ടക്കും അസാധുവും. ആദ്യത്തെ രണ്ടെണ്ണം സിനിമയിലെ ഹാസ്യത്തിന് മുൻ‍ഗണന നൽകിയപ്പോൾ അസാധു രാഷ്ട്രീയത്തിലെ ഹാസ്യത്തിനാണ് പ്രാധാന്യം നൽകിയത്. അസാധുവിന്റെ പേര് പിന്നീട് സാധു എന്നാക്കി. അതിന് പറഞ്ഞ കാരണത്തിലുമുണ്ട് അദ്ദേഹത്തിന്റെ നർമ്മം നിറഞ്ഞ മനസ്സ്. വോട്ടിംഗ് യന്ത്രം നിലവിൽ വന്നതോടെ അസാധു വോട്ടുകൾ അപ്രത്യക്ഷമായി. അതു കൊണ്ട് ഇനി അസാധു ഇല്ലാത്ത സ്ഥിതിയ്ക്ക് മാസികയുടെ പേരും മാറ്റുന്നു ‘’സാധു’’

അന്ന് ഞാൻ എഴുതി തുടങ്ങുന്ന കാലമായിരുന്നു. ആവേശത്തോടെയാണ് അവയുടെ ഓരോ ലക്കവും കാത്തിരുന്നു വായിച്ചത്. അവയിലെ അടിക്കുറിപ്പ് മൽസരങ്ങൾ ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയത്തിലെയും സിനിമയിലെയും പ്രശസ്തരുടെ ചിത്രങ്ങൾ കൊടുത്തിട്ട് അവയ്ക്ക് രസകരമായ അടിക്കുറിപ്പെഴുതുക എന്നതായിരുന്നു മൽസരം പലവട്ടം പങ്കെടുക്കാനും സമ്മാനം നേടാനും കഴിഞ്ഞത് ഓർക്കുന്നു. അതേ പോലെ യേശുദാസൻ സാർ മനോരാജ്യം വാരികയിലെഴുതിയിരുന്ന ചിരിയും ചിന്തയും കലർന്ന ’’പോസ്റ്റുമോർട്ടം’’ എന്ന പംക്തിയും വളരെ വായനക്കാരുണ്ടായിരുന്ന ഒരു പംക്തിയായിരുന്നു. അത് പിന്നീട് പുസ്തമായും ഇറങ്ങിയിട്ടുണ്ട്.

മലയാളി മനസ്സുകളിൽ ഇടം നേടി മലയാള മനോരമയിലും മെട്രോ വാർത്തയിലും ദേശാഭിമാനിയിലുമൊക്കെ അദ്ദേഹം വരച്ച ആയിരക്കണക്കായ ചിരിയും ചിന്തയും കലർന്ന കാർട്ടൂണുകൾ മലയാളികൾ ഒരിക്കലും മറക്കില്ല. മിസിസ് നായരും പൊന്നമ്മ സൂപ്രണ്ടുമൊക്കെ എപ്പോഴും നമ്മുടെ ഓർമ്മയിലുണ്ടാവും. ജനയുഗത്തിലെ പ്രശസ്തമായ കിട്ടുമ്മാവൻ എന്ന പോക്കറ്റ് കാർട്ടൂണും അദ്ദേഹത്തിന്റെ മറ്റൊരു അവിസ്മരണീയ സൃഷ്ടിയാണല്ലോ?

അദ്ദേഹത്തെ നേരിട്ടു കാണാൻ ചെന്ന രംഗം ഇപ്പോഴും ഓർമ്മയിലുണ്ട്, എന്റെ’’ഇമ്മിണി ബല്യ നൂറ്’’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ക്ഷണിക്കാൻ വേണ്ടിയായിരുന്നു അത്. അന്ന് സാർ മെട്രോ വാർത്തയിലാണ്. കൊച്ചി മേനകയിലെ മെട്രോ വാർത്ത പത്രത്തിന്റെ  ഓഫീസിലേക്ക് സുഹൃത്തും കാർട്ടൂണിസ്റ്റുമായ ജിതേഷ്ജിയുടെ ശുപാർശ പ്രകാരം ചെന്ന എന്നോട് ആദ്യം ഒഴിവു കഴിവൊക്കെ പറഞ്ഞെങ്കിലും ചിരിച്ചെപ്പ് മാസികയിൽ  ഞാൻ യേശുദാസൻ സാറിനെക്കുറിച്ചെഴുതിയ ലേഖനമൊക്കെ കാണിച്ച് അവസാനം അദ്ദേഹത്തെ കൊണ്ട് വരാമെന്ന് സമ്മതിപ്പിച്ചെന്ന് പറഞ്ഞാൽ മതിയല്ലോ? അന്നദ്ദേഹം ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് അധികമാകാത്തതു കൊണ്ട്   പരിപാടികൾക്കൊന്നും പോകാത്ത സമയവുമായിരുന്നു. പിന്നെയും കുറേ നാൾ കഴിഞ്ഞാണ് വീണ്ടും അദ്ദേഹത്തെ കാണുന്നത്. വള്ളികുന്നത്ത് കാർട്ടൂണിസ്റ്റും ഹാസ്യകൈരളി പത്രാധിപരുമായ മോഹൻ സാറിന്റെ മകളുടെ വിവാഹത്തിന്..

യേശുദാസൻ സാർ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ശിഷ്യനായിരുന്നതു പോലെ അദ്ദേഹത്തിനും നിരവധി ശിഷ്യൻമാരുണ്ട്.. അതേപോലെ ചിരിപ്പിച്ചതിനൊപ്പം  ചിന്തോദീപകവുമായിരുന്ന  ആ കാർട്ടൂണുകൾ നെഞ്ചിലേറ്റിയ ആയിരക്കണക്കിന് അനുവാചകരുമുണ്ട്. അതു തന്നെയാണ്  പാടാതെ പ്രശസ്തനായ കാർട്ടൂണിസ്റ്റ് യേശുദാസന്റെ അനശ്വര സ്മാരകം..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഞാൻ കണ്ട മറ്റൊരു ലോകം
Next articleഒരമ്മയുടെ വിലാപം.
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English