പ്രദർശനശാലയിലേക്കു
കേറിയാൽ
നാവുകൾ
മിണ്ടാട്ടം മുട്ടി
ഉറ്റുനോക്കുന്നു.
ഉറുമ്പുകളുടെ
ഘോഷയാത്രപോലെ
നിരങ്ങിനീങ്ങുന്നു നാം..
ഓരോ ചിത്രവും
കണ്ണിലൊറ്റ
ക്ലിക്കിലൊതുക്കാനുളള
നോട്ടമാദ്യത്തേത്
എത്ര നോട്ടങ്ങളെന്നറിയില്ല
ഓരോന്നിലും
കുരുക്കിട്ടെടുത്തത്
അവസാനത്തേത്
വിമർശനത്തിൻറേത്
കൂരമ്പുകളാൽ
ചൂണ്ടിയെറിഞ്ഞത്
കൊരുത്തെടുത്ത്
വലിച്ചുകീറിയത്.
വിലയിരുത്തുമ്പോൾ
ചിന്തിയ ചായങ്ങൾ
മുഖത്തു തേച്ചെത്തും
പൗരാണികമെന്നോ
ആധുനികമെന്നോ
പറഞ്ഞെൻറെ
വരയറിവുകൾ.
നോട്ടം കൊണ്ടെത്ര
വായിച്ചാലും
അഭിപ്രായമെഴുതുമ്പോൾ
ചിലത്
വാക്കുകളാൽ
വ്യാഖ്യാനിക്കപ്പെടാനാവാതെ
വഴുതിപ്പോവും
ചിലതിന്
അതിവാചാലത
മതിവരാത്ത പോലെ
എഴുതിയിറങ്ങിപ്പോകുമ്പോൾ,
മനസ്സപ്പോഴും
ചിത്രഖനികളിൽ
നിറങ്ങൾ
തേടുകയായിരിക്കും. .