ഇവിടെ ഒറ്റക്കാണ്,
ഈ വൃദ്ധസദനത്തിൽ ,
ഒന്നാം ക്ലാസ്സിലെ
ആദ്യ ദിനം പോലെ
കൂട്ടിന് ഈ രാമായണവും .
തുറന്നിട്ട ജാലകത്തിലൂടെ
പാലപ്പൂവിന്റെ മണമുള്ള
കാറ്റ് അകത്തേക്ക് കയറിവന്നില്ല.
നിനക്ക് കുഴമ്പിന്റെ ഗന്ധം ഇഷ്ടമല്ലല്ലോ
അവനെ പോലെ .
“എന്തേ അവനൊന്നും മിണ്ടിയില്ല ,
തിരിഞ്ഞു നോക്കിയത് പോലുമില്ല
അവന് എന്നോട് പിണക്കമാണോ,
അവന് ആര് ഭക്ഷണം കൊടുക്കും,
അവൾ ഫാസ്റ്റ് ഫുഡിന്റെ
തോഴിയല്ലേ”
ഒരു നാൾ
അവൻ വരും
കൊണ്ടുപോകും
അവന്റെ വലിയ വീട്ടിലേക്ക്…..
അന്നു ഞാൻ അവനോടു
ഒന്നും മിണ്ടില്ല,
കുറച്ചു സമയം….
അവൻ വരും
വരാതിരിക്കില്ല .