പാതിരാത്രിയോടടുത്തപ്പോഴാണു ജയകൃഷ്ണന്റെ ഫോൺ വന്നത്. അമേരിക്കയിൽ നിന്നാണെന്നു മൊബൈൽ ഫോൺ മുന്നറിയിപ്പു നൽകി. അവനോടു ഞങ്ങൾ കൂട്ടുകാർക്കെല്ലാമുള്ള അസൂയ ഒരു വശത്ത്, ഉന്നതിയിലെത്തിയെങ്കിലും അവൻ ഓർക്കുന്നല്ലോ എന്ന ജാള്യത കലർന്ന അഭിമാനം മറുവശത്ത്. ഞാൻ ഫോൺ എടുത്തു.
“എടാ,സ്കൈപ്പിൽ വരാമോ? ഒരു ചെറിയ കാര്യം സംസാരിക്കാനുണ്ട്,”ജയകൃഷ്ണൻ പറഞ്ഞു. അപ്പോൾ തന്നെ ഫോൺ കട്ടു ചെയ്യുകയും ചെയ്തു.
ദോഷം പറയരുതല്ലോ,എനിക്കു നല്ല അരിശം തോന്നി. വീര്യം കുറഞ്ഞ തെറികൾ മാത്രം മനസ്സിൽ വന്നതിന് എനിക്ക് എന്നോടു തന്നെ മതിപ്പു തോന്നി. പ്രായം എന്നെ സംസ്‌കൃതചിത്തനാക്കി എന്നതിനു വേറെ തെളിവു വേണോ! എങ്കിലും പാതിരാത്രിയിൽ ഉറങ്ങിക്കിടക്കുന്ന ഒരുവനെ വിളിച്ചു സ്കൈപ്പിൽ വരാൻ പറഞ്ഞു ഫോൺ കട്ടുചെയ്യുന്നവനെ എന്തുചെയ്യണം! അവൻ രാവും പകലും ഇല്ലാത്തവനാണ്. സ്‌കൈപ്പും മാങ്ങാത്തൊലിയും ഒന്നും അവനു പ്രശ്നമല്ല. പ്രാതലിനു തേങ്ങാ തിരുകുന്നതു പോലും കംപ്യൂട്ടറിലാകും. ബാക്കിയുള്ളവരുടെ കാര്യം അങ്ങനെയാണോ? മൂത്ത ചെറുക്കനെ ഉണർത്തിയേ സ്കൈപ്പൊക്കെ ശരിയാക്കാനൊക്കൂ. ഇനി അവനെ ഉണർത്തി കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നതിന്റെ പാടു വേറെ . ഒന്ന് അറച്ചു നിന്നപ്പോൾ ഫോൺ കയ്യിലിരുന്നു തരിക്കുന്നു . മെസേജ് വന്നതാണ്. ബാങ്കിന്റെ ആണ്. ബാങ്കിന് എന്തിന്റെ കേടാണ്? കണ്ണടയെടുത്തു നോക്കി.
‘Your account xxxxxxxxx776 has been credited with Rs.10,00,000…’
തട്ടിപ്പുകാരുടെ സ്ഥിരം സന്ദേശം ആണെന്നോർത്ത് ഉപേക്ഷിക്കാൻ തുടങ്ങിയപ്പോഴാണ് ‘via transfer from Jayakrishnan,USA’ എന്നു കണ്ടത്.അതോടെ എന്റെ ഉറക്കം ആവിയായി. ഇതെന്താണ് ഇടപാട്! ഞാൻ സംഖ്യയുടെ പൂജ്യങ്ങൾ ഒരിക്കൽ കൂടി എണ്ണി . വീണ്ടും ഒരിക്കൽക്കൂടി . പത്തു ലക്ഷം തന്നെ. ഭാര്യ ഉറക്കത്തിൽ തിരിഞ്ഞുവന്ന് മുട്ടുകൊണ്ട് എന്റെ പുറത്തു തട്ടി. അവളെ ഉണർത്താൻ തുടങ്ങിയിട്ടു വേണ്ടെന്നുവച്ചു .
സ്‌കൂളിൽ ഒന്നാമനായിരുന്നു ജയകൃഷ്ണൻ. കോളേജിലും ഒന്നാമൻ. പക്ഷെ മിടുക്കരായ കുട്ടികളുടെ യാതൊരു ലക്ഷണവും ഇല്ലാത്തവൻ. ഒറ്റനോട്ടത്തിൽ തന്നെ തല്ലിപ്പൊളി. സിനിമകളിലെ സുന്ദരവില്ലന്മാരെപ്പോലെ. നല്ല ഉയരം,തടി,നിറം,വഷളത്തം. എവിടെ അപകടം ഉണ്ടായാലും അതിൽ എടുത്തുചാടുന്ന വിവരക്കേടും ധീരതയും കലർന്ന വിചിത്ര സ്വഭാവം . പക്ഷെ ജീവിതത്തിൽ വിജയിച്ചു. കോടീശ്വരനായി. എങ്കിലും വിജയിച്ചെന്നു പറയാമോ? ഇതുവരെ കുടുംബമായില്ല. അവനതൊന്നും ഒക്കുകില്ല എന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. ഐഐഎമ്മിൽ നിന്ന് എംബിഎ എടുത്തിട്ട് ഫ്രാൻസിൽ പോയി. അപ്പോഴേ ജേക്കബും സിറിലും പറഞ്ഞു, ‘അവന്റെ ഉദ്ദേശം മറ്റേതാ.’
അവനും ഒന്നും മറച്ചുവച്ചില്ല. ഫ്രാൻസിലെ വിശേഷങ്ങൾ വിളിച്ചുപറഞ്ഞു ഞങ്ങളെ കൊതിപ്പിച്ചു. കൊടിയ അസൂയയിൽ പുളഞ്ഞു ഞങ്ങൾ വിധിച്ചു: ‘അവൻ പിഴച്ചു,നശിച്ചു.’
പിന്നെ ജർമനി, ഇറ്റലി, വിശ്വപൗരത്വം. അവൻ ബ്രോക്കറാണ്. വൻകിട ബ്രോക്കർ. ഒരു ഡീലിന് ലക്ഷണങ്ങളാണ്. ചിലപ്പോൾ കോടികൾ. അവന് എന്തു സ്വത്തുണ്ടാകും, കഴിഞ്ഞയാഴ്ച ഞാനും ജേക്കബും സിറിലും ഒരുമിച്ചിരുന്നാലോചിച്ചു.
” ഒരു പത്തു പതിനഞ്ചു കോടി കാണില്ലേ, പോയിട്ടു ഇരുപതു വർഷമായല്ലോ. അവൻ നല്ലവണ്ണം തല്ലിപ്പൊളിച്ചു കാണും .എങ്കിലും കുറച്ചധികം കോടി മിച്ചം കാണണം ,” സിറിൽ ബ്രാണ്ടി ചുവപ്പിച്ച കണ്ണുതിരുമ്മി പറഞ്ഞു.
” അതുക്കും മേലെ,അതിലൊക്കെ വളരെ മേലെ. ഇന്റർനാഷണൽ ഡീലുകളെപ്പറ്റി നല്ല അവഗാഹമുള്ള, ജയകൃഷ്ണനെ നല്ലവണ്ണം അറിയാവുന്ന ഒരാൾ കഴിഞ്ഞമാസം എന്നോടു പറഞ്ഞതാണ്,” ജേക്കബ് തിരുത്തി. ജേക്കബ് പറഞ്ഞത് പൊളിയാണെന്ന് എനിക്കറിയാം. അവൻ എപ്പോഴും ഇതുപോലെ വലിയ,വലിയ ആളുകളുമായി അടുപ്പം ഉണ്ടെന്നമട്ടിൽ സംസാരിക്കും. ആ സ്വഭാവം ഒരിക്കലും അവനെ വിട്ടുപോകില്ല.
“നിനക്കെന്തു തോന്നുന്നു,”സിറിൽ എന്നോടു ചോദിച്ചു.
“എനിക്ക് ഒരു ധാരണയുമില്ല. ഒരു കാര്യം മാത്രം പറയാം, അവന്റെ കൈയിലുള്ള ഒരു നാണയം പോലും ഞാൻ ആഗ്രഹിക്കുന്നില്ല,”ഞാൻ പറഞ്ഞു.
“അങ്ങനെ പറയല്ലേ,”സിറിൽ പൊട്ടിച്ചിരിച്ചു.”നീയൊരാളെ കരുതിയാ അവനീ പാടെല്ലാം പെടുന്നത് .ഒന്നുപോടാ ….”
സിറിൽ അതു തമാശയാക്കിയെങ്കിലും ഞങ്ങൾക്കിടയിൽ വർഷങ്ങളായി നിശ്ശബ്ദം നടക്കുന്ന സംഭാഷണത്തിൽ നിന്ന് തെറിച്ചു വീണതാണു ഞാൻ പറഞ്ഞതും സിറിൽ പറഞ്ഞതും.
ബാങ്കിന്റെ സന്ദേശം വന്നു കുറച്ചു നേരം വല്ലാത്ത ആശയക്കുഴപ്പത്തിലായി. ജയകൃഷ്ണൻ എന്തിനാകും ഇത്ര വലിയ തുക അയച്ചത്? അത് ആർക്കെങ്കിലും കൈമാറ്റം ചെയ്യാൻ ആകുമോ? എന്തെങ്കിലും രഹസ്യ ഡീൽ. അങ്ങനെയെങ്കിൽ സമയം കളയാതെ ഒഴിയണം. അവനൊക്കെ വലിയ,വലിയ ആളുകൾ . സ്വാധീനവും സാമർഥ്യവുമുള്ളവർ. എങ്ങനെ വീണാലും നാലുകാലിൽ നിൽക്കാൻ കഴിയുന്നവർ. നമ്മളൊക്കെ അങ്ങനെയാണോ? ഭാര്യ ഉറക്കത്തിൽ എന്നെ ചുറ്റിപ്പിടിച്ചു. എനിക്കു ഭയം തോന്നി.ഫോൺ വീണ്ടും തരിച്ചു. ജയകൃഷ്ണന്റെ സന്ദേശം :
“സോറി. ഞാൻ അവിടെ പാതിരാത്രിയാണെന്ന് ഓർത്തില്ല. നാളെ വൈകിട്ടു വിളിക്കാം .”
അടുത്ത ദിവസം അവൻ വിളിച്ചില്ല . പിന്നീടുള്ള ദിവസങ്ങളിലും വിളിച്ചില്ല. മൂന്നു മാസമായിട്ടും വിളി വന്നില്ല. ഏതായാലും തുക ബാങ്കിൽ വന്നശേഷം എന്റെ മനോനിലയിൽ വലിയ മാറ്റം വന്നു. ഞാൻ മേലധികാരികളോടും ഉന്നതരായ ആളുകളോടും സമന്മാരോട് എന്ന നിലയിൽ സംസാരിച്ചു തുടങ്ങി. കടങ്ങൾ ഉണ്ടായിട്ടും ജയകൃഷ്ണനയച്ച തുക ഞാൻ തൊട്ടില്ല . ഓരോ ദിവസവും ഞാൻ അവന്റെ വിളി കാത്തിരുന്നു. ഭാര്യയെ പരിഭ്രമിപ്പിക്കണ്ട എന്നു കരുതി അവളോട് ഒന്നും പറഞ്ഞില്ല. മൂന്നു മാസങ്ങൾ കഴിഞ്ഞ് ഒരു ദിവസം സിറിൽ എന്നെ കാണാൻ വന്നു. എനിക്ക് അവനെക്കണ്ടപ്പോൾ ഒരു വിമ്മിട്ടം അനുഭവപ്പെട്ടു. ജയകൃഷ്ണൻ തുക അയച്ച കാര്യം അവനോട് എങ്ങനെ പറയും ,എങ്ങനെ പറയാതിരിക്കും.
ഞാൻ ബുദ്ധിമുട്ടി ഇരുന്നപ്പോൾ അവൻ നിസ്സാരമായി ചോദിച്ചു
”ജയകൃഷ്ണൻ കുറച്ചു നാൾ മുമ്പു വിളിച്ചിരുന്നു ,അല്ലേ?”.
ഞാൻ കരുതലോടെ മൂളി.
“എന്നെയും വിളിച്ചിരുന്നു. നല്ല ഒരു തുക അയച്ചു തന്നു. നിനക്കും തന്നെന്നു പറഞ്ഞു”
സമാധാനമായി. വലിയ ഒരു രഹസ്യം സൂക്ഷിക്കുന്നതിന്റെ ഭാരം മനസ്സിൽ നിന്നു പോയി.
“ഇന്നു രാവിലെ വീണ്ടും വിളിച്ചു.അവൻ അടുത്തയാഴ്‌ച എത്തും. നമ്മൾ തയാറായിരുന്നോളാൻ പറഞ്ഞു. എത്രനാൾ മാറിനിൽക്കേണ്ടിവരുമെന്നു പറയാനൊക്കില്ലല്ലോ”
എനിക്കു പരിഭ്രമം തിരികെയെത്തി.
“എങ്ങോട്ടു മാറിനിൽക്കണമെന്നാണ് ? എനിക്കതിനൊന്നും കഴിയില്ല. ഓഫീസിൽ ജോലിയുണ്ട് “.
“ജോലി പോകുന്നെങ്കിൽ പോകട്ടെ. അതുകൂടി കരുതിയാണ് അവൻ ഇത്രയും തുക നൽകിയത്.”
എനിക്കു ശരിക്കും അരിശം വന്നു.
“മനുഷ്യനെ ഇരുട്ടത്തു നിറുത്തി സംസാരിക്കാതിരിക്കൂ. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. പണം വന്നു എന്നല്ലാതെ എനിക്ക് നീ പറയുന്ന ഒരു കാര്യത്തെപ്പറ്റിയും .”
സിറിൽ പഠിക്കുന്നതു പോലെ എന്നെ നോക്കി
“ജയകൃഷ്ണൻ നിന്നോട് ഒന്നും പറഞ്ഞില്ലെന്നാണോ പറയുന്നത്?”
“അതേ ,” ഞാൻ അക്ഷമയോടെ പറഞ്ഞു.
അവൻ തുടർന്നു പറഞ്ഞതു കേട്ടു ഞാൻ തരിച്ചിരുന്നു പോയി.
“അവൻ മരിക്കാനായി വരികയാണ്. അവനു കാശിയിൽവച്ചു മരിക്കണമെന്ന്.”
കരളിനാണ് അസുഖമെന്നും പരമാവധി മൂന്നുമാസമാണു ഡോക്ടർമാർ ആയുസ്സ് പറഞ്ഞിരിക്കുന്നതെന്നും സിറിൽ പറഞ്ഞു. എനിക്ക് എന്തെന്നില്ലാത്ത വ്യർത്ഥതാബോധം തോന്നി. എത്രനാൾ വേണമെങ്കിലും ജയകൃഷ്ണനൊപ്പം നിൽക്കണമെന്നു ഞാൻ തീരുമാനിച്ചു. തത്സമയം ഞങ്ങൾ ഇരുവരുടെയും മൊബൈലുകൾ ഒരുപോലെ തരിച്ചു. ഇത്തവണ ഞാൻ കൃത്യമായി സംഖ്യ എണ്ണി .ജയകൃഷ്ണൻ വീണ്ടും പത്തുലക്ഷം അയച്ചിരിക്കുന്നു.
“പത്തുലക്ഷം ” സിറിൽ നിസ്സംഗനായി പറഞ്ഞു.
” അവൻ സമ്പാദ്യം നാലുപാടും വീതിക്കുകയാണ്.ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾക്ക്.”
ആ സമയം സിറിലിനു ജേക്കബിന്റെ വിളി വന്നു. ഫോൺ എടുത്തു സിറിൽ ചോദിച്ചു:
“നിനക്കെത്രയാ ,പത്തോ പതിനഞ്ചോ?പത്ത്,ഓക്കേ അതൊക്കെയുണ്ട്. പരിഭ്രമിക്കണ്ടാ നിനക്കതെടുക്കാം എല്ലാം നേരിട്ടു പറയാം.”
“അവന്റെയും കിളി പോയി,” സിറിൽ വരണ്ട ചിരിയോടെ എന്നോടു പറഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ ഞാനും സിറിലും മുടങ്ങാതെ പരസ്പരം കാണാൻ തുടങ്ങി. ലക്ഷ്യബോധം നഷ്ടപ്പെട്ട ആളുകളെപ്പോലെ ആയിരുന്നു ഞങ്ങൾ . ഞങ്ങളുടെ ആന്തരിക ശൂന്യതയ്‌ക്ക് ആക്കം കൂട്ടിക്കൊണ്ടു രണ്ടു തവണ കൂടി ജയകൃഷ്ണന്റെ തുകകൾ വന്നു. അന്ത്യം അടുത്തവന്റെ അന്തംവിട്ട പ്രവർത്തിയാണ് അതെന്നു ഞങ്ങൾക്കു മനസ്സിലായി. ഞങ്ങൾ അതേക്കുറിച്ചു സംസാരിക്കാതായി .
എയർപോർട്ടിൽ നിന്നു ഞങ്ങൾ സ്വീകരിച്ച ജയകൃഷ്ണൻ നൂലുപോലെ മെലിഞ്ഞിരുന്നു. ഞങ്ങൾ അടുത്ത ദിവസം അവനുമായി വാരാണസിക്കു പോയി.ദേഹത്തിന്റെ ക്ഷീണം ഒന്നും അവന്റെ പെരുമാറ്റത്തിൽ കണ്ടില്ല. അവൻ പണ്ടത്തേക്കാൾ ആവേശഭരിതൻ ആണെന്നുപോലും എനിക്കു തോന്നി. വേഗത്തിലുള്ള സംസാരം, ചിരിക്കുന്ന കണ്ണുകൾ ,ഒന്നിനും മാറ്റമില്ല. തെറിച്ച സംസാരവും പഴയപടി.
” നിൻ്റെ മുഖത്ത് എന്താടാ ക്ഷീണം? അസുഖം വല്ലതുമുണ്ടോ ?,” അവൻ സിറിലിനോട് ചോദിച്ചു.
ഒന്നുമില്ലെന്ന് സിറിൽ പറഞ്ഞു.
“രണ്ടു നസ്രാണികളേം കൊണ്ട് ഒരർദ്ധവിശ്വാസി കാശിക്കു പോകാൻ പോകുന്നു. ഹാ ഹാ ഹാ . മൂന്നാമത്തെ നാറി എവിടെടാ, അവന്റെ വീമ്പടിക്കു വല്ല മാറ്റവുമുണ്ടോ?അവനെയും കൂട്ടാമായിരുന്നു,അല്ലേ?,”
ജയകൃഷ്ണൻ ഉച്ചത്തിൽ സംസാരിച്ചു കൊണ്ടേയിരുന്നു.
“അവന്റെ വിശ്വാസം അവനു സമാധാനം കൊടുക്കട്ടെ.നമുക്ക് ഇടപെടേണ്ട. മരണമടുക്കുമ്പോൾ മനുഷ്യന് എന്തെങ്കിലും ഒരു അത്താണി,ഒരു പിടിവള്ളി വേണം അങ്ങനെ കൂട്ടിയാൽ മതി,” സിറിൽ എന്നോടു പറഞ്ഞു .
വാരാണസിയിൽ താമസത്തിനു വേണ്ട എല്ലാ ഏർപ്പാടുകളും ജയകൃഷ്ണൻ തന്നെ ചെയ്തിരുന്നു. അവനുമൊത്തുള്ള ഓരോ നിമിഷവും വിദ്യാഭ്യാസം ആയി എനിക്ക് അനുഭവപ്പെട്ടു.
“എടാ ,ഞാൻ കുടിനിറുത്തിയിട്ട് മൂന്നു വർഷമായി. ഭോഗം നിറുത്തിയിട്ട് അതിലും ആയി നിന്റെയൊക്കെ കാഴ്ചപ്പാടു വച്ചു തീർത്തും . എനിക്കങ്ങനെയല്ല പൂ കൊഴിഞ്ഞു പോകുന്നപോലെയാ എല്ലാം നിന്നത്. ലോകത്തിനി കാണാൻ സ്ഥലമില്ലാത്തതുകൊണ്ട് ചുറ്റിക്കറക്കവുമില്ല . പത്തുജീവിതം ജീവിച്ചുതീർത്ത ഒരു ശൂന്യത കുറച്ചു നാളായിട്ടുണ്ട് . മരണം ആഗ്രഹിച്ചു തുടങ്ങിയതും ദേ മാരക രോഗത്തിന്റെ രൂപത്തിൽ അതും വന്നിരിക്കുന്നു. അധികം കിടക്കാതെ പോകുമെന്നാ ഡോക്ടർ ഉറപ്പുപറഞ്ഞിരിക്കുന്നേ. എടാ ഞാൻ ഭാഗ്യവാനോ നിർഭാഗ്യവാനോ ?”
ഞങ്ങൾ ഒന്നും പറഞ്ഞില്ല.
“എടാ ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളത് മഞ്ഞുമലയുടെ അഗ്രം മാത്രമേ ഉള്ളു. നീയൊക്കെ അസൂയകൊണ്ടു ചാകാതിരിക്കാൻ. എടാ, ലോകമെമ്പാടും ബുദ്ധിമതികളും സുന്ദരികളുമായ സ്ത്രീകളിൽ എനിക്കു കുട്ടികളുണ്ട്. എന്റെ അവതാരോദ്ദേശം തന്നെ നമ്മുടെ നാടും വിദേശ രാജ്യങ്ങളുമായുള്ള വിശിഷ്ടമായ ആ വർണ്ണസങ്കരമാണ്. എങ്കിലും ഒരു പൈങ്കിളി വിഷയം പറയട്ടെ, എനിക്ക് കുറച്ചു കാലം മുൻപ് ഒരു മോഹം തോന്നി. നിങ്ങളെപ്പോലെ ഒരു കുടുംബമായി ജീവിക്കാൻ. ഒരു ഭാര്യ എന്നോടു ഇണങ്ങിയും പിണങ്ങിയും അടുത്തു വേണം.കുട്ടികൾ കലപില കൂടി എന്റെ ചുറ്റും ഓടണം. എന്റെ ദേഹത്തു ചാടിമറിയണം. അതിനെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാ ചോര ഛർദ്ദിച്ചത്. ആ ഒരു നേരിയ ആഗ്രഹം ബാക്കി നിറുത്തിയതിന് പ്രപഞ്ചത്തോട് എനിക്കു നന്ദി തോന്നി. അല്ലെങ്കിൽ ആഗ്രഹമെല്ലാമൊതുങ്ങിയ ഒരു വരണ്ട മരണം എനിക്കു ലഭിച്ചേനേ.”
ഒരുഷ്ണക്കാറ്റ് ഞങ്ങളെ പൊള്ളിച്ചു കടന്നുപോയി.
ആ ദിവസങ്ങളിൽ അളവറ്റ വാത്സല്യത്തോടെ ജയകൃഷ്ണൻ ഞങ്ങളോട് സംസാരിച്ചു. ഒരുതവണ സിറിലിനോട് വിശേഷിച്ച് ഒരു കാരണവുമില്ലാതെ പറഞ്ഞു:
” നീ ഏതായാലും വൈകാതെ ഒരു ഡോക്ടറെ കാണണം. അല്ലെങ്കിൽ ഒരു പുരോഹിതനെയെങ്കിലും.”
ഇതു പറഞ്ഞു ജയകൃഷ്ണൻ നിർത്താതെ ചിരിച്ചു.എനിക്കതു വളരെ വിചിത്രമായി തോന്നി.
തന്റെ ശവസംസ്കാരം എങ്ങനെ വേണമെന്ന് ജയകൃഷ്ണൻ വിശദീകരിച്ചു:
“ഒന്നും ചെയ്യേണ്ട. കത്തിക്കരുത്. പകരം എന്നെ എടുത്തു നദിയിൽ എറിയണം.വെറുതെ സ്ലോ മോഷനിൽ ഭവ്യതയോടെ ഒഴുക്കുകയല്ല, വന്യമായി ചുഴറ്റിയെറിയണം. അതിനാണു ത്രിൽ. ഒഴുക്കില്ലാത്തിടത്തു വേണം എറിയാൻ. മൂന്നുനാലുദിവസം മീനുകളുമായി എനിക്കൊരേർപ്പാട് ഉണ്ട്. നിങ്ങൾക്ക് അതുകാണാൻ നിൽക്കുകയോ പോകുകയോ ചെയ്യാം. എങ്കിലും നദിയിൽ ഞാൻ അലിഞ്ഞുചേരുന്നതു വരെ നിങ്ങൾ എന്റൊപ്പം ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ. ആ ഒരു ദൗർബല്യം, എടാ, എനിക്ക്‌അനുവദിക്കുക. എന്റെ രാജകീയമായ ജീവിതത്തിനു വേണ്ടത് രാജകീയമായ അന്ത്യമാണ്. കാശിയിൽ വച്ച് ,മീനുകൾക്കൊപ്പം,ഗംഗയുടെ പരപ്പിൽ. എടാ എന്റെ ജീവിതം അതോടെ പൂർണ്ണമാകില്ലേ?”
ഇടയ്ക്കെപ്പോഴോ പറഞ്ഞുചിരിച്ചു:
” എടാ . സത്യം പറയാമല്ലോ. ഇങ്ങനെ നിർത്താതെ ഞാൻ വാചകമടിക്കുന്നതിന്റെ രഹസ്യം എന്താന്നറിയാമോ? ഒക്കെയാണെങ്കിലും എനിക്കും മരണഭയം ഒണ്ട്. എന്നായാലും ചാകണമെന്ന് അറിയാമാരുന്നെങ്കിലും മരണത്തിനു തയാറെടുത്തിരുന്നെങ്കിലും ….. മുന്നിൽ വന്നു കഴിഞ്ഞപ്പോൾ….മരണത്തേക്കാൾ ഒറ്റയ്ക്കാകുന്നതിന്റെ ഭയമാണ്. കൊറച്ചു നാളായി ഒറക്കമില്ല. ഈ കാശീ വരവൊക്കെ ഒരു ഡിസ്ട്രാക്ഷൻ , ഒരുതരം വില്ലിംഗ് സസ്പെൻഷൻ ഓഫ് ഡിസ് ബീലീഫ്. “
” ഞങ്ങളും അങ്ങു വരില്ലേടാ, ഇവിടാരാണ്ടു സ്ഥിരതാമസക്കാരാന്നോ?”
സിറിൽ ദുഃഖം മറച്ചു പറഞ്ഞു. ജയകൃഷ്ണൻ പെട്ടെന്ന് ഉൽക്കണ്ഠയോടെ അവനെ നോക്കി.
വാരാണസിയിൽ എത്തി പന്ത്രണ്ടാം നാൾ ജയകൃഷ്ണൻ മരിച്ചു. ഉല്ലാസത്തോടെ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ നിശ്ചലനാകുകയായിരുന്നു. ഞാനും സിറിലും കുറച്ചു നേരം മിണ്ടാതിരുന്നു.
മൂന്ന് ദിവസം ജയകൃഷ്ണന്റെ ജഡം നദിയിൽ ഒഴുകി അകലാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു . പിന്നീട് അത് തിരികെ എടുത്ത് ദഹിപ്പിച്ചു.
ജയകൃഷ്ണന്റെ ദഹനം കഴിഞ്ഞ രാത്രി സിറിൽ പറഞ്ഞു :
“അവൻ അവസാന നിമിഷം വരെ ജീവിച്ചെടാ. ഇതുപോലെ ഒരു മരണം നിനക്കോ എനിക്കോ കിട്ടുമോ?”
” മരണഭയത്തെ പറ്റി അവൻ പറഞ്ഞതു നീ കേട്ടില്ലേ ? അവനു പോലും,” ഞാൻ ചോദിച്ചു.
“കുറച്ചു കാലമായല്ലേ അവന് അതുള്ളു. എല്ലാവർക്കും അതു…..”
പൂർത്തിയാക്കാതെ സിറിൽ നെഞ്ചുപൊത്തി. പിന്നെ വില്ലു പോലെ വളഞ്ഞു നിലത്തുവീണു. ഞാൻ അവനെ വേഗം പൊക്കിയെടുത്തു പുറത്തേക്കു നടന്നു. ജയകൃഷ്ണൻ ഒപ്പം നടക്കുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു.