വൻമരങ്ങൾ വീഴുമ്പോൾ

vanmarangal

 

വൻമരങ്ങൾ കരിഞ്ഞുണങ്ങി
തകർന്നു വീഴുമ്പോൾ
കൂട് നഷ്ടപ്പെട്ട ചെറുകിളികൾ
ഇനിയെങ്ങോട്ടു പോയൊളിക്കും?

തണൽ നഷ്ടപ്പെട്ട
കരിയുറുമ്പിൻ കൂട്ടങ്ങൾ
വെയിലേറ്റ് കരിയാതെ
ഇനിയെവിടെ മാളങ്ങൾ തീർക്കും?

മാമ്പഴം നഷ്ടപ്പെട്ട
വികൃതിക്കിടാങ്ങൾ
കളി നിർത്തി എങ്ങോട്ട്
കല്ലെടുത്തെറിയും?
ഊഞ്ഞാലിലാടിയബാല്യങ്ങൾ
ഇനിയെവിടെ കാറ്റ് കൊള്ളും.?

പുൽക്കൊടിക്ക് താലി കെട്ടാൻ
മഞ്ഞു തുള്ളിക്ക്
ഇനിയാര് കുടപിടിക്കും?

മേൽക്കൂരയില്ലാത്തവർ
അമ്മി കൊത്താൻ
ഇനിയെവിടെ കുത്തിയിരിക്കും?

തൂക്കണാം കുരുവികൾ
ഇനിയാരുടെ വിരൽത്തുമ്പിൽ പിടിച്ച്
കാറ്റിലാടി രസിക്കും?

നൈരാശ്യത്തിന്റെ അവസാന
അത്താണിക്കായ്
കയർത്തുമ്പുകൾ
ഇനിയേത് ചില്ലയിലൊരുക്കും?

പേമാരിയും കൊടുങ്കാറ്റും
ഇനി ആരുടെ കരങ്ങൾ തടയും?
ആകാശം നഷ്ടപ്പെട്ട
ദേശാടനക്കിളികൾ
ഇനി എത് ചില്ലകളിൽ വിശ്രമിക്കും?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here