നാടക വിവാദത്തെപ്പറ്റി മനോജ് കുറൂർ


കഴിഞ്ഞ ദിവസം ഉണ്ണി അറിന്റെ കഥ നടകമായി അവതരിപ്പിച്ചപ്പോൾ അതിനെതിരെ മുസ്‌ലിം സമൂഹത്തിലെ ചിലർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കഥയിലെ വിഷയം വിശ്വാസത്തെ ചോദ്യം ചെയ്യുന്നു എന്നായിരുന്നു അവരുടെ വാദം

ഈ വിഷയത്തിൽ കവിയും നോവലിസ്റ്റും നിരീക്ഷകനുമായ മനോജ് കുറൂറിന്റെ അഭിപ്രായം വായിക്കാം

ഉണ്ണി ആറും റഫീക്ക് മംഗലശ്ശേരിയും തമ്മിൽ കോപ്പി റൈറ്റ് പ്രശ്നം എന്തെങ്കിലും ഉണ്ടെങ്കിൽ അവർ തമ്മിൽ തീർക്കാനുള്ളതേ ഉള്ളൂ അത്. വാങ്ക് എന്ന കഥയിൽ ഉണ്ണിക്കും കിത്താബ് എന്ന നാടകത്തിൽ റഫീക്കിനും മതപരമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമില്ലേ എന്നതിലാണ് ശരിക്കും ഉത്കണ്ഠപ്പെടാനുള്ളത്. ഹരീഷിന്റെ മീശയുടെ കാര്യത്തിലും അന്ത്യപ്രലോഭനചിത്രത്തിന്റെ സ്വതന്ത്രാവിഷ്കാരപ്രശ്നത്തിലും സമാനമായ സാഹചര്യത്തിലൂടെ നാം അടുത്ത കാലത്തുതന്നെ കടന്നുപോയതുമാണ്.

പല മതങ്ങളുടെയും തത്ത്വങ്ങളും ആചാരങ്ങളും നടപ്പുരീതികളും ആവുന്നത്ര മനസ്സിലാക്കാൻ ശ്രമിച്ചതിന്റെ അനുഭവത്തിൽ ഒരു കാര്യം ഉറപ്പിച്ചു പറയാനാകും: ഈ മതങ്ങളിലെല്ലാം സ്ത്രീവിരുദ്ധമായ നിരവധി ഘടകങ്ങൾ കാണാം. ഇവ സ്ത്രീവിരുദ്ധമാണെന്നു നാം തിരിച്ചറിയുന്നത് സമത്വം, സ്വാതന്ത്ര്യം എന്നിങ്ങനെ ആധുനികകാലം മുതൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയ ചില മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. മതങ്ങൾക്കെല്ലാം ആധുനികപൂർവ്വമായ ഒരു ചരിത്രമുള്ളതുകൊണ്ട് അന്നുണ്ടായിരുന്ന കാഴ്ചപ്പാടുകളുടെയോ ലോകബോധത്തിന്റെയോ അടിസ്ഥാനത്തിൽ ഇന്ന് അവയെയോ ആ മതങ്ങളെയോ കണക്കിൽക്കവിഞ്ഞു വിമർശിക്കുന്നതിൽ വലിയ കാര്യമില്ല; പകരം ഇന്നും അസമത്വം, അസ്വാതന്ത്ര്യം എന്നിവ നിലനില്ക്കുന്ന ആചാരങ്ങളെയും നടപ്പുരീതികളെയും സ്വയം തിരിച്ചറിഞ്ഞുകൊണ്ട് അതതു മതത്തിന്റെ വക്താക്കൾ അവ തിരുത്താൻ തയ്യാറാവുകയാണു വേണ്ടത്. അത്തരത്തിലുള്ള മതപരിഷ്കരണം മതത്തിനുള്ളിൽത്തന്നെ നിന്നു നിർവഹിക്കാനുള്ള സാധ്യത ആരായുകയാണ് മതങ്ങളുടെ പേരിലുള്ള പ്രസ്ഥാനങ്ങളും സംഘടനകളും ചെയ്യേണ്ടത്; അല്ലാതെ പഴയ പ്രമാണങ്ങളുദ്ധരിച്ച് അസമത്വത്തെയും അസ്വാതന്ത്ര്യങ്ങളെയും ന്യായീകരിക്കുകയല്ല.

എഴുത്തുകാരും കലാപ്രവർത്തകരും ഇത്തരത്തിലുള്ള അസമത്വങ്ങളെയും അസ്വാതന്ത്ര്യങ്ങളെയും വിമർശിച്ചെന്നിരിക്കും. ചിന്താസ്വാതന്ത്യമുള്ള ഒരു നാട്ടിൽ അതു ചെയ്യാതിരിക്കാനാവില്ല; അവർ പോലുമറിയാതെ അവരതു നിർവ്വഹിച്ചു പോകും. അവർ വേണ്ടെന്നു വെച്ചാലും അവരുടെ കഥാപാത്രങ്ങൾ അതു സമ്മതിച്ചെന്നുവരില്ല. അവരെ മതവിരുദ്ധരാക്കി നേരിടുന്നതിനു പകരം അവരുടെ വിമർശനത്തിൽ കഴമ്പുണ്ടോ എന്നു സ്വയംവിമർശനം നടത്തി നോക്കൂ. അവരുടെ ആവിഷ്കാരങ്ങളോട് ആശയപരമായ വിയോജിപ്പുണ്ടെങ്കിൽ അതും വ്യക്തമാക്കൂ. അല്ലാതെ മതപ്രമാണങ്ങളുദ്ധരിച്ച് വിമർശിക്കാനേ പാടില്ല എന്നു പറയുന്നത് ആധുനിക കാലത്തിനു യോജിച്ചതല്ല.

കെ ടി മുഹമ്മദിന്റെ ‘ഇതു ഭൂമിയാണ്’ എന്ന നാടകം കുറച്ചു വർഷങ്ങൾക്കു മുമ്പ് ടെലിവിഷനിൽ കണ്ടതോർക്കുന്നു. അന്നൊന്നും ആരും അതിനെതിരേ പ്രതിഷേധം നടത്തിയതായി ഓർമ്മയില്ല. പിന്നെ എപ്പോഴാണ് നാം ഇത്രയ്ക്ക് അസഹിഷ്ണുക്കളായത്? ത്യാഗത്തിന്റെയും ക്ഷമയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ആവർത്തിച്ചു പറയുന്ന മതങ്ങളുടെ വക്താക്കൾ അവർ ഉറക്കെപ്പറയുന്ന ഈ വിശാലമായ തത്ത്വങ്ങൾ പ്രായോഗികമാക്കുകയല്ലേ വേണ്ടത്?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English