നിങ്ങളൊക്കെ അറിയുന്നുണ്ടാകും നമ്മുടെ ‘യൂണിയൻ പാക്കരനെ’. ആ റജീന ഹോട്ടലിന്റെ മുന്നിലുള്ള അരത്തിണ്ണയിൽ നീല ഷർട്ടും, ചുവന്ന തലേക്കെട്ടുമായി എന്നും ഇരിയ്ക്കുന്നുണ്ടാകും യൂണിയൻ പാക്കരൻ. ഭാസ്കരൻ എങ്ങിനെ ‘യൂണിയൻ പാക്കനായി’ എന്നാകും. ഭാസ്കരൻ എന്ന പേര് വിളിയ്ക്കാൻ അറിയാത്ത ഭാസ്കരന്റെ അമ്മുമ്മ പാറുത്തള്ള അവനെ പാക്കരൻ എന്ന് വിളിച്ച് ശീലിച്ചു. പിന്നെ ചുമട്ടുതൊഴിലാളി യൂണിയനിലെ ഒരു അംഗമായതോടെ യൂണിയൻ പാക്കരനായി മാറി. ആരോഗ്യം, ശക്തി എന്നീ രണ്ടു വാക്കുകൾ ആ നാട്ടിൽ ആരെങ്കിലും ഉപയോഗിയ്ക്കുന്നുവെങ്കിൽ അവരുടെ നാക്കിൽ യൂണിയൻ പാക്കരൻ ചാടി വീഴാതിരിയ്ക്കില്ല. പാക്കരന്റെ ആരോഗ്യത്തെകുറിച്ച് പറയാതിരിയ്ക്കാൻ വയ്യ. നൂറു കിലോഗ്രാം സിമന്റ് ചാക്ക് ഹനുമാൻ ദ്രോണാഗിരി പർവ്വതം എടുത്തുകൊണ്ടുവരുന്ന ലാഘവത്തോടെയല്ലേ പാക്കരൻ വലിയ ലോറിയിൽ നിന്നും ഇറക്കുന്നത്!
എന്നാൽ ഇന്ന് ആ പ്രതാപമൊക്കെ പറയാൻ മാത്രമേയുള്ളൂ. കള്ള് കുടിച്ച് കുടിച്ച് പാക്കരന്റെ ആരോഗ്യമൊക്കെ ക്ഷയിച്ചിരിയ്ക്കുന്നു. ഇപ്പോൾ ആ കടത്തിണ്ണയിലിരുന്നു കൂടെയുള്ളവരെ (പറയുകയാണെങ്കിൽ ജൂനിയേഴ്സിനെ) തരം തിരിച്ച് ഓരോ പണി ഏൽപ്പിയ്ക്കുകയും പിന്നെയുള്ള സമയം പാഴാക്കാതെ വഴിയേ പോകുന്നവരോടും ഹോട്ടലിൽ വരുന്നവരോടും കുശലം പറച്ചിലും മാത്രമാണ് പരിപാടി. പക്ഷെ ഒരുകാര്യമുണ്ട് പാക്കരന്റെ വായിലെ നാക്ക് വിഷവിത്തതൊന്നുമല്ല. കഴിയാവുന്ന രീതിയിൽ വിവരങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കൈമാറി ആളുകൾക്ക് ഒരു ഉപകാരിയാണ് പാക്കരൻ. എന്നാൽ അന്തി മയങ്ങിയാൽ പിന്നെ പാക്കരന്റെ ലോകമൊന്നു വേറെയാണ്. തനി ‘നാടൻ’ തന്നെ വേണം. വിദേശിയോട് അത്ര താല്പര്യം പോര . അതങ്ങോട്ടു വീശിയാൽ നാട്ടുകാർക്ക് ഒരു ബുദ്ധിമുട്ടും നൽകില്ല നേരെ വീട്ടിലേക്കാണ്. കള്ളുകുടിച്ചാൽ ഏറ്റവും ഇഷ്ടപ്പെടുന്നവർ ചിലർക്ക് ശത്രുക്കളാകും എന്ന് കേട്ടിട്ടുണ്ട്. നമ്മുടെ പാക്കരൻ അതിലൊരാളാണ് . കള്ളുകുടിച്ചാൽ താൻ കൈവെള്ളയിൽ വെച്ചുനടക്കുന്ന സഹധർമ്മിണി ഗിരിജയാണ് ശത്രു. അല്ലാത്ത സമയത്ത് ഗിരിജ പാക്കരന് എല്ലാമാണ്. അതിലും കാര്യമുണ്ട് അഞ്ചാം ക്ളാസ്സുവരെ സ്കൂളിൽ പോയി എന്ന് പറയുന്നു എങ്കിലും എഴുത്തും വായനയും ഒന്നും തന്നെ അറിയാത്ത പാക്കരന്റെ സഹധർമ്മിണി ഗിരിജ പണ്ടത്തെ പ്രി ഡിഗ്രിയാണ്. അതുമാത്രമല്ല കുട്ടികളുടെയോ വീട്ടിലെയോ ആയ ഒരു കാര്യവും പാക്കരന് നോക്കേണ്ടതായി ഇല്ല. എല്ലാം നല്ലതുപോലെ നടത്തികൊണ്ടുപോകാൻ കഴിവുള്ള സൽസ്വഭാവിയായ ഒരു കുടുംബിനിയാണ് ഗിരിജ. പാക്കരന്റെ ആരോഗ്യം മുതൽകൂട്ടായി കണ്ടു ഗിരിജയുടെ അച്ഛനമ്മമാർ പാക്കരനെ ഏൽപ്പിച്ച സൗഭാഗ്യമാണ് ഗിരിജ. പിന്നെ ഒരൽപം സാമ്പത്തിക ഞെരുക്കവും ഉണ്ടെന്നു കൂട്ടികൊള്ളൂ. കഠിനാദ്ധ്വാനിയും, സൽസ്വഭാവിയുമായ പാക്കരന് കള്ളുകുടി മാത്രമാണൊരു കുഴപ്പം. എന്നാൽ കള്ളില്ലാതെ പാക്കരന്റെ സന്ധ്യമയങ്ങില്ല എന്നതാണ് വാസ്തവം പിന്നെ വീട്ടിൽ വന്നാൽ ദേഹോദ്രവം അത്രയ്ക്കങ്ങോട്ട് ഇല്ലെന്നുമാത്രമേ ഉള്ളു കർണ്ണ കടോരമായ തെറി അഭിഷേകവും, കുട്ടികളെ അടിയും, ശകാരവും, സാധങ്ങൾ വലിച്ചെറിയലും. എന്തായാലും ഗിരിജയുടെ രാത്രികൾ ദുസ്സഹമാണ്. ഇത് ഇന്നൊന്നും തുടങ്ങിയതല്ല. വര്ഷം പത്ത് പതിനഞ്ചായി ഉള്ള അനുഭവമാണ്.
എന്നാൽ ഈയിടെയായി യൂണിയൻ പാക്കരൻ ഒരൽപം ഗമയിലാണ്. കാരണം അറിയണോ! ലോക ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച വനിതാ മതിലിനു ആറ്റത്രക്കോട്ടു ഗ്രാമത്തിൽ നിന്ന് മുൻ നിരയിൽ പ്രവർത്തിച്ചതും, അതിനായി അണികളെ ഒരുക്കിയതിലും കാര്യമായ പങ്ക് പ്രിയതമ ഗിരിജയുടേതാണ്. ആ സംഭവത്തിലിനുശേഷം നേതാക്കൻമാരെ കണ്ടാൽ എഴുനേറ്റു നിന്ന് തൊഴാറുള്ള പാക്കരന് അവർ എന്റെയടുത്ത് വരട്ടെ എന്ന ഒരു തോന്നൽ ഇല്ലാതില്ല. വനിതാ മതിലിനുവേണ്ടി ഗിരിജ നടത്തിയ പരിശ്രമത്തിനെക്കുറിച്ചും, ആ പരിപാടിയെക്കുറിച്ചും വാചാലനാകുകയാണ് പാക്കരൻ.
നല്ല മൂടൽ മഞ്ഞു, ഏകദേശം രാവിലെ എട്ടുമണിയായി . സൂര്യ രശ്മികൾ മഞ്ഞുമാറ മാറ്റി ഉമ്മറതിണ്ണയിൽ എത്തിനോക്കാൻ തുടങ്ങി. തലേ ദിവസത്തെ ലഹരി അല്പം കുടിയുണ്ടോ എന്ന തോന്നൽ. വളരെ പണിപ്പെട്ടു പാക്കരൻ കണ്ണ് തുറന്നു നോക്കിയപ്പോൾ മുന്നിൽ പുഞ്ചിരിച്ചു നിൽക്കുന്ന പൊൻവെയിലിനെയാണ് കണ്ടതാ. സമയം ഒരുപാട് ആയിരിയ്ക്കുന്നു. അവിടെ നിന്നും പിടഞ്ഞു എഴുനേറ്റ് ചുറ്റും നോക്കി ആരെയും കാണുന്നില്ല. എഴുനേറ്റ് ഒരൽപം പരുങ്ങലോടെ അടുക്കളയിലെത്തി നോക്കി പതിവുപോലെ കുളി കഴിഞ്ഞു തലയിൽ തോർത്ത് ചുറ്റി ഒരു മഹാലക്ഷ്മിയെപ്പോലെ ഗിരിജ തന്റെ പണികളിൽ മുഴുകിയിരിയ്ക്കുന്നു . മുഖം കാണിയ്ക്കാൻ ഒരുഅല്പം ജാള്യതയുണ്ട്. ഇത് ഇന്നത്തെ പതിവൊന്നുമല്ലല്ലോ.
കുറ്റബോധത്താൽ കളങ്കപ്പെട്ട മനസ്സുമായി വാക്കുകൾ നറുതേനിൽമുക്കി പാക്കരൻ ചോദിച്ചു “ഗിരിജേ….. കുട്ടികൾ സ്കൂളിൽ പോയോ?”
“ഉം പോയി” തെല്ലു അമർഷത്തോടെ ഗിരിജ മറുപടി പറഞ്ഞു.
ഒന്നും അറിയാത്ത പഞ്ചപാവത്തെപ്പോലെ പതുങ്ങിച്ചെന്നു ഗിരിജയുടെ തോളിൽ കയ്യിട്ട് പാക്കരൻ പറഞ്ഞു “നീയെന്റെ മഹാലക്ഷ്മിയല്ലേ? നിനക്കെന്റെ സ്വഭാവം അറിയില്ലേ?”
നിങ്ങൾ ഒരു തെറ്റും ചെയ്തില്ലല്ലോ എന്ന ഭാവം മുഖത്ത് വരുത്തി ഗിരിജ പറഞ്ഞു “രാവിലെ അധികം സുഖിപ്പിയ്ക്കലൊന്നും വേണ്ട. എനിയ്ക്കിവിടെ പണിയുണ്ട്. പോയി നിങ്ങളുടെ കാര്യം നോക്ക്”
“ഏയ് അങ്ങിനെ പറയാതെ. വാടിയ നിന്റെ മുഖം കണ്ടു എനിയ്ക്കെന്റെ ദിവസം തുടങ്ങാൻ കഴിയില്ല. ഞാൻ നിന്നോട് തെറ്റാണ് ചെയ്യുന്നതെന്നറിയാം. ഒരു രണ്ടു ദിവസം കൂടി എനിയ്ക്ക് സാവകാശം താ… നമ്മുടെ പൊന്നു മക്കൾക്ക് വേണ്ടി നിന്റെ തലയിൽ തൊട്ട് ഞാൻ സത്യം ചെയ്യുകയാണ് ഞാൻ കള്ളു കുടി നിർത്തും”. ഗൗരവത്തോടെ പാക്കരൻ പറഞ്ഞു
ഒരൽപം വെറുപ്പോടെ തലയിൽ നിന്നും കൈ തട്ടിമാറ്റി. അടുത്തുള്ള അമ്പലത്തിൽ നിന്നും എന്നും രാവിലെ കേൾക്കുന്ന സുബ്ബലക്ഷ്മിയുടെ സുപ്രഭാതം പോലെ ഇതും എന്നും രാവിലെ കേൾക്കുന്ന സുഖിപ്പിയ്ക്കലല്ലേ. സന്ധ്യായാലല്ലേ തനിനിറം പുറത്ത് വരിക. ഇതിനെന്തു പ്രതികരിയ്ക്കാൻ എന്ന മട്ടിൽ ഗിരിജ പണി തുടർന്നു
എന്തെങ്കിലും ഗിരിജയെകൊണ്ട് പറയിപ്പിച്ച് മാത്രമേ അടുത്തുനിന്നും മാറുകയുള്ളൂ എന്ന മട്ടിൽ പാക്കരനും. ഇപ്പോൾ ശരിയ്ക്കും ഗിരിജയ്ക്ക് ദേഷ്യം വന്നു
“നിങ്ങളൊന്നു മാറിപോകുന്നുണ്ടോ? എന്റെ പണികൾ ചെയ്യാൻ എന്നെ സമ്മതിയ്ക്കുമോ?” ഗൗരവത്തോടെ ഗിരിജ പറഞ്ഞു.
“നീ ഒരല്പനേരം എന്റെ അടുത്തിരിയ്ക്ക്. ഇന്നെന്താ ഇത്ര തിടുക്കം? എനിയ്ക്ക് പത്ത് മണിയ്ക്കല്ലേ പോകേണ്ടു. നിന്റെ പിണക്കമൊക്കെ മാറി നിന്നെയൊന്നു കണ്ടിട്ട് ഞാൻ എന്റെ ദിവസം ആരംഭിയ്ക്കട്ടെ” ഗിരിജയുടെ കൈത്തണ്ടയിൽ തടവി പാക്കരൻ പറഞ്ഞു
ഇപ്പോൾ കൊഞ്ചാനും കുഴയാനൊന്നും എനിയ്ക്ക് നേരമില്ല പണികൾ കഴിച്ച് എനിയ്ക്ക് പുറമെ പോകണം’ ഗിരിജ പറഞ്ഞു.
“ഇന്ന് എവിടേക്കാണ് പോകാനുള്ളത്?” പാക്കരൻ ചോദിച്ചു
ഇന്ന് മഹിളാമതിലിന്റെ ഒരു ചർച്ചയുണ്ട്
ങേ മഹിളാമതിലിന്റെ ചർച്ചയോ???? മഹിളാ മതിലോ? വനിതാ മതിലല്ലേ അതല്ലേ കഴിഞ്ഞ ആഴ്ച കഴിഞ്ഞത് “ അതിശയത്തോടെ പാക്കരൻ ചോദിച്ചു
“അതെ അതെ ആ വനിതാ മതിൽ കഴിഞ്ഞപ്പോഴാണ് ഞങ്ങൾക്ക് തോന്നിയത് സ്ത്രീ സമത്വത്തിനേക്കാളും, നവോത്ഥാനത്തെക്കാളും പ്രാധാന്യം നൽകി സ്ത്രീകൾ സംഘടിയ്ക്കേണ്ടത് ദിനംപ്രതി വൻതോതിൽ മദ്യം കുടിച്ചുവറ്റിയ്ക്കുന്ന നമ്മുടെ കേരളത്തിൽ മദ്യപാനം കൊണ്ട് ശാരീരികമായും മാനസികമായും കഷ്ടപ്പെടുകയും, ദാരിദ്രം സഹിയ്ക്കുകയും ചെയ്യുന്ന ഒരുപാട് കുടുംബിനികളുടെ കണ്ണീരൊപ്പാനുള്ള ഉപാധികൾക്കായാണ് എന്ന്. അതിനായി നിങ്ങളെപ്പോലുള്ളവരുടെ മദ്യത്തിനോടുള്ള അടിമത്വം എങ്ങിനെ മാറ്റിയെടുക്കുമെന്നും, മദ്യപാനികളെ എങ്ങിനെ ബോധവാന്മാരാക്കുമെന്നും ഞങ്ങൾ ചർച്ചചെയ്യുകയും അതിനായി വേണ്ടവരുടെ സഹായം തേടുകയും ചെയ്ത് അതിനെക്കുറിച്ചുള്ള ബോധവത്കരണത്തിനായി ഞങ്ങൾ മഹിളാ മതിൽ സംഘടിപ്പിയ്ക്കാൻ തീരുമാനിച്ചു. വ്യക്തി താല്പര്യങ്ങൾക്കും രാഷ്ട്രീയ താല്പര്യങ്ങൾക്കും വേണ്ടി പോയി വനിതാ മതിലിൽ പങ്കെടുക്ക് എന്ന് പറഞ്ഞു സ്ത്രീകളെ തള്ളിവിട്ടിരുന്ന ഏതു പുരുഷനാണ് മഹിളാമതിലിൽ പങ്കെടുക്കുന്നതിന് ഞങ്ങളെ തടുക്കുന്നതെന്നു ഞങ്ങൾക്കൊന്നു കാണണം”. ഒരു വിപ്ലവ വീര്യത്തോടെത്തന്നെ ഗിരിജ പറഞ്ഞു.
വിഷയം തന്നെയും ബാധിയ്ക്കുന്നതായതിനാൽ അതിൽ നിന്നും തടുക്കാൻ ശക്തിയില്ലാതെ പാക്കരൻ നിശബ്ദനായി.
ഗിരിജ തുടർന്നു.
“ഞാൻ പറഞ്ഞത് കേട്ടില്ലേ? ഇനിയും കേട്ടോളു….. ഇതിൽ മാത്രം ഞങ്ങളുടെ സംഘടന ഒതുങ്ങി നിൽക്കുന്നില്ല. ലഹരിയ്ക്ക് അടിമപ്പെട്ടും അല്ലാതെയും കാമ കേളിയ്ക്കായി സ്ത്രീകളെയും, എന്തിന് മുലകുടിപോലും മാറാത്ത പിഞ്ചു കുഞ്ഞുങ്ങളെയും ഉപയോഗപ്പെടുത്തുന്നവരെ പോലീസിനോ നിയമത്തിനോ വിട്ടുകൊടുക്കുന്നതിനു മുൻപ് അടിവസ്ത്രംപോലും അഴിച്ചുമാറ്റി അതാത് സ്ഥലങ്ങളിലെ സ്ത്രീകൾ ചേർന്ന് മഹിളാ മതിൽ തീർത്ത് അതിനിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടത്തി നാണം കെടുത്തി ആ പ്രവണത സമൂഹത്തിൽ നിന്നും ഇല്ലാതാക്കുമെന്നതും ഞങ്ങളുടെ ഈ സംഘടനയുടെ തീരുമാനങ്ങളിലുണ്ട്.”
എന്നും പാക്കരൻ കാണുന്ന ഗിരിജയല്ല ഇന്ന്. ഇന്നവളുടെ സ്വരത്തിൽ വിപ്ലവമുണ്ട് ദൃഡനിശ്ചയമുണ്ട്. ഏതോ ഒരു വേദിയിൽ പ്രസംഗിയ്ക്കുന്നത് പോലെ, അവൾ പറയുകയല്ല, പുലമ്പുകയാണ്. പണ്ട് കാലത്തെ പോലെയല്ല, വിവരവും വിദ്യാഭ്യാസവും ഉള്ള സ്ത്രീകൾ ഒത്തുചേർന്നാൽ ഒരു വ്യക്തിസ്വാധീനത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ ഒത്താശയില്ലാതെ തന്നെ ഒരുപാട് നല്ല കാര്യങ്ങൾ സ്ത്രീകൾക്ക് ചെയ്യാം കഴിയും എന്ന ഒരു കൂട്ടം സ്ത്രീകളുടെ തിരിച്ചറിവിനെ മൗനമായി നമ്മുടെ പാക്കരൻ ശുപാർശചെയ്തു.
Click this button or press Ctrl+G to toggle between Malayalam and English